Daredevil Netflix Series

 കണ്ണ് കാണാൻ വയ്യാത്ത ആൾക്ക് എന്ത് ചെയ്യാൻ കഴിയും, അയാൾക്ക് സാധാരണ മനുഷ്യരെ പോലെ ജീവിക്കാൻ തന്നെ എന്ത് ബുദ്ധിമുട്ട് ആയിരിക്കും, അപ്പോൾ അങ്ങനെ ഒരാളെ സൂപ്പർ ഹീറോ ആക്കിയാൽ എങ്ങനെ ഉണ്ടാവും, സൂപ്പർ ഹീറോ എന്ന് കണ്ടിട്ട് ഫാന്റസി ആണെന്ന് കരുതി വായിക്കാതെ പോകരുത്.


2021 ൽ spiderman no way home തിയേറ്ററിൽ കണ്ടപ്പോൾ അതിൽ ഒരു രംഗത്തിൽ മാത്രം വന്ന ഒരു അന്ധനായ വക്കീലിനെ കണ്ടപ്പോൾ ഇവിടെ കേരളത്തിലെ ഒരു തിയേറ്ററിൽ എന്താണ് ഇത്രയും ആരവം വരാൻ കാരണം എന്ന് അന്വേഷിച്ചാണ് ഒടുവിൽ Netflix പണ്ട് റിലീസ് ചെയ്ത Daredevil എന്ന സീരീസ് കാണാൻ തുടങ്ങിയത്.


പത്താം വയസിൽ ഒരു ആക്‌സിഡന്റ് പറ്റി കാഴ്ച്ച പൂർണ്ണമായും നഷ്ടപ്പെടുന്ന Matt Murdock എന്ന കുട്ടിയുടെ കഥയും, വളർന്നു വലുതായി അഡ്വക്കേറ്റ് ആയി തന്റെ സുഹൃത്തിനു ഒപ്പം പ്രൈവറ്റ് പ്രാക്ടീസ് ചെയ്യാൻ ആരംഭിക്കുന്ന കഥയും ഇടകലർത്തി കാണിച്ചു കൊണ്ടാണ് സീരീസ് ആരംഭിക്കുന്നത്.


പക്കാ ഗ്രൗണ്ടഡ് റിയാലിറ്റി ആയിട്ട് തന്നെയാണ് കഥ പറഞ്ഞു പോകുന്നത്, പകൽ അഡ്വക്കേറ്റ് ആയി ജോലി ചെയ്യുന്ന Matt രാത്രിയിൽ കണ്ണ് ഉൾപ്പെടെ മൂടുന്ന മുഖം മൂടി അണിഞ്ഞു നഗരത്തിൽ കൂടെ റോന്ത്‌ ചുറ്റും.


കണ്ണ് കാണാൻ വയ്യാത്ത Matt തന്റെ ചെവിയെ മാത്രം ആശ്രയിച്ചാണ് സാധാരണ മനുഷ്യരെ മറി കടക്കുന്ന വിധത്തിൽ ഓടുകയും നടക്കുകയും ഫൈറ്റ് ചെയ്യുന്നതും എല്ലാം. ഇതൊക്കെ എത്രത്തോളം റിയലിസ്റ്റിക് ആക്കാമെന്ന് സീരീസ് കണ്ട് തന്നെ നോക്കണം.


സാധാരണ സൂപ്പർ ഹീറോകൾ പോലെ one സൈഡ് അടികൾ അല്ല, പലപ്പോഴും കഷ്ടിച്ചാണ് Matt രക്ഷപ്പെടുന്നത്, ഇതിലെ തന്നെ Fight at Hallway എന്ന പേരിൽ സെർച്ച്‌ ചെയ്താൽ കിട്ടുന്ന ഒരു രംഗമുണ്ട്, one of the best fights in Hollywood എന്നാണ് അത് അറിയപ്പെടുന്നത് തന്നെ.


ആ ഒരു ഒറ്റ രംഗം മതി 13 എപ്പിസോഡ് വീതം 3 സീസൺ ഉള്ള ഈ സീരീസ് മുഴുവൻ കണ്ട് തീർക്കാൻ. ഒരു സൂപ്പർ ഹീറോ എന്ന രീതിയിൽ അയാൾ ഒരിടത്തും അവതരിക്കുന്നില്ല, എന്തിന് അയാൾ ഇങ്ങനെ ഇറങ്ങി എങ്ങനെ അയാൾക്ക് ഇതിനൊക്കെ കഴിയുന്നു, അവസാനം സൂപ്പർ ഹീറോ ധരിക്കുന്നത് പോലെ ഒരു സ്യുട് ധരിക്കാൻ കാരണം എന്താണ് തുടങ്ങി എല്ലാ കാര്യങ്ങൾക്കും ഇതിൽ കൃത്യമായി വിവരണം നൽകുന്നുണ്ട്. 


അയാൾക്ക് കുറച്ചു പോളിസികൾ ഒക്കെയുണ്ട്, ഒന്നാമതായി അയാൾ ആരെയും കൊല്ലില്ല അത് പാപം ആണെന്ന് അയാൾ വിശ്വസിക്കുന്നു.


ഇത്രയും കഥാപാത്രത്തിന്റെ ഇൻട്രോ, ഇനി കഥയിലേക്ക് വന്നാൽ, ഒരു രക്ഷയുമില്ല, Matt Murdock ഒപ്പം സുഹൃത്തായ Foggy Nelson കൂടെ ജോലി ചെയ്യാൻ വരുന്ന Karen Page, പിന്നെ വില്ലൻ ആയി സാക്ഷാൽ Wilson Fisk കൂടി വന്ന് കഴിഞ്ഞാൽ പിന്നെ ഓരോ എപ്പിസോഡ് തീരുന്നത് അറിയില്ല.


വില്ലൻ ആയ വിൽ‌സൺ ഫിസ്ക് ഒക്കെ എന്തൊരു കഥാപാത്ര സൃഷ്ടി ആണെന്നോ, അതൊന്നും എഴുതി പിടിപ്പിക്കാൻ കൂടി പറ്റുന്നില്ല. ആദ്യമേ എന്തു നല്ല മനുഷ്യൻ എന്ന് തോന്നി ഓരോ എപ്പിസോഡ് കഴിയുമ്പോഴും ആ കഥാപാത്രം എത്രത്തോളം ക്രൂരൻ ആണെന്ന് പതിയെ പതിയെ നമ്മളെ കാണിച്ചു തരും. അയാൾ വെറുതെ പണം ഉണ്ടാക്കാനോ അധികാരം പിടിക്കാനോ ഒന്നുമല്ല ശ്രമിക്കുന്നത്.


ഡെവിൾസ് കിച്ചൻ എന്ന ആ സിറ്റിയെ പുനരുദ്ധരിക്കാൻ ശ്രമിക്കുന്ന ആളാണ്.


Emotional action thriller ഇങ്ങനെ മാത്രമേ ഈ സീരീസിന്റെ ജോണർ പറയാൻ കഴിയുകയുള്ളു. ആദ്യത്തെ സീസണിൽ സുഹൃത്തുക്കൾ ആയിരുന്ന മൂന്ന് പേരും പിന്നീട് ഓരോ കാരണങ്ങൾ കൊണ്ടു അകന്ന് പോകുന്നതും അവസാനം മൂന്നാമത്തെ സീസണിൽ ഇവരെല്ലാം വീണ്ടും ഒരുമിച്ചു വരേണ്ടി വരുന്ന ചില സാഹചര്യങ്ങൾ ഉണ്ടാവുന്നത് ഒക്കെ സുഹൃത് ബന്ധങ്ങൾ ഇഷ്ടപ്പെടുന്നവർക്ക് രോമാഞ്ചം നൽകുന്ന നിമിഷങ്ങളാണ്.


എന്തിനേറെ മൂന്നാം സീസൺ മുഴുവൻ തന്നെ രോമാഞ്ചം ആയിരിക്കും, അതിന്റെ പ്രധാന കാരണം കഥ തന്നെയാണ്.


വർഷങ്ങൾക്ക് ശേഷം വീണ്ടും Dare devil തിരിച്ചു വരുന്നു എന്ന് മാർവെൽ പ്രഖ്യാപിച്ചപ്പോൾ ആരാധകർക്ക് ഒരേഒരു പ്രാർത്ഥന മാത്രമേ ഉണ്ടായിരുന്നുള്ളു.


കൊണ്ടുപോയി കുളം ആക്കരുത് എന്ന് മാത്രം. Daredevil Born Again എന്ന പേരിൽ മൂന്നാം സീസൺ നിർത്തിയതിന്റെ ബാക്കിയായി പുതിയ സീരിയസ് വന്നു.


ആദ്യത്തെ 5 മിനിറ്റിൽ തന്നെ പഴയ ആളുകളെ എല്ലാം ഒരുമിച്ചു കണ്ടപ്പോൾ തന്നെ മനസിന്‌ ഒരു കുളിർമയായിരുന്നു.


എന്നാൽ വെറും 5 മിനിറ്റ് കഴിഞ്ഞപ്പോൾ മുതൽ വിശ്വസിക്കാൻ ബുദ്ധിമുട്ടുള്ള കാര്യങ്ങൾ കാണാൻ തുടങ്ങി. അങ്ങനെ ഓരോ എപ്പിസോഡ് വീതം കഴിയുമ്പോഴും ആകാംഷ കൂടി വന്നു.


Born Again സീസൺ 1 അവർ നല്ല രീതിയിൽ എടുത്ത് വച്ചിട്ടുണ്ട്. ആക്ഷൻ - ഡ്രാമ ഒക്കെ കാണാൻ ഇഷ്ടമുള്ളവർ ഒരിക്കലും മിസ്സ് ചെയ്യാൻ പാടില്ലാത്ത ഒന്നാണ് Daredevil Series..


JioHotstar ൽ ഇപ്പോൾ 4 സീസൺ മുഴുവൻ ലഭ്യമാണ്. 


- Anup Jose -

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ