ഒരു മികച്ച നടൻ ആകാൻ നല്ല കഴിവ് ഉണ്ടാവണം, എന്നാൽ ഒരു സ്റ്റാർ മെറ്റീരിയൽ ആകാൻ മികച്ച നടൻ ആകണം എന്നില്ല, പക്ഷേ മികച്ച നടൻ ആകുന്നതിലും വലിയ കടമ്പയാണ് ഒരു സ്റ്റാർ മെറ്റീരിയൽ ആകുക എന്നത്.
സ്റ്റാർ മെറ്റീരിയൽ എന്ന് പറയുമ്പോൾ ആളുകളെ ആകർഷിക്കാൻ ഉള്ള കഴിവാണ്, അതിന് കഴിവ് മാത്രം ഉണ്ടായിട്ട് കാര്യമില്ല, ഏറെ ഭാഗ്യം കൂടി വേണം. അങ്ങനെ ഒരാൾ ചെയ്യുന്ന കാര്യങ്ങൾ പ്രേക്ഷകർക്ക് ഇഷ്ടമാകണം, അത് വീണ്ടും വീണ്ടും കാണാൻ വേണ്ടി തന്നെ അവർ തിയേറ്ററിൽ വരും.
ലാലേട്ടൻ മികച്ച നടൻ ആണ്, അതോടൊപ്പം ഒരു സ്റ്റാർ മെറ്റീരിയൽ കൂടിയാണ്, ഇതൊക്കെ അപൂർവ്വമായി മാത്രം സംഭവിക്കുന്ന കാര്യങ്ങളാണ്.
തമിഴ് സിനിമയിലേക്ക് നോക്കിയാൽ, ഒരു സമയം മുതൽ വിജയ് എല്ലാ സിനിമയിലും ഒരെ ഐറ്റംസ് തന്നെ കാണിക്കുന്നു എന്നൊരു ആക്ഷേപം ഉണ്ടായിരുന്നു. Chewing gum എറിയുന്നത്, I'm waiting, അതുപോലെ കുറെ ഐറ്റം.
പക്ഷേ ഓരോ സിനിമ കഴിയുമ്പോൾ അദ്ദേഹം തന്റെ സ്റ്റാർഡം വളർത്തിക്കൊണ്ട് ഇരുന്നു, എന്നുകരുതി അദ്ദേഹം മോശം നടൻ ആണെന്നല്ല, അദ്ദേഹത്തിന്റെ ഫോക്കസ് അഭിനയപ്രാധാന്യം ഉള്ള വേഷങ്ങൾ തേടി പിടിച്ചു ചെയ്യണം എന്നോ, മികച്ച നടനുള്ള അവാർഡുകൾ വാങ്ങണം എന്നോ ആയിരുന്നില്ല.
ഫാൻസിന് ആഘോഷിക്കാൻ ഉള്ള സിനിമകൾ ചെയ്യണം, ഓരോ സിനിമ കഴിയുമ്പോഴും തന്റെ സ്റ്റാർ വാല്യൂ കൂടണം. കഴിഞ്ഞ പത്തു പന്ത്രണ്ട് വർഷത്തെ അദ്ദേഹത്തിന്റെ വളർച്ച മാത്രം ഒന്ന് നോക്കിയാൽ ഇത് നമ്മൾക്ക് കാണാം.
ഇതിനൊക്കെ പ്രധാന അടിത്തറ എന്നത് കുറെ സിനിമകൾ വഴി അദ്ദേഹം ഉണ്ടാക്കിയെടുത്ത ആളുകളുടെ ഇഷ്ടമാണ്.
അപ്പോൾ പറഞ്ഞു വന്നത് ഒരു സ്റ്റാർ മെറ്റീരിയൽ എന്ന നിലയിലേക്ക് വളരാൻ എല്ലാവർക്കും ഒന്നും ഭാഗ്യം ലഭിക്കില്ല, അതിപ്പോ എത്ര മികച്ച നടൻ ആണെന്ന് പറഞ്ഞാലും, ആളുകളുടെ ഒരു പ്രിത്യേക ഇഷ്ടം നേടിയെടുക്കാൻ കഴിഞ്ഞാൽ മാത്രമേ അത് സാധിക്കുക ഉള്ളു.
എന്തുകൊണ്ടാണ് ഈ പോസ്റ്റിൽ നിവിൻ പോളിയുടെ ചിത്രം ചേർത്തത് എന്ന് ഇനി പറയട്ടെ.
ഒരു സമയത്ത് ഇങ്ങേര് സൗത്ത് ഇന്ത്യ മുഴുവൻ ഉണ്ടാക്കിയ ഓളം ഓർമ്മയുണ്ടോ.. തട്ടത്തിൻ മറയത്ത്, നേരം, ഓം ശാന്തി ഓശാന, ബാംഗ്ലൂർ ഡേയ്‌സ്, ഒരു വടക്കൻ സെൽഫി, ഇങ്ങനെ കുറെയധികം ചിത്രങ്ങൾക്ക് ശേഷം വന്ന അൽഫോൻസ് പുത്രന്റെ പ്രേമം..
അത് തിയേറ്ററിൽ ഉണ്ടാക്കിയ ആരവം, തമിഴ് നാട്ടിൽ പോലും ഏതാണ്ട് ഒരു വർഷമാണ് പടം ഓടിയത്, അതും ഇന്നത്തെ പോലെ സോഷ്യൽ മീഡിയ ഇത്രയും പോപ്പുലർ അല്ലാതിരുന്ന അന്ത കാലത്ത്..
ആ ഒരു സമയത്തു Rom-Com genre ൽ കിരീടം വയ്ക്കാത്ത രാജാവ് ആയിരുന്നു അയാൾ. ഒരു സൂപ്പർ സ്റ്റാർ പദവിയുടെ അടുത്ത് എന്നല്ല, അതിൽ അയാൾ നിഷ്പ്രയാസം കയറിയിരുന്നു.
എന്നാൽ അതിന് ശേഷം അദ്ദേഹം ഫോക്കസ് ചെയ്യാൻ ശ്രമിച്ചത് സ്റ്റാർ മെറ്റീരിയൽ എന്നതിന് ആയിരുന്നില്ല, തന്റെ ഉള്ളിലെ നടനെ കൂടുതൽ മിനുക്കി എടുക്കാൻ വേണ്ടിയായിരുന്നു.
പിന്നീട് അങ്ങോട്ട് അദ്ദേഹത്തിന് പറ്റിയ അബദ്ധം സിനിമകളുടെ എണ്ണം കുറച്ചു, അഭിനയിച്ചത് എല്ലാം തന്നെ അഭിനയ പ്രാധാന്യം ഉള്ള കഥാപാത്രങ്ങൾ ആയിരുന്നു. ഒരുപക്ഷെ സേഫ് സോണിൽ നിൽക്കുന്ന ആളെന്ന നിലയിലുള്ള വിമർശനങ്ങൾ കാരണമാകാം.
80's ലാലേട്ടന് ഇത് പ്രശ്നം ആയിരുന്നില്ല. അന്ന് ഒരു വർഷം അദ്ദേഹത്തിന്റെ തന്നെ 36 സിനിമകൾ ഇറങ്ങിയിരുന്നു, അതിൽ തന്നെ അഭിനയ പ്രാധാന്യം ഉള്ളത് ഉണ്ടാവും, കോമഡി ഉണ്ടാവും, എല്ലാവിധ ആളുകളെയും ഏതെങ്കിലും ഒക്കെ സിനിമകൾ തൃപ്തിപ്പെടുത്തുമായിരുന്നു.
നിവിൻ എന്നാൽ വർഷത്തിൽ ഒരു സിനിമ എന്ന നിലയിലേക്ക് മാറി, അത് ഫാൻസിന് വേണ്ടിയുള്ളതും ആയിരുന്നില്ല.
ഇടക്ക് തന്റെ സേഫ് സോണിൽ കൈ വച്ചപ്പോൾ അവിടെയും പരാജയം സംഭവിച്ചു.
ഒരു സമയത്ത് തമിഴിൽ വിജയ്ക്ക് ഒപ്പമോ ഒരു പടി മുന്നിലോ നിന്ന് ടൈറ്റ് കോമ്പറ്റിഷൻ കൊടുത്തിരുന്ന ആളായിരുന്നു സൂര്യ. ഗജിനി, അയൻ ഒക്കെ ഇറങ്ങിയ കാലഘട്ടത്തിൽ അദ്ദേഹവും ഉണ്ടാക്കിയ ഒരു ഓളമുണ്ട്, പക്ഷേ അദ്ദേഹവും തന്റെ ഉള്ളിലെ നടനെ എക്സ്പ്ലോർ ചെയ്യാൻ പോയപ്പോൾ സ്റ്റാർഡം കയ്യിൽ നിന്ന് പോയി.
പക്ഷേ ഇവരുടെ ഒക്കെ ഉള്ളിലെ കനൽ കെട്ടു പോയിട്ടില്ല എന്നുള്ളതിന്റെ തെളിവായിരുന്നു, വർഷങ്ങൾക്ക് ശേഷം എന്ന സിനിമയിൽ നിവിന് കിട്ടിയ സ്വീകാര്യതയും, വിക്രം ക്ലൈമാക്സ് കഴിഞ്ഞു വെറും 5 മിനിറ്റ് കൊണ്ട് ആ സിനിമ തന്റെ പേരിൽ ആക്കിയ സൂര്യയും.
ഇവർ ഒക്കെ ഉണ്ടാക്കി വച്ചിരിക്കുന്ന ഒരു അടിത്തറയുണ്ട്, പ്രേക്ഷകരുടെ ഒരു പ്രിത്യേക ഇഷ്ടം കൊണ്ടുള്ള അതിന്റെ ബലം നമ്മൾ ഒക്കെ പ്രതീക്ഷിച്ചതിലും ഒക്കെ വളരെ വലുതാണ്.
തങ്ങളുടെ സേഫ് സോണിലേക്ക് ഒന്ന് തിരിച്ചു പോയി, എന്താണോ ഫാൻസ് കാണാൻ ആഗ്രഹിക്കുന്നത്, അത് തന്നെ അവർക്ക് നൽകിക്കൊണ്ട് ഒന്ന് രണ്ട് പടങ്ങൾ ചെയ്താൽ നിഷ്പ്രയാസം ഇവർക്ക് രണ്ട് പേർക്കും തിരിച്ചു വരാവുന്നതേ ഉള്ളു.
അതിന് സേഫ് സോണിൽ, ഫാൻസിനു വേണ്ടിയുള്ള സിനിമകൾ തന്നെ വേണം. കൂടുതൽ അഭിനയപ്രാധാന്യം ഉള്ളതോ, ഇനി ദേശീയ അവാർഡ് ലഭിക്കുന്നതോ ആയ കഥാപാത്രങ്ങളോ കഥാ പശ്ചാത്തലമോ വേണമെന്നില്ല, വേണമെന്നില്ല എന്നല്ല വേണ്ട എന്ന് തന്നെ പറയാം.
അത്തരം ചിത്രങ്ങൾ ഒരു സൈഡിൽ കൂടി അങ്ങനെ ചെയ്തോട്ടെ, ഫാൻസിന് വേണ്ടത് കൂടി, അത് കണ്ട് മടുത്ത കാര്യങ്ങൾ ആണെങ്കിൽ കൂടി, അതും വേണം...
Nb:- മുകളിൽ പറഞ്ഞ കാര്യങ്ങൾ എന്റെ നിരീക്ഷണങ്ങൾ മാത്രമാണ്, ഇതെല്ലാം ഇങ്ങനെ മാത്രമാണ് എന്ന് സ്ഥാപിക്കാനുള്ള യാതൊരു തെളിവും എന്റെ കയ്യിൽ ഇല്ല.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ