പണ്ട് മനോരമ പത്രത്തിന്റെ ഒപ്പം ഞായറാഴ്ച എന്നൊരു പ്രത്യേക പതിപ്പ് എല്ലാ ഞായറാഴ്ചകളിലും ഉണ്ടായിരുന്നു, അതിന്റെ പിന്നിൽ എപ്പോഴും സിനിമ വിശേഷങ്ങൾ ആയിരിക്കും ഉണ്ടായിരിക്കുക.
അങ്ങനെ അതിൽ ഒരിക്കൽ കണ്ട വാർത്തയാണ് " തട്ടത്തിൻ മറയത്ത് " എന്നൊരു പടം വരുന്നു എന്ന്, അതിന്റെ സംവിധായകൻ ആരാണെന്നോ ഒന്നും വായിച്ചില്ല, ടൈറ്റിൽ കണ്ടപ്പോൾ തന്നെ എന്തിനാണോ ഇങ്ങനെ പൊട്ടാൻ വേണ്ടി പടമൊക്കെ എടുക്കുന്നത് എന്നാണ് ഉള്ളിൽ തോന്നിയത്.
പിന്നീട് നാളുകൾ കഴിഞ്ഞു അതേ പടം റിലീസ് ആകാൻ പോകുന്നു എന്നും വാർത്ത കണ്ടു, അന്നും ഞാൻ ഓർത്തു ദേ പടക്കം വരുന്നുണ്ടല്ലോ എന്ന്.
അങ്ങനെ എപ്പഴോ ഒരു ദിവസം അബദ്ധത്തിൽ അതിലെ "മുത്തുച്ചിപ്പി പോലൊരു " എന്ന പാട്ട് കേൾക്കാൻ ഇടയായി. എന്തോ അതങ്ങോട്ട് വല്ലാതെ ഇഷ്ടപ്പെട്ടു. അപ്പോഴും അതിലെ നായകനെ അങ്ങോട്ട് പിടികിട്ടിയില്ല, സംവിധാനം ആരാണെന്ന് നോക്കുന്ന പതിവില്ല.
ഞാൻ അനിയത്തിയോട് ചോദിച്ചു, ഇയാൾ അല്ലേ ഇന്നാള് നസ്രിയയുടെ കൂടെ ഒരു ആൽബത്തിൽ ഉണ്ടായിരുന്ന.. 🤔
അപ്പൊ അവൾ പറഞ്ഞു, അതേ അതാണ് നിവിൻ പോളി, മലർവാടി ആർട്സ് ക്ലബ്ബിലും സെവൻസിൽ ഒക്കെ ഉണ്ടായിരുന്ന..
ആ സെവൻസ് ഞാനും കണ്ടതാണല്ലോ എന്ന ഓർമ്മ അപ്പോൾ വന്നു, കൊള്ളാലോ താടി ഒക്കെ കളഞ്ഞപ്പോ പ്രായം നല്ലപോലെ കുറഞ്ഞത് പോലുണ്ടല്ലോ എന്ന് ഞാനും പറഞ്ഞു.
അങ്ങനെ ആ ഒറ്റ പാട്ട് കേട്ടിട്ടു സിനിമ കാണാൻ ഒരു ആഗ്രഹം തോന്നി, റിലീസ് ചെയ്ത് കഴിഞ്ഞപ്പോ കണ്ടവരെല്ലാം ഒടുക്കത്തെ അഭിപ്രായവും. എനിക്ക് അന്ന് കോളേജിൽ എന്തോ എക്സാം നടക്കുന്ന സമയം ആയിരുന്നതിനാൽ ആരുടേയും കൂടെ പോകാനും പറ്റിയില്ല.
അങ്ങനെ ഒടുവിൽ രണ്ടും കല്പിച്ചു ഒറ്റക്ക് പോകാൻ തീരുമാനിച്ചു. കോട്ടയം അഭിലാഷിൽ ആദ്യമായി ഒറ്റക്ക് പോയി ടിക്കറ്റ് എടുത്തു ആരുടേയും മുഖത്തു നോക്കാതെ ആരുടേയും കണ്ണിൽ പെടാതെ ഒരു മൂലയിൽ ഒറ്റക്ക് ഇരുന്ന് കണ്ട സിനിമ.
ആ ഒറ്റ സിനിമയോടെ മൂന്ന് പേരുടെ ഫാൻ ആയിപ്പോയി, ഓളാ തട്ടം ഇട്ടാലുണ്ടല്ലോ സാറേ.. പിന്നെ ചുറ്റും ഉള്ളതൊന്നും കാണാൻ പറ്റില്ല എന്ന് പറഞ്ഞു സിനിമയിൽ ഒറ്റക്ക് സ്കോർ ചെയ്ത നിവിൻ പോളി, പിന്നെ ഒരു ചെറിയ കഥയെ വളരെ മനോഹരമായി അവതരിപ്പിച്ച വിനീത് ശ്രീനിവാസൻ, പിന്നെ കിടിലൻ സംഗീതം കൊണ്ട് ആദ്യം മുതൽ അവസാനം വരെ വിസ്മയിപ്പിച്ച മ്യൂസിക് ഡയറക്ടർ ഷാൻ റഹ്മാൻ...
അങ്ങനെ ഒരു വിനീത് ശ്രീനിവാസൻ സംഭവം.... 🫶🏻
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ