Dhoom - നായകനെക്കാൾ ഇഷ്ടം തോന്നിയ ഒരു കള്ളന്റെ കഥ

 



ഒൻപതിൽ പഠിക്കുമ്പോഴാണ് ക്ലാസിൽ ഇന്റർവെൽ സമയത്ത് രാജേഷ് എന്ന കൂട്ടുകാരൻ കുറെ പേരുടെ നടുവിലിരുന്നു എന്തോ തള്ളുന്നത് ശ്രദ്ധയിൽ പെട്ടത്.


പതിയെ ഞാനും പോയി ആ കൂട്ടത്തിൽ ഇരുന്ന് കേൾക്കാൻ തുടങ്ങി, പുതിയ ഒരു ഹിന്ദി സിനിമ അവൻ കണ്ടതിന്റെ കഥ പറച്ചിലായിരുന്നു. കേൾക്കാൻ നല്ല രസമുണ്ടായിരുന്നു, അവൻ പറഞ്ഞ പലതും കേട്ടപ്പോൾ തന്നെ വണ്ടിപ്രാന്തൻ കൂടിയായിരുന്ന എനിക്ക് രോമാഞ്ചം വരാൻ തുടങ്ങി.


നാല് കള്ളന്മാരുടെ കഥയാണ്, സൂപ്പർ ബൈക്കിൽ ഒരുപാട് സ്റ്റണ്ട് ഒക്കെയുണ്ട്, വില്ലന്മാർ ആണെങ്കിലും അവരാണ് കഥയിലെ പ്രധാന ആളുകൾ തുടങ്ങി അവൻ പറഞ്ഞ ഓരോ സീനും ഞാനും മനസ്സിൽ കണ്ടു.


അന്നേ അവനോട് സിനിമയുടെ പേരും മറ്റും ചോദിച്ചു മനസ്സിൽ ഉറപ്പിച്ചു വച്ചിരുന്നു. പിന്നീട് ടീവി വക്കുമ്പോൾ എല്ലാം ഈ സിനിമ ഒന്ന് വേഗം ടീവിയിൽ വന്നിരുന്നെങ്കിൽ എന്ന്. അങ്ങനെ എന്നേ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചുകൊണ്ട് സോണി ചാനലിൽ ആ സിനിമയുടെ പരസ്യം വരാൻ തുടങ്ങി.


പ്രത്യേകിച്ച് പണി ഒന്നുമില്ലെങ്കിലും ദിവസവും സമയവും ഒക്കെ കാലണ്ടറിൽ ഒക്കെ നോക്കി കാണാൻ പറ്റുമെന്ന് ഉറപ്പ് വരുത്തി. അങ്ങനെ സിനിമ ടെലികാസ്റ്റ് ചെയ്യുന്ന ആ ദിവസം വന്നെത്തി, രാത്രി 8 മണിക്കാണ് ഷോ തുടങ്ങുന്നത്, സാധാരണ ആ സമയങ്ങളിൽ വീട്ടിൽ ടീവി വയ്ക്കാൻ അനുവാദമില്ല വൈകുന്നേരം 7 മുതൽ 10 വരെ പഠിക്കാൻ ഉള്ള സമയമാണ്.


അന്ന് സ്പെഷ്യൽ പെർമിഷൻ ഒക്കെ വാങ്ങി ആ സിനിമ തുടങ്ങുന്നതും കാത്ത് ഏഴര ആയപ്പോൾ മുതൽ ഇരിക്കാൻ തുടങ്ങിയതാണ്, ഓരോ മിനിട്ടും മണിക്കൂറുകൾ പോലെയായിരുന്നു പോയിരുന്നത്.


ഒടുക്കം എട്ട് മണിയായി സിനിമ തുടങ്ങി, തുടക്കം തന്നെ പോലീസ് കാവലിൽ പോകുന്ന പണം കൊണ്ടുപോകുന്ന ഒരു വാൻ കൊള്ളയടിച്ചു അതിവേഗത്തിൽ പാഞ്ഞു പോയ മുഖം കാണിക്കാത്ത കള്ളന്മാരെ കാണിച്ചുകൊണ്ടാണ് തുടങ്ങിയത്.


കഥ മുഴുവൻ ഒരിക്കൽ കേട്ടതാണ്, പക്ഷേ കേട്ട കാര്യം നേരിട്ട് അനുഭവിക്കാൻ പോകുമ്പോൾ ഉള്ളൊരു തരിപ്പുണ്ടല്ലോ, ആദ്യത്തെ സീൻ മുതൽ രോമാഞ്ചമായിരുന്നു. പിന്നീട് കേസ് അന്വേഷിക്കാൻ നായകനായ അഭിഷേക് ബച്ചൻ എത്തുന്നു, സഹായത്തിനു ഉദയ് ചോപ്ര അവതരിപ്പിച്ച അലി എന്ന ബൈക്ക് റെയ്‌സറും.


എന്നിട്ടും അവരെ അതി സമർത്ഥമായി കബിളിപ്പിച്ചു നായകനെ ഒന്നും അല്ലാതാക്കി പോകുന്ന എന്റെ കണ്ണിലെ നായകൻ, മുടി നീട്ടി വളർത്തിയ, തന്റെ നിയമങ്ങൾ തനിക്ക് പോലും ലംഘിക്കാൻ പറ്റില്ലാന്ന് പറയുന്ന, NO2 ഇട്ട് അതിവേഗത്തിൽ പാഞ്ഞു രക്ഷപ്പെടുന്ന, നാല് കള്ളന്മാരുടെ നേതാവായ കബീർ എന്ന കഥാപാത്രം അന്നെനിക്ക് നൽകിയത് goosebumps ന്റെ അങ്ങേ അറ്റമായിരുന്നു.


ഓരോ ആക്ഷൻ മാസ്സ് രംഗങ്ങൾ വരുമ്പോഴും എന്തെന്നില്ലാത്ത ആവേശമായിരുന്നു, എന്തൊക്കയോ വിളിച്ചു കൂവണമെന്നൊക്കെ തോന്നിപ്പോയ നിമിഷങ്ങൾ.


ഏറ്റവും ഒടുവിൽ ക്ലൈമാക്സ്‌ രംഗത്തിൽ പോലും വില്ലൻ കഥാപാത്രം ആയിരുന്നിട്ട് കൂടി തന്നെ പിടിക്കാൻ കഴിയില്ല എന്ന് പറയാതെ പറഞ്ഞു നായകനെ നോക്കി പുഞ്ചിരിച്ചിട്ട് കടലിലേക്ക് അതിവേഗത്തിൽ ബൈക്ക് പറപ്പിച്ചു പോയ അതുവരെ കണ്ട വില്ലന്മാരിൽ നിന്നെല്ലാം വ്യത്യസ്തമായി കോരി തരിപ്പിച്ച ഒരു വില്ലൻ...


പിന്നീട് കമ്പ്യൂട്ടർ വാങ്ങിയപ്പോൾ സിഡി വാങ്ങി ഒരു നൂറു പ്രാവശ്യം കണ്ടിട്ടുണ്ടാകും, എന്നാലും ആദ്യം കണ്ട ആവേശം ഓരോ പ്രാവശ്യം കാണുമ്പോഴും കിട്ടിയിരുന്നു.


ആ കാലത്ത് മുഴുവൻ ആ സിനിമയും, അതിലെ രംഗങ്ങളും, ജോൺ എബ്രഹാമും, ആ ബൈക്കുകളും ഒക്കെയായിരുന്നു മനസ്സിൽ മുഴുവൻ. സിനിമയിൽ ഉപയോഗിച്ച ബൈക്ക് ഒക്കെ ജോൺ എബ്രഹാമിന്റെ തന്നെയാണെന്നും അദ്ദേഹം ഒരു പകുതി മലയാളി ആണെന്നും ഒക്കെയുള്ള വാർത്തകൾ അന്ന് എന്റെ കിളി പറത്തിയിരുന്നു. 


അന്നൊരിക്കൽ കമ്പ്യൂട്ടർ കഫെയിൽ പോയി ജോൺ എബ്രഹാം ബൈക്ക് ആയി നിൽക്കുന്ന പടം പ്രിന്റ് എടുത്ത് എന്റെ ഡയറിയിൽ ഒട്ടിച്ചിരുന്നു. വലുതാകുമ്പോൾ ജിമ്മിൽ പോയി അതുപോലെ ബോഡി ഉണ്ടാക്കണമെന്നും മുടി നീട്ടി വളർത്തണമെന്നും അതുപോലൊരു ബൈക്ക് വാങ്ങണം എന്നുമൊക്കെയുള്ള ആഗ്രഹങ്ങൾ കൊണ്ട്.


പക്ഷേ അന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലാത്ത ഒന്നായിരുന്നു വലുതായപ്പോൾ എന്നേ കാത്തിരുന്നത്... ഒരു റൈഡർസ് ക്ലബ്‌..


വേണോ വേണ്ടായോ എന്തിനാ എന്നെല്ലാം ഒരുപാട് ആലോചിച്ച ശേഷം, ഒരു 100 പേരെ എങ്ങനേലും ഒപ്പിക്കണം എന്ന് പ്രതീക്ഷിച്ചു 6 ദിവസം മുൻപ് തുടങ്ങിയ ക്ലബ്‌ ഇന്ന് എത്തി നിൽക്കുന്നത് 3500 പേരിൽ..😀😀😀


ചില കാര്യങ്ങൾ അങ്ങനെ ആണെന്ന് തോന്നിപോകുന്നു, നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് ആരോ നമ്മൾക്കായ് കാത്ത് വച്ചിട്ടുള്ളത്... 😀😀

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ