എന്താണ് സിനിമാറ്റിക് ലോജിക്

 മാസ്സ് മസാല സിനിമയിൽ ഒക്കെ ആരെങ്കിലും ലോജിക് നോക്കുമോ, പുലിമുരുഗൻ കണ്ടിട്ട് ആരെങ്കിലും കടുവയെ പിടിക്കാൻ പോകുമോ എന്നൊരാൾ കഴിഞ്ഞ ദിവസം കമന്റ്‌ ഇട്ടിരുന്നു..


പുലിമുരുഗൻ സിനിമയിൽ ലോജിക് ഉണ്ടോന്ന് ചോദിച്ചാൽ, ആ സിനിമയിലൂടെ കാണിക്കുന്ന സിനിമാറ്റിക് ലോകത്തിന് ഒരു ലോജിക് ഉണ്ട്, അത് സിനിമയുടെ തുടക്കം മുതൽ അവസാനം വരെ കാത്തു സൂക്ഷിക്കുന്നവരാണ് നല്ല സംവിധായകർ.


പുലിമുരുഗൻ സിനിമയും നമ്മുടെ യഥാർത്ഥ ലോകവുമായിട്ട് ഒരൊറ്റ കാര്യത്തിൽ മാത്രമേ വ്യത്യാസം ഉള്ളു, നമ്മുടെ ലോകത്ത് ഒരാൾക്കും ഒരു കടുവയോട് നേരിട്ട് ഏറ്റുമുട്ടാൻ പറ്റില്ല, അത്രക്ക് ശക്തിയുള്ള ജീവിയാണ് കടുവ.


എന്നാൽ പുലിമുരുഗൻ സിനിമയിൽ മുരുകൻ എന്ന നായകന് ഒരു കടുവയോട് ഏറ്റുമുട്ടാനുള്ള ശക്തിയുണ്ട്, ശക്തി എന്ന് വച്ചാൽ നേരിട്ടുള്ള ഏറ്റുമുട്ടൽ സിനിമയിലുമില്ല എന്നിരുന്നാലും കടുവയെ കീഴ്പ്പെടുത്താൻ മുരുകന് ചെറുപ്പത്തിൽ തന്നെ പറ്റുന്നുണ്ട്.


അത്രയും ശക്തിയും മെയ്‌വഴക്കവും ഉള്ളൊരാൾ മറ്റ് മനുഷ്യരോട് ഏറ്റുമുട്ടിയാൽ പത്തോ ഇരുപതോ പേരെ അയാൾക്ക് നിഷ്പ്രയാസം തോൽപ്പിക്കാൻ കഴിയണം.


അത് മാത്രം പോരാ, ആളെ കണ്ടാലും നമ്മൾക്കു തോന്നണം അത്രയും കരുത്തും മെയ് വഴക്കവും ഉള്ള ഒരു ശരീരമാണ് അയാൾക്ക് ഉള്ളതെന്ന്.


ഇനി അഥവാ അങ്ങനെ ഒരു ശരീരം ഇല്ലങ്കിലും കുഴപ്പമില്ല, അതിനുള്ള വിശദീകരണം നൽകിയാൽ മതി, ഉദാഹരണം എന്തെങ്കിലും അത്ഭുതമരുന്ന് കഴിച്ചതോ, മാജിക്‌ മന്ത്രവാദം, അല്ലെങ്കിൽ Koi Mil Gaya (Hindi 2003) പോലെ ഏലിയൻ ശക്തി നൽകിയതോ അങ്ങനെ എന്ത് വേണമെങ്കിലും ആകാം.


ഇങ്ങനെ ഇത്രയും ശക്തനായ ഒരാളെ കാണിച്ചിട്ട് കഥയുടെ അവസാനം വരെ അയാളുടെ ശക്തികൊണ്ട് അയാൾക്ക് ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ കൃത്യമായി കാണിക്കുന്നുണ്ടെങ്കിൽ ആ സിനിമയുടെ ഉള്ളിൽ തീർച്ചയായും ലോജിക് ഉണ്ട്.


ഇനി അത്രയും ശക്തനായ അയാളെ മറ്റൊരു സാധാരണ മനുഷ്യൻ എളുപ്പത്തിൽ കീഴ്പ്പെടുത്തിയാൽ അവിടെ ലോജിക് പോയി, അല്ലെങ്കിൽ കഥയുടെ ആരംഭം മുതൽ ഒരു സാധാരണ മനുഷ്യൻ എന്ന രീതിയിൽ അയാളെ കാണിച്ചിട്ട് പെട്ടന്ന് ഒരു നിമിഷം അയാൾ ഒരു കടുവയോട് ഏറ്റുമുട്ടുന്നു എന്ന് കാണിച്ചാലും ലോജിക് ഇല്ലാതെ ആകും.


രണ്ടാമത്തെ കാര്യത്തിൽ അങ്ങനെ കാണിച്ചാലും പിന്നീട് അതിനുള്ള കൃത്യമായ വിശദീകരണം നൽകാൻ കഴിഞ്ഞാൽ ലോജിക്ക് തിരികെ കൊണ്ടുവരാം. It's all about cinematic world.


ഈ ഇടയ്ക്ക് ഇറങ്ങിയ മാർക്കോ എന്ന സിനിമയിൽ ഈ പറഞ്ഞ ലോജിക് പോയിട്ടുണ്ട് പക്ഷേ അതിന്റെ മേക്കിങ് കൊണ്ട് ആണെന്ന് തോന്നുന്നു ആരും അത്രക്ക് ശ്രദ്ധിച്ചിട്ടില്ല.


മാർക്കോ തുടങ്ങുമ്പോൾ കാണിക്കുന്നത് വില്ലൻ ടീം നായകന്റെ അനിയന്റെ സുഹൃത്തിനെ കൊലപ്പെടുത്തുന്നത് ആണല്ലോ.


തുടർന്ന് അനിയൻ പോലീസിന് മൊഴി കൊടുക്കും തങ്ങളെ പോലീസ് പിടിക്കുമെന്ന് പേടിച്ചു അവർ അനിയനെ കൂടെ ഇല്ലാതാക്കുന്നു.


എന്ന് വച്ചാൽ മാർക്കോയുടെ സിനിമാറ്റിക് ലോകത്ത് പോലീസ് ഉണ്ട്, ഏതൊരു ക്രൈം നടന്നാലും അവർ ഇടപെടും, കോടതിയും ശിക്ഷയും ഉണ്ട്.


പക്ഷേ പിന്നീട് എന്താണ് നടക്കുന്നത്, അടുത്ത ഘട്ടത്തിലേക്ക് കഥ പോകുമ്പോൾ പിന്നെ പോലീസും ഇല്ല കോടതിയും ഇല്ല, കൈയ്യൂക്ക് ഉള്ളവൻ കാര്യക്കാരൻ എന്ന നിലയിലാണ് കഥ അവസാനിക്കുന്നത്.


ഇംഗ്ലീഷ് സിനിമയായ ജോൺ വിക്ക് ഏതാണ്ട് ഇതുപോലെ വയലൻസ് നിറഞ്ഞ സിനിമയാണ്. പക്ഷേ ജോൺ വിക്കിന്റെ ലോകത്ത് പോലീസ് എന്നൊരു സംഭവം ഇല്ല, അവിടെ ഒരു സിന്ഡിക്കേറ്റ് ആണ് കാര്യങ്ങൾ തീരുമാനിക്കുന്നത്. 


അവർക്ക് അവരുടേതായ കുറച്ചു നിയമങ്ങളുണ്ട്, അതിനുള്ളിൽ നിന്നുകൊണ്ടാണ് കയ്യൂക്ക് ഉള്ളവൻ ജയിക്കും എന്ന രീതിയിൽ കഥ പോകുന്നത്.


ആ നിയമങ്ങൾ അടിസ്ഥാനമാക്കിയാണ് ജോൺ വിക്കിന്റെ നാല് ഭാഗങ്ങളും എടുത്തിരിക്കുന്നതും.


അപ്പോൾ മാസ്സ് മസാല സിനിമ ആണെങ്കിലും സയൻസ് ഫിക്ഷൻ ആണെങ്കിലും സിനിമാറ്റിക് ലോജിക് ഉൾപ്പെടുത്തി എടുക്കാൻ കഴിയും. ഈ ഒരു കാര്യം ശ്രദ്ധിക്കാൻ തുടങ്ങിയാൽ പിന്നെ ചില സിനിമകളോടും സംവിധായകരോടും ഇഷ്ടം കൂടും, മറ്റുള്ളവരോട് കുറയും.


 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ