വെട്ടം സിനിമയിലെ മികച്ച രണ്ടു രംഗങ്ങൾ

 പെരുന്നാളിന് ഒക്കെ വെടിക്കെട്ടിന്റെ ഇടയിൽ അല്ലെങ്കിൽ തുടക്കത്തിൽ മാലപ്പടക്കം എന്നൊരു ഐറ്റം ഉണ്ട്, എനിക്ക് തോന്നുന്നു എല്ലാ നാട്ടിലും ഏതാണ്ട് ഒരേപോലെ ആണെന്ന്.


ചെറിയ ചെറിയ പടക്കങ്ങൾ പൊട്ടി തുടങ്ങി ഏറ്റവും ഒടുവിൽ എത്തുമ്പോൾ ഒരു വൻ പരിപാടി ഉണ്ടാവും, പലവിധത്തിൽ ഉള്ള പടക്കങ്ങൾ അവസാനം ഒരുമിച്ചു സെറ്റ് ചെയ്തു വച്ചതുപോലെ..


വെട്ടം എന്ന സിനിമയെ പറ്റി ഓർക്കുമ്പോഴും ഇങ്ങനെ തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചെറിയ തമാശകളിൽ തുടങ്ങി ഏറ്റവും ഒടുവിൽ എല്ലാ കഥാപാത്രങ്ങളും കൂടി ഒരുമിച്ചു വന്നിട്ട് ഒരു കലാശക്കൊട്ട്..


എന്നാൽ തമാശകൾ കാരണം സിനിമയിൽ ഇത്തിരി മുങ്ങിപ്പോയ രണ്ട് മനോഹരമായ കാര്യങ്ങളുണ്ട്.


നായിക തുടക്കത്തിൽ നായകനെ കാണുന്ന സമയം മുതലേ തന്നെ രണ്ട് പേരും തമ്മിൽ ഉടക്കാണ്, സ്വന്തം കാര്യത്തിന് പിന്നാലെ പോകുമ്പോൾ വന്ന തടസമായിട്ട് മാത്രമാണ് പരസ്പരം രണ്ടു പേരും കാണുന്നത്.


എന്നാൽ കഥ അവസാനിക്കാറാകുമ്പോൾ നായകനെ പിടിക്കാൻ വന്ന പോലീസിനോട് അവൾ അവനെപ്പറ്റി പറയുന്ന ഒരു രംഗമുണ്ട്.


തന്റെ ആകെയുള്ള സമ്പാദ്യം അവനു നൽകണം എന്നും അവനെ വെറുതെ വിടണം എന്നും അവൾ പോലീസിനോട് അപേക്ഷിക്കുമ്പോൾ അയാൾ അത്ഭുതപ്പെട്ടു തിരിച്ചു ചോദിക്കുന്നുണ്ട്, ഒരു കള്ളന് വേണ്ടി എന്തിന് ഇങ്ങനെ ചെയ്യാൻ തയ്യാറാകുന്നു എന്ന്..


അതിനവൾ കൊടുക്കുന്ന മറുപടിയാണ്, അയാൾ കള്ളൻ ഒന്നുമല്ല, താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യൻ ആണെന്ന്...


അവൾ പോലും അറിയാതെ അയാളോട് അവളുടെ ഉള്ളിൽ ഒരു പ്രണയം ഉണ്ടെന്ന് അപ്പോൾ ആയിരിക്കും അവൾ തിരിച്ചറിയുന്നത്.


ഇറങ്ങുന്ന മിക്കവാറും സിനിമകളിൽ നായകനും നായികയും പ്രണയവും ഒക്കെ ഉണ്ടാവാറുണ്ട്, എന്നാൽ അപൂർവ്വം സിനിമകളിൽ മാത്രമേ അത് എങ്ങനെ ഉണ്ടായെന്നു കാണിക്കാറുള്ളു.


വെട്ടം വെറുമൊരു തമാശ പടം മാത്രമല്ല, നല്ലൊരു പ്രണയം വരച്ചു കാണിക്കുന്ന സിനിമ കൂടിയാണ്. ആ സിനിമയിലെ ഏറ്റവും മനോഹരമായ രംഗവും ഒരുപക്ഷെ ഇത് തന്നെയായിരിക്കും..


സിനിമയിലെ അടുത്തൊരു മനോഹര രംഗം, നായികയുടെ കയ്യിൽ തന്റെ ആകെ പ്രതീക്ഷയായ മാല ഉണ്ടെന്നും, അവൾ യാത്ര പറഞ്ഞു പോകുമ്പോൾ തനിക്ക് ഇനി അതൊരിക്കലും ലഭിക്കില്ല എന്നും മനസിലാക്കി ഗോപാലകൃഷ്ണൻ അവളെ യാത്രയാക്കാൻ സ്റ്റേഷനിൽ ചെല്ലുന്ന ഒരു രംഗമുണ്ട്.


അതിനിടയിൽ അയാൾക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ വരുമ്പോൾ ഒരു നിമിഷം അവളുടെ അടുത്ത് നിന്ന് മാറി നിന്ന് പൊട്ടിക്കരയുന്ന രംഗമുണ്ട്.


അയാളെ അന്വേഷിച്ചു വരുന്ന അവളും അത് കാണുന്നുണ്ട് എന്നാൽ അവൾ കണ്ട കാര്യം അയാൾ അറിഞ്ഞില്ല, തൊട്ട് പിറകെ അയാൾ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ അവളുടെ അടുത്തേക്ക് ചെല്ലുന്നുണ്ട്.


ഇതും വളരെ മനോഹരമായ രംഗമാണ്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ