സിനിമയിൽ സ്റ്റണ്ട് മാസ്റ്റർ ആയിരുന്ന ധർമ്മരാജൻ മാസ്റ്റർക്ക് തന്റെ മകളുടെ വിവാഹത്തിന്റെ സമയം ആയപ്പോൾ കുറച്ചു പണത്തിന്റെ ആവശ്യം വന്നു.
അദ്ദേഹം നേരെ തന്റെ പഴയ ശിഷ്യനായ ആദിത്യനെ കാണാൻ ചെല്ലുന്നു. ആദിത്യൻ ഇപ്പോൾ മലയാള സിനിമയിലെ സൂപ്പർ ഡയറക്ടർമാരിൽ ഒരാളാണ്.
തന്റെ അടുത്ത സിനിമയിൽ മാസ്റ്റർക്ക് കുറച്ചു ഭാഗങ്ങൾ ചെയ്യാൻ അവസരം നൽകാമെന്ന് ആദിത്യൻ സന്തോഷത്തോടെ അറിയിക്കുന്നു.
പക്ഷേ മാസ്റ്റർക്ക് ഇനി സ്റ്റണ്ട് ചെയ്യാൻ പറ്റില്ലല്ലോ, അതിനൊക്കെ അസ്സിസ്റ്റ് ചെയ്യാൻ പറ്റിയ ആളെ വേണം. അദ്ദേഹം അതിനായി തന്റെ അനന്തരവനായ ഉദയന്റെ അടുത്ത് ചെല്ലുന്നു. അയാളും പണ്ട് മാസ്റ്ററുടെ ശിഷ്യൻ ആയിരുന്നു, ഇപ്പോൾ മലയാള സിനിമയിലെ പ്രധാന സ്റ്റണ്ട് ഡയറക്ടർ കൂടിയാണ്.
എന്നാൽ അയാൾ മാസ്റ്ററെ പുച്ഛിച്ചു വിടുകയാണ് ചെയ്യുന്നത്.
അങ്ങനെ ആത്മാഭിമാനം വ്രണപ്പെട്ട മാസ്റ്റർ ഒടുവിൽ തന്റെ പഴയ ഒരു ശിഷ്യന്റെ അടുത്ത് സഹായം ചോദിച്ചു ചെല്ലുന്നു. അയാളാണ് ടാർസൺ ആന്റണി, അയാളാണ് ഈ കഥയിലെയും നായകൻ.
പണ്ട് മാസ്റ്ററുടെ ശിഷ്യൻ ആയിരുന്ന സമയത്ത് ഉദയന്റെ ഈഗോ കാരണം മാസ്റ്റർ ആന്റണിയെ പറഞ്ഞു വിടുകയായിരുന്നു. അതിന് ശേഷം ചെറിയ ഗുണ്ടാപണി ഒക്കെ ചെയ്താണ് ആന്റണി ജീവിക്കുന്നത്.
മാസ്റ്റർ ചോദിക്കേണ്ട താമസം ആന്റണി സമ്മതം മൂളുന്നു. അങ്ങനെ സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുന്നു.
ആദ്യത്തെ ദിവസം തന്നെ നായകന്റെ എൻട്രി എടുക്കുന്ന സീൻ ആയിരുന്നു. മൂന്ന് നാല് കാറുകളുടെ മുകളിലൂടെ ബൈക്ക് ജമ്പ്, അതിനൊപ്പം സൈഡിൽ എക്സ്പ്ലോഷൻ ഒക്കെ ആയിട്ട് ഒരു വെറൈറ്റി ഐഡിയ ആണ് മാസ്റ്റർ സംവിധായകനായ ആദിത്യന്റെ മുന്നിൽ അവതരിപ്പിക്കുന്നത്.
അത് കേട്ടപ്പോൾ തന്നെ ആദിത്യൻ ചാർജ് ആയി. തുടർന്ന് ആന്റണിയുടെ ഒന്നൊന്നര പെർഫോമൻസ് ആണ്.
ഇതൊക്കെ കൊണ്ട് തന്നെ ആ സിനിമയിലെ നായകനായ പ്രേമാനന്ദിന് ആന്റണിയോട് വെറുപ്പും, നായികയായ ഗൗരിക്ക് ഒരു ഇഷ്ടവും തോന്നുന്നു.
ഒടുവിൽ സിനിമ റിലീസ് ആയിട്ട് വമ്പൻ ഹിറ്റ് ആകുന്നു, താൻ ഡ്യൂപ്പ് ആയി അഭിനയിച്ച രംഗങ്ങൾ ഒക്കെ കണ്ട് ആന്റണി തിയേറ്ററിൽ ഇരുന്ന് കോൾമയിർ കൊള്ളുന്നു..
അങ്ങനെ ആ സിനിമ വൻ വിജയം നേടിയതിനെ തുടർന്ന് അതേ ടീം ഒരുമിക്കുന്ന അടുത്ത സിനിമയും ഉടനെ തന്നെ പ്രഖ്യാപിക്കുന്നു.
എന്നാൽ സ്റ്റണ്ട് ചെയ്യാൻ ആന്റണി ഉണ്ടെങ്കിൽ താൻ ഈ പടത്തിൽ അഭിനയിക്കില്ല എന്ന് പ്രേമാനന്ദ് വാശി പിടിക്കുന്നു.
അതേ തുടർന്ന് ആദിത്യൻ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് ഒരു തീരുമാനം എടുക്കുന്നു. തന്റെ പടത്തിൽ ഇനി പ്രേമാനന്ദ് വേണ്ട, പകരം ഒരു പുതിയ നായകനെ അവതരിപ്പിക്കാൻ പോകുന്നു.
അത് മറ്റാരും ആയിരുന്നില്ല, ഈ സംഭവങ്ങൾ ഒന്നും അറിയാതെ മാറി നിന്ന് പിള്ളേരോട് തമാശ പറഞ്ഞു ഉല്ലസിച്ചു നിന്നിരുന്ന ആന്റണിയെ ചൂണ്ടി കാണിച്ചു ആദിത്യൻ പറയുന്നു, ഇവനാണ് എന്റെ ഹീറോ...
അവിടെ നിന്ന് ആന്റണിയുടെ ജീവിതം മാറി മറിയുകയാണ്. തുടർന്ന് നടക്കുന്ന സംഭവങ്ങളാണ് 2012 ൽ പ്രിത്വിരാജ് നായകനായി പുറത്തിറങ്ങിയ "ഹീറോ" എന്ന സിനിമയുടെ കഥ.
അന്ന് ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ കണ്ട് അക്ഷരാർത്ഥത്തിൽ ഞെട്ടിയിരുന്നു. പ്രിത്വിരാജ് അമ്മാതിരി ബോഡി ഒക്കെ ബിൽഡ് ചെയ്തിട്ടുള്ള ഒരു ഗെറ്റപ്പ് ആയിരുന്നു.
അത് ഫോട്ടോഷോപ്പ് ആണെന്നാണ് ആദ്യം കരുതിയത്, കാരണം പ്രൊഫഷണൽ ബോഡി ബിൽഡർമാരെ പോലെ അത്യാവശ്യം നല്ല രീതിയിൽ ബോഡി റെഡി ആക്കിയിട്ട് ഉണ്ടായിരുന്നു.
എന്തായാലും പടം തിയേറ്ററിൽ ഒന്നുമല്ല കണ്ടത്, പിന്നീട് എപ്പഴോ ടീവിൽ ഇട്ടിട്ടാണ്. അന്ന് കണ്ടപ്പോൾ കുഴപ്പം ഒന്നും തോന്നിയിരുന്നില്ല, എന്നാൽ വലിയ സംഭവം ആയിട്ടും തോന്നിയില്ല.
എന്നാൽ ഇപ്പോൾ ദേ ഒരാഴ്ച്ച ആയിട്ട് സോഷ്യൽ മീഡിയയിൽ ഈ പടം ട്രെൻഡിംഗ് ആണ്. അങ്ങനെ ട്രോൾ ഒക്കെ കണ്ടിട്ട് ഇപ്പോൾ ഇതിലെ ഓരോ സീൻ കാണുമ്പോഴും ചിരി വരുന്നുണ്ട്.
പക്ഷേ അന്നും ഇന്നും മനസിലാകാത്ത കാര്യമാണ്, ക്ലീൻ ഷേവ് ഒക്കെ ചെയ്താലും അത്യാവശ്യം നല്ല ലുക്ക് ഉണ്ടായിരുന്ന പ്രിത്വിരാജിനെ ഇതിൽ എങ്ങനെ ഈ ഒരു കോലത്തിൽ ആക്കിയെന്ന്, ബോഡി സെറ്റ് ആയപ്പോൾ ഫേസ് ഒക്കെ എന്തോ പോലെ ഉണ്ടായിരുന്നു.
പുതിയ മുഖം എന്ന പടത്തിൽ ആയിരുന്നു പ്രിത്വിരാജ് ആദ്യമായ് ഇത്തരത്തിൽ ക്ലീൻ ഷേവ് ലുക്കിൽ വന്നത്, അതേ സംവിധായകന്റെ അടുത്ത പടമായിരുന്നു ഇത്.
അന്ന് ആക്ഷൻ മൂവി ആയിരുന്നെങ്കിൽ ഇന്ന് കൾട്ട് കോമഡി മൂവി ആയിട്ടുണ്ട്, നമ്മൾക്ക് കാണുമ്പോൾ ഒരു രസം തോന്നിയ മതിയല്ലോ, അതുകൊണ്ട് ഇപ്പോൾ കണ്ടാൽ ഒരു വെറൈറ്റി എക്സ്പീരിയൻസ് ലഭിക്കും എന്നാണ് എന്റെ ഒരു ഇത്..
അപ്പോൾ കണ്ടിട്ട് ഇല്ലാത്തവരൊക്കെ ഒന്ന് കണ്ട് നോക്കുക..
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ