കിഷ്കിന്ധ കാണ്ഡം - Malayalam mystery thriller

 2024 ലെ ഒരു ഇലക്ഷൻ കാലഘട്ടം, ഫോറെസ്റ്റ് ഡിപ്പാർട്മെന്റിൽ ഓഫീസർ ആയ അജയചന്ദ്രന്റെ രണ്ടാം വിവാഹം നടക്കുകയാണ്.


രജിസ്റ്റർ ഓഫിസിൽ വച്ചു അജയന് ഒരു കാൾ വരുന്നു, അജയന്റെ അച്ഛനായ അപ്പു പിള്ളയുടെ തോക്ക് പോലീസ് സ്റ്റേഷനിൽ ഇതുവരെ സറണ്ടർ ചെയ്തിട്ടില്ല, ഇലക്ഷൻ ആകുമ്പോൾ അങ്ങനെ ഒരു പതിവുണ്ടല്ലോ.


തുടർന്ന് അജയൻ വീട്ടിലേക്ക് വിളിച്ചു അച്ഛനോട് തോക്ക് കിട്ടിയോ എന്ന് അന്വേഷിക്കുന്നു. അയാളുടെ തോക്ക് കാണ്മാനില്ല, അതാണ് പ്രശ്നം.


അങ്ങനെ വിവാഹം കഴിഞ്ഞു ഭാര്യയുടെ കൂടെ വീട്ടിലേക്ക് പോകുന്ന അജയനോട് ഒപ്പം നമ്മളും മറ്റൊരു ലോകത്തിലേക്ക് എന്നപോലെ കൂടെ യാത്രയാകുന്നു.


മറ്റൊരു ലോകമെന്ന് വെറുതെ പറഞ്ഞതല്ല, ഒരു റിസേർവ് വനത്തിനോട് ചേർന്ന് ഒറ്റപ്പെട്ട് ഇരിക്കുന്ന വലിയ ഒരു വീട്, ചുറ്റും ആകാശം മുട്ടെ ഉയർന്ന മരങ്ങൾ, പകൽ പോലും ഇരുട്ടാണ് അവിടെ.


പിന്നെ ആ മരങ്ങളിൽ തൂങ്ങിയാടി കളിക്കുന്ന നൂറ് കണക്കിന് കുരങ്ങന്മാർ. ഇതിനൊപ്പം കർക്കശ സ്വഭാവക്കാരനായ അപ്പു പിള്ളയും.


അജയന്റെ ഭാര്യയായ അപർണ്ണയ്ക്ക് അവിടെ കാണുന്നത് എല്ലാം കൗതുകമാണ്, അപർണ്ണ സഞ്ചരിക്കുന്ന വഴികളിൽ കൂടിയാണ് നമ്മുടെയും സഞ്ചാരം.


അജയന്റെ മുൻ ഭാര്യ ആയിരുന്ന പ്രവീണ രണ്ട് വർഷം മുൻപാണ് മരണപ്പെട്ടതെന്നും അവർക്ക് കാൻസർ ആയിരുന്നെന്നും പതിയെ നമ്മൾക്കും മനസിലാകുന്നു. അതിനും ഒരു വർഷം മുൻപ് അവരുടെ ഏക മകനായിരുന്ന ചച്ചു എന്ന് വിളിപ്പേരുള്ള ഏഴ് വയസുകാരനെ കാണാതെ പോയതാണെന്നും പതിയെ വെളിപ്പെടുന്നു.


2024 ൽ ആസിഫ് അലി നായകനായി വന്ന കിഷ്കിന്ധ കാണ്ഡം എന്ന സിനിമ തുടങ്ങുന്നത് ഇങ്ങനെ ഒരു പശ്ചാത്തലത്തിലാണ്.


പിന്നെ അവിടെ നിന്ന് അങ്ങോട്ട് ഓരോ ദുരുഹതകൾ നമ്മുടെ മുന്നിലേക്ക് വരികയാണ്. തുടക്കം കാണുമ്പോൾ ഒരു സാധാരണ കുടുംബ സിനിമ എന്ന് തോന്നുമെങ്കിലും പിന്നീട് അങ്ങോട്ട് നല്ലൊരു മിസ്റ്ററി ത്രില്ലെർ ആയിട്ടാണ് മുന്നോട്ട് പോകുന്നത്.


കൂടെ അപ്പു പിള്ളയായി വിജയരാഘവന്റെ അതുല്യ പ്രകടനവും, അതിനൊപ്പിച്ചു തന്നെ ആസിഫും അപർണ്ണ ബാലമുരളിയും.


നല്ലൊരു കുടുംബ ചിത്രം എന്ന രീതിലും കാണാൻ കഴിയുന്ന സിനിമയാണ്, പ്രത്യേകിച്ച് ന്യൂ ജനറേഷൻ സിനിമകൾ കാണാൻ താല്പര്യം ഇല്ലാത്ത പഴയ സിനിമാപ്രേമികൾക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് കഥയും പശ്ചാത്തലവും എല്ലാം.


തിയേറ്ററിൽ ഹിറ്റ്‌ ആയിരുന്നെങ്കിലും ഇപ്പോഴും ഇത് കണ്ടിട്ടില്ലാത്ത ഒരുപാട് പേരുണ്ട്. അങ്ങനെ ഉള്ളവർ തീർച്ചയായും ഒന്ന് കണ്ടു നോക്കുക...


ഇന്നലെ ഒരിക്കൽ കൂടി കണ്ടപ്പോൾ എഴുതാൻ തോന്നി...


Name : Kishkindha Kandham 

OTT :- Jio Hotstar 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ