Jaan e Mann - Malayalam Feel good comedy movie

 കാനഡയിൽ ഒരു ഒറ്റപ്പെട്ട സ്ഥലത്ത് ജോലി ചെയ്യുന്ന ജോയ്മോൻ ആകെ വിഷമത്തിലാണ്. എപ്പോഴും ആളുകളുടെ ഇടയിൽ കഴിയാനും ഒരുപാട് സംസാരിക്കാനും ഇഷ്ടമുള്ള ജോയ്മോന് ഈ ഏകാന്ത ജീവിതം താങ്ങാവുന്നതിനും അപ്പുറമാണ്.


സ്വന്തം വീട്ടിൽ വിളിച്ചാലും നാട്ടിലെ സുഹൃത്തുക്കളെ വിളിച്ചാലും ജോയ്മോന് മനസ് തുറന്ന് ഒന്നും സംസാരിക്കാൻ പറ്റുന്നില്ല.


അങ്ങനെ ഒരു ദിവസം ജോയ്മോൻ നേരെ നാട്ടിലേക്ക് വരികയാണ്, പഴയ സുഹൃത്തുക്കളെ എല്ലാം കാണണം, ഒരുപാട് സംസാരിക്കണം കൂടെ തന്റെ മുപ്പതാം ജന്മദിനം ആഘോഷിക്കണം.


സ്കൂളിൽ ജോയ്മോന്റെ ഒപ്പം പഠിച്ച ഫൈസൽ ഡോക്ടർ മറ്റൊരു സുഹൃത്തായ സമ്പത്തിനെയും കൂട്ടി ജോയ്മോനെ കൊണ്ടുവരാൻ എയർപോർട്ടിൽ ചെല്ലുന്നു.


അത് കഴിഞ്ഞാണ് സമ്പത്ത് അറിയുന്നത് ജോയ്മോൻ തന്റെ വീട്ടിലേക്കാണ് വരുന്നതെന്ന്. അയാൾക്ക് അത് തന്നെ ഇഷ്ടപ്പെടുന്നില്ല, എന്നാലും ഫൈസലിന്റെ അഭ്യർത്ഥന മാനിച്ചു അയാൾ തന്റെ രോഷം ഉള്ളിൽ ഒതുക്കുന്നു.


വർഷങ്ങളായി ഫൈസലിന്റെ മുഖം മാത്രം കണ്ട് ബോറടിച്ചു എന്ന് പറഞ്ഞാണ് സമ്പത്തിന്റെ അമ്മ ജോയ്മോനെ സ്വീകരിക്കുന്നത്.


എന്നാൽ അല്പം സമയം കഴിഞ്ഞു സമ്പത്തിന്റെ നേരെ എതിർ വശത്തെ വീട്ടിൽ ഒരു മരണം നടക്കുകയാണ്. അവിടത്തെ പ്രായമുള്ള ഒരു അപ്പച്ചൻ പെട്ടന്ന് അറ്റാക്ക് വന്നു മരണപ്പെട്ടു, അവിടെ അദ്ദേഹത്തിന്റെ മകൾ മാത്രമാണ് കൂടെ ഉണ്ടായിരുന്നത്, അവർ ആണെങ്കിൽ ഗർഭിണിയും.


ഇതേ സമയത്താണ് സമ്പത്തിന്റെ വീട്ടിലേക്ക് പണ്ട് സ്കൂളിൽ ഒരുമിച്ചു പഠിച്ച ഓരോരുത്താരായി വരാൻ തുടങ്ങുന്നത്. അവരിൽ ഗുണ്ടാ നേതാവ് മുതൽ സീരിയൽ നടൻ വരെയുണ്ട്.


തന്റെ വീട്ടിൽ ഇവരെയെല്ലാം വിളിച്ചു കൂട്ടി ഒരു birthday പാർട്ടി നടത്താനാണ് ജോയ്മോന്റെ ഉദ്ദേശം എന്നറിഞ്ഞ സമ്പത്തിനു കലി കയറുന്നു.


അതേ സമയം അടുത്ത വീട്ടിൽ മരണപ്പെട്ട ആളുടെ ബന്ധുക്കൾ എല്ലാം എത്തി തുടങ്ങിയിരുന്നു. ഒരു വീട്ടിൽ birthday പാർട്ടി നടക്കുമ്പോൾ നേരെ എതിർ വശത്തെ വീട്ടിൽ മരണത്തെ തുടർന്നുള്ള ചടങ്ങുകൾ.


തുടർന്ന് അങ്ങോട്ട് ഉണ്ടാവുന്ന unexpected സംഭവങ്ങൾ. ഇതാണ് 2021 ൽ ബേസിൽ ജോസഫ് നായകനായി പുറത്തിറങ്ങിയ ജാൻ - e - മൻ എന്ന സിനിമയുടെ തീം.


ഡ്രാമ വിഭാഗത്തിൽ പെടുന്ന ഈ പടം ഒരു കോമഡി ട്രാക്ക് ഒരു വശത്തു പിടിക്കുമ്പോൾ മറു വശത്തു ഇമോഷണൽ സീരിയസ് ട്രാക്കിൽ ആണ് പോകുന്നത്. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഒരെ സമയം ചെയ്യുന്നു.


രണ്ട് വീടുകളും രണ്ട് വ്യത്യസ്ത സന്ദർഭങ്ങളും മാറി മാറി വന്നു ഒടുവിൽ എന്ത് സംഭവിക്കും എന്നുള്ള ആകാംഷ നമ്മളിലും...

ബേസിൽ ജോയ്മോൻ ആയിട്ട് ജീവിക്കുക ആയിരുന്നു, ഒട്ടുമിക്ക തമാശകളും നല്ല രീതിയിൽ ചിരിപ്പിക്കാൻ പോന്നവയും ആയിരുന്നു.


ഇപ്പോഴും ഇങ്ങനെ ഒരു സിനിമ കണ്ടിട്ടില്ലാത്തവർക്ക് വേണ്ടി എഴുതുന്നു, സമയം ഉള്ളപ്പോൾ തീർച്ചയായും കണ്ട് നോക്കുക, തമാശയുണ്ട് അതുപോലെ വ്യത്യസ്തയും... ഒപ്പം ധാരാളം ഇമോഷണൽ രംഗങ്ങളും...



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ