സ്കൂൾ കാലഘട്ടം മുതലേ ഉള്ള ഉറ്റ ചങ്ങാതിമാർ ആയിരുന്നു കബീർ, അർജുൻ, ഇമ്രാൻ എന്നിവർ..
അങ്ങനെ ഇരിക്കെ ഒരു ദിവസം കബീർ തന്റെ ഫാമിലി ഫ്രണ്ട് കൂടിയായ നടാഷയെ പ്രൊപ്പോസ് ചെയ്യുന്നു, തുടർന്ന് പെട്ടന്ന് തന്നെ അവരുടെ വിവാഹ നിശ്ചയവും കഴിയുന്നു.
എന്നാൽ ഈ ചടങ്ങുകൾക്ക് ഒന്നും വരാൻ അർജുന് കഴിഞ്ഞിരുന്നില്ല, അവൻ ലണ്ടനിൽ ഒരു ഫിനാൻസ് ബ്രോക്കർ ആയിട്ടാണ് ജോലി ചെയ്യുന്നത്.
തനിക്ക് നാല്പത് വയസ് ആകുന്നതിനു മുൻപ് കഴിയുന്ന അത്രയും പണം സമ്പാദിച്ച ശേഷം റിട്ടയർ ചെയ്യണം എന്നാണ് അവന്റെ ആഗ്രഹം.
വിവാഹം ഉറപ്പിച്ചതോടെ കബീർ അവരുടെ ഒരു പഴയ പ്ലാൻ പൊടി തട്ടിയെടുത്തു. മൂന്ന് പേരും ഒരുമിച്ചു സ്പെയിനിലേക്ക് ഒരു യാത്ര പോകാൻ ആയിരുന്നു അത്. വെറുമൊരു യാത്ര മാത്രമല്ല,
മൂന്ന് പേരും ഓരോ adventure സ്പോട്ടുകൾ തിരഞ്ഞെടുക്കും, അത് എന്താണെന്ന് മറ്റ് രണ്ടു പേരോടും പറയുന്നില്ല. അവിടെ ചെന്നതിന് ശേഷം അവരും അതിൽ പങ്കെടുക്കണം, ഇങ്ങനെ ഒരു രണ്ടാഴ്ച്ച നീണ്ടു നിൽക്കുന്ന ബാച്ചിലർ പാർട്ടി ട്രിപ്പ്.
എന്നാൽ ജോലി തിരക്കുകൾ കാരണം അർജുന് ഈ ട്രിപ്പിന് പോകാൻ താല്പര്യം ഉണ്ടായിരുന്നില്ല. പക്ഷേ യാദൃശ്ചികമായി അവൻ തന്റെ മുൻ കാമുകിയെ റോഡിൽ വച്ചു കാണുകയും അവളുടെ വിവാഹം ഉടനെ നടക്കാൻ പോകുകയാണ് എന്നുകൂടി കേട്ടതോടെ ആകെ നിരാശനായിരുന്നു.
അതുകൊണ്ട് തന്റെ മൂഡ് ഒന്ന് മാറ്റാൻ അവനും യാത്രക്ക് സമ്മതിക്കുന്നു.
സ്പെയിനിലേക്ക് പോകാൻ ഇമ്രാനും ഒരു കാരണം ഉണ്ടായിരുന്നു, കുറച്ചു നാൾ മുൻപായിരുന്നു അവന്റെ അച്ഛന്റെ മരണം ഉണ്ടായത്. എന്നാൽ അതിന് ശേഷമാണ് അവൻ ഞെട്ടിക്കുന്ന ആ സത്യം അറിഞ്ഞത്.
അത് അവന്റെ ശരിക്കുമുള്ള അച്ഛൻ ആയിരുന്നില്ല, സൽമാൻ എന്ന് പേരുള്ള ഒരു ആർട്ടിസ്റ്റ് ആണ് തന്റെ യഥാർത്ഥ അച്ഛൻ എന്നും അയാൾ സ്പെയിനിൽ ആണ് താമസം എന്നും അവൻ മനസിലാക്കിയിരുന്നു.
അവിടെ ചെന്നാൽ അയാളെ കണ്ടുപിടിക്കുക എന്നൊരു രഹസ്യ ഉദ്ദേശവും അവനു ഉണ്ടായിരുന്നു.
അങ്ങനെ ആ മൂന്ന് സുഹൃത്തുക്കൾ ചേർന്ന് സ്പൈനിലേക്ക് പോകുന്ന യാത്രയും തുടർന്ന് ഉണ്ടാകുന്ന സംഭവങ്ങളുമാണ്
2011 ൽ പുറത്തിറങ്ങിയ Zindagi Na Milegi Dobara എന്ന ഫീൽ ഗുഡ് റോഡ് ട്രിപ്പ് മൂവി പറയുന്നത്. അർജുൻ ആയി ഹൃതിക് റോഷനും, കബീർ ആയിട്ട് അഭയ് ഡിയോൾ, ഇമ്രാൻ ആയിട്ട് ഫർഹാൻ അക്തറും വേഷമിടുന്നു.
ഈ സിനിമയെ പറ്റി ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും എന്തോ ഇതുവരെ കാണാൻ തോന്നിയിരുന്നില്ല, എന്നാൽ ഇന്നലെ യാദൃശ്ചികമായി Netflix നോക്കിയപ്പോൾ അതിൽ കിടക്കുന്നത് കണ്ടു. ഒറ്റ ഇരിപ്പിന് മുഴുവൻ കണ്ട് തീർത്തു, എന്തോ കണ്ട് തീർന്നപ്പോൾ ഒരു പ്രിത്യേക ഫീൽ ആയിരുന്നു.
അങ്ങനെ ഒരു യാത്ര പോകാൻ വല്ലാത്ത ആഗ്രഹം തോന്നുന്നു...
ഹിന്ദി സിനിമകൾ അധികം കണ്ടിട്ടില്ലാത്തവർ ആണെങ്കിൽ കണ്ട് നോക്കുക ഇഷ്ടമാകും... ഒരു യാത്ര ഓരോരുത്തരുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ ഇങ്ങനെ ഫീൽ ചെയ്ത് കാണാൻ പറ്റും...
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ