മരുഭൂമി പോലെ വിജനമായ പ്രദേശത്തു കൂടി ഒരു കാളവണ്ടി കടന്നു വരികയാണ്. വണ്ടിയുടെ മുന്നിലൂടെ നടക്കുന്ന പയ്യൻ അതിനുള്ളിൽ ഉള്ള ആളുടെ വീര കൃത്യങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടാണ് വരുന്നത്.
അതിനുള്ളിൽ ഉള്ളത് സാക്ഷാൽ മലയ്ക്കോട്ടെ വാലിബൻ എന്ന പേര് കേട്ട മല്ലനാണ്. അയാളെ ഇന്നുവരെ ആരും തോൽപ്പിച്ചിട്ടില്ല. വണ്ടി ഓടിക്കുന്നത് അയാളുടെ ആശാനായ അയ്യനാരും മുന്നിൽ നടക്കുന്നത് ആശാന്റെ മകനായ ചിന്നപ്പയ്യന്നുമാണ്.
ആരോരുമില്ലാത്ത വാലിബനെ ആശാൻ എടുത്ത് വളർത്തിയതാണ്.
എല്ലാ നാട്ടിലും ഓരോ മല്ലന്മാർ ഉണ്ടായിരിക്കും, അവരെ പുറത്ത് നിന്ന് ഏതെങ്കിലും ഒരു മല്ലൻ വന്നു തോൽപ്പിച്ചാൽ അവരുടെ പെണ്ണിനേയും മണ്ണിനേയും ആ മല്ലന് സ്വന്തമാക്കാം. ഇതാണ് ആ നാട്ടിലെ നിയമം.
ആശാനും ചിന്നപ്പയ്യനും വാലിബനും ഓരോ ദേശങ്ങളിൽ കൂടി സഞ്ചരിച്ചു അവിടെയെല്ലാം ഉള്ള മല്ലന്മാരെ തോൽപിച്ചു ഒരു പുതിയ ദേശത്തിൽ എത്തിയിരിക്കുകയാണ്. അവിടെയുള്ള മല്ലന്മാരെ ചിന്നപ്പയ്യൻ വെല്ലുവിളിക്കുകയാണ്.
അപ്പോൾ ഒരു പയ്യൻ ഓടിച്ചെന്നു ആ നാട്ടിലെ മല്ലന്റെ അടുത്തുചെന്ന് വിവരം പറയുന്നു. ഭീമാകാരനായ ആ മല്ലൻ ദേഷ്യത്തിൽ തന്റെ ഗദയുമെടുത്തു വാലിബന്റെ അടുത്തേക്ക് ചെല്ലുന്നു. എന്നാൽ വാലിബൻ ഉറക്കത്തിൽ നിന്നും ഉണർന്നു ഒരു കുടം കള്ളും മോന്തികൊണ്ട് ഇരിക്കുകയായിരുന്നു.
വണ്ടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ അയാൾക്ക് രണ്ട് കാലുകൾ ഉറപ്പിച്ചു നിലത്തു നിൽക്കാൻ കഴിയാതെ ഇരുന്നുപോകുന്നു. അത് കണ്ട് പരിഹാസത്തോടെ ഓടി വരുന്ന ആജാനുബാഹുവായ ആ മല്ലനെ പക്ഷേ വാലിബൻ നിഷ്പ്രയാസം മലത്തിയടിക്കുന്നു.
അയാളെ തോൽപ്പിച്ചെങ്കിലും അയാളുടെ പെണ്ണിനെയോ സമ്പത്തോ സ്വീകരിക്കാൻ തയ്യാറാകാതെ അവർ അവിടെ നിന്ന് മറ്റൊരു ദേശത്തേക്ക് യാത്രയാകുന്നു.
ആ ദേശത്തെ രാജകുമാരിയോട് വാലിബന് പ്രണയമുണ്ടായിരുന്നു. വാലിബൻ പോയി പോര് ജയിച്ചിടത്തെല്ലാം പെണ്ണിനെ ലഭിക്കുമെങ്കിലും ആരുമായിട്ടും വാലിബൻ ഒരു ബന്ധവും പുലർത്തിയിരുന്നില്ല, അതിന് കാരണം ഈ പ്രണയമായിരുന്നു. ഒരിക്കൽ തന്റെ കാണാതായ കുതിരയെ തിരഞ്ഞു അവിടെ എത്തിയതാണ് വാലിബൻ.
നാട് ചുറ്റുന്നതിന് ഇടയിൽ ആ ദേശത്തു വരുമ്പോഴേല്ലാം വാലിബൻ ആ രാജകുമാരിയെ സന്ദർശിക്കുമായിരുന്നു. അങ്ങനെ അവിടെ ഒരു ദിവസം താമസിച്ച ശേഷം വാലിബൻ വീണ്ടും യാത്ര ആരംഭിച്ചു അടുത്ത ദേശത്തു എത്തുന്നു.
അവിടെ വച്ച് വാലിബൻ രംഗറാണി എന്നൊരു നർത്തകിയെ പരിചയപ്പെടുന്നു, രംഗറാണിയുടെ ഒപ്പം അവരുടെ ഉറ്റ സുഹൃത്തും തൊഴിയുമായ തേനമ്മയും ഉണ്ട്. രംഗറാണി നൃത്തം ചെയ്യുന്നതിനിടയിൽ അവിടെ ഉണ്ടായിരുന്ന ചമതകൻ എന്നൊരാൾ അവരോട് മോശമായി പെരുമാറാൻ ശ്രമിക്കുന്നത് കണ്ട് വാലിബൻ അയാളെ അടിച്ചു താഴെയിടുന്നു.
ഇതിൽ കലിപൂണ്ട ചമതകൻ വാലിബനെ തന്റെ നാട്ടിലെ മല്ലനുമായി പോരിന് വരാൻ വെല്ലുവിളിക്കുന്നു.
വെല്ലുവിളികൾ ഹരമായ വലിബൻ ചമതകന്റെ ദേശമായ മാങ്കോട് നാട്ടിലേക്ക് യാത്രയാകുന്നു. വഴിയിൽ വച്ച് അവർ ജമന്തി എന്നൊരു പെൺകുട്ടിയെ കൂടി കാളവണ്ടിയിൽ കയറ്റുന്നു.
മാങ്കോട് എത്തിയ വാലിബൻ അവിടെ പോരിന് ഇറങ്ങുന്നു, എന്നാൽ മാങ്കോട് മല്ലൻ ഒരുപാട് ചതി അടവുകളാണ് പയറ്റുന്നത്. എന്നിട്ടും അയാൾക്ക് വാലിബന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല, മാങ്കോട് മല്ലനെയും തോൽപ്പിച്ചു അയാളുടെ ചതികൾ നിറഞ്ഞ കളരിയും തകർത്തിട്ടാണ് വാലിബൻ അവിടെ നിന്നും യാത്രയാകുന്നത്. ഒപ്പം ചമതകന്റെ മുടിയും താടിയും പകുതി വടിച്ചു ആ ദേശത്തു നിന്നും പുറത്താക്കുന്നു.
അപ്പോഴേക്കും ചിന്നപ്പയ്യൻ ജമന്തിയുമായി പ്രണയത്തിൽ ആയിരുന്നു, അവർ അവളെയും യാത്രയിൽ ഒപ്പം കൂട്ടുന്നു.
ആ യാത്രയിൽ അവർ വീണ്ടും രംഗറാണിയെ കാണുന്നു, അവരും വാലിബനും പോകുന്നത് ഒരെ സ്ഥലത്തേക്കാണ്, മലയ്ക്കോട്ടയിലേക്ക്.
വാലിബന്റെ ആ നാട് ഇപ്പോൾ ഭരിക്കുന്നത് ഒരു ബ്രിട്ടീഷുകാരനും അയാളുടെ റാണിയുമായിരുന്നു. റാണിയുടെ ജന്മദിനത്തിൽ നൃത്തം ചെയ്യാനാണ് രംഗറാണി പോകുന്നത്. വാലിബൻ പോകുന്നത് അവരെ പോരിന് വെല്ലുവിളിച്ചു, അവരെ തോൽപ്പിച്ചു തന്റെ ആളുകളെ തടവിൽ നിന്നും രക്ഷിക്കാനും.
വാലിബനോട് യുദ്ധം ചെയ്യാൻ രാജാവും റാണിയും തന്നെ നേരിട്ട് ഇറങ്ങുന്നു. എന്നാൽ അവർക്ക് രണ്ട് പേർക്കും വാലിബന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. പക്ഷേ അപ്പോഴേക്കും വാലിബൻ മയങ്ങി വീഴാൻ തുടങ്ങി, കാരണം പോരിന് ഇറങ്ങുന്നതിനു മുൻപ് ആൾക്കൂട്ടത്തിന് ഇടയിൽ വച്ച് ചമതകൻ വാലിബന്റെ ദേഹത്ത് വിഷം കുത്തി വച്ചിരുന്നു.
ബോധം പോയ വാലിബനെ അവർ രണ്ട് തൂണുകളിലായി ബന്ധിക്കുന്നു, ഒപ്പം ഉണ്ടായിരുന്നവരെ തടവിലും ആക്കുന്നു. എന്നാൽ വാലിബന് ബോധം വരുമ്പോൾ അയാൾ അതെല്ലാം പൊളിച്ചു കളയുന്നു. പിന്നീട് അവിടെ വലിയ ഒരു യുദ്ധം നടക്കുന്നു, അതിന്റെ ഒടുവിൽ രാജാവിനെയും റാണിയെയും കൊന്ന് വാലിബൻ തടവുകാരെ എല്ലാം രക്ഷിക്കുന്നു.
തന്റെ നാട്ടുകാരെ എല്ലാം സ്വാതന്ത്രമായി ജീവിക്കാൻ വിട്ടിട്ട് അവർ അവിടെ നിന്ന് വീണ്ടും യാത്രയാകുന്നു. അതിനിടയിൽ രംഗറാണി വാലിബനോട് പ്രണയം തുറന്നു പറയുന്നു, പക്ഷേ വാലിബൻ അത് നിരാകരിക്കുന്നു.
പിന്നീട് ഒരു രാത്രിയിൽ ആശാൻ വാലിബനോട് ഒരു കഥ പറയുകയാണ്, ഒരിക്കൽ ഒരു കൊള്ളസംഘം ഒരു ഗ്രാമം കൊള്ളയടിച്ചു, അവിടെ ഉണ്ടായിയുന്നവരെ മുഴുവൻ കൊല്ലുകയും ചെയ്തു. ആ കൂട്ടത്തിൽ വാലിബന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. അവിടെ നിന്നാണ് ആശാന് വാലിബനെ ലഭിച്ചതെന്ന്.
ആശാൻ എന്നാണ് വിളിക്കുന്നതെങ്കിലും വാലിബൻ തന്റെ സ്വന്തം അച്ഛനെ പോലെ തന്നെയായിരുന്നു ആശാനെ കണ്ടിരുന്നത്.
പിറ്റേന്ന് അവർ എല്ലാവരും കൂടി ഒരു ഉത്സവം കാണാൻ പോകുകയാണ്, പോകുന്ന വഴി രംഗറാണി തന്റെ മനസിലെ വിഷമം തേനമ്മയോട് പറയുന്നു. എന്നാൽ തേനമ്മ അതിന് മറുപടി നൽകിയത് വാലിബന്റെ മനസ്സിൽ മറ്റൊരു പെണ്ണുണ്ടെന്നും അത് ജമന്തി ആണെന്നുമാണ്.
എന്നാൽ വാലിബനും ജമന്തിയും തമ്മിൽ ഒരു സഹോദരബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ തന്നെ അവൾ ഗർഭിണി ആയ സന്തോഷം ആദ്യമായ് പങ്ക് വയ്ക്കുന്നത് വാലിബനോടാണ്. സന്തോഷം കൊണ്ട് വാലിബൻ അവളെ ആലിംഗനം ചെയ്യുന്നു. എന്നാൽ ഇത് നേരിൽ കാണുന്ന രംഗറാണിയും തേനമ്മ പറഞ്ഞത് സത്യമാണെന്നു വിശ്വസിക്കുന്നു.
തുടർന്ന് അവർ രണ്ടുപേരും കൂടി ചിന്നപ്പയ്യന്റെ അടുത്ത് പോയി ജമന്തി ഗർഭിണി ആണെന്നും, ആ കുഞ്ഞ് യഥാർത്ഥത്തിൽ വാലിബന്റെ ആണെന്നും പറഞ്ഞു അവനെ തെറ്റിദ്ധരിപ്പിക്കുന്നു. കലി പൂണ്ട ചിന്നൻ ഉത്സവം നടക്കുന്ന സ്ഥലത്ത് പോയി നോക്കുമ്പോൾ കാണുന്നത് തേര് വലിച്ചുകൊണ്ട് പോകുന്ന വാലിബനെ നോക്കി ആർപ്പ് വിളിക്കുന്ന ജമന്തിയെയാണ്.
കുതിരമുത്തപ്പാ ഞങ്ങളുടെ ജനിക്കാൻ പോകുന്ന കുഞ്ഞിനെ കാത്തുകൊള്ളണമേ എന്ന വാലിബന്റെ പ്രാർത്ഥന കൂടി കേട്ടതോടെ ചിന്നന്റെ നിയന്ത്രണം വിട്ടു പോകുന്നു.
ഇതേ സമയം തന്നെ രംഗറാണിക്ക് വേണ്ടി ജമന്തിയെ വകവരുത്താൻ തേനമ്മ ഇറങ്ങി തിരിക്കുന്നു. അപ്പോൾ അവിടേക്ക് വാലിബനെ കൊല്ലനായി ചമതകനും എത്തിയിട്ടുണ്ടായിരുന്നു. അയാളെ വാലിബൻ കാണുകയും ചെയ്തു. എന്തോ അരുതാത്തത് നടക്കാൻ പോകുന്നു എന്ന് വാലിബന് ഒരു തോന്നൽ ഉണ്ടാവുന്നുണ്ട്.
അവിടെ എല്ലാവരും തന്നെ മുഖംമൂടി ധരിച്ചിട്ട് ഉണ്ടായിരുന്നു. പെട്ടന്നാണ് ആ ആൾക്കൂട്ടത്തിന് ഇടയിൽ വച്ച് മുഖംമൂടി ധരിച്ച ആരോ ഒരാൾ ജമന്തിയെ കുത്തി വീഴ്ത്തുന്നത്. അത് കണ്ട് വാലിബൻ അവളുടെ അടുത്തേക്ക് ഓടി ചെല്ലുമ്പോഴേക്കും അവൾ മരിച്ചിട്ട് ഉണ്ടായിരുന്നു.
രക്തം പുരണ്ട കത്തിയുമായി ഒരാൾ ഓടുന്നത് കണ്ട് വാലിബൻ അയാളുടെ പിന്നാലെ ഓടുന്നു. പെട്ടന്ന് ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന് മുഖംമൂടി ധരിച്ചൊരാൾ കത്തിയുമായി വാലിബനെ ആക്രമിക്കുന്നു.
ഒന്നും നോക്കാതെ വാലിബൻ അയാളെ കൊല്ലുന്നു, എന്നാൽ പതിയെ മുഖംമൂടി മാറ്റി നോക്കിയ വാലിബൻ തകർന്നുപോയി, അത് ചിന്നൻ ആയിരുന്നു. തന്റെ ഒരേഒരു മകനെ നഷ്ടപ്പെട്ടതറിഞ്ഞ ആശാനും അലറി കരഞ്ഞു.
ചിന്നന്റെയും ജമന്തിയുടെയും ചിതയുടെ മുന്നിൽ വച്ച് ആശാൻ വാലിബനെ തന്റെ ശത്രുവായി പ്രഖ്യാപിക്കുന്നു. വാലിബനെ മലർത്തിയടിക്കാൻ ഒരാളെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ടാണ് ആശാൻ അവിടെ നിന്നും പോകുന്നത്.
ആശാനും വാലിബനും തമ്മിൽ ശത്രുതയിൽ ആയതറിഞ്ഞ ചമതകൻ ആശന്റെ കൂടെ കൂടുന്നു. അങ്ങനെ ആശാൻ ചമതകനോട് ഒരു രഹസ്യം പറയുന്നു, വാലിബന്റെ ജനനത്തിന്റെ രഹസ്യം.
പണ്ട് ആശാന്റെ ഗ്രാമത്തിലെ ഏറ്റവും വലിയ മല്ലൻ ആശാൻ ആയിരുന്ന സമയത്ത് ഒരു ദിവസം എല്ലാം തികഞ്ഞ ഒരു പോരാളി ഏതോ ദേശത്തു നിന്ന് അവിടേക്ക് വന്നു. അയാളെക്കുറിച്ച് നാട്ടുകാർ പലതായിരുന്നു പറഞ്ഞിരുന്നത്, അയാൾക്ക് വലിയ രൂപം സ്വീകരിക്കാനും ചെറിയ രൂപം സ്വീകരിക്കാനും കഴിയുമായിരുന്നു.
അയാൾ നിഷ്പ്രയാസം ആശാനെ തോൽപ്പിച്ചു ആശാന്റെ ഭാര്യയെ സ്വന്തമാക്കി. അവർക്ക് വയറ്റിൽ ഒരു കുഞ്ഞിനേയും നൽകിയിട്ട് അയാൾ പോയി. മറ്റൊരാളിൽ നിന്നും ഗർഭിണിയായ അവരെ ആശാൻ സുസ്രൂഷിച്ചു. എന്നാൽ കുഞ്ഞു ജനിച്ച ഉടനെ തന്നെ ആശാൻ അവരെ കൊന്നുകളയുകയും ചെയ്തു.
ആ കുഞ്ഞാണ് വാലിബൻ, അന്ന് തന്നെ തോൽപിച്ച ആ പോരാളിയോട് അയാളുടെ ചോര കൊണ്ടുതന്നെ പ്രതികാരം ചെയ്യാനാണ് ആശാൻ വാലിബനെ എല്ലാം തികഞ്ഞ ഒരു പോരാളിയായി വളർത്തിയത്.
ആശാൻ കഥ പറഞ്ഞു കഴിയുമ്പോൾ ഇതിനിടയിൽ തന്റെ പ്രതികാരം കൂടി താൻ തീർക്കുമെന്ന് പറഞ്ഞ ചമതകനെ ആശാൻ കൊള്ളുന്നു. ഇത് അയാളുടെ മാത്രം പ്രതികാരമാണ്.
പിന്നീട് നമ്മൾ കാണുന്നത് രണ്ട് മലകളിലായി നിൽക്കുന്ന വാലിബനെയും അയാളുടെ അച്ഛനെയുമാണ്. അയാളുടെ അച്ഛന്റെ മുഖം വാലിബനെപ്പോലെ തന്നെയാണ്, പക്ഷേ ശരീരം കൊണ്ട് വാലിബനെക്കാൾ കരുത്തനാണ്. അയാൾ മലയുടെ മുകളിൽ നിന്നും വാലിബനെ ലക്ഷ്യമാക്കി ചാടുന്നയിടത്തു കഥ അവസാനിക്കുന്നു..
ലാലേട്ടനും ലിജോ ജോസ് പെല്ലിശേരിയും ഒന്നിച്ച മലയ്ക്കോട്ടെ വാലിബൻ....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ