പ്രിത്വിരാജ് വിഗ് ഒക്കെ വച്ചിട്ട് ഇങ്ങനെ ഒരു ഫോട്ടോ കണ്ടപ്പോൾ എന്തുട്ട് കോലമാണ് പൊട്ടാൻ വേണ്ടിയിട്ട് തന്നെ എന്തിനാ ഇങ്ങനെ പടം എടുക്കുന്നത് എന്നൊക്കെ തോന്നിയിരുന്നു.
എന്നാൽ പടം ഇറങ്ങി കഴിഞ്ഞു ഒരുപാട് നല്ല അഭിപ്രായം കേട്ടപ്പോൾ "എന്ന് നിന്റെ മൊയ്‌തീൻ" തിയേറ്ററിൽ തന്നെ പോയി കണ്ടു.
കഥ എന്താണെന്നും അവസാനം എന്താണ് സംഭവിക്കുന്നതെന്നും നേരത്തെ തന്നെ അറിയാം, പിന്നെ എങ്ങനെ അതൊക്കെ സംഭവിച്ചു എന്ന് കാണാൻ വേണ്ടി മാത്രമാണ് സിനിമ കാണുന്നത്.
ആദ്യത്തെ ഷോട്ട് മുതൽ എന്തോ ഒരു ഭംഗി സിനിമക്ക് തോന്നിയിരുന്നു, നല്ല ക്വാളിറ്റി ഉള്ള കഥ പറച്ചിൽ, മഴ, നല്ല പാട്ടുകൾ, ഇതിനിടയിൽ പ്രിത്വിരാജ് വിഗ് വച്ചത് കൊള്ളുമോ ഇല്ലയോ എന്നൊന്നും ശ്രദ്ധിക്കാൻ പോലും പറ്റിയില്ല.
കാഞ്ചനയായി വന്ന പാർവതിയും ഒട്ടും മോശമാക്കിയില്ല ഓരോ നോട്ടത്തിലും മൊയ്‌തീനോടുള്ള പ്രണയം ഫീൽ ചെയ്യുമായിരുന്നു.
അങ്ങനെ ഏതാണ്ട് ഇരുപത് വർഷം നീണ്ടു നിന്ന അവരുടെ പ്രണയം കാണിച്ചു തന്നു, ഒടുവിൽ വെള്ളപ്പൊക്കവും മൊയ്‌തീൻ വള്ളത്തിൽ കയറുന്നതും ഒക്കെ ശ്വാസം അടക്കി പിടിച്ചിരുന്നു കണ്ട സീനുകൾ ആയിരുന്നു.
ഏറ്റവും ഒടുവിൽ ആരെയൊക്കെയോ രക്ഷിച്ചു മൊയ്‌തീൻ കരയിൽ കയറിയപ്പോ എന്തോ ഒരു ആശ്വാസം, പക്ഷേ ഇത് സംഭവിച്ച കഥയല്ലേ, മൊയ്‌തീന് അവിടം കൊണ്ട് നിർത്താൻ കഴിയില്ലല്ലോ, പിന്നെയും ആരെയോ രക്ഷിക്കാൻ വേണ്ടി ഇരവിഴിഞ്ഞി പുഴയിലേക്ക് പോയ മൊയ്‌തീൻ....
ഈ ഒരു കഥ ഇങ്ങനെ അവതരിപ്പിക്കാൻ കഴിയുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല, ഇതാണ്ട സിനിമയുടെ മാജിക് എന്നൊക്കെ പറയാൻ തോന്നിയിരുന്നു, അത്രക്കും എനിക്ക് ഇതിന്റെ മേക്കിങ് ഇഷ്ടപ്പെട്ടു.
പിന്നീട് കേൾക്കാൻ കഴിഞ്ഞത്, ഇത് പ്രിത്വിരാജ് തന്നെ ghost ഡയറക്റ്റ് ചെയ്ത പടം ആണെന്നും, അതല്ല ഏതോ അസോസിയേറ്റ് ഡയറക്ടർ ആണ് എല്ലാം ചെയ്തത് എന്നുമൊക്കെ ഫിലിം ഫീൽഡിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ പറഞ്ഞു കേൾക്കുന്നത്.
അതിന്റെ ഒക്കെ പിന്നിലെ സത്യം എന്തെന്ന് അറിയില്ല, എന്തായാലും ഇഷ്ടപ്പെട്ട സിനിമകളുടെ ലിസ്റ്റിലേക്ക് എന്ന് നിന്റെ മൊയ്‌തീൻ കൂടി ചേർക്കപ്പെട്ടു.
പിന്നെ ഇന്ന് ജൂലൈ 15, യഥാർത്ഥ ബി പി മൊയ്‌തീൻ ആ പുഴയുടെ ആഴങ്ങളിലേക്ക് ആണ്ടുപോയിട്ട് 43 വർഷങ്ങൾ പിന്നിടുന്നു....
✍🏻 Anup Jose
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ