1977 കാലഘട്ടത്തിൽ ബോളിവുഡിൽ ഒരുപാട് സ്വപ്നങ്ങൾ കണ്ട് നടന്നിരുന്ന ഒരു ജൂനിയർ ആർട്ടിസ്റ്റ് ആയിരുന്നു ഓം പ്രകാശ്. അയാൾക്ക് തന്റെ അമ്മയും സുഹൃത്തായ പപ്പുവും മാത്രമായിരുന്നു സ്വന്തമായി ഉണ്ടായിരുന്നത്.
എന്നെങ്കിലും അറിയപ്പെടുന്ന ഒരു നടൻ ആയിത്തീരണം എന്നതായിരുന്നു അവന്റെ ഏറ്റവും വലിയ ആഗ്രഹം, അതുപോലെ അന്ന് ഏറ്റവും തിളങ്ങി നിന്നിരുന്ന ശാന്തിപ്രിയ എന്ന നടി ആയിരുന്നു അവന്റെ സ്വപ്നങ്ങളിലെ സുന്ദരി.
ശാന്തിപ്രിയുടെ ചിത്രമുള്ള സിനിമ പോസ്റ്റർ മാത്രം നോക്കി സംസാരിച്ചിട്ടുള്ള അവനു ഒരിക്കൽ അവളെ നേരിട്ട് കാണാനും പരിചയപ്പെടാനും അവസരം ലഭിക്കുകയാണ്.
അവന്റെ നിഷ്കളങ്കമായ പെരുമാറ്റം അവളിലും ഒരു ഇഷ്ടം ജനിപ്പിക്കുന്നു. അവൻ മതിമറന്നു സന്തോഷിക്കുന്നു...
എന്നാൽ യാദൃശ്ചികമായി അവൻ മറ്റൊരു കാര്യം അറിയുന്നു, ശാന്തിപ്രിയയുടെ വയറ്റിൽ മുകേഷ് മെഹ്റാ എന്ന അന്നത്തെ ഹിറ്റ് പ്രൊഡ്യൂസറുടെ കുട്ടി വളരുകയാണ്.
ഇതറിഞ്ഞ അയാൾ അവളെ ഒഴിവാക്കുന്നതിനായി ഒരു സിനിമാ സൈറ്റിൽ ചതിയിലൂടെ എത്തിച്ചു, അവിടെ മുഴുവൻ തീ ഇടുകയാണ്.
ഇത് നേരിൽ കാണുന്ന ഓം അവളെ രക്ഷിക്കാൻ തന്നെക്കൊണ്ട് ആകുന്ന രീതിയിൽ എല്ലാം പരിശ്രമിക്കുന്നു, ഒടുവിൽ അവൻ അവളുടെ അരികിലെത്തി കൈ പിടിക്കാൻ തുടങ്ങുമ്പോൾ ഉണ്ടാകുന്ന വലിയ ഒരു പൊട്ടിത്തെറിയിൽ പുറത്തേക്ക് തെറിച്ചു വീഴുകയാണ്.
ആ വഴി അപ്പോൾ വന്ന ഒരു കാറിൽ അവനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അവനും മരണത്തിന് കീഴടങ്ങുകയാണ്.
എന്തൊരു ദുരന്തകഥ എന്ന് വിചാരിക്കരുത്. ഇതേ സിനിമയിൽ ഓം രണ്ട് ഭാഗത്തു പറയുന്ന വലിയൊരു സന്ദേശമുണ്ട്.
"നമ്മൾ ആത്മാർത്ഥമായി എന്തെങ്കിലും ആഗ്രഹിച്ചാൽ, അത് നേടി തരുന്നതിനായി ഈ പ്രപഞ്ചം മുഴുവൻ നമ്മോടൊപ്പം നിൽക്കും.... "
"അതുപോലെ സിനിമകളിൽ ഒക്കെ കാണുന്ന പോലെ നമ്മുടെ ജീവിതത്തിലും എപ്പോഴും അവസാനം ശുഭം ആയിരിക്കും, ഇനി അങ്ങനെ അല്ല സംഭവിക്കുന്നത് എങ്കിൽ, അത് ഒരിക്കലും അവസാനമല്ല, കഥ ഇനിയും ബാക്കി ഉണ്ടാകും"
ഇത് തന്നെയാണ് ഈ കഥയിലും പിന്നീട് അങ്ങോട്ട് നടക്കുന്നത്, പറഞ്ഞു വന്നത് 2007 ൽ ഷാരുഖ് ഖാൻ നായകനായി പുറത്തിറങ്ങിയ ഹിറ്റ് സിനിമയായ "ഓം ശാന്തി ഓം" എന്ന സിനിമയെ പറ്റിയാണ്.
ഒരു കാലത്ത് ബോളിവുഡ് എന്നോ മസ്സിൽ എന്നോ ഒക്കെ കേട്ടാൽ നമ്മുടെ ഉള്ളിൽ തെളിഞ്ഞിരുന്നത് സൽമാൻ ഖാന്റെ മുഖമായിരുന്നല്ലോ, 70's, 80's ആളുകൾക്ക് ഒരുപക്ഷെ അത് സഞ്ജയ് ദത്തും ആകാം.
2007 വരെ മസ്സിൽമാൻ എന്ന രീതിയിൽ ചിന്തിക്കാൻ പോലും ആകാതിരുന്ന ഒരു മനുഷ്യൻ സിക്സ്പാക്ക് എന്നൊരു സംഭവം ഒരൊറ്റ പടത്തിലൂടെ ഇന്ത്യ മുഴുവൻ ട്രെൻഡ് ആക്കി.. താരതമ്യേനെ മെലിഞ്ഞ ശരീരത്തിൽ പോലും നല്ലൊരു മസ്സിൽ ഘടന കൊണ്ടുവരാൻ കഴിയുമെന്ന് അദ്ദേഹം അന്ന് ചെയ്ത് കാണിച്ചു തന്നു.
പക്ഷേ അതൊന്നും ആയിരുന്നില്ല ആ സിനിമയെ അന്ന് അത്രയും ഹിറ്റ് ആക്കിയത്. ഒരുപാട് ഇമോഷണൽ രംഗങ്ങൾ ഉള്ള നല്ലൊരു കഥയും അതിനൊപ്പിച്ചുള്ള ഓരോ താരങ്ങളുടെ പ്രകടനവും കൊണ്ടായിരുന്നു.
ഒരൊറ്റ രംഗം മാത്രം പറയാം, വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ടു പോയ മകൻ അതേ രൂപത്തിൽ വീണ്ടും പുനർജ്ജന്മം എടുത്ത് തന്റെ മുൻ ജന്മത്തിലെ അമ്മയെ തിരിച്ചറിഞ്ഞു അവരുടെ മുന്നിൽ പോയി നിൽക്കുന്ന ഒരു രംഗമുണ്ട്.
സിനിമ ആണെന്ന് അറിയാമെങ്കിലും അറിയാതെ കണ്ണൊന്നു നിറഞ്ഞു പോകും. ഇത്തരത്തിൽ ഒരുപാട് രംഗങ്ങൾ വേറെയുമുണ്ട്.
ഹിന്ദി സിനിമകൾ എന്നാൽ റീമേക്ക് അല്ലെങ്കിൽ കഥയില്ലാത്ത വെറും മസാല സിനിമകൾ എന്ന് കരുതുന്ന ഒരുപാട് ആളുകളുണ്ട്, അങ്ങനെ ഉള്ളവർക്ക് ധൈര്യമായി കണ്ടു നോക്കാൻ കഴിയുന്ന നല്ലൊരു ഫീൽ ഗുഡ് ഇമോഷണൽ സിനിമയാണ് ഇത്.
ഒരുപക്ഷെ എല്ലാവരും കണ്ടിട്ടുണ്ടാകും, എന്നിരുന്നാലും ആരെങ്കിലും ഒക്കെ മിസ്സ് ആക്കിയിട്ട് ഉണ്ടെങ്കിൽ അവർക്ക് വേണ്ടി എഴുതുകയാണ്.. വീണ്ടും വീണ്ടും കാണാനുള്ള എന്തോ ഒരു മാജിക് സംവിധായകയായ ഫറാ ഖാൻ ഇതിൽ ഒളിപ്പിച്ചു വച്ചിട്ടുണ്ട്..
And ദീപിക പാദുക്കോൺ എന്ന സൂപ്പർ താരത്തിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു ഇത്..
അപ്പോൾ ഇമോഷണൽ ഡ്രാമ സിനിമകൾ ഇഷ്ടമുള്ളവർ കണ്ടു നോക്കുക, അല്ലാത്തവർ അതിലെ ഓമിന്റെ പ്രസംഗം മാത്രമൊന്ന് ഒരിക്കൽ കൂടി കണ്ടുനോക്കുക, ഒരു പോസിറ്റീവ് ഫീൽ ലഭിക്കുന്നതാണ്....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ