മുന്നി ആറ് വയസ് മാത്രമുള്ള ഒരു പെൺകുട്ടിയാണ്, അവൾക്ക് ജന്മനാ സംസാരിക്കാൻ ഉള്ള കഴിവില്ല. പാകിസ്ഥാൻ സ്വദേശിയായ അവൾ ഇന്ത്യയിലേക്കുള്ള ഒരു യാത്രയിൽ വച്ച് അമ്മയുടെ അടുത്ത് നിന്ന് അബദ്ധത്തിൽ വേർപെട്ട് പോകുന്നു.
അമ്മ ഇന്ത്യൻ അതിർത്തി കഴിഞ്ഞാണ് തന്റെ മകൾ നഷ്ടപ്പെട്ട വിവരം അറിയുന്നത്, തിരിച്ചു ഒരിക്കൽ കൂടി ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അവർക്ക് അനുവാദമില്ല, ആകെ തന്റെ മകൾ സുരക്ഷിത ആയിരിക്കണേ എന്ന് പ്രാർത്ഥിക്കാൻ മാത്രമേ അവരെ കൊണ്ട് കഴിയുമായിരുന്നുള്ളു.
ആ കൊച്ചു പെൺകുട്ടി ഏത്തപ്പെടുന്നത് പവൻ കുമാർ എന്ന സത്യസന്ധനും നിഷ്കളങ്കനുമായ യുവാവിന്റെ അടുത്താണ്. അവിടെ അപ്പോൾ ഒരു ഉത്സവം നടന്നിരുന്നു, അതിനിടയിൽ മാതാപിതാക്കളുടെ അടുത്ത് നിന്ന് വേർപെട്ട് പോയതാണ് ആ കുട്ടിയെന്നു അയാൾ കരുതുന്നു.
അവളുടെ ഓമനത്തം തുളുമ്പുന്ന മുഖം കണ്ട് അയാൾ അവളെ സഹായിക്കാൻ ശ്രമിക്കുന്നു. എന്നാൽ പോലീസ് സ്റ്റേഷനിൽ ചെന്നിട്ട് അവർക്ക് യാതൊരു സഹായവും ലഭിക്കുന്നില്ല, മിസ്സിംഗ് കംപ്ലയിന്റ് ആരെങ്കിലും തരുന്നത് വരെ കാത്തിരിക്കാൻ പറഞ്ഞു അവരെ പറഞ്ഞു വിടുന്നു.
മറ്റൊരു വഴിയുമില്ലാതെ പവൻ അവളെ താൻ താമസിക്കുന്ന വീട്ടിലേക്ക് കൊണ്ടുവരുന്നു, അത് അയാളുടെ വീടല്ല, അയാളുടെ അച്ഛന്റെ സുഹൃത്തിന്റെ വീടാണ്, അത് മറ്റൊരു കഥയാണ്.
അപ്പോഴും അവർക്ക് ആർക്കും അറിയില്ല അവരുടെ കൂടെയുള്ള കുട്ടി മറ്റൊരു മതത്തിൽ പെട്ട മറ്റൊരു രാജ്യത്തിൽ നിന്നുള്ളതാണ് എന്ന്. എന്നാൽ കുറച്ചു ദിവസങ്ങൾ കൊണ്ട് പവൻ അത് മനസിലാക്കുന്നു. തുടർന്ന് അയാൾ പാകിസ്ഥാൻ എംബസി വഴി അവളെ നാട്ടിലേക്ക് അയക്കാൻ ശ്രമിക്കുന്നു പക്ഷേ നടക്കുന്നില്ല.
പിന്നെ അയാൾ ഒരു ട്രാവൽ ഏജന്റിനെ സമീപിക്കുന്നു, അയാൾ പറഞ്ഞ ഒരു ലക്ഷം രൂപയും നൽകി അവളെ അയാളെ ഏല്പിച്ചു, ഉള്ളിൽ ഒരു തേങ്ങലുമായി മടങ്ങുകയാണ്. അപ്പോഴാണ് അവൾക്ക് ഇഷ്ടപ്പെട്ട കുപ്പിവളകൾ ഒരു കടയിൽ ഇരിക്കുന്നത് അയാൾ കാണുന്നത്, അവസാനമായി അത് കൂടി അവൾക്ക് വാങ്ങി നൽകാൻ അയാൾക്ക് തോന്നുന്നു.
അവൾക്കുള്ള സമ്മാനവുമായി ഒരിക്കൽ കൂടി അവളെ കാണാൻ തിരികെ ട്രാവൽ ഏജന്റിന്റെ ഓഫീസിൽ ചെന്ന അയാൾ കാണുന്നത് ആ ഏജന്റ് അവളേം കൊണ്ട് എവിടേക്കോ പോകുന്നതാണ്. അവരെ പിന്തുടർന്ന് ചെന്ന അയാൾ ഞെട്ടിപ്പോയി, ആ പിഞ്ച് കുഞ്ഞിനെ അയാൾ ഒരു വേശ്യാലയത്തിൽ വിൽക്കാൻ കൊണ്ടുവന്നിരിക്കുകയാണ്.
അതുവരെ ഒരു ഉറുമ്പിനെ പോലും നോവിക്കാതെ നടന്ന പഞ്ചപാവമായ പവൻ കുമാറിന്റെ ഭാവം മാറുകയാണ്, അവരോടുള്ള ദേഷ്യവും അവളെ അവിടെ എത്തിച്ചത് തന്റെ പിഴവാണ് എന്നുള്ള സങ്കടവും എല്ലാംകൂടി എരിഞ്ഞു കയറിയ അയാളുടെ കണ്ണുകൾ നിറഞ്ഞൊഴുകുന്നു, ഒപ്പം നമ്മളുടെയും. അയാളെ കണ്ടതും അവൾ ഓടിവന്നു കെട്ടിപിടിക്കുന്നു.
പെട്ടന്ന് ഒരു ഗുണ്ട അവളെ പിടിക്കാൻ വേണ്ടി ഓടിവരുന്നു, എന്നാൽ അവളെ ഒന്ന് തൊടാൻ പോലും അയാൾക്ക് കഴിഞ്ഞില്ല, അതിന് മുൻപ് അയാളുടെ കയ്യിൽ മറ്റൊരു കൈ വന്നു പിടിക്കുന്നു,
പവൻ കുമാറിന്റെ ബലിഷ്ഠമായ കൈകൾ.
പിന്നെ നമ്മൾ കാണുന്നത് ആ ഗുണ്ട ജനൽ തകർത്ത് ആ കെട്ടിടത്തിന്റെ പുറത്തേക്ക് പോയി വീഴുന്നതാണ്. അത് കണ്ട് മുന്നിയും അവിടെയുള്ള എല്ലാവരും ഒപ്പം നമ്മളും വാ പൊളിച്ചു ഇരുന്നുപോകും.
അവിടെയുള്ള ഗുണ്ടകൾ ഓരോരുത്തരെയായി പിന്നെ അയാൾ അടിച്ചു താഴെയിടുന്നു. ആ ഏജന്റിനെ എടുത്ത് കെട്ടിടത്തിന്റെ പുറത്തേക്ക് എറിയുന്നു.
ഈ ഒരു സീനിന്റെ ഒപ്പം ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക് കൂടിയുണ്ട്, നമ്മളെ ഇമോഷണൽ ആയിട്ട് കഥാപാത്രങ്ങളിലേക്ക് കണക്റ്റ് ആക്കിയതിന് ശേഷം ഇത്തരത്തിൽ ഒരു സാഹചര്യത്തിലേക്ക് കൊണ്ടുവരുമ്പോൾ
കാര്യം കഥയാണ് സിനിമയാണ് എന്നെല്ലാം അറിയാമെങ്കിലും അവിടെ രണ്ടെണ്ണം പൊട്ടിക്കെടാന്ന് നമ്മൾക്ക് പറയാൻ തോന്നുന്ന നിമിഷത്തിൽ തന്നെ അവർക്കിട്ട് കണക്കിന് കിട്ടുന്നത് കാണുമ്പോൾ നമ്മൾക്ക് കിട്ടുന്ന ഒരു ആത്മസംതൃപ്തിയുണ്ട്...
അതിങ്ങനെ നല്ല മ്യൂസിക് ഒക്കെ ഇട്ട് സ്ലോ മോഷനിൽ നല്ല കിടുവായിട്ട് എടുത്തിട്ടുണ്ട്.
ഈ സീൻ മാത്രം എത്ര തവണ കണ്ടിട്ടുണ്ടെന്ന് അറിയില്ല, ഓരോ പ്രാവശ്യം കാണുമ്പോഴും രോമാഞ്ചം വരും.
കഥയിലേക്ക് തിരിച്ചു വന്നാൽ, അയാൾ അവിടെ നിന്നും അവളെ കൂട്ടി തിരികെ വീട്ടിലേക്ക് പോകുന്നു, എന്നിട്ട് ഒരു തീരുമാനം എടുക്കുന്നു, അയാൾ തന്നെ നേരിട്ട് പാകിസ്ഥാനിലേക്ക് അവളേം കൊണ്ട് പോകും എന്നിട്ട് അവളുടെ മാതാപിതാക്കളെ കണ്ടെത്തി ഏല്പിക്കും എന്ന്.
എന്നാൽ നേരായ വഴിയിൽ അവർക്ക് പോകാൻ കഴിയില്ല, അയാൾ കള്ളം പറയില്ല മാത്രമല്ല അങ്ങനെ യാത്ര പോയി അയാൾക്ക് പരിചയവുമില്ല.
പിന്നീട് അവരുടെ സഹസിക യാത്രയാണ് Bajrangi Bhaijaan എന്ന ചിത്രം പറയുന്നത്.
എല്ലാ സിനിമയിലും ഷർട്ട് ഊരി മസ്സിൽ കാണിക്കുന്ന സൽമാൻ ഖാന്റെ മറ്റൊരു രൂപവും ഭാവവും നമ്മൾക്ക് ഈ സിനിമയിൽ കാണാം. ഒരെ സമയം ത്രില്ല് അടിപ്പിക്കുകയും, നമ്മളെ ചിരിപ്പിക്കുകയും ഇടക്ക് കണ്ണ് നിരക്കുകയും ചെയ്യുന്ന ഒരു അസാധ്യ ഫീൽ ഗുഡ് സിനിമയാണ്.
ക്ലൈമാക്സ് ഒക്കെ ഒരു രക്ഷയുമില്ല, എത്ര കഠിനഹൃദയം ഉള്ള ആളുടെയും മനസ് അലിയിക്കുന്ന അത്ര മനോഹരമാണ്.
മനുഷ്യർ തമ്മിലുള്ള സ്നേഹത്തിന് ദേശത്തിന്റെയോ മതത്തിന്റെയോ ഭാഷയുടെയോ അതിരുകളില്ല എന്ന് വരച്ചു കാട്ടുന്ന ഫീൽ ഗുഡ് ചിത്രങ്ങളുടെ അപ്പൻ അയിട്ട് വരും ഈ ചിത്രം.. ഇത് കണ്ടിട്ടില്ലാത്തവർ തീർച്ചയായും കാണാൻ ശ്രമിക്കുക...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ