മമിത ബൈജു

 ഒരിക്കൽ ഞാനും എന്റെ അനിയത്തിയും കൂടി ബൈക്കിൽ കറങ്ങാൻ പോയി. കുറെ ദൂരം കറങ്ങിയതിന് ശേഷം ഒരു പുഴ കണ്ടപ്പോൾ അതിന്റെ അരികിൽ നിർത്തി ഒരു സെൽഫി എടുത്തു.


പിന്നീട് കുറച്ചു നാളുകൾ കഴിഞ്ഞാണ് അറിയുന്നത് ഈ സെൽഫി എടുക്കാൻ ഞങ്ങൾ നിർത്തിയത് സാക്ഷാൽ മമിത ബൈജുന്റെ വീടിന്റെ മുന്നിലായിരുന്നു എന്ന്. അയിന് എന്ന് ചോദിക്കാൻ വരട്ടെ, വെറുതെ ഒരു ഇൻട്രോ പറഞ്ഞതാണ്.


ഏതൊക്കയോ സിനിമകളിൽ കണ്ട് മുഖ പരിചയവും പേരും അറിയാമായിരുന്നെങ്കിലും മമിതയെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യാൻ തുടങ്ങിയത് കളർ പടം എന്നൊരു ഷോർട് ഫിലിം കണ്ടതിനു ശേഷമാണ്. അതിലെ അവരുടെ കഥാപാത്രം എന്തോ ഇഷ്ടമാകുന്ന രീതിയിലാണ്.


പിന്നീട് ഓരോ സിനിമകളിൽ കൂടി പടി പടിയായി വളരുന്ന മമിതയെ ആണ് കാണാൻ കഴിഞ്ഞത്. ചില ആളുകളെ നമ്മൾ ആദ്യമായ് കാണുമ്പോൾ വലിയ സുന്ദരൻ അല്ലെങ്കിൽ സുന്ദരി ആണെന്നൊന്നും തോന്നില്ല. പക്ഷേ അവരെ തുടരെ തുടരെ കണ്ട് കണ്ട് അവർക്ക് ചെറിയ ഭംഗിയുണ്ടെന്ന് തോന്നി ഒടുവിൽ നല്ല ഭംഗി ഉള്ളതായി തോന്നും.


മമിതയും ഏതാണ്ട് അങ്ങനെയായിരുന്നു. ഇനി അഭിനയത്തിലേക്ക് വന്നാൽ വലിയ ഭീകര അഭിനയമാണ് എന്നൊന്നും പറയാൻ പറ്റില്ല, എല്ലാ തരം റോളുകൾ ചെയ്യാൻ പറ്റുമെന്നോ, അവാർഡ് വാങ്ങുമെന്നോ ഒന്നും അറിയില്ല.


പക്ഷേ അവർ അവസാനം ചെയ്തിരിക്കുന്ന കഥാപാത്രങ്ങൾക്ക് എന്തോ ഒരു പ്രത്യേകത തോന്നിയിട്ടുണ്ട്. കളർ പടത്തിലെ പോലെ തന്നെ ആ കഥാപാത്രത്തോട് ഒരു ഇഷ്ടം തോന്നും.


 ഇനി സിനിമ വിട്ട് പുറത്തേക്ക് വന്നാൽ ഇന്റർവ്യൂ ഒക്കെ കണ്ടാൽ വളരെ വിനയത്തോടെ പക്വതയോടെ അവർ സംസാരിക്കുന്നത് കാണാം.


ഒരു പ്രാവശ്യമെങ്കിലും ബിഗ് സ്‌ക്രീനിൽ തന്റെ മുഖം ഒന്ന് കാണണം എന്ന ആഗ്രഹവുമായി യാതൊരു സിനിമ പാരമ്പര്യവുമില്ലാതെ സിനിമയിലേക്ക് വന്നിട്ട് നായികയായി 100 കോടി ക്ലബ്ബിൽ കയറാൻ വരെ അവർക്ക് കഴിഞ്ഞു.


ചെറിയ സ്വപ്‌നങ്ങൾ കണ്ടിരുന്ന അവർ ഇപ്പോൾ സാക്ഷാൽ ദളപതി വിജയിയുടെ അവസാനത്തെ സിനിമയിൽ വരെ എത്തി നിൽക്കുന്നു.

സ്വപ്‌നങ്ങൾ കാണുക, ആത്മാർത്ഥമായി പരിശ്രമിക്കുക, സ്വപ്നങ്ങൾക്കും അപ്പുറമുള്ള നേട്ടങ്ങൾ നമ്മളെ തേടി വരും എന്നതിന്റെ ഉദാഹരണമാണ് മമിത.


സർവോപരി മമിത ഒരു കോട്ടയംകാരി കൂടിയാണ്... 😊

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ