ബെത്‌ലഹേമിലെ ഡെന്നിസ്..

 എന്നേക്കുറിച്ച് അറിയുമോ ആമിക്ക്, ഞാനും ഒരു അനാഥനാണ്.. a born orphan...


ആമി : Like me!?


ഡെന്നിസ് : Not at all like you.. ആമിക്ക് ഒരു അച്ഛനുണ്ട്, അമ്മയുണ്ട്, മുത്തശ്ശൻ, മുത്തശ്ശി, അങ്ങനെ ഒരുപാട് പേര്... അവർ തന്നെ ദത്തെടുത്തതല്ല... സ്വന്തമാക്കിയതാണ്...


എന്റെ കഥയിൽ അങ്ങനെ ആരുമില്ല... Rukes and Welson എന്ന ബ്രിട്ടീഷ് ഇന്ത്യൻ കമ്പനിയാണ് എന്നേ വളർത്തി വലുതാക്കിയത്.. 


ബോർഡിങ്‌ സ്ക്കൂളിലും പിന്നെ കോളേജിലും മുടങ്ങാതെ മാസം തോറും ആ കൽക്കട്ട ബേസ്ഡ് കമ്പനിയുടെ മണിയോർഡർ എത്തിയിരുന്നു..

തിരിച്ചറിവിന്റെ പ്രായം എത്തിയപ്പോൾ ഞാൻ അന്വേഷണം തുടങ്ങി.. Rukes and Wels എന്ന കമ്പനിയും ഞാനുമായുള്ള ബന്ധം.. തന്റെ ഭാഷയിൽ പറഞ്ഞാൽ എന്ത് ജനറ്റിക് ചുറ്റിക്കളിയാണ് ഇതിന്റെ പിന്നിൽ ഉള്ളതെന്നറിയാൻ...


അറിഞ്ഞില്ല.... ആരും പറഞ്ഞില്ല....


ഒരു ദിവസം ഞാൻ ചെന്നു, രക്ഷകർത്താവായ കമ്പനി തേടി കൽക്കട്ടയിൽ.. പക്ഷേ ഇളം മഞ്ഞ നിറമടിച്ച ആ വിക്ടോറിയൻ ബിൽഡിംഗ്‌ അടച്ചിരുന്നു..


കമ്പനി വൈൻഡപ്പ് ചെയ്തിരുന്നു.. സായിപ്പന്മാർ തിരിച്ചു പോയി... 


വെറുതെയങ്ങു പോയതല്ല... കണക്കില്ലാത്ത ഒരു വലിയ തുക എന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ട്.. ഒരു ധനികനായ അനാഥനായി എന്നേ മാറ്റിയിട്ട് എന്റെ പേട്രന്റസ് പോയി..



മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ... ഒരു മുത്തശ്ശിക്കഥപോലെ വിചിത്രം.... വേദനിക്കുകയും കണ്ണീർരൊഴുക്കുകയും ചെയ്ത ബാല്യം പണ്ടേ പോയി.. 


ഇന്ന് ഞാൻ ശ്രമിക്കുന്നത് മുഴുവൻ ആരെയും വേദനിപ്പിക്കാതെ ഇരിക്കാനാണ്.. കഴിയുമെങ്കിൽ ആർക്കെങ്കിലും നന്മ ചെയ്യാൻ.. ആരെയെങ്കിലും സ്നേഹിക്കാൻ...


എനിക്കത് കഴിയുന്നുമുണ്ട്.. ആമിക്കും അത് മാത്രം ചെയ്തുകൂടെ...


ചെറുപ്പത്തിൽ ഈ സിനിമ കാണുമ്പോൾ ഡെന്നിസിനെ ശ്രദ്ധിച്ചിട്ടേ ഇല്ലായിരുന്നു, അന്നത് കോമഡി പറയുന്ന ജയറാം അവതരിപ്പിച്ച രവി ശങ്കറിന്റെ മാത്രം സിനിമയായിരുന്നു.. ഏറ്റവും ഒടുവിൽ മാത്രം വന്ന് വിഷമിപ്പിച്ചു പോകുന്ന ലാലേട്ടനെയും ചിരിപ്പിക്കാനും തല്ല് കൊള്ളാനും മാത്രം വന്നിരുന്ന മോനായിയെയും ഒക്കെ ശ്രദ്ധിച്ചിട്ടും 


ഡെന്നിസിനെ ശ്രദ്ധിച്ചിട്ടേ ഇല്ല, എന്തൊക്കയോ മനസിലാകാത്ത കാര്യങ്ങൾ പറയുന്ന ഒരു ബോറൻ ആയിരുന്നു ഡെന്നിസ്.. 


വെറും രണ്ടര വർഷത്തെ പരിചയം മാത്രമുള്ള സുഹൃത്തിനു വേണ്ടി സ്വന്തം വീടും സ്വത്തും എല്ലാം കുറച്ചു നാളത്തേക്ക് വിട്ട് കൊടുക്കുന്നതും, ഒരു പരാതിയും ഇല്ലാതെ ഔട്ട്‌ ഹൗസിൽ തന്റെ ജോലിക്കാരന്റെ ഒപ്പം താമസിക്കുന്നതും ഒന്നും അന്ന് വലിയ ഒരു കാര്യമായി തോന്നിയിരുന്നില്ല.



എന്നാൽ വളർന്നു കഴിഞ്ഞു ഓരോ പ്രാവശ്യം ഈ സിനിമ കാണുമ്പോഴും എന്റെ ഉള്ളിലെ കാഴ്ചപ്പാടുകൾക്ക് മാറ്റം വരാൻ തുടങ്ങി..


എന്നിക്ക് പതിയെ ഓരോ കാര്യങ്ങൾ മനസിലായിതുടങ്ങി, അത് രവിശങ്കറിന്റെ കഥ അല്ലായിരുന്നു,അത് ഡെന്നിസിന്റെ മാത്രം കഥയായിരുന്നു, അയാൾ പറഞ്ഞതൊക്കെ അർഥമുള്ള കാര്യങ്ങളായിരുന്നു, രവിശങ്കർ വെറുമൊരു നിമിത്തം മാത്രമായിരുന്നു..


അയാൾ ചെയ്തത് ഒന്നും ആരും ആർക്ക് വേണ്ടിയും ചെയ്യുന്ന കാര്യങ്ങളല്ല..


എത്ര തെറ്റിദ്ധരിക്കപ്പെട്ടാലും ആരൊക്കെ മുഖം കറുപ്പിച്ചു സംസാരിച്ചാലും ദേഷ്യം മുഖത്തും മനസ്സിലും വരാത്ത നല്ലൊരു മനുഷ്യനാണ് അയാൾ.


എത്രയോ ജന്മമായി എന്ന് തുടങ്ങുന്ന ആ മനോഹര ഗാനം പോലും രവിശങ്കറിനു ഏതോ പെൺകുട്ടി അയക്കുന്നത് ആയിരുന്നില്ല, അത് ജന്മങ്ങളായി അയാൾക്ക് വേണ്ടി കാത്തിരുന്ന അഭിരാമിയുടെ മനസായിരുന്നു..


രവിശങ്കർ ആയിരുന്നില്ല അയാളുടെ ആത്മാർത്ഥ സുഹൃത്ത്, പല കാര്യങ്ങളും പറയാതെ തന്നെ മനസിലാക്കുന്ന, അയാളുടെ ഉള്ളറിയുന്ന, അയാൾ എല്ലാം തുറന്ന് പറയുന്ന ആത്മാർഥസുഹൃത്ത്‌, അത് മോനായി ആയിരുന്നു..


അവർ ഇപ്പോഴും ചന്ദ്രഗിരിയിൽ ആ ഫാംഹൌസിൽ തമാശകൾ പറഞ്ഞു ഏറെ സന്തോഷത്തോടെ ജീവിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന മനോഹരമായ ഒരു കഥ..


സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ആരാണെന്ന് എന്നോട് ചോദിച്ചാൽ ഒരു നിമിഷം പോലും ആലോചിക്കാൻ നിൽക്കാതെ ഞാൻ മറുപടി കൊടുക്കും,


ബെത്‌ലഹേമിലെ ഡെന്നിസ്..


ആരാണ് ഇത്തരത്തിൽ നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം...?



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ