വർഷം 2014 ആണോ 15 ആണോന്ന് ഓർമ്മയില്ല, അന്ന് കൊച്ചി മരത്തോൺ ഓടാൻ പോയാലോ എന്ന് കസിൻ എന്നോട് ചോദിച്ചു, ഞാൻ ആണേൽ കഷ്ടിച്ച് 4 കിലോമീറ്റർ ഓടുന്ന സമയമാണ്.
അടുത്ത വർഷം നോക്കാം എന്നൊക്കെ പറഞ്ഞെങ്കിലും ഒടുവിൽ അവന്റെ നിർബന്ധത്തിന് വഴങ്ങി പത്തു കിലോമീറ്റർ ശ്രമിക്കാം എന്ന് സമ്മതിച്ചു. ഇനിയിപ്പോ ഓടാൻ പറ്റിയില്ലെങ്കിൽ നടന്നിട്ട് എങ്കിലും പൂർത്തിയാക്കാം എന്നൊക്കെയായിരുന്നു എന്റെ ഉള്ളിൽ.
എന്നാലും ഇത്രയും effort ഒക്കെ എടുത്താൽ ഓട്ടത്തിന്റെ ഇടയിൽ എങ്ങാനും എന്തേലും പറ്റുമോ എന്നൊക്കെയുള്ള പേടി ഓരോ ദിവസവും കൂടി കൂടി വന്നു.. അങ്ങനെ മരത്തോണ് ദിവസം വന്നെത്തി, വെളുപ്പിനെ 5 മണിക്ക് മുന്നേ എന്തോ അവിടെ റിപ്പോർട്ട് ചെയ്യണം അതുകൊണ്ട് തലേ ദിവസം തന്നെ ഞങ്ങൾ രണ്ടും കൂടി കൊച്ചിയിൽ ചെന്നു, മഹാരാജാസ് കോളേജിന്റെ അടുത്ത് നിന്നാണ് പരിപാടി തുടങ്ങുന്നത്, അവിടെ ചെന്ന് സ്ഥലമൊക്കെ നിരീക്ഷിച്ചു ഞങ്ങൾക്ക് ഉള്ള കിറ്റ് ഒക്കെ വാങ്ങി, അപ്പോഴേക്കും ഉള്ളിലെ പേടിയൊക്കെ മാറി അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരം ഉള്ളിൽ അനുഭവപ്പെടാൻ തുടങ്ങിയിരുന്നു.
എന്തോ ഒരു വലിയ പരിപാടിയുടെ ഭാഗം ആകാൻ പോകുന്നു എന്നൊരു തോന്നൽ, അങ്ങനെ അന്ന് ഞങ്ങൾ അവിടെയുള്ള അങ്കിളിന്റെ വീട്ടിൽ താമസിച്ചു പിറ്റേന്ന് നാലര മണിയോടെ വേദിയിൽ എത്തി.
അവിടെ ദേ വലിയ ഒരു ജനക്കൂട്ടം, പതിനായിരക്കണക്കിന് ആളുകൾ, പാട്ടും മേളവും ഒക്കെയായിട്ട് വേറെ ഏതോ ലോകത്ത് ചെന്നതുപോലെ ഒരു പ്രതീതി.
പിന്നെയെല്ലാം യാന്ത്രികമായിരുന്നു, വാർമിംഗ് സെക്ഷൻ ആയിട്ട് zumba, അത് അവതരിപ്പിക്കുന്ന ആളുകളെ ഒക്കെ കണ്ടാൽ ബോളിവുഡ് സിനിമകളിൽ ഉള്ളവരെ പോലെയുണ്ട്, മാത്രമല്ല ഓടാൻ വന്ന മനുഷ്യരെ കണ്ടാലും ഇതുവരെ എങ്ങും കണ്ടിട്ടില്ലാത്ത പോലെ, ആകെ ഒരു പാരലൽ വേൾഡ് എക്സ്പീരിയൻസ്.
പിന്നെ ഓരോ കാറ്റഗറി അനുസരിച്ചു ഓട്ടം തുടങ്ങി, കുറച്ചു ഓടി മുന്നോട്ട് ചെല്ലുമ്പോൾ ദേ ഒരു വാൻ കിടക്കുന്നു, അതിന്റെ അടുത്ത് മുഴുവൻ ഒരു ആരവം, ഇതെന്താ സംഭവം എന്ന് വണ്ടർ അടിച്ചു വാനിലേക്ക് നോക്കിയപ്പോ ദേ അതിന്റെ മുകളിൽ സാക്ഷാൽ മോഹൻലാൽ, എല്ലാവരെയും നോക്കി കൈവീശി കാണിച്ചും ചിരിച്ചു കാണിച്ചും ഇങ്ങനെ നിൽക്കുന്നു..
അപ്രതീക്ഷിതമായി ഇങ്ങനെ ലാലേട്ടനെ കണ്ടപ്പോൾ ശരിക്കും ഒന്ന് ഞെട്ടി, അതുവരെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള ചൈൽഡ്ഹൂഡ് ഹീറോ ദേ പ്രതീക്ഷിക്കാതെ കണ്മുന്നിൽ..
അങ്ങനെ ആ ഓട്ടം തുടർന്നു, ഇടക്ക് നടന്നും പിന്നീട് ഓടിയും ഒക്കെ മാരത്തോൺ പൂർത്തിയാക്കാൻ എനിക്കായി. 42 കിലോമീറ്റർ ആണ് യഥാർത്ഥ മാരത്തോൺ, അതിന്റെ മുന്നിൽ ഈ 10 ഒക്കെ വെറും കുട്ടിക്കളി ആണെങ്കിലും ഒരു ലൈഫ് ടൈം എക്സ്പീരിയൻസ് ആയിരുന്നു അത്.
അത് കഴിഞ്ഞു എവിടെയോ വായിച്ചിരുന്നു ജീവിതത്തിൽ ഒരിക്കൽ എങ്കിലും നമ്മൾ ചെയ്തു നോക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റിൽ പെടുന്ന ഒന്നാണ് ഒരു മാരത്തോൺ എങ്കിലും ഓടുക എന്നത്.
തീർച്ചയായും വളരെ വേറിട്ട ഒരു അനുഭവം തന്നെ ആയിരുന്നു. 2024 ലെ ഇതേ പരിപാടി ഓടണം എന്ന് വിചാരിച്ചു ഇരുന്നെങ്കിലും അതിന്റെ അറിയിപ്പ് വന്നതൊന്നും ഞാൻ അറിഞ്ഞില്ലായിരുന്നു.
ഇത്തവണ ഓടിയിരുന്നെങ്കിൽ മറ്റൊരു ഇതിഹാസമായ സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറേ നേരിൽ കാണാൻ കഴിഞ്ഞേനെ...
ലാലേട്ടനെ നേരിൽ കണ്ടത് അപ്രതീക്ഷിതമായി ആണെങ്കിൽ മമ്മൂക്കയെ നേരിൽ മറ്റൊരു രീതിയിൽ ആയിരുന്നു, ആ കഥ മറ്റൊരു പോസ്റ്റിൽ പറയാം.. 😌
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ