വാൾട്ടർ വൈറ്റ് ഒരു കെമിസ്ട്രി അധ്യാപകൻ ആയിരുന്നു, അയാൾക്ക് ആകെയുള്ള സമ്പാദ്യം ഭാര്യയും മകനും അടങ്ങുന്ന കുടുംബമായിരുന്നു. മകന് കാലിന് ചെറിയ പ്രശ്നം കൂടിയുണ്ട്.
യാതൊരു വിധ ദുശീലങ്ങളും ഇല്ലാതെ തന്റെ കുടുംബത്തിന് വേണ്ടി അധ്വാനിച്ചു ജീവിച്ചിരുന്ന അദ്ദേഹത്തിന്റെ ജീവിതത്തിന്റെ താളം തെറ്റിച്ചുകൊണ്ട് ഒരു ടെസ്റ്റ് റിസൾട്ട് വന്നു.
അയാൾക്ക് സ്റ്റേജ് 3 ലങ് കാൻസർ പിടിപെട്ടിരിക്കുവാണ് എന്ന ആ കുറിപ്പ് അയാളെ ആകെ തളർത്തിക്കളഞ്ഞു. ഇനി തനിക്ക് അധികനാൾ ആയുസ്സില്ല എന്ന് തിരിച്ചറിഞ്ഞ അയാളുടെ മുന്നിൽ പിന്നെ ഒരേഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു.
തന്റെ കുടുംബത്തെ സുരക്ഷിതമാക്കാൻ എത്രയും പെട്ടന്ന് പറ്റാവുന്ന അത്രയും പണം ഉണ്ടാക്കുക. നേരായ വഴികളിൽ കൂടിയൊന്നും അതിനു സാധിക്കില്ല എന്ന് മനസിലായപ്പോൾ അയാൾ മറ്റൊരു തീരുമാനമെടുത്തു, ഏത് വിധത്തിലും പണം ഉണ്ടാക്കുക.
അതിന് അയാൾ കണ്ടുപിടിച്ച വഴിയാണ് തന്റെ തന്നെ മുൻ വിദ്യാർത്ഥിയായ ജെസ്സി പിങ്ക്മാന് ഒപ്പം ചേർന്ന് മെ** കച്ചവടം.
ഒരു ഒന്നൊന്നര കെമിസ്ട്രി പ്രൊഫസർ ആയിരുന്ന അയാൾക്ക് നിഷ്പ്രയാസം ഏറ്റവും ക്വാളിറ്റിയുള്ള മെ** നിർമ്മിക്കാൻ കഴിയുമായിരുന്നു.
എന്നാൽ അവർ ഏത്തപ്പെട്ട ലോകം, അധോലോകം.. അവിടെ പിന്നെ ജീവൻ മരണ പോരാട്ടങ്ങളുമായിരുന്നു.
പതിനേഴു വർഷങ്ങൾക്ക് മുന്നേ പുറത്തിറങ്ങിയ 'Breaking Bad' എന്ന ലോകത്തിലെ ഏറ്റവും റേറ്റിംഗ് ഉള്ള നമ്പർ വൺ വെബ് സീരീസിന്റെ തുടക്കം ഇങ്ങനെയായിരുന്നു.
സാഹചര്യങ്ങൾ ഒരു പാവം മനുഷ്യനെ എങ്ങനെയൊക്കെ മാറ്റി മറിക്കുമെന്നും, പണം എങ്ങനെയൊക്കെ സ്വാധീനിക്കുമെന്നും കൃത്യമായി അവതരിപ്പിക്കുന്ന, ഇനി എന്താണ് നടക്കാൻ പോകുന്നതെന്ന് ഒരു തരത്തിലും നമ്മളെകൊണ്ട് മുൻകൂട്ടി കാണാൻ കഴിയാത്ത അത്ര മികച്ച അവതരണം.
സത്യം പറഞ്ഞാൽ ആദ്യത്തെ ഒന്ന് രണ്ട് എപ്പിസോഡ് കണ്ടപ്പോൾ ഇതെന്തു തേങ്ങയാണ് ഈ കാണിക്കുന്നതെന്ന് തോന്നിപ്പോയി, പിന്നെ പതിയെ സംഭവം നമ്മളെ അധോലോകത്തിലേക്ക് അങ്ങ് കൂട്ടികൊണ്ട് പോകും...
അപ്പോൾ Breaking Bad ന്റെ പ്രൊഫസർ വാൾട്ടർ വൈറ്റ്, ജെസ്സി പിങ്ക്മാൻ എന്നിവർ അവതരിച്ചിട്ട് ഇന്നേക്ക് 17 വർഷങ്ങൾ പിന്നിടുന്നു...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ