ഭാസ്കറും ഭാര്യയും മകനും കൂടി മുംബൈ തെരുവിലുള്ള ഒരു പെട്ടിക്കടയുടെ മുന്നിൽ ഇരിക്കുകയാണ്. അയാൾക്ക് അന്നൊരു മോശം ദിവസമായിരുന്നു, കടം കയറി ആകെ എന്ത് ചെയ്യണം എന്നറിയാത്ത അവസ്ഥ.
പേഴ്സ് തുറന്നു നോക്കുമ്പോൾ അതിൽ ആകെയുള്ളത് ഒരു പത്തു രൂപയുടെ നോട്ട് മാത്രം. അന്നത്തെ ദിവസം അയാൾ ഒന്നും കഴിച്ചിട്ടുമില്ല. തനിക്കും ഭാര്യക്കും മകനും കൂടി കഴിക്കാൻ ആ പെട്ടിക്കടയിൽ നിന്നും മൂന്ന് വട വാങ്ങാൻ അയാൾക്ക് ആഗ്രഹമുണ്ട്. എന്നാൽ അയാളുടെ കയ്യിലുള്ള പണം കൊണ്ട് ആകെ രണ്ടെണ്ണമേ കിട്ടുകയുള്ളു.
അയാളുടെ പരുങ്ങലിൽ നിന്നും കാര്യം മനസിലായ ആ കടക്കാരൻ അയാളോട് ആ പണം തരാൻ ആവശ്യപ്പെടുന്നു, എന്നിട്ട് രണ്ടിന് പകരം മൂന്ന് വട അയാൾക്ക് നൽകുന്നു. ഏറെ സന്തോഷത്തോടെ കടക്കാരന് നന്ദിയും പറഞ്ഞു അയാൾ കുടുംബത്തിന്റെ അടുത്തേക്ക് ചെല്ലുന്നു.
എന്നാൽ അയാളുടെ മകന് ഒരു വട കൂടി വേണമെന്ന് ആഗ്രഹം പറഞ്ഞപ്പോൾ അയാൾ തന്റെ വട അവനു നൽകികൊണ്ട് തനിക്ക് വിശക്കുന്നില്ല പിന്നീട് കഴിച്ചുകൊള്ളാമെന്ന് പറഞ്ഞു അവനെ അപ്പുറത്തേക്ക് വിടുന്നു.
തുടർന്ന് അയാളുടെ ഭാര്യ പറയുന്നു അവർക്ക് വിശക്കുന്നില്ല അവരുടെ വട അയാളോട് കഴിച്ചോളാൻ, ഒടുവിൽ അവർ രണ്ടുപേരും ചേർന്ന് അത് കഴിക്കുന്നു. അപ്പോഴും അയാളുടെ കണ്ണുകൾ അയാളുടെ മകനിലേക്കായിരുന്നു.
അവനത് സന്തോഷത്തോടെ കഴിക്കുന്നത് കാണുമ്പോൾ അയാളുടെ വയറും നിറയുന്നു, തന്റെ കുടുംബത്തിന് വേണ്ടി ഇത്രയും കഷ്ടപ്പെട്ട് പണിയെടുത്തിട്ടും തനിക്കൊന്നും ചെയ്യാൻ കഴിയുന്നില്ലല്ലോ എന്നുള്ള വിഷമം അയാളുടെ ഉള്ളിൽ പുകയുന്നുണ്ട്.
പിന്നീട് അവിടെ നിന്നങ്ങോട്ട് പണത്തിനു വേണ്ടിയുള്ള ഭാസ്കറിന്റെ ഓട്ടം ആരംഭിക്കുകയാണ്, അതുവരെ അയാൾ പാലിച്ചിരുന്ന ചില തത്വങ്ങൾ ലംഘിക്കാൻ തുടങ്ങുന്നതോടെ പണത്തിന്റെ ഒഴുക്ക് തുടങ്ങുകയായി.
അതോടൊപ്പം പുതിയ പ്രശ്നങ്ങളും, അതായത് പണം ഉള്ളതിന്റെ പ്രശനങ്ങൾ...
ദുൽകർ സൽമാൻ തെലുങ്കിൽ പോയി 100 കോടി അടിച്ച ഇപ്പോഴും തിയേറ്ററിൽ ഓടുന്ന ലക്കി ഭാസ്കർ...
തെലുങ്ക് ആണെങ്കിൽ പോലും ഒരു മലയാള സിനിമ പോലെ മാത്രമേ നമ്മൾക്ക് തോന്നു..
സിനിമയുടെ തുടക്കത്തിൽ കാണിച്ച കുറെ കാര്യങ്ങൾ ജീവിതത്തിൽ ഫേസ് ചെയ്യേണ്ടി വന്നിട്ടുള്ളതുകൊണ്ട് അവിടെ വച്ച് തന്നെ ഭാസ്കറിന്റെ മനോവിചാരങ്ങളുമായി പെട്ടന്ന് കണക്റ്റ് ആയി,
പിന്നെ കഥയിലേക്ക് കേറി ക്ലൈമാക്സ് വരെ അങ്ങനെ ഇരുന്നുപോകുന്ന മേക്കിങ്, ഹോളിവുഡ് സിനിമകളിൽ മാത്രം കണ്ടിട്ടുള്ള 4th വാൾ ബ്രേക്കിങ് (സിനിമയിലെ കഥാപാത്രം കാഴ്ചക്കാരായ നമ്മളോട് ഓരോ കാര്യങ്ങൾ സംസാരിക്കുന്നത്) മനോഹരമായി ഉപയോഗിച്ചിരിക്കുന്നു.
അങ്ങനെ ഒരു ഡീസന്റ് പടം... 🔥
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ