ചാർളി - Best Malayalam feel good movie

നിവിൻ പോളി സായ് പല്ലവിയുടെ കൂടെ അഭിനയിച്ചു, തൊട്ട് പിറകെ ദുൽകറും സായ്യുടെ നായകനായി കലി എന്ന സിനിമയിറങ്ങി, നിവിൻ താടി വച്ചത് കണ്ടിട്ടാണോ ദുൽകറും ഇനി താടി ഗെറ്റപ്പിൽ വരാൻ പോകുന്നതെന്നാണ് ചാർളിയുടെ ആദ്യത്തെ പോസ്റ്റർ ഒക്കെ കണ്ടപ്പോൾ തോന്നിയത്.


പടത്തിന്റെ ട്രൈലെർ ഒക്കെ കണ്ടിട്ടും വലിയ കാര്യമായിട്ട് ഒന്നും തോന്നിയിരുന്നില്ല, തിയേറ്ററിൽ പോയി കാണണം എന്നും തോന്നിയില്ല.


പിന്നെ സിനിമ ഇറങ്ങിക്കഴിഞ്ഞു നല്ല അഭിപ്രായം കേട്ടപ്പോൾ രണ്ടും കല്പ്പിച്ചു വീട്ടുകാരുടെ കൂടെ തന്നെ കുറെ നാളുകൾക്ക് ശേഷം ചാർളി കാണാൻ പോയി. സിനിമ ഏത് ജോണറെന്ന് അറിയില്ല കഥയെ പറ്റി ഒരു ഊഹവുമില്ല..


അന്ന് ലേഡി സൂപ്പർസ്റ്റാർ പട്ടം കിട്ടിയ പാർവതി ബാംഗ്ലൂർ നിന്നും സഹോദരന്റെ കല്യാണം കൂടാൻ നാട്ടിലേക്ക് വരുന്നതും അവിടെ അവരുടെ അമ്മ തനിക്കും ഒരു കല്യാണം ഉറപ്പിക്കാൻ പോകുന്നു എന്നറിഞ്ഞു രാത്രി തന്നെ വീട്ടിൽ നിന്നും മുങ്ങി കൊച്ചിയിൽ പോയി റൂം എടുത്ത് വീട്ടുകാരിൽ നിന്നും ഒളിച്ചു താമസിക്കാൻ തുടങ്ങുന്നു.


കൊച്ചിയിൽ അവർ താമസിക്കാൻ ചെന്ന ആ റൂമിൽ അതിന് മുന്നേ താമസിച്ചിരുന്നത് ഒരു ജിന്നായിരിന്നു, ചാർളി എന്ന പട്ടം പോലെ പറന്നു നടക്കുന്ന, മറ്റുള്ളവരുടെ ജീവിതത്തിലേക്ക് ഇടിച്ചു കയറി ചെന്ന് അവർക്ക് വിലപ്പെട്ട കാര്യങ്ങൾ തികച്ചും സർപ്രൈസ് ആയി നൽകുന്ന,


മറ്റുള്ളവരുടെ കണ്ണിലെ സന്തോഷം കണ്ട് ആസ്വദിക്കുന്ന, യാതൊരു പ്ലാനുകളും ഇല്ലാതെ നാട് ചുറ്റി നടക്കുന്ന ചാർളി.


അയാളുടെ കുറെയധികം കാലാസൃഷ്ടികൾ ആ മുറിയിൽ ഉണ്ടായിരുന്നു, പാർവതി അവതരിപ്പിച്ച ടെസ്സ എന്ന കഥാപാത്രത്തിന്റെ ഭാഷയിൽ പറഞ്ഞാൽ ആക്രി, അതെല്ലാം അടുക്കി പെറുക്കി ഒരു മൂലയിൽ വച്ചപ്പോൾ ഒരു പുസ്തകം അവളുടെ ശ്രദ്ധയിൽ പെട്ടു..


അതിൽ ഒരു കഥ ഉണ്ടായിരുന്നു, രാത്രിയിൽ തന്റെ മുറിയിൽ മോഷ്ടിക്കാൻ കയറിയ സുനി എന്ന കള്ളന് ഡിസൂസ എന്ന പേരും നൽകി അവന്റെ ഒപ്പം മോഷ്ടിക്കാൻ താനും വരുന്നു എന്ന് പറഞ്ഞു ന്യൂ ഇയറിന്റെ അന്ന് രാത്രിയിൽ അയാളോട് ഒപ്പം ഇറങ്ങി ചെല്ലുന്ന ചാർളിയുടെ കഥ..


അങ്ങനെ മോഷ്ടിക്കാൻ ഡിസൂസ കയറുന്ന ഒരു വീട്ടിൽ അവർ ഞെട്ടിക്കുന്ന ഒരു കാഴ്ച്ച കാണുന്നു, എന്നാൽ അത് എന്താണെന്നോ എന്താണ് അവിടെ സംഭവിച്ചതെന്നോ കഥയിൽ ഉണ്ടായിരുന്നില്ല..


ആ കൗതുകത്തിന്റെ പുറത്ത് ടെസ്സ ചാർളിയെ അന്വേഷിച്ചു ഇറങ്ങുന്നു.. അതുവരെ ആക്രിയുടെ ഉടമ മാത്രമായിരുന്ന ഏതോ ഒരു ചാർളി ശരിക്കും ആരാണെന്ന് ഓരോ ആളുകളിൽ കൂടി അവൾ അറിയുന്നു,


അയാൾ ഒരു കാറ്റ് പോലെ മായയായിരുന്നു, പിന്നാലെ എത്ര ഓടിയാലും അയാളിലേക്ക് എത്താൻ കഴിയില്ലെന്ന സത്യം അവളോടൊപ്പം നമ്മളും മനസിലാക്കുന്നു..


ഒരു മായജാലക്കാരനെ പോലെ അയാൾ പലയിടത്തും പ്രത്യക്ഷപ്പെടുന്നുണ്ട്, പക്ഷേ അവൾക്ക് മാത്രം അയാളെ കാണാൻ കഴിയുന്നില്ല, അയാളെ തിരഞ്ഞു ചെല്ലുന്ന ഓരോ ഇടങ്ങളിൽ നിന്നും അയാളെ പറ്റി ഓരോ കഥകൾ കേട്ട് ഒടുവിൽ അവളുടെ മനസ്സിൽ അയാളോട് പ്രണയം തോന്നുന്നു..


പിന്നീട് അയാളുടെ അടുത്തേക്ക് അവൾ ചെന്നെത്തുന്നതാണ് കഥ, പക്ഷേ അതിനൊരു ഭംഗിയുണ്ട്...


ന്യൂ ജനറേഷൻ ഫീൽ ഗുഡ് സിനിമകളുടെ ഇടയിൽ മികച്ച ചിത്രങ്ങളിൽ ഒന്നായ ചാർളി ഇറങ്ങിയത് ഇതുപോലെ ഒരു ഡിസംബർ മാസത്തിലാണ്, കഥാ പശ്ചാത്തലവും ഡിസംബറിൽ ആരംഭിക്കുന്നത് കൊണ്ടാവാം ഡിസംബർ ആയാൽ ചാർളി ഒന്ന് കാണാൻ തോന്നും..


ആ മുറിയും ടെസ്സയുടെ കൗതുകം ഉണർത്തുന്ന കണ്ണുകളും ചാർളിയുടെ വേഷങ്ങളും കഥകളും അതിമനോഹരമായ പാട്ടുകളും ഒക്കെ ചേർന്ന് നല്ലൊരു സദ്യ കഴിച്ചത് പോലെ ഒരു സംതൃപ്തി ലഭിക്കും ഓരോ പ്രാവിശ്യവും...




 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ