സേതുരാമനും ആത്രേയ യും ഇരട്ടകളാണ്, രണ്ട് പേർക്കും ഒരെ രൂപമാണ് കിട്ടിയതെങ്കിലും സ്വഭാവവും കഴിവും തമ്മിൽ ഒരു ബന്ധവും ഇല്ലായിരുന്നു.
വെറും മൂന്ന് മിനിറ്റ് മുൻപ് ജനിച്ച ആത്രേയ വലിയ ഒരു ഗാങ്സ്റ്റർ ആയപ്പോൾ ഇളയവനായ സേതുരാമൻ ഒരു മികച്ച ശാസ്ത്രജ്ഞൻ ആയിരുന്നു. അയാൾ തന്റെ ഭാര്യക്കും ഒരു വയസ് പോലും പ്രായം ആകാത്ത മകനും ഒപ്പം ഒരു വലിയ എസ്റ്റേറ്റിനു ഉള്ളിൽ ആയിരുന്നു താമസം.
അവിടെ അയാൾ കുറെ പരീക്ഷണങ്ങൾ നടത്തിയിരുന്നു, സമയം ആയിരുന്നു അയാളുടെ പരീക്ഷണ വസ്തു.
ഒടുവിൽ അയാളൊരു വാച്ച് നിർമ്മിച്ചു, വെറുമൊരു വാച്ച് അല്ല, മറിച്ചു സമയത്തെ നിയന്ത്രിക്കാൻ കഴിയുന്ന ഒരെണ്ണം. സമയത്തെ മുന്നോട്ടും പിറകോട്ടും കൊണ്ടുപോകാം, ഫ്രീസ് ചെയ്ത് നിർത്താനും കഴിയുന്ന ഒന്ന്.
എന്നാൽ അതേ സമയം തന്നെ ഒരാൾ അവിടേക്ക് വരുന്നുണ്ടായിരുന്നു, വേറെ ആരുമല്ല, അയാളുടെ സഹോദരനായ ആത്രേയ തന്നെ..
അയാൾ വന്നപാടെ അവിടെ അക്രമം അഴിച്ചു വിടുകയാണ്, സേതുരാമന്റെ കയ്യിൽ നിന്നും ആ വാച്ച് തട്ടിയെടുക്കുകയാണ് അയാളുടെ ലക്ഷ്യം. എന്നാൽ അത് വിട്ട് കൊടുക്കാൻ അയാളും തയ്യാർ അല്ലായിരുന്നു.
പിന്നീടുള്ള സംഘട്ടനത്തിൽ സേതുരാമന്റെ ഭാര്യ കൊല്ലപ്പെടുന്നു, ഒടുവിൽ തന്റെ കുഞ്ഞിനെ അതിലെ വന്ന ഒരു ട്രെയിനിൽ ഒരു പെൺകുട്ടിയുടെ കയ്യിൽ ഏൽപ്പിച്ചതിന് ശേഷം സേതുരാമനും മരണം വരിക്കുന്നു, ഒപ്പം ആത്രേയയും അപകടത്തിൽ പെടുന്നു.
ആ പെൺകുട്ടി ആ കുഞ്ഞിനേയും കൊണ്ട് തന്റെ വീട്ടിലേക്ക് ചെല്ലുന്നു, എന്നാൽ എല്ലാവരും അവളെ തെറ്റിദ്ധരിച്ചു അവിടെ നിന്ന് പുറത്താക്കുന്നു. അവൾ ആ കുഞ്ഞിനേയും കൊണ്ട് മറ്റൊരു നാട്ടിൽ ചെന്ന് താമസം ആക്കുന്നു.
അവൾ അവനെ മിടുക്കനായി വളർത്തുന്നു, അവൻ വളർന്നു ഒരു വാച്ച് മെക്കാനിക് ആയിട്ട് മാറുന്നു.
അങ്ങനെ ഇരിക്കെ ഒരു ദിവസം അവന്റെ കയ്യിൽ ഒരു ചെറിയ താക്കോൽ കിട്ടുന്നു, അതിൽ ഒരു മുദ്ര ഉണ്ടായിരുന്നു.
അവൻ തന്റെ കസേരയുടെ പൊക്കം അഡ്ജസ്റ്റ് ചെയ്യാൻ വച്ചിരുന്ന തടി കഷ്ണത്തിൽ ഉള്ള അതേ മുദ്ര. അപ്പോഴാണ് അതൊരു തടി കഷ്ണമല്ല ഒരു ചെറിയ പെട്ടിയാണെന്ന് അവൻ ശ്രദ്ധിച്ചത്.
തുടർന്ന് ആ പെട്ടി തുറന്ന അവനു അതിൽ നിന്നൊരു വിചിത്ര രൂപമുള്ള വാച്ച് ലഭിക്കുന്നു, വർഷങ്ങൾക്ക് മുൻപ് അവന്റെ അച്ഛൻ നിർമ്മിച്ച അതേ വാച്ച്.
ഇതേ സമയം മറ്റൊരാൾ നീണ്ട 26 വർഷത്തെ കോമയിൽ നിന്നും ഉണരുകയാണ്, മാറ്റാരുമല്ല, ആത്രേയ.
സൂര്യ നായകനായി 2016 ൽ പുറത്തിറങ്ങിയ sci-fi thriller സിനിമയാണ് 24 തുടങ്ങുന്നത് ഇങ്ങനെയാണ്.
പിന്നീട് അങ്ങോട്ട് ട്വിസ്റ്റോടു ട്വിസ്റ്റ് ആണ്. ഇന്റർവെൽ ട്വിസ്റ്റ് ഒക്കെ കണ്ടാൽ ശരിക്കും കിളി പോകും, സമയം വച്ചിട്ടുള്ള കളിയാണേ.
ഇങ്ങനെ ഒരു വാച്ച് ലോജിക്കൽ ആയിട്ട് നോക്കിയാൽ ഒട്ടും വിശ്വാസനീയം അല്ല, പക്ഷേ ആ ഒരു കാര്യം മാത്രം അങ്ങ് കണ്ണടച്ചു വിട്ടാൽ, അതായത് ആ സിനിമാറ്റിക് വേൾഡിൽ അത് നടക്കുമെന്ന് കരുതിയാൽ ബാക്കി എല്ലാം കിടിലൻ ആണ്.
എന്തുകൊണ്ടോ തിയേറ്ററിൽ പരാജയപ്പെട്ട ചിത്രമെന്നാണ് കേട്ടിട്ടുള്ളത്, പക്ഷേ എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ട സിനിമകളിൽ ഒന്നാണ് ഇത്.
കഥയുടെ പോക്കും, ട്വിസ്റ്റും ഒക്കെകൊണ്ട് ഇങ്ങനെ ഇരുന്നു കണ്ടു പോകും.
അപ്പോൾ ഇത്രയും ഒക്കെ കേട്ടിട്ട് കാണാൻ തോന്നുന്നവർ തീർച്ചയായും കണ്ടു നോക്കണം, വിജയിക്കേണ്ട ചിത്രമായിരുന്നു, തമിഴ് മനസിലാകാത്തവർക്കും കാണുന്നതിന് കുഴപ്പമില്ല...
സിനിമയുടെ പേര് : 24
OTT - ZEE5 & JioHotstar
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ