നമ്മുടെ നായകൻ ഒരു മീൻ കച്ചവടക്കാരനാണ്, കൃത്യമായി പറഞ്ഞാൽ മീൻ കച്ചവടക്കാർക്ക് വിതരണം ചെയ്യുന്ന ആൾ. അവന്റെ ഭാര്യക്ക് പ്രായമായ ആളുകളെ പരിചരിക്കുന്ന ഒരു സ്ഥാപനത്തിലാണ് ജോലി.
രണ്ട് പേരും വളരെ സന്തോഷത്തോടെ ജീവിച്ചു വരികയാണ്. അങ്ങനെ ഇരിക്കെ അവരുടെ വിവാഹവാർഷികമാണ്.
അയാൾ കഷ്ടപ്പെട്ട് കുറച്ചു പണമൊക്കെ സങ്കടിപ്പിച്ചു അവളുടെ ഒപ്പം ഒരു ഹോട്ടലിൽ ഡിന്നർ ഒക്കെ റെഡിയാക്കി. അന്ന് ഡിന്നറിന് അവളുടെ ഒപ്പം ഇരിക്കുമ്പോഴാണ് അവന്റെ ചങ്ക് തകർക്കുന്ന ഒരു കാര്യം അവൾ അവനോട് പറയുന്നത്.
അവൾ പറയുന്നത് വിവാഹബന്ധം വേർപെടുത്താം എന്നാണ്, അതിനുള്ള കാരണം, അവർക്ക് രണ്ടുപേർക്കും ബാങ്ക് ലോൺ ഉൾപ്പെടെ ഒരുപാട് ബാധ്യതകളുണ്ട്, അത് അവരെക്കൊണ്ട് വീട്ടാവുന്നതിലും അപ്പുറമായിരിക്കുകയാണ്. അതിന് എന്തെങ്കിലും ഉപായം കണ്ടുപിടിച്ചില്ലെങ്കിൽ ആകെയുള്ള വീട് കൂടി അവർക്ക് നഷ്ടപ്പെടും.
എന്നാൽ അവർ ബന്ധം പിരിയുകയാണെങ്കിൽ ബാങ്കിൽ നിന്ന് കുറെയധികം ഇളവുകൾ കിട്ടാൻ സാധ്യതയുണ്ട്, അതിന് വേണ്ടിയാണ് ഏറെ വിഷമത്തോടെ അവൾ അയാളോട് ഈ കാര്യം പറയുന്നത്.
എന്നാൽ അയാൾക്ക് അത് ചിന്തിക്കാവുന്നതിലും അപ്പുറമായിരുന്നു, എന്തൊക്കെ നഷ്ടപ്പെട്ടാലും ഒരിക്കലും അവളെ വേർപിരിയാൻ പറ്റില്ല എന്നും പറഞ്ഞു അയാൾ അവളെ ചേർത്തു പിടിക്കുന്നു. രണ്ട് പേരുടെയും കണ്ണുകൾ നിറഞ്ഞൊഴുകുന്നു.
അങ്ങനെ അവർ വിവാഹവാർഷികം ഒക്കെ ആഘോഷിച്ച ശേഷം തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി അവർ സഞ്ചരിച്ച കാറിന്റെ പിന്നിൽ അമിത വേഗത്തിൽ വന്ന ഒരു കാർ ഇടിക്കുന്നു.
അതൊരു ഗാങ് ആയിരുന്നു, അവരുമായി ചെറിയ ഒരു കശപിശ ഉണ്ടായെങ്കിലും കുഴപ്പങ്ങൾ ഒന്നും ഉണ്ടാവാതെ അവർ വീട്ടിലേക്ക് എത്തുന്നു, എന്നാൽ ഇതിനിടയിൽ അയാളുടെ ഭാര്യയെ ആ ഗാങ്സ്റ്റർ കണ്ടിരുന്നു.
കുറച്ചു ദിവസങ്ങൾക്കു ശേഷം അയാളുടെ ഭാര്യയെ ആരോ കിഡ്നാപ്പ് ചെയ്തുകൊണ്ട് പോകുന്നു, ഏറെ പരിഭ്രമിച്ചു പോലീസിൽ പരാതി നൽകാൻ ചെന്ന അയാൾക്ക് പോലീസിന്റെ ഭാഗത്തു നിന്ന് വളരെ തണുപ്പൻ പ്രതികരണമാണ് ലഭിച്ചത്.
തന്റെ ഭാര്യയെ കണ്ടെത്താൻ മറ്റ് വഴികൾ ഒന്നുമില്ല എന്ന് കണ്ട അയാൾ അതിന് വേണ്ടി ഒറ്റക്ക് ഇറങ്ങി തിരിക്കുകയാണ്.
കൊറിയൻ ലാലേട്ടൻ എന്നറിയപ്പെടുന്ന ഡോൺ ലീ തകർത്ത് അഭിനയിച്ച 2018 ൽ പുറത്തിറങ്ങിയ "Unstoppable" എന്ന സിനിമയുടെ ആരംഭം ഇങ്ങനെയാണ്. തുടർന്ന് അയാൾ തന്റെ ഭാര്യയെ കണ്ടെത്താൻ വേണ്ടി നടത്തുന്ന സാഹസങ്ങൾ എല്ലാംകൊണ്ടും നല്ലൊരു ഫീൽ ഗുഡ് ആക്ഷൻ സിനിമയാണ്.
കഥ കണ്ടിട്ട് ഒരു മലയാളം റീമേക്ക് ചെയ്യാനുള്ള വകുപ്പുണ്ടായിരുന്നു, ഇവിടെയുള്ള സിനിമക്കാരുടെ ആരുടേയും ശ്രദ്ധയിൽ ഇതുവരെ പെട്ടില്ലല്ലോ എന്നോർക്കുമ്പോൾ അത്ഭുതമുണ്ട്.
അപ്പോൾ കൊറിയൻ ലാലേട്ടന്റെ ഇടി കാണാൻ താല്പര്യം ഉള്ളവർക്ക് കണ്ട് നോക്കാവുന്നതാണ്...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ