ഉത്തർപ്രദേശിലെ ചന്ദ്ദേരി എന്ന ഗ്രാമത്തിൽ എല്ലാ വീടുകളുടെ മുന്നിലും ഒരു എഴുത്ത് കാണാം - " ഹേ സ്ത്രീ കൽ അനാ (ഹേ സ്ത്രീ നാളെ വരൂ )".
കാരണം അവിടെ എല്ലാ വർഷവും നാല് ദിവസം നീണ്ടു നിൽക്കുന്ന ഒരു ഉത്സവം ഉണ്ട്, ആ ദിവസങ്ങളിൽ അവിടെ രാത്രിയിൽ ഒറ്റക്ക് സഞ്ചരിക്കുന്ന പുരുഷന്മാരെ ഒരു സ്ത്രീയുടെ ആത്മാവ് വന്നു തട്ടിക്കൊണ്ടു പോകും. അണിഞ്ഞൊരുങ്ങിയ മണവാട്ടിയെ പോലെയാണ് ആ ആത്മാവിന്റെ രൂപം, ഒപ്പം മുഖം മറച്ചിട്ടുണ്ടാകും, കാലുകൾ നിലത്തു നിന്ന് ഉയർന്നു വായുവിൽ കൂടി ഒഴുകി വരുന്ന അവളെ
അവർ വിളിക്കുന്ന പേരാണ് സ്ത്രീ എന്ന്, ഇങ്ങനെ വീടിന്റെ പുറത്ത് എഴുതി വച്ചില്ലെങ്കിൽ ആ ആത്മാവ് ആ വീടിന്റെ ഉള്ളിൽ പ്രവേശിച്ചു അവിടെയുള്ള പുരുഷന്മാരെയും ഇപ്രകാരം തട്ടിക്കൊണ്ടു പോകും. ആ നാട്ടിലെ ഈ വിശ്വാസത്തെ ആസ്പതമാക്കി ഇറങ്ങിയ സിനിമയാണ് "സ്ത്രീ - 2018"
ഈ കഥകളിൽ ഒന്നും വിശ്വാസം ഇല്ലാത്ത നാട്ടിലെ തയ്യൽക്കാരൻ കൂടിയായ വിക്കിയെ കാണാൻ ഉത്സവത്തിന്റെ സമയത്ത് ഒരു പെൺകുട്ടി വരുന്നതും അവനോട് അവൾക്ക് ഒരു ലഹങ്ക തയ്യിച്ചു കൊടുക്കാൻ പറയുന്നതും കാണിച്ചുകൊണ്ടാണ് കഥ തുടങ്ങുന്നത്.
ഇതിന് മുൻപ് നടന്ന ഉത്സവത്തിനും അവളെ കണ്ട് അവളോട് ഒരു ഇഷ്ടം തോന്നിയിരുന്ന അവനു അവളോട് സംസാരിക്കാൻ അവസരം കിട്ടിയതിൽ വളരെ സന്തോഷം തോന്നുന്നു.
എന്നാൽ അവൾക്ക് ലഹങ്ക മാത്രമല്ലായിരുന്നു ആവശ്യം, അവന്റെ കയ്യിൽ ഒരു നീണ്ട ലിസ്റ്റ് കൂടി നൽകിയിട്ട് അതെല്ലാം സങ്കടിപ്പിച്ചു നൽകാമോ എന്ന് ചോദിക്കുന്നു.
ലിസ്റ്റ് കണ്ട അവൻ അമ്പരന്ന് പോകുന്നുണ്ട്, കാരണം അതിൽ ഉള്ളത് പല്ലിയുടെ വാല്, പൂച്ചയുടെ രോമം, ദാതുറ എന്ന പൂവ് തുടങ്ങിയ വിചിത്രമായ സാധനങ്ങളായിരുന്നു.
ഇതെല്ലാം കണ്ട വിക്കിയുടെ കൂട്ടുകാർ ഇനി അവളാണോ സ്ത്രീ എന്ന് നാട്ടുകാർ പറയുന്ന ആ പ്രേതമെന്ന് സംശയിക്കുന്നു, കാരണം അവളെ ഉത്സവത്തിന്റെ സമയത്ത് മാത്രമേ കണ്ടിട്ടുള്ളു, കൂടാതെ അവൾ ഫോൺ ഒന്നും ഉപയോഗിക്കില്ല, അവളെ കാണാൻ തോന്നുമ്പോൾ അവൾ അവന്റെ അടുത്തേക്ക് വന്നുകൊള്ളാം എന്നൊക്കെയാണ് പറഞ്ഞിരിക്കുന്നത്.
അങ്ങനെ ഒരു ദിവസം രാത്രിയിൽ വിക്കിയുടെ ഒരു കൂട്ടുകാരൻ വീട്ടിലേക്ക് മടങ്ങുന്ന വഴി സ്ത്രീ എന്ന ആത്മാവിന്റെ മുന്നിൽ പെടുകയും, അവൾ പിന്നിൽ നിന്ന് അവന്റെ പേര് വിളിച്ചപ്പോൾ അവൻ തിരിഞ്ഞ് നോക്കിയതും സ്ത്രീ അവനെകൊണ്ട് കടന്നു കളയുകയും ചെയ്തു.
അവനെ അന്വേഷിച്ചു വന്നവർക്ക് അവനെ സ്ത്രീ കൊണ്ടുപോയി എന്നതിന്റെ അടയാളമായി അവന്റെ വസ്ത്രങ്ങൾ മാത്രമാണ് ലഭിച്ചത്.
സ്ത്രീയുടെ വരവ് അങ്ങനെയാണ്, പിന്നിൽ നിന്നും പേര് വിളിക്കും, തിരിഞ്ഞു നോക്കിയാൽ തീർന്നു. കൂടാതെ അവൾ പിടിക്കുന്ന ആളുകളുടെ വസ്ത്രങ്ങൾ മാത്രമേ അവശേഷിക്കു.
ഇതോടുകൂടി സ്ത്രീ എന്ന ആത്മാവ് സത്യമാണെന്നു മനസിലാക്കിയ വിക്കിയും കൂട്ടുകാരും കൂടി തങ്ങളുടെ സുഹൃത്തിനെ രക്ഷിക്കാനും ഒപ്പം ആ ആത്മാവിനെ തളയ്ക്കാനും ഇറങ്ങുന്നയിടത്ത് കഥ രസകരമായി പുരോഗമിക്കുന്നു.
സ്ത്രീ ആരാണെന്നും അവൾ എങ്ങനെയാണ് ഇത്തരത്തിൽ ഒരു ആത്മാവ് ആയി മാറിയതെന്നും എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യുന്നതെന്നും അവരുടെ അന്വേഷണത്തിൽ കണ്ടെത്തുന്നു.
ഒപ്പം വിക്കിയെ കാണാൻ വന്ന ആ പെൺകുട്ടി ആരാണെന്നും അവളുടെ യഥാർത്ഥ ഉദ്ദേശം എന്താണെന്നും ഏറ്റവും ഒടുവിൽ വ്യക്തമാകുന്നു.
വിവിധ സിനിമാറ്റിക് യൂണിവേഴ്‌സുകളുടെ ഇടയിൽ horror comedy ജോണറിൽ ആരംഭിച്ച Maddock Supernatural Universe ലെ ആദ്യത്തെ പടമാണ് സ്ത്രീ. രാജ്‌കുമാർ റാവു, ശ്രദ്ധ കപൂർ എന്നിവർ തകർത്ത് അഭിനയിച്ച സ്ത്രീ രാത്രിയിൽ ഒറ്റക്ക് കണ്ട് ചിരിക്കാനും നല്ല പടമാണ്. ഇതിന്റെ രണ്ടാം ഭാഗം ഏതാനും മാസങ്ങൾക്ക് മുൻപ് ഇറങ്ങി ബോളിവുഡിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നായി മാറിയിരുന്നു.
സിനിമ കണ്ടിട്ടില്ലാത്തവർ രാത്രിയിൽ ഒറ്റക്ക് ഇരുന്ന് കാണാൻ ശ്രദ്ധിക്കുക, സിറ്റ്ഔട്ട് പോലെയുള്ള സ്ഥലങ്ങളിൽ ആണെങ്കിൽ വളരെ രസകരമായിരിക്കും... സിനിമയുടെ അവസാനം എഴുതി കാണിക്കുന്ന Based on a true story, എന്ന tagline വായിക്കാതെ ഇരുന്നാൽ നല്ലതായിരിക്കും... 😌
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ