ദുബായിൽ ബിസിനസ് ചെയ്യുന്ന ലൂക്ക് ആന്റണി തന്റെ ഗർഭിണിയായ ഭാര്യയുടെ ഒപ്പം കേരളത്തിലേക്ക് അവധി ആഘോഷിക്കാൻ പോകുകയാണ്. പക്ഷേ ഒരു കാട്ടു പാതയിൽ വച്ച് അദ്ദേഹത്തിന്റെ കാർ ഒരു മരത്തിൽ ഇടിക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു.
ബോധം വരുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയെ കാണാനില്ല, ലുക്ക് അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകി. എന്നാൽ പോലീസും നാട്ടുകാരും അവിടെ മുഴുവൻ അന്വേഷിച്ചിട്ടും അവരെ കണ്ടെത്താൻ കഴിയുന്നില്ല. ഒരുപക്ഷെ അവരെ ഏതെങ്കിലും വന്യ മൃഗങ്ങൾ ആക്രമിച്ചു കാണും എന്ന നിഗമനത്തിൽ അവർ എത്തിച്ചേരുന്നു.
എന്നാൽ ലൂക്കിന് തന്റെ ഭാര്യയെ അവിടെ ഉപേക്ഷിച്ചു പോകാൻ കഴിയില്ല എന്നും പറഞ്ഞു അയാൾ അവിടെ തന്നെ തുടരുകയാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് ആ നാട്ടിലെ ബാലൻ എന്നൊരാൾ ലൂക്കിന്റെ അടുത്ത് ചെന്ന് ഒരു കാര്യം അവതരിപ്പിക്കുന്നത്.
ബാലന്റെ മൂത്ത മകനായ ദിലീപ് കുറച്ചു നാളുകൾക്ക് മുൻപ് ഒരു അപകടത്തിൽ മരണപ്പെട്ടിരുന്നു. ദിലീപ് പണിത് പൂർത്തിയാക്കാൻ പറ്റാതെ പോയ ഒരു വീടുണ്ട്, അത് വാങ്ങി അവിടെ താമസിച്ചു ഭാര്യയെ തിരയാം എന്ന് ബാലൻ ലൂക്കിനെ ഉപദേശിക്കുന്നു.
വീട് ഒന്ന് കാണുക പോലും ചെയ്യാതെ ലൂക്ക് ബാലൻ പറഞ്ഞ മുഴുവൻ തുകയും നൽകി ആ വീട് വാങ്ങുന്നു. തനിക്ക് കിട്ടിയ പണവുമായി ബാലൻ തന്റെ ഭാര്യയെയും രണ്ടാമത്തെ മകനെയും ഉപേക്ഷിച്ചു നാട് വിടുന്നു.
ലൂക്ക് ആകട്ടെ മരത്തിൽ ഇടിച്ചു കിടന്ന തന്റെ കാർ പിന്നിലേക്ക് എടുത്ത് റോഡിലിട്ടു കറക്കി എന്തൊക്കയോ കണക്ക് കൂട്ടലുകൾ വിചാരിച്ച പോലെ നടന്നവനെ പോലെ ഒരു ഇടിമുഴക്കം പോലെ ആ വീട്ടിലേക്ക് എത്തുന്നു.
പകുതി പണി മാത്രം തീർന്ന കാട് പിടിച്ച ഒരു പ്രേത ഭവനത്തിലേക്കാണ് ലൂക്ക് എത്തുന്നത്. വെറുതെ പോലും ആരെങ്കിലും കയറാൻ പേടിക്കുന്ന ആ വീട്ടിൽ ലൂക്ക് താമസം ആരംഭിക്കുന്നു. വെറുതെ അങ്ങ് കയറുകയല്ല, വീടിന്റെ പേരിന്റെ ഒരു ഭാഗം തല്ലി തകർത്തതിന് ശേഷമാണ് അയാൾ അവിടേക്ക് പ്രവേശിക്കുന്നത്.
പിറ്റേന്ന് ബാലന്റെ മൃതദേഹം കാട്ടിൽ നിന്നും കണ്ടെടുക്കുന്നു. ബാലന്റെ മൃതസംസ്കാര ചടങ്ങിന് ലൂക്ക് പോകുന്നത് ഒരു സ്യൂട് ധരിച്ചാണ്, ഇയാൾ എന്തൊക്കെയാണ് ഈ കാണിക്കുന്നതെന്ന് നാട്ടുകാരും നമ്മളും ചിന്തിക്കുന്നിടത്തു നിന്ന് കഥ ആരംഭിക്കുകയാണ്.
ആരാണ് ലൂക്ക്, അയാൾ എന്തിന് അവിടെ വന്നു, ശരിക്കും അയാളുടെ ഭാര്യയെ കാണാതായോ, എന്തിനാണ് അയാൾ ആ വീട് വാങ്ങുന്നത്. ഓരോ നിമിഷത്തിലും ദുരൂഹതകൾ കൂടി കൂടി വരുന്ന ഒരു സിനിമ. ഒരുപക്ഷെ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും വലിയ പ്രതികാരത്തിന്റെ കഥ പറയുന്ന സിനിമ.
ഒരാളോട് പ്രതികാരം ചെയ്യാൻ ഏത് അറ്റം വരെ പോകാൻ കഴിയുമെന്ന് നമ്മളെ കാണിച്ചു തരുന്ന
Rorschach - 2022.
ഒരു ഹോളിവുഡ് ലെവൽ മലയാളം പടം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ