Retro - Tamil Action Movie

 തിലകൻ എന്നൊരാളുടെ ഗോഡൗൺ ആക്രമിക്കാൻ വേണ്ടി കുറച്ചു ഗുണ്ടകൾ വരികയാണ്, അയാളുടെ അളിയൻ തന്നെയാണ് അവരെ അങ്ങോട്ട് കൊണ്ടുവന്നിരിക്കുന്നത്.


അവർ അവിടെ ഉണ്ടായിരുന്ന സാധനങ്ങൾക്ക് ഒപ്പം വാച്ച്മാന്റെ ജീവൻ കൂടി എടുക്കുന്നു. ആ സമയമെല്ലാം അയാളുടെ ഒപ്പം ഒരു കുട്ടിയും ഉണ്ടായിരുന്നു.


പിന്നീട് അവിടേക്ക് വരുന്ന തിലകനും അയാളുടെ ഭാര്യ സന്ധ്യയും ആ കുട്ടിയെ കാണുന്നു. തുർക്കിയിൽ നിന്ന് അയാൾ കൊണ്ടുവന്ന എന്തോ സാധനങ്ങളാണ് അയാളുടെ അളിയൻ അവിടെ നിന്നും കൊള്ളയടിച്ചത്.


എന്തായാലും അവിടെ കണ്ട ആ കുട്ടിയെ എടുത്ത് വളർത്താൻ സന്ധ്യ തീരുമാനിക്കുന്നു, എന്നാൽ തിലകന് അതിനോട് വലിയ താല്പര്യം ഉണ്ടായിരുന്നില്ല. അവന്റെ ദേഹത്തു ഒരു പ്രിത്യേക രീതിയിലുള്ള മറുക് ഉണ്ടായിരുന്നു, അതിൽ ഒരു തൃശൂലത്തിന്റെ ചിഹ്നവും.


അവന് അവർ പാരിവേൽ കണ്ണൻ എന്ന് പേരും ഇടുന്നു. പക്ഷേ അവന് ഒരു കുഴപ്പം ഉണ്ടായിരുന്നു, അവനെ അവർ ഒരിക്കൽ പോലും ചിരിച്ചു കണ്ടിട്ടില്ല.


അവനെ ഒന്ന് ചിരിപ്പിക്കാൻ അവർ പറ്റുന്ന വഴികളെല്ലാം നോക്കി, പക്ഷേ ഒന്നും നടന്നില്ല. മാത്രമല്ല അവൻ വളർന്നു വരുംതോറും കൂടെ പഠിക്കുന്ന കുട്ടികളെ എല്ലാം അടിക്കുകയും ഇരിക്കുകയും ഒക്കെ ചെയ്യുമായിരുന്നു.


അങ്ങനെ ഇരിക്കെ ഒരു അസുഖം ബാധിച്ചു അവന്റെ വളർത്തമ്മയായ സന്ധ്യ മരണപ്പെടുന്നു. അതിന് മുന്നേ അവർ അവനോട് സത്യങ്ങൾ എല്ലാം തുറന്നു പറയുന്നുണ്ട്, അതുപോലെ അവനോട് ചിരിക്കണം എന്നും, ചിരിച്ചാൽ അവനെ കാണാൻ നല്ല ഭംഗി ഉണ്ടായിരിക്കും എന്നും.


സന്ധ്യയുടെ അന്ത്യകർമ്മങ്ങൾ വാരാണസിയിൽ വച്ചായിരുന്നു നടത്തപ്പെട്ടിരുന്നത്, അവിടെ വച്ചു അവൻ റുക്മിണി എന്നൊരു പെൺകുട്ടിയെ പരിചയപ്പെടുന്നു. അവളും അവനോട് ചിരിക്കാൻ ആവശ്യപ്പെടുന്നു, അതുപോലെ ചിരിച്ചാൽ അവനെ കാണാൻ നല്ല ഭംഗി ആയിരിക്കും എന്നും പറയുന്നു.


പിന്നീട് വർഷങ്ങൾ കടന്നു പോയി, പാരി തിലകന്റെ വലം കൈ ആയി മാറിയിരുന്നു. അയാളുടെ എല്ലാവിധ ക്രിമിനൽ പദ്ധതികളും മുന്നിൽ നിന്ന് നടപ്പാക്കുന്നത് പാരി ആയിരുന്നു.


അങ്ങനെ ഇരിക്കെ പാരി വീണ്ടും അവിചാരിതമായി രുകമിണിയെ കാണുകയും പ്രണയത്തിൽ ആകുകയും ചെയ്യുന്നു. പക്ഷേ പാരി ഇങ്ങനെ അക്രമണത്തിന്റെ പാതയിൽ നടക്കുന്നത് അവൾക്ക് ഇഷ്ടമായിരുന്നില്ല.


അവനെ വിവാഹം കഴിക്കണം എന്നുണ്ടെങ്കിൽ ഇതെല്ലാം ഉപേക്ഷിക്കണം എന്നായിരുന്നു അവളുടെ ഒരേഒരു ആവശ്യം.


എന്നാൽ അവന് വാക്ക് പാലിക്കാൻ കഴിഞ്ഞിരുന്നില്ല, അതുപോലെ അവന്റെ വളർത്തച്ഛൻ ആയിരുന്ന തിലകൻ ആയിട്ടും അവൻ ഒരു വിഷയത്തിൽ ഉടക്കി പിരിയുന്നു.


വീണ്ടും വർഷങ്ങൾക്ക് ശേഷം അവൻ പുതിയ ഒരു ലക്ഷ്യവും ആയിട്ട് ഇറങ്ങുകയാണ്, ജീവിതത്തിൽ അന്നേവരെ ചിരിച്ചിട്ടില്ലാത്ത അവൻ കുറച്ചു മനുഷ്യരെ ചിരിപ്പിക്കാൻ വേണ്ടി ഇറങ്ങി തിരിക്കുകയാണ്.


അതുവഴി വീണ്ടും രുക്മിണിയെ തിരികെ അവന്റെ ജീവിതത്തിലേക്ക് കൊണ്ടുവരണം, എന്നാൽ ഇപ്പോൾ അവന്റെ ചുറ്റിലും ഒരുപാട് ശത്രുക്കളുണ്ട്, അവന്റെ വളർത്തച്ഛൻ ഉൾപ്പെടെ.


ഇതിനെ അവൻ എങ്ങനെ അതിജീവിക്കും, എന്താണ് അവന്റെ ജീവിതത്തിൽ പിന്നീട് സംഭവിക്കുന്നത്

എന്നെല്ലാമാണ് സൂര്യ നായകനായി അടുത്ത ഇടയ്ക്ക് പുറത്തിറങ്ങിയ Retro എന്ന സിനിമയുടെ കഥ പറയുന്നത്.


ഒരു മാസ്സ് മസാല സിനിമ പ്രതീക്ഷിച്ചു പോയതുകൊണ്ടാണോ അതോ സംവിധാനത്തിലെ ചില പാകപ്പിഴ കൊണ്ടാണോ എന്നറിയില്ല സിനിമ തിയേറ്ററിൽ പരാജയപ്പെടുകയാണ് ഉണ്ടായത്.


എന്നാൽ ഇതൊരു മാസ്സ് മസാല സിനിമയല്ല, പാരി എന്ന യുവാവിന്റെ ജീവിതത്തിലെ വിവിധ അധ്യായങ്ങളും അവന്റെ ഉള്ളിലെ സംഘർഷങ്ങളും മറ്റുമാണ് ഇതിലെ വിഷയം.


 പിന്നെ അവൻ ജനിച്ചത് തന്നെ ഒരു നിയോഗത്തോടെ ആയിരുന്നു ഈ സംഘർഷങ്ങൾ എല്ലാം ആയിട്ട് അതിലേക്കുള്ള അവന്റെ യാത്രയാണ് ഈ സിനിമ.


ഒരുപാട് പേർക്ക് ഇഷ്ടമായില്ല എന്നുണ്ടെങ്കിലും കഥയും പശ്ചാത്തലവും മനസ്സിലാക്കി കണ്ടാൽ ഒരു പ്രാവശ്യം കാണാൻ പറ്റുന്ന നല്ലൊരു സിനിമ ആയിട്ടാണ് എനിക്ക് തോന്നിയത്..


അപ്പോൾ താല്പര്യം ഉള്ളവർ കാണാൻ ശ്രദ്ധിക്കുക..


Movie : Retro

OTT : Netflix



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ