പണ്ട് സ്റ്റാർ മൂവീസിൽ ആണെന്ന് തോന്നുന്നു ഒരാൾ ഒരു കാർ വച്ച് എന്തോ പരീക്ഷണം നടത്തുന്ന കണ്ടിട്ട് എന്താണ് സംഭവം എന്ന് നോക്കി ഇരിക്കുവാരുന്നു,
അപ്പോൾ പെട്ടന്ന് കുറച്ചു ഗുണ്ടകൾ വന്നിട്ട് അയാളുടെ ജീവനെടുക്കും, ഇതെല്ലാം കണ്ടുകൊണ്ട് നിന്ന ഒരു പയ്യൻ രക്ഷപെടാൻ വേണ്ടി ആ കാർ തന്നെ എടുത്തു ഓടിച്ചു പോകാൻ നോക്കും.
പക്ഷേ സ്പീഡ് കൂടിയതും ഒരു ഇടിമിന്നൽ പോലെ എന്തോ വരുന്നതും കണ്ടു പിന്നെ കാർ അവിടെ കാണാനില്ല. പിന്നെ കാറും പയ്യനെയും ഒക്കെ കാണിക്കുന്നത് വേറെ ഒരു സ്ഥലത്താണ്, അവനു ഒട്ടും പരിചയം ഇല്ലാത്ത ആ സ്ഥലം ഏതാണെന്നു അറിയാൻ വേണ്ടി ഇറങ്ങി ചെന്ന അവൻ ഞെട്ടിപ്പോയി.
കാരണം അവൻ ഇപ്പോൾ നിൽക്കുന്നത് 30 വർഷം പിറകിൽ 1955 എന്ന കാലഘട്ടത്തിലാണ്.
ആ കാർ ഒരു ടൈം മെഷീൻ ആയിരുന്നു, അത് ഉണ്ടാക്കിയ ആൾ ശാസ്ത്രജ്ഞൻ ആയിരുന്നു, അയാൾ കൊല്ലപ്പെടുകയും ചെയ്തു, ഇവൻ ആണെങ്കിൽ ഇത് എങ്ങനെ പ്രവർത്തിപ്പിക്കും എന്നുപോലും അറിയാതെ ഇത്രയും വർഷം പിറകിലേക്ക് പോവുകയും ചെയ്തു.
അതിലും രസം അവൻ എത്തിപ്പെട്ട കാലഘട്ടം ആണ്, അവിടെ അവൻ അവന്റെ അച്ഛനെയും അമ്മയെയും ഒക്കെ കാണുന്നു, അവർ കോളേജിൽ പഠിക്കുകയാണ്.
അവന്റെ അച്ഛൻ ആളൊരു സാധുവാണ്, ഇഷ്ടപ്പെട്ട പെൺകുട്ടിയോട്, അതായത് പയ്യന്റെ തന്നെ അമ്മയോട്, ഇഷ്ടം പറയാൻ പറ്റാതെ വിഷമിക്കുകയാണ്. ഇതിന്റെ ഒക്കെ കൂട്ടത്തിൽ ഒരു വില്ലൻ കഥാപാത്രവും.
പയ്യന് അവിടെ നിന്ന് രക്ഷപെടുകയും വേണം, അവൻ അവിടെ ചെന്നത് കൊണ്ട് ഉണ്ടായ ചില സംഭവങ്ങൾ കാരണം അവന്റെ അച്ഛനും അമ്മയും തമ്മിൽ ഒന്നിക്കാതെ പോകാതെയും നോക്കണം.
പിന്നെ അങ്ങോട്ട് വൻ ത്രില്ലെർ ആണ്, അവസാനം വരെ ശ്വാസം അടക്കിപ്പിടിച്ച് ഇരുന്ന് കണ്ട സിനിമയാണ്
1985 ൽ പുറത്തിറങ്ങിയ "Back to the Future" Hollywood movie ആണ്.
പിന്നീട് ഇതിന്റെ രണ്ട് ഭാഗങ്ങൾ കൂടി ഇറങ്ങിയതും ഇതേപോലെ ടീവി യിൽ കാണാൻ കഴിഞ്ഞു. അതും കിടിലോൽ കിടിലൻ തന്നെയായിരുന്നു.
രണ്ടാം ഭാഗത്തിൽ Future എന്ന രീതിയിൽ 2015 കാലഘട്ടം ഒക്കെ കാണിക്കാൻ അവർ ശ്രമിച്ചിട്ടുണ്ട്, ഇപ്പോൾ 2025 ൽ ഇരുന്നു അതൊക്കെ കാണുമ്പോൾ തമാശയാണ്. എന്നിരുന്നാലും ഇതിന്റെ ഒക്കെ കഥ ഒരു രക്ഷയുമില്ല.
ഫീൽ ഗുഡ് ത്രില്ലെർ സയൻസ് ഫിക്ഷൻ സിനിമകൾ ഇഷ്ടം ഉള്ളവർ തീർച്ചയായും കണ്ട് നോക്കേണ്ടതാണ്.
അന്ന് ഇത് കണ്ട് കഴിഞ്ഞപ്പോൾ കിട്ടിയ ഒരു കിക്ക് ഉണ്ട്, അന്ന് ഇത് ആരോടെങ്കിലും ഒക്കെ പറയണം എന്നെല്ലാം തോന്നിയിരുന്നു, പക്ഷേ എവിടെ പറയാനാണ്, സ്കൂളിൽ ചെന്ന് പറഞ്ഞാൽ ഒന്നും അത്രക്ക് എറിക്കുന്നില്ലായിരുന്നു. ഇപ്പോൾ ഇതേ പറ്റി ഇവിടെ പറയുമ്പോൾ, ഒരുപാട് പേരുടെ അനുഭവങ്ങളും അഭിപ്രായങ്ങളും ഒക്കെ കേൾക്കുമ്പോൾ ഒരു സുഖമുണ്ട് 😀
Nb:- ഇനി എത്ര വർഷം കഴിഞ്ഞാലും മനുഷ്യൻ ഒരു ടൈം മെഷീൻ ഉണ്ടാക്കുമെന്ന് തോന്നുന്നില്ല, അഥവാ ഉണ്ടാക്കിയാൽ തന്നെ അത് ഭാവിയിലേക്ക് മാത്രം പോകാൻ കഴിയുന്നത് ആയിരിക്കും.
അല്ലെങ്കിൽ ഭാവിയിൽ നിന്ന് വന്ന ആരെങ്കിലും ഒക്കെ നമ്മൾ ഇതിനോടകം കണ്ടേനെ..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ