ചെറുപ്പത്തിൽ അമ്മവീട്ടിൽ നിൽക്കാൻ പോകുമ്പോൾ അവിടെ VCR ൽ വല്ലപ്പോഴും കാസറ്റ് ഇട്ട് എല്ലാവരും കൂടി സിനിമ കാണുമായിരുന്നു. അങ്ങനെ ഒരിക്കൽ അങ്കിൾ പറഞ്ഞു മണിച്ചിത്രത്താഴ് കാസറ്റ് കിട്ടിയിട്ടുണ്ടെന്ന്.
എനിക്കാണേൽ ആ പേര് കേട്ടപ്പോ തന്നെ എന്തോ ഒരു വശപിശക് തോന്നിയിരുന്നു. പ്രേതസിനിമ വല്ലതുമാണോ എന്നുള്ള എന്റെ സംശയം സിനിമ തുടങ്ങി ഏതാനും മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ ബോധ്യമായി.
പ്രേതത്തെയോ കരിംപൂച്ചയെയോ ഒന്നും കാണിച്ചില്ലെങ്കിൽ കൂടി എന്തോ ഒരു ഇത്. എന്നാൽ ഈ പണ്ടാരം കാണാതെ എഴുന്നേറ്റ് പോകാമെന്നു വച്ചാൽ അതും പറ്റില്ല, വീടിന്റെ ഏത് ഭാഗത്തു പോയി ഇരുന്നാലും അറിയാതെ സിനിമയുടെ ശബ്ദം തന്നെ ശ്രദ്ധിച്ചു പോകും. എന്നാലും വേണ്ടിയില്ല എന്ന് വച്ച് ഞാൻ പതിയെ സ്കൂട്ട് ആയിട്ട് സിറ്റ്ഔട്ടിൽ പോയിരുന്നു.
എന്നാലും ശബ്ദം നല്ലപോലെ കേൾക്കാം, ഇടക്ക് ആകാംഷ വരുമ്പോൾ ഓട്ടകണ്ണിട്ട് ജനലിലൂടെ നോക്കുകയും ചെയ്യും.
അങ്ങനെ കുറെ സമയം കഴിഞ്ഞിട്ടും ഇഷ്ടപ്പെടുന്ന ആരുമില്ലല്ലോ എന്നോർത്തു ഇരിക്കുമ്പോഴാണ് ദാ മോഹൻലാലിന്റെ വരവ്. അന്നത്തെ ചെറിയ പ്രായത്തിൽ ലാലേട്ടൻ എന്നൊന്നും പറയാൻ ആയിട്ടില്ല, ആളുടെ രൂപം കണ്ടാൽ കഷ്ടിച്ച് പേരറിയാം.
അങ്ങനെ പരിചയം ഉള്ള, അല്ലെങ്കിൽ ഇത്തിരി വിശ്വാസം ഉള്ള ഒരാളെ കണ്ടപ്പോൾ കുറച്ചു ആശ്വാസമായി, ഇതിന് മുന്നേ ആളെ കണ്ടിട്ടുള്ള സിനിമകളിൽ ഒക്കെ ആളുടെ ഇടിയൊക്കെ കണ്ടിട്ടുള്ളതാണല്ലോ.
അങ്ങനെ അവിടെ മുതൽ തിരിഞ്ഞിരുന്നു ജനലിലൂടെ തന്നെ ബാക്കി സിനിമ കാണാൻ ആരംഭിച്ചു.
ഇടക്ക് പുള്ളി തെക്കിനിയിൽ പോകുന്നത് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി, അവിടെ പ്രേതമുണ്ടെങ്കിൽ എല്ലാവരെയും രക്ഷിച്ചുകൊണ്ട് സ്കൂട്ട് ആകാൻ ഉള്ളതിന് ഇങ്ങേര് ഇതെന്തോന്നാ കർത്താവെ കാണിക്കുന്നേ എന്നും വിചാരിച്ചു ശ്വാസം അടക്കിപ്പിടിച്ചാണ് ആ രംഗമൊക്കെ കണ്ടത്.
പിന്നീട് തിരുമേനി വരുന്നതും ഡോക്ടർ സണ്ണി ആളൊരു കേമൻ ആണെന്ന് പറയുന്നത് കൂടി കേട്ടപ്പോ ആകെ ഒരു ധൈര്യമായി, അതുവരെ അങ്ങേരെ കൊണ്ട് കൂട്ടിയാൽ കൂടുമോ എന്നൊക്കെയായിരുന്നു സംശയം.
പിന്നീടാണ് സിനിമയിലെ ഏറ്റവും കിളി പറത്തിയ രംഗം വന്നത്, മാടമ്പള്ളിയിലെ മനോരോഗി, അതായത് അന്നത്തെ ചിന്തയിൽ പ്രേതം ഉള്ളത് ശ്രീദേവിയിൽ അല്ല ഗംഗയുടെ ദേഹത്തു ആണത്രേ, അത് കൂടാതെ ഡോക്ടർ സണ്ണി ഇതൊക്കെ നേരത്തെ മനസിലാക്കി ഒരുപാട് പരീക്ഷണങ്ങൾ ഒക്കെ നടത്തിയിരുന്നു, ഇതെല്ലാം വല്ലാതെ വണ്ടർ അടിച്ച കഥ പറച്ചിലായിരുന്നു.
ശേഷം ഗംഗയുടെ ട്രാൻസ്‌ഫോർമേഷൻ കൂടി കണ്ടതോടെ ഞാൻ വീണ്ടും മുറ്റത്തേക്ക് തിരിഞ്ഞു, അല്ല പിന്നെ, പിന്നെ ദേ വരുന്നു പ്രേതത്തിന്റെ ഡാൻസ് പാട്ട്, ചെവി അടച്ചിരുന്നാലോ എന്നുണ്ടായിരുന്നു, എന്നാലും ടീവിയിലേക്ക് നോക്കാതെ സിനിമയുടെ തുടക്കത്തിൽ ഇന്നസെന്റ് സൈക്കിളിൽ ഇരുന്ന ഭാവത്തിൽ ഞാനും ഇരുന്നു.
പിന്നെ അവസാനം പ്രേതത്തെ ഒഴിപ്പിച്ചു വിട്ടു കഴിഞ്ഞാണ് ശ്വാസം നേരെ വീണത്. ഇനി മേലാൽ ഇമ്മാതിരി പ്രേത സിനിമ കാണരുതെന്ന് മനസിൽ വിചാരിച്ചു ഞാൻ സ്ഥലം കാലിയാക്കി.
അന്ന് അറിയില്ലായിരുന്നല്ലോ മലയാള സിനിമയിലെ ഏറ്റവും മികച്ച ക്ലാസ്സിക് ചിത്രങ്ങളിൽ ഒന്നാണ് ഞാൻ ആ കാണുന്നതെന്നും ഓരോ പ്രാവിശ്യം കാണുമ്പോഴും അതിൽ നമ്മൾ കണ്ടതിൽ കൂടുതലായി എന്തെങ്കിലും കാണുമെന്നും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ