തണുപ്പ് - Feelgood malayalam movie

 ഒരു ഗ്രാമത്തിലേക്ക് ബസ് വരികയാണ്, അതിനുള്ളിൽ ആ നാട്ടുകാർ അല്ലാത്ത രണ്ട് പേര് കൂടി ഉണ്ടായിരുന്നു. പ്രതീഷ് എന്ന യുവാവും അയാളുടെ ഭാര്യയായ ട്രീസയും ആയിരുന്നു അവർ.


അവർ രണ്ടുപേരും പ്രണയിച്ചു വിവാഹം കഴിച്ചതാണ്, എന്നാൽ രണ്ടുപേരും വ്യത്യസ്ത മതത്തിൽ നിന്നുള്ളവർ ആയിരുന്നതിനാൽ രണ്ട് പേരുടെയും വീട്ടിൽ നിന്ന് എതിർപ്പായിരുന്നു. അതിനെ തുടർന്ന് മറ്റൊരു നാട്ടിലേക്ക് മാറി തനിയെ താമസിക്കാൻ വേണ്ടിയാണ് അവരുടെ ആ യാത്ര.


തുടർന്ന് അവിടെ അവർ പ്രകാശൻ എന്നൊരാളുടെ സഹായത്തോടെ ഒരു വാടക വീട്ടിൽ താമസം ആരംഭിക്കുന്നു. പിറ്റേന്ന് മുതൽ പ്രതീഷ് പ്രകാശന്റെ കൂടെ തന്നെ പെയിന്റിംഗ് ജോലിക്കും പോകാൻ ആരംഭിക്കുന്നു.


അയാൾക്ക് ഇതിന് മുന്നേ സിനിമയിൽ ആയിരുന്നു പണിയെന്നും ചില പ്രശ്നങ്ങൾ കാരണമാണ് അത് ഉപേക്ഷിച്ചു ഇവിടേക്ക് വന്നതെന്നും ഒക്കെ അയാൾ പ്രകാശനോട് പറയുന്നുണ്ട്.


ആ നാട്ടിൽ വന്ന അന്ന് തന്നെ മറ്റൊരു കാര്യവും പ്രതീഷ് അന്വേഷിക്കാൻ ആരംഭിച്ചിരുന്നു, ആ നാട്ടിൽ എവിടെയെങ്കിലും പുഴ ഉണ്ടോയെന്നു.


അവിടെ കാടിന്റെ ഉള്ളിൽ കൂടി ഒരു പുഴ ഒഴുകുന്നുണ്ടെന്ന് മനസ്സിലാക്കിയ പ്രതീഷ് ജോലി കഴിഞ്ഞു തിരികെ എത്തിയതും പുഴ കാണാനായി പോകുന്നു. അതിന്റെ ആഴം കുറഞ്ഞ അപകട സാധ്യത കുറഞ്ഞ സ്ഥലവും മനസിലാക്കി അതിന് അടുത്തായി കരയിൽ അയാൾ ചപ്പ് ചവറുകൾ നിരത്തി ഒരു കിടക്കയും തയ്യാറാക്കുന്നുണ്ട്.


എന്നിട്ട് തിരികെ തന്റെ വീട്ടിൽ എത്തിയതിനു ശേഷം അയാൾ ഭാര്യയോട് പറയുന്നുണ്ട് ഇന്ന് രാത്രി തന്നെ നമ്മുടെ പദ്ധതി നടപ്പാക്കണം എന്ന്.


തണുപ്പ് - 2024


കുറച്ചു നാളുകൾക്ക് മുൻപ് ഇറങ്ങിയ തണുപ്പ് എന്ന സിനിമ ആരംഭിക്കുന്നത് ഇങ്ങനെയാണ്. ഒരുപാട് ത്രില്ലർ സിനിമകൾ ഇറങ്ങുന്നതിനിടയിൽ പെട്ടു പോയതുകൊണ്ടാണെന്ന് തോന്നുന്നു അധികമാരും ഈ സിനിമയെ പറ്റി പറഞ്ഞു കേട്ടില്ല.


സംഭവം ഒരു ഫീൽ സാഡ്, സസ്പെൻസ് സിനിമയാണ്. ഒരുപക്ഷെ ഒരു ഹാപ്പി എൻഡിങ് ഇല്ലാതെ പോയതും ഒരു കാരണമാകാം. എന്നിരുന്നാലും വ്യത്യസ്ത രീതിയിലുള്ള കഥയാണ്. 


രാത്രിയിൽ ഒറ്റക്കിരുന്നു കാണാനും കൊള്ളാം, OTT റിലീസ് ആയിട്ടുണ്ട്, മുകളിൽ പറഞ്ഞ തീം വായിച്ചിട്ട് സിനിമ കാണാൻ ആഗ്രഹം ഉണ്ടെങ്കിൽ തീർച്ചയായും ഒന്ന് കണ്ടു നോക്കുക...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ