The Untold Story of Prakash Mathew

 പ്രകാശ് മാത്യു ഒരു ഗായകൻ ആയിരുന്നു, കോളേജിൽ ഒതുങ്ങി കൂടി നടന്നിരുന്ന അയാളെ ആരും ശ്രദ്ധിച്ചിട്ടുണ്ടായിരുന്നില്ല,


എന്നാൽ അയാൾ ഒരിക്കൽ 'മേരി ആവാസ് സുനോ' എന്നൊരു റിയാലിറ്റി ഷോയിൽ മത്സരിക്കാൻ പോയി.


വെറുതെ പോയി മത്സരിച്ച് തോൽക്കാൻ വേണ്ടിയല്ല അവൻ പോയത്, അവിടെ പോയി തന്റെ ശബ്ദം കൊണ്ട് എല്ലാവരെയും കീഴടക്കി ഒന്നാം സ്ഥാനവും നേടിയാണ് അവൻ തിരികെ വന്നത്.


പക്ഷേ എന്നിട്ടും അവൻ ഒരിടത്ത് തോറ്റുപോയി, സംഗീതവും പഠനവും മാത്രമായി നടന്ന അവന്റെ മുന്നിലേക്ക് അവിചാരിതമായി അവളെത്തി.


കോളേജിന്റെ അഭിമാനമായി മാറിയ അവന് എല്ലാവരും ചേർന്ന് സ്വീകരണം നൽകിയ ദിവസം, അവന്റെ പാട്ടിനു എല്ലാവരും കൂവാൻ തക്കം നോക്കി നിന്നപ്പോൾ, അവിടെയും അവന്റെ ശബ്ദം എല്ലാവരുടെയും വായടപ്പിച്ചു,


അങ്ങനെ അവൻ പാടി തുടങ്ങിയതും, പെട്ടന്ന് പാട്ടിന്റെ വരികൾ അടങ്ങിയ ആ പേപ്പർ കാറ്റടിച്ചു പറന്നു പോയി, ഒരു നിമിഷം പകച്ചു പോയ അവന്റെ മുന്നിലേക്ക് ഒരു മാലാഖയെ പോലെ അവൾ വന്നു.


"സോന"


പറന്നു പോയ ആ പേപ്പർ അവളുടെ അടുത്തേക്കാണ് പോയത്, അത് ചാടി കൈക്കലാക്കിയ അവളും അതിലെ വരികൾ ഏറ്റു പാടിയപ്പോൾ അവൻ അറിയാതെ അവളിൽ ആകൃഷ്ടനായി..


അവളെയും അവൻ സ്റ്റേജിലേക്ക് വിളിച്ചു, അവൾ വന്നു കൂടെ പാടി, ഒരുപാട് ഡാൻസ് കളിച്ചു, അവന്റെ ജീവിതത്തിലെ വളരെ മനോഹരമായ ഒരു ദിവസമായിരുന്നു അത്.


സംഗീതം മാത്രമുള്ള അവന്റെ ഉള്ളിലേക്ക് ആദ്യമായി ഒരു പെൺകുട്ടി അങ്ങനെ കടന്നു വന്നു, അവൻ എന്നും അവളെ ശ്രദ്ധിക്കാൻ തുടങ്ങി.


പക്ഷേ അവന്റെ മുന്നിലൊരു തടസം ഉണ്ടായിരുന്നു,


അവനാണ് എബി, സോനയുടെ അയല്പക്കത്തെ പയ്യൻ, ഒരെ ദിവസം അടുത്തടുത്ത വീടുകളിൽ ജനിച്ച അവർ രണ്ടു പേരും അന്ന് തൊട്ടേ ഒരുമിച്ചാണ്, സ്‌കൂളിലും കോളേജിലും എല്ലാം ഒരുമിച്ചു..

പ്രകാശ് ആകെ ധർമ്മസങ്കടത്തിലായി, ഇവർ തമ്മിൽ ഇഷ്ടത്തിലാണോ അതോ സഹോദര ബന്ധമാണോ എന്നറിയില്ലല്ലോ..


എന്തായാലും രണ്ടും കൽപ്പിച്ചു തന്റെ ഇഷ്ടം സോനയെ അറിയിക്കാൻ അയാൾ തീരുമാനിച്ചു, അപ്പോഴാണ് മറ്റൊരു പ്രശ്നം..


ആരെങ്കിലും സോനയ്ക്ക് എന്തെങ്കിലും സമ്മാനം നൽകിയാൽ അവളത് എബിക്ക് നൽകും, ഇനി തിരിച്ചു എബിക്കാണ് കിട്ടുന്നതെങ്കിൽ അത് സോനയ്ക്കും.


അപ്പോൾ താൻ സോനയെ പ്രൊപ്പോസ് ചെയ്താൽ തന്നെ അവൾ എബിക്ക് എങ്ങാനും നൽകുമോ, അങ്ങനെ ആണേൽ എബിയെ വേണ്ടേ താൻ പ്രൊപ്പോസ് ചെയ്യാൻ എന്നെല്ലാം ആലോചിച്ചു അവന് ആകെ പ്രാന്ത് പിടിച്ചു..


ഒടുവിൽ അവൻ രണ്ടും കൽപ്പിച്ചു തന്റെ ഇഷ്ടം അവളോട് തുറന്നു പറഞ്ഞു, വെറുതെ പ്രണയിച്ചു നടക്കാൻ അല്ല തന്റെ താല്പര്യം, തനിക്ക് വിവാഹം കഴിക്കാൻ തന്നെയാണ് എന്നവൻ അവളോട് തുറന്ന് പറഞ്ഞു..


ആദ്യം ഒന്ന് മടിച്ചെങ്കിലും സോന അവനോട് സമ്മതം മൂളി. അന്ന് മുതൽ പ്രകാശ് മറ്റൊരു ലോകത്തിലായിരുന്നു,


അവൾക്കായി അവൻ ഓരോ ദിവസവും ഓരോ ഈണങ്ങൾ മെനഞ്ഞു, അവളിലെ കഴിവുകൾ ഇതിലും നന്നായി പുറത്തു കൊണ്ടുവരാൻ തനിക്ക് കഴിയുമെന്ന് അവൻ ഉറച്ചു വിശ്വസിച്ചു..


തങ്ങൾ ഒരുമിച്ചു ഇന്ത്യയിലെ ഓരോ വേദികൾ കീഴടക്കുന്നത് സ്വപ്നം കണ്ട് അവൻ ഓരോ ദിവസവും ഉറങ്ങി..


എന്നാൽ അവരുടെ ഇടയിലേക്ക് എബി ഒരു കല്ലുകടിയായി മാറിയിരുന്നു, സോനയോട് തനിച്ചിരുന്നു ഒന്ന് സംസാരിക്കാൻ പോലും എബി സമ്മതിക്കുന്നില്ലായിരുന്നു.


സഹി കെട്ടു ഒരു ദിവസം പ്രകാശ് തങ്ങങ്ങൾക്ക് കുറച്ചു പ്രൈവസി തരണമെന്ന് എബിയോട് മാന്യമായി അഭ്യർത്ഥിച്ചു, അവന് തന്റെ പിഴവ് മനസിലാകുകയും ചെയ്തു.


എന്നാൽ പ്രകാശനെ ഞെട്ടിച്ചുകൊണ്ട് സോന അതിനെതിരെ പ്രതികരിച്ചു, പ്രണയത്തിന്റെ പേരിൽ തന്റെ സൗഹൃദം ഒഴിവാക്കാൻ കഴിയില്ലെന്ന് അവന്റെ മുഖത്തു അടിച്ചപോലെ അവൾ പറഞ്ഞു.


എന്നിട്ടും അവൻ അവളോട് ക്ഷമിച്ചു, അവൾക്ക് വേണ്ടി എന്ത് വിട്ടുവീഴ്ച്ചയ്ക്കും അവൻ തയ്യാർ ആയിരുന്നു.


എന്നാൽ ഈ സംഭവം അറിഞ്ഞ അവന്റെ സുഹൃത്തുക്കൾ അവനെ ഉപദേശിച്ചു, എന്തോ റോങ്ങ്‌ അടിക്കുന്നുണ്ട് സൂക്ഷിക്കണം എന്ന് അവർ അവനോട് പറഞ്ഞു.


എന്നാൽ അവൻ അപ്പോഴേക്കും തന്റെ വീട്ടിൽ ഈ കാര്യം അവതരിപ്പിച്ചിരുന്നു. അവർ നേരെ സോനയുടെ ഡാഡിയെ വിളിച്ചു സംസാരിച്ചു. അങ്ങനെ അവരുടെ കല്യാണം ഉറപ്പിച്ചു.


കൂടാതെ അടുത്ത പ്രോഗ്രാമിന് അവളെ അവന്റെ ട്രൂപ്പിന്റെ ഒപ്പം അയക്കുകയും ചെയ്തു. അവർ ഒരുമിച്ചു മനസ് തുറന്ന് പാടി.. തന്റെ നല്ല നാളുകൾ വന്നുവെന്ന് അവന് തോന്നി.


എന്നാൽ പ്രോഗ്രാം കഴിഞ്ഞു തിരിച്ചു വന്നതിന് ശേഷമാണ് അവളിൽ വീണ്ടും ഒരു മാറ്റം അവന്റെ ശ്രദ്ധയിൽ പെട്ടത്. ഒരുപാട് പ്രാവശ്യം അവൻ അവളോട് കാര്യം തിരക്കി, എന്നാൽ അവൾ ഒന്നും അവനോട് പറയുന്നുണ്ടായിരുന്നില്ല.


അടുത്ത് തന്നെ തങ്ങളുടെ എൻഗേജ്മെന്റ് നടക്കാൻ പോകുകയാണല്ലോ അതുകൊണ്ട് ഇനി ഒന്നും പേടിക്കാനില്ല, കുടുംബക്കാർ തമ്മിൽ പറഞ്ഞു ഉറപ്പിച്ചതല്ലേ, ഇനി കുഴപ്പം ഒന്നും ഉണ്ടാവില്ല എന്നവൻ ആശ്വാസിച്ചു...


അങ്ങനെ ആ ദിവസം വന്നെത്തി, അപ്പോഴാണ് അവൻ അറിയുന്നത് എബി നാട് വിട്ട് പോകുകയാണ്, തങ്ങളുടെ എൻഗേജ്മെന്റ് കൂടാൻ പോലും അവൻ ഉണ്ടാവില്ല എന്ന്.


അതോടെ അവന് കൂടുതൽ ആശ്വാസമായി, വിവാഹം കഴിഞ്ഞാലും അവന്റെ ശല്യം സഹിക്കേണ്ടി വരില്ലല്ലോ.


അങ്ങനെ പള്ളിയിൽ വച്ചു നടന്ന ചടങ്ങിൽ താൻ വിളിച്ചു കൂട്ടിയ കുടുംബക്കാരുടെ എല്ലാം മുന്നിൽ വച്ചു വൈദീകന്റെ ചോദ്യത്തിന് മറുപടിയായി സോന പറഞ്ഞു പ്രകാശിനെ തന്റെ ഭർത്താവായി സ്വീകരിക്കാൻ അവൾക്ക് സമ്മതമാണെന്ന്.


സോന വളരെ ഗ്ലൂമി ആയിരുന്നെങ്കിലും പ്രകാശിന് സന്തോഷമായി, ലോകം ജയിച്ച സന്തോഷത്തിൽ അവൻ വിവാഹത്തിനുള്ള ദിവസങ്ങൾ എണ്ണി കാത്തിരുന്നു. 


എന്നാൽ പിറ്റേന്ന് തന്നെ ഇടിത്തീ പോലൊരു ഫോൺ വിളി അവന്റെ വീട്ടിലേക്ക് എത്തി. സോനയ്ക്കും എബിക്കും പരസ്പരം പിരിയാൻ കഴിയില്ലത്രേ, അവർ തമ്മിൽ വിവാഹം കഴിക്കാൻ പോകുവാണെന്നു. ഇതൊക്കെ പറഞ്ഞാൽ പ്രകാശിന് മനസ്സിലാകുമല്ലോ എന്നും.


അവന് തല കറങ്ങുന്നത് പോലെ തോന്നി, അവനത് ഉൾക്കൊള്ളാൻ കഴിയുന്നില്ലായിരുന്നു, അവൻ പെട്ടന്ന് സോനയെ ഫോണിൽ വിളിച്ചു, ഈ കേട്ടത് ശരിയാണോ എന്ന് ചോദിച്ചു, ഒരു സോറി മാത്രമായിരുന്നു അവളുടെ മറുപടി, അവൻ ഒരിക്കൽ കൂടി അവളുടെ നമ്പർ ഡയൽ ചെയ്തു, പക്ഷേ അങ്ങേ തലക്കൽ നിന്നും ഒരു ബീപ് ശബ്ദം മാത്രം..


 പ്രകാശിന് തന്റെ നെഞ്ച് പിളർന്നു പോകുന്നത് പോലെ തോന്നി.


അവന് അന്ന് ഉറങ്ങാൻ സാധിച്ചില്ല, എങ്ങനെയോ നേരം വെളുപ്പിച്ചു അവൻ കോളേജിലേക്ക് ഓടി, അവിടെ അവൻ കണ്ട കാഴ്ച്ച മറ്റൊന്നായിരുന്നു.


കോളേജ് മുഴുവൻ ഒരു ഉത്സവം പോലെ എബിയെയും സോനയെയും കൊണ്ട് ആഘോഷമായിരുന്നു. എല്ലാവരും അവരുടെ ചുറ്റും കൂടുന്നു, ഇന്നലെ വരെ തന്റെ കൂടെ വിഷാദ ഭാവത്തിൽ നിന്ന സോന ദാ ചിരിച്ചു ഉല്ലസിക്കുന്നു.


തന്നെ കണ്ടതും അവളുടെ മുഖം വീണ്ടും മ്ലാനമാകുന്നത് അവൻ കണ്ടു, അവളെ ഒന്ന് കണ്ട് സംസാരിക്കാൻ അവൻ ആഗ്രഹിച്ചു, പക്ഷേ അവൾ അവനെ കണ്ടതായി ഭാവിച്ചില്ല, കൂടാതെ അവളെ ഇനി നോക്കാൻ പോലും സമ്മതിക്കില്ല എന്ന ഭാവത്തിൽ ഒരു യുദ്ധം ജയിച്ചവനെ പോലെ അവളുടെ കൂടെ തന്നെ ഉണ്ടായിരുന്നു, അവൻ, എബി.


തിരിഞ്ഞ് നടക്കുമ്പോൾ അവൻ കുറെയധികം മുഖങ്ങൾ കണ്ടു, പരിഹാസത്തിന്റെ പുച്ഛത്തിന്റെ സഹതാപത്തിന്റെ വിവിധ ഭാവങ്ങളിൽ അവനെ നോക്കുന്ന അവന്റെ സഹപാഠികൾ.


സോനയോട് രണ്ട് വർത്തമാനം പറയണം എന്നുറപ്പിച്ച തന്റെ സുഹൃത്തുക്കളെ അവൻ പിന്തിരിപ്പിച്ചു, കാരണം അപ്പോഴേക്കും അവൻ ഒരു കാര്യം മനസിലാക്കിയിരുന്നു.


തന്റെ കഥയിലെ വില്ലനല്ല എബി, മറിച്ചു എബിയുടെയും സോനയുടെയും കഥയിലെ വില്ലൻ താനാണെന്ന സത്യം. തനിക്ക് ഒരിക്കലും അവളെ ദ്രോഹിക്കാൻ പറ്റില്ലെന്നും പറഞ്ഞു അവൻ അവിടെ നിന്നും ഇറങ്ങി നടന്നു..


വീട്ടിൽ എത്തിയ അവനെ അവന്റെ അപ്പച്ചൻ സമാധാനിപ്പിച്ചു, അവൾ പോയാൽ പോട്ടെ അവന് വേണ്ടി അതിലും നല്ല വേറെ നൂറ് ആലോചന താൻ കൊണ്ടുവരാം എന്ന് അപ്പച്ചൻ അവനോട് പറഞ്ഞു.


പക്ഷേ അവൻ അപ്പോഴേക്കും മറ്റൊരു തീരുമാനം എടുത്തിരുന്നു, ഇനി തന്റെ ജീവിതത്തിൽ ഒരു പെണ്ണ് വേണ്ട, മറ്റൊന്നും കൊണ്ടല്ല താൻ ഇപ്പോൾ അനുഭവിക്കുന്ന ഈ വേദന ഒരിക്കൽ കൂടി താങ്ങാൻ അവന് കഴിയില്ലായിരുന്നു.


കുറച്ചു ദിവസങ്ങൾ കഴിഞ്ഞു അവൻ അപ്പച്ചനോട് പറഞ്ഞു തനിക്ക് ഈ നാട് വിട്ട് ദൂരെ എവിടെയെങ്കിലും പോകണമെന്ന്. അവനെ പിന്തിരിപ്പിക്കാൻ അവർ ഒരുപാട് ശ്രമിച്ചെങ്കിലും അവൻ തന്റെ തീരുമാനത്തിൽ ഉറച്ചു നിന്നു.


അങ്ങനെ ഒടുവിൽ അവന് അമേരിക്കയിലേക്ക് വിസ തയ്യാറായി. ആകെയുള്ള സുഹൃത്തുക്കളോടും അപ്പച്ചനോടും അമ്മയോടും യാത്ര പറഞ്ഞു അവൻ തന്റെ നാട് വിട്ടു..


കുറച്ചു നാൾ സുഹൃത്തുക്കളെ വിളിക്കുമായിരുന്നു, പിന്നീട് എപ്പോഴോ അതും ഇല്ലാതെയായി.


അങ്ങനെ പത്തു വർഷങ്ങൾ കഴിഞ്ഞു, പ്രകാശ് എവിടെയെന്നെന്ന് ആർക്കും ഒരു അറിവുമില്ല, അവന്റെ അപ്പച്ചനെയും അമ്മയെയും ഒരിക്കൽ അമേരിക്കയിലേക്ക് കൊണ്ടുപോയി എന്ന് മാത്രം സുഹൃത്തുക്കൾക്ക് അറിയാം.


അങ്ങനെ ഇരിക്കെ പ്രകാശിന്റെ ഉറ്റ സുഹൃത്തായിരുന്ന സച്ചിൻ അമേരിക്കയിലേക്ക് എത്തുന്നത്. അവൻ ഒരു ദിവസം ഒരു കാഴ്ച കണ്ടു, അതാ പ്രകാശ് ഒരു സൂപ്പർ മാർക്കറ്റിൽ ക്യു നിൽക്കുന്നു.


അവൻ ഓടിച്ചെന്നു, അവർ പരസ്പരം തിരിച്ചറിഞ്ഞു കെട്ടിപിടിച്ചു. പ്രകാശ് അവിടെ ജോലിയും ഒക്കെയായി ഒതുങ്ങി കൂടി ജീവിക്കുകയാണ്. കാഴ്ചയിൽ പ്രകാശ് പഴയതിലും സുന്ദരനായി കാണപ്പെട്ടു, പക്ഷേ


അതിലും ഞെട്ടൽ സച്ചിന് ഉണ്ടായത് മറ്റൊരു കാര്യം കേട്ടപ്പോഴാണ്, പ്രകാശ് പിന്നെ മൈക് തൊട്ടിട്ടില്ല, ഒരു പാട്ട് പോലും പാടിയിട്ടില്ല, എപ്പോൾ മൈക്കിൽ തൊട്ടാലും അവന് കോളേജിലെ ഓർമ്മകൾ വരും.


എന്നാൽ അവിടെയുള്ള സംഗീത പരിപാടികൾ എല്ലാം അവൻ ആസ്വദിക്കാൻ പോകുമായിരുന്നു, അതായിരുന്നു അവന്റെ ആകെയുള്ള വിനോദം.


അങ്ങനെ മാസങ്ങൾ കഴിഞ്ഞു, ഒഴിവ് ദിവസങ്ങളിൽ സച്ചിനൊപ്പം പ്രകാശും കൂടി, പതിയെ സച്ചിന്റെ സുഹൃത്തുക്കളെ ഒക്കെ അവനും പരിചയമായി. അങ്ങനെ ഇരിക്കെ ഒരു ദിവസം അവർ എല്ലാവരും കൂടി ഒരുമിച്ചു ഒരു യാത്ര പോയി, ആ യാത്രയിൽ ഒരു ക്യാമ്പ് ഫയറിന് ചുറ്റും ഇരിക്കുമ്പോഴാണ് സച്ചിൻ എല്ലാവരോടും പ്രകാശിന്റെ പാട്ടിനെ പറ്റി പറയുന്നത്.


ആ ഒരു മൂഡിൽ എല്ലാവരും നിർബന്ധിച്ചപ്പോൾ വർഷങ്ങൾക്ക് ശേഷം അവൻ വീണ്ടും പാടി.. എന്നാൽ തന്റെ പഴയ ശുദ്ധ മലയാള സംഗീതമല്ല അവന്റെ നാവിൽ നിന്നും വന്നത്,

വർഷങ്ങളായി അവൻ കേൾക്കുന്ന അമേരിക്കൻ സംഗീതവും തന്റെ മലയാളവും എല്ലാം കൂടി കലർന്ന ഇൻഡോ അമേരിക്കൻ ഫ്യൂഷൻ.


അവൻ പാടി തീർന്നതും അവന് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല, തനിക്ക് ചുറ്റും വലിയൊരു ആൾക്കൂട്ടം വന്നത് പാട്ടിൽ മുഴുകിയിരുന്ന അവൻ ശ്രദ്ധിച്ചിരുന്നില്ല.


അവന് വേണ്ടി ആദ്യം മുഴങ്ങിയ കയ്യടികൾ അവിടെ ഉണ്ടായിരുന്ന ആ നാട്ടുകാരുടെ ആയിരുന്നു.


തന്റെ ഉള്ളിലെ സംഗീതത്തിന്റെ കനൽ ഇപ്പോഴും കെട്ടിട്ടില്ല എന്നത് അവനൊരു പുതിയ തിരിച്ചറിവായിരുന്നു. തന്നെ വഞ്ചിച്ചിട്ട് പോയ ഒരു പെണ്ണിന് വേണ്ടി അത് ഇനിയൊരിക്കലും കളയില്ല എന്നവൻ പ്രതിജ്ഞയെടുത്തു.


അപ്പോഴേക്കും പ്രകാശ് പാടുന്നത് ഇന്റർനെറ്റിൽ വൈറൽ ആകാൻ തുടങ്ങിയിരുന്നു. അമേരിക്കക്കാരുടെ ഇടയിൽ അവന് സ്വീകാര്യത ലഭിച്ചു, ജോലി രാജി വച്ചു അവൻ സംഗീതത്തിന്റെ ലോകത്തിലേക്ക് വീണ്ടുമിറങ്ങി..


അവന്റെ വേദനകൾ അവന്റെ സംഗീതത്തെ കൂടുതൽ മൂർച്ചയുള്ളത് ആക്കിയിരുന്നു..


അവൻ ഓരോ ആൽബം റിലീസ് ചെയ്യുന്നതിനായി ലക്ഷങ്ങൾ കാത്തിരുന്നു, പ്രകാശ് പാടുന്ന വേദികൾ ഉണ്ടെന്നറിഞ്ഞാൽ ദിവസങ്ങൾക്കു മുന്നേ ആരാധകർ അവിടെ തമ്പടിക്കുന്ന അവസ്ഥയിലേക്ക് എത്തി കാര്യങ്ങൾ..


പതിയെ അവന്റെ സംഗീതം അമേരിക്കയുടെ പുറത്തേക്കും ഇറങ്ങി, അമേരിക്കയിൽ പാട്ടിലൂടെ തരംഗം തീർക്കുന്ന ആ മലയാളിയുടെ കഥ എല്ലാം ആരംഭിച്ച കൊച്ചു കേരളത്തിലും എത്തി, ഇരുപത്തിയഞ്ച് വർഷങ്ങൾക്ക് ശേഷം ഇങ്ങ് കേരളത്തിലും ട്രെൻഡ് ആയി മാറി പ്രകാശ് മാത്യു....


പരാജയങ്ങൾ ഒന്നിന്റെയും അവസാനമല്ല, പുതിയ വളർച്ചയുടെ തുടക്കമാണ് എന്ന് കാണിച്ചു കൊണ്ട് പ്രകാശ് മാത്യു വളരുകയാണ്...


That's the untold story of Prakash Mathew...


Written by


Anup Jose  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ