നിങ്ങൾ ഒരിക്കൽ എങ്കിലും ഒറ്റക്ക് സിനിമ കാണാൻ പോയിട്ടുണ്ടോ? ഞാൻ ഈ ചോദ്യം ചോദിക്കുമ്പോൾ പലരും നെറ്റി ചുളിക്കും, ഒറ്റക്കോ..
ആദ്യമായി ഒരു സിനിമ കാണാൻ ഒറ്റക്ക് പോകുന്നത് കോളേജിൽ പഠിക്കുന്ന സമയത്ത് തട്ടത്തിൻ മറയത്ത് കാണാൻ വേണ്ടിയായിരുന്നു, ഒരു പക്കാ മിഡിൽ ബെഞ്ചെർ ആയിരുന്നത് കൊണ്ട് പല ഗാങ്ങിലും അംഗം ആയിരുന്നെങ്കിലും
അന്ന് എന്തൊക്കയോ കാരണങ്ങൾ കൊണ്ടു ആരുടേയും കൂടെ പോകാൻ കഴിഞ്ഞില്ല. ഒറ്റക്ക് പോകുന്നത് അന്ന് ചിന്തിക്കാൻ കൂടി പറ്റില്ല, എന്നിട്ടും ആ സിനിമ കാണാനുള്ള ആഗ്രഹം കൂടിയപ്പോൾ രണ്ടും കല്പ്പിച്ചു പോയി.
ഒരുപാട് ആളുകൾ അതും കൂട്ടമായി വരുന്ന ഒരിടത്തേക്ക് ഒറ്റക്ക് ചെന്ന് കയറുക, അത്രക്ക് സോഷ്യൽ അല്ലാത്ത ഏതൊരാൾക്കും ശ്വാസം മുട്ടുന്ന അവസ്ഥ ഉണ്ടാക്കും. അന്ന് എങ്ങനെയോ ടിക്കറ്റ് ഒക്കെ എടുത്ത് അധികം ആളില്ലാത്ത ഒരു മൂലയിൽ ഇരുന്നു സിനിമ കണ്ടു. ഇന്റർവെൽ ആയാലും ഇരുന്ന സീറ്റിൽ നിന്ന് എണീക്കാൻ തോന്നില്ല, കാരണം ഒന്നും അറിയില്ല എന്നാലും സിനിമ തീരുന്നത് വരെ അവിടെ ഒതുങ്ങി കൂടാൻ മാത്രേ തോന്നു.
പിന്നീട് വർഷങ്ങൾ കഴിഞ്ഞാണ് വീണ്ടും ഒറ്റക്ക് പോകുന്നത്, കൂടെ ഉണ്ടായിരുന്നവർ ഒക്കെ ജോലിയും പ്രാരാബ്ദം ഒക്കെയായി പല വഴിക്ക് ആയപ്പോൾ വീണ്ടും ഒറ്റക്ക് സിനിമക്ക് പോയി തുടങ്ങി. എന്ന് വച്ചു എന്നും അങ്ങനെ ആണെന്നല്ല, കോളേജിലെ ഒക്കെ പോലെ കൂട്ടിന് ആളെ എപ്പഴും ഒത്തു കിട്ടണം എന്നില്ലല്ലോ.
വർഷങ്ങൾ വീണ്ടും കഴിഞ്ഞു എന്നേ സംബന്ധിച്ച് ഇപ്പോൾ ഒറ്റക്ക് സിനിമക്ക് പോകുക എന്ന് പറഞ്ഞാൽ തികച്ചും സ്വാഭാവികമായ ഒന്നായി മാറി, എന്ന് കരുതി ഒറ്റക്ക് മാത്രമേ പോകു എന്നൊന്നും അല്ല, ഗ്രൂപ്പ് ആയിട്ട് പോകാനും ഇഷ്ടമാണ് ഒറ്റക്ക് പോകാനും കുഴപ്പമില്ല.
അങ്ങനെ ഇന്ന് വീണ്ടും ഒരു സിനിമക്ക് ഒറ്റക്ക് പോയി. എന്റെ സീറ്റിൽ ചെന്ന് ഇരുന്നപ്പോ ദാ എന്റെ ഇടത്തും വലത്തും ഇരിക്കുന്നവരും എന്നെപ്പോലെ ഒറ്റക്ക് വന്നതാണ്. സിനിമയിലെ ആവേശകരമായ സീനിൽ ഞാൻ ഉറക്കെ കൂവുമ്പോഴും അവർക്ക് രണ്ട് പേർക്കും അനക്കം ഒന്നുമില്ല, ഇടക്ക് ചിരിക്കുന്നത് കേൾക്കുന്നതുകൊണ്ട് ഉറക്കം അല്ലെന്ന് ഉറപ്പിക്കാം.
അങ്ങനെ ഇന്റർവെൽ ആയി, ഞാൻ പഴയപോലെ ഒന്നുമല്ല ഇപ്പോൾ, ഒറ്റക്ക് ആണെങ്കിലും ഇറങ്ങി ടോയ്‌ലെറ്റിൽ ഒക്കെ പോയിട്ട് കഴിക്കാൻ സ്നാക്സ് ഒക്കെ വാങ്ങും, അങ്ങനെ ഗ്രൂപ്പ് ആയിട്ട് പോകുമ്പോൾ എന്തൊക്കെ ചെയ്യുമോ അതെല്ലാം ചെയ്യും.
അങ്ങനെ തിരിച്ചു വരുബോൾ ദാ ഞാൻ ഇരുന്ന റോയിൽ രണ്ടേ രണ്ടുപേർ അനങ്ങാതെ ഇരിപ്പുണ്ട്. എന്റെ ഇടത്തും വലത്തും ഉണ്ടായിരുന്നവർ, പെട്ടന്ന് എന്റെ പഴയകാലം എനിക്ക് ഓർമ്മ വന്നു, ഞാനും ഇങ്ങനെ ഇരുന്നിരുന്നത്, അവിടെ നിന്ന് ഇപ്പോൾ ഉണ്ടായ മാറ്റങ്ങൾ ഒക്കെ ഓർത്തപ്പോൾ ഒരു ആത്മവിശ്വാസം കൂടിയ പോലെ.
പക്ഷേ ഇപ്പോഴും പറ്റാത്ത ചില കാര്യങ്ങളുണ്ട്, ആ രണ്ട് പേരെ പരിചയപ്പെടാനോ അവരോട് എന്തെങ്കിലും ഒരു വാക്ക് മിണ്ടാനോ എനിക്ക് പറ്റിയില്ല. അതിന്റെ ആവശ്യം ഉണ്ടോന്ന് ചോദിച്ചാൽ ഒട്ടുമില്ല, എന്നാലും അതൊരു വമ്പൻ സ്കിൽ തന്നെയാണ്.
എന്റെ ചില കൂട്ടുകാർ ഒക്കെ ഈ സ്കിൽ ഉള്ളവരാണ്, അവന്മാർ ഒക്കെ നിമിഷ നേരംകൊണ്ട് ഒരാളെ പരിചയപ്പെട്ടു കമ്പനി ആകുന്നത് കാണുമ്പോൾ അത്ഭുതം തോന്നിയിട്ടുണ്ട്.
പഠിച്ചെടുക്കണം എന്ന് ഒരുപാട് ആഗ്രഹം ഉണ്ടെങ്കിലും ഇതുവരെ സാധിച്ചിട്ടില്ലാത്ത ഒന്നാണ് അത്. എന്നിരുന്നാലും ഒറ്റക്ക് എവിടെങ്കിലും പോകുക, സിനിമ കാണാൻ ആണെങ്കിലും യാത്ര ചെയ്യാൻ ആണെങ്കിലും, അത് നൽകുന്ന അനുഭവങ്ങൾ വളരെ വലുതാണ്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ