ഒരു സാധാരണ പടത്തിൽ പോലും ഷർട്ട് ഊരി മസ്സിൽ കാണിക്കുന്ന സൽമാൻ ഖാന് മുഴുവൻ സമയം ഷർട്ട് ഇല്ലാതെ നടക്കാൻ വേണ്ടി ഒരു സിനിമ എടുക്കുന്നു..
സുൽത്താൻ എന്ന സിനിമ ഇറങ്ങിയ സമയത്ത് ഇങ്ങനെയായിരുന്നു എന്റെ ചിന്ത.. പിന്നീട് ഞാൻ തുടങ്ങിയ ബിസിനസ് പൊളിഞ്ഞു വീട്ടിൽ വിഷമിച്ചു ഇരിക്കുന്ന സമയത്താണ് സമയം പോകാനും മനസിലെ നെഗറ്റീവ് ചിന്തകൾ കളയാനും വേണ്ടി സുൽത്താൻ കാണുന്നത്.
ഇന്ത്യയിൽ IPL ഒക്കെ പോലെ MMA അഥവാ mixed martial arts മത്സരങ്ങൾ ആരംഭിക്കുന്നതും, അവിടെ ഇന്ത്യക്ക് വേണ്ടി ഇറങ്ങാൻ കൊള്ളാവുന്ന ആരെയും കിട്ടാതെ വരുമ്പോൾ പഴയ ഒരു ഗുസ്തിക്കാരനെ അന്വേഷിച്ചു ഫ്രാഞ്ചയ്‌സി ഓണർ പോകുന്നത് മുതലാണ് കഥ തുടങ്ങുന്നത്.
ഇതിനിടയിൽ സുൽത്താൻ എന്ന ആ ഗുസ്തിക്കാരൻ ആരായിരുന്നു എന്താണ് അയാൾക്ക് സംഭവിച്ചത് തുടങ്ങിയ കാര്യങ്ങളും നമ്മളെ കാണിച്ചു പോകുന്നു. അതിൽ തന്നെ എന്റെ നെഗറ്റീവ് ചിന്തകളെ ഓടിച്ചു വിടാനുള്ള ഒരുപാട് കാര്യങ്ങൾ ഉണ്ടായിരുന്നു.
ഒടുവിൽ സുൽത്താൻ മനസ്സില്ലാമനസോടെ മത്സരിക്കാൻ സമ്മതിച്ചു വരുമ്പോഴാണ് അറിയുന്നത് മനസ് മാത്രമല്ല മസ്സിലും ഇല്ലായെന്ന്, വയറൊക്കെ ചാടി ഒരു വല്ലാത്ത അവസ്ഥയിലാണ് സുൽത്താൻ..
പക്ഷേ ആൾക്ക് ഭയങ്കര സ്പിരിറ്റ് ആണ്, അവിടെ നിന്ന് വമ്പൻ ട്രെയിനിങ് ഒക്കെ കഴിഞ്ഞു ശരീരം ഒക്കെ ശരിയാക്കി ആദ്യത്തെ മത്സരത്തിന് കയറുമ്പോൾ പക്ഷേ കാര്യങ്ങൾ തിരിച്ചാണ്, എതിരാളിയുടെ ഒരു നീക്കം പോലും മനസിലാക്കാനോ തടുക്കാനോ അയാൾക്ക് കഴിയുന്നില്ല, ആദ്യത്തെ റൗണ്ടിൽ തന്നെ തോറ്റു പുറത്താവേണ്ട മത്സരം എങ്ങനെയോ അയാൾ രണ്ടാം റൗണ്ട് വരെ എത്തിക്കുന്നു.
രണ്ടാം റൗണ്ട് തുടങ്ങി, തനിക്ക് നേരെ തൊഴിക്കാൻ വന്ന എതിരാളിയെ എടുത്തൊന്ന് നിലത്തേക്ക് മലർത്തിയടിച്ചിട്ട് നേരെ കൂട് തുറന്ന് ഇറങ്ങിപ്പോകുന്ന സുൽത്താനെ കാണുമ്പോൾ കാണികളും ഒപ്പം നമ്മളും ഒന്നും മനസിലാകാതെ നോക്കിയിരിക്കും.
ഇത് കണ്ട സുൽത്താനെ തിരിച്ചു കൊണ്ടുവന്ന പയ്യൻ വാ പൊളിച്ചു നിൽക്കുമ്പോ അവനോട് സുൽത്താനെ കൊണ്ടുവരാൻ പറഞ്ഞ അവന്റെ അച്ഛൻ ഒരു വാക്ക് അങ്ങ് പറയും.
അതാണ് സുൽത്താൻ സ്‌ലാം, ആ എതിരാളി ഇനി എഴുന്നേൽക്കില്ല. അത് കേട്ട് അയാളും നമ്മളും ഞെട്ടി നിൽക്കുമ്പോൾ ആ സീൻ ഒന്നൂടി സ്ലോ മോഷനിൽ കാണിക്കും, എതിരാളിയുടെ കൈ പിടിച്ചു ഓടിച്ചു തന്റെ തോളിൽ കയറ്റി സ്‌ലാം ചെയ്ത് മറിഞ്ഞു എഴുന്നേറ്റ് വന്ന് മീശ പിരിക്കുന്ന സുൽത്താൻ കൂടെ അതുവരെ വലിയ രസം ഒന്നും തോന്നാതിരുന്ന സുൽത്താൻ എന്ന മ്യൂസിക് കൂടി....
അറിയാതെ കണ്ണ് നിറയുന്ന രോമാഞ്ചം നൽകുന്ന ഒരു വമ്പൻ സീൻ ആണത്.
പിന്നീട് കഥ മുന്നോട്ട് പോകുന്നു, ക്ലൈമാക്സ് ഒക്കെ വെറുതെ ഒരു മത്സരം എന്നതിനപ്പുറം സുൽത്താന് ഉണ്ടാവുന്ന കുറെ തിരിച്ചറിവുകൾ കാണിച്ചുകൊണ്ടാണ് അവസാനിക്കുന്നത്.
ഈ സിനിമ തന്നെയായിരുന്നു എനിക്ക് ആ സമയത്ത് വേണ്ടിയിരുന്നത് എന്ന് കണ്ടുകഴിഞ്ഞപ്പോൾ മനസിലായി, അന്നത്തെ എന്റെ മോശം അവസ്ഥയിൽ നിന്നും തിരിച്ചു വരാൻ ഒരുപാട് പ്രചോദനം നൽകിയത് സുൽത്താൻ ആണ്...
വെറുതെ ഒരു ഗുസ്തിപ്പടം അല്ല സുൽത്താന്റെ പ്രണയം, കുടുംബം, ഉയർച്ചയും തകർച്ചയും തിരിച്ചു വരവും തിരിച്ചറിവുകളും എല്ലാം ഉൾപ്പെടുന്ന വളരെ നല്ല ഒരു മോട്ടിവേഷണൽ സിനിമയാണ് സുൽത്താൻ...
#InspirationalMovies #ANUPJOSE
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ