Maharaja Tamil Thriller movie

 മഹാരാജ സ്വന്തമായി ഒരു സലൂൺ നടത്തുകയാണ്, അയാൾക്ക് സ്വന്തമെന്ന് പറയാൻ ആകെ ഉള്ളത് ഒരു മകളാണ്, പിന്നെ ലക്ഷ്മി എന്ന് അവർ പേരിട്ടു വിളിക്കുന്ന ഒരു കുപ്പത്തൊട്ടിയും.


ആ കുപ്പത്തൊട്ടിക്ക് അങ്ങനെ ഒരു പേര് വന്നതിനു പിന്നിൽ ഒരു കഥയുണ്ട്, അയാളുടെ മകൾ കൈക്കുഞ്ഞു ആയിരിക്കുന്ന സമയത്ത് ഒരു അപകടം ഉണ്ടായി, അതിൽ അയാളുടെ ഭാര്യ മരണപ്പെട്ടു, എന്നാൽ ഈ കുപ്പത്തൊട്ടിയുടെ ഉള്ളിൽ പെട്ടു പോയതിനാലാണ് ആ കുട്ടിക്ക് ജീവൻ രക്ഷിക്കാൻ കഴിഞ്ഞത്.


മഹാരാജ എല്ലാ ദിവസവും തന്റെ കടയിൽ പോകും, അവിടെ തന്റെ ജോലിയുടെ സമയം കഴിഞ്ഞാൽ തിരിച്ചു നേരെ വീട്ടിലേക്കും പോകും.


അങ്ങനെ ഇരിക്കെ ഒരു ദിവസം അയാളുടെ മകൾ ജ്യോതി ഏഴ് ദിവസത്തേക്ക് ഒരു സ്പോർട്സ് ക്യാമ്പിന് പോകുകയാണ്.


മകളെ യാത്ര ആക്കിയ ശേഷം മഹാരാജ തന്റെ ജോലിക്ക് പോകുന്നു, ശേഷം എല്ലാ ദിവസത്തെയും പോലെ വൈകുന്നേരം വീട്ടിലേക്കും പോകുന്നു. എന്നാൽ അല്പ സമയത്തിന് ശേഷം നമ്മൾക്ക് കാണാൻ കഴിയുന്നത് ആ വീടിന്റെ ഉള്ളിൽ ബോധരഹിതനായി കിടക്കുന്ന മഹാരാജയെ ആണ്.


ആ വീട്ടിൽ ആരോ കയറി അക്രമം നടത്തിയത് പോലെ പല സാധനങ്ങളും തകർക്കപ്പെട്ടിട്ടുണ്ട്. 


പിന്നെ നമ്മളെ കാണിക്കുന്നത് ഈ സംഭവത്തിന്റെ പേരിൽ കേസ് കൊടുക്കാനായി പോലീസ് സ്റ്റേഷനിൽ ഇരിക്കുന്ന മഹാരാജയെ ആണ്. അയാളുടെ തലയിൽ മുറിവൊക്കെ പറ്റിയിട്ടുണ്ട്, അതൊക്കെ വച്ചു കെട്ടിയിട്ടാണ് അയാൾ അവിടേക്ക് ചെന്നിട്ടുള്ളത്.


തന്റെ വീട്ടിൽ മോഷണം നടന്നുവെന്നും, മൂന്ന് പേരുണ്ടായിരുന്നുവെന്നും മഹാരാജ പറയുന്നു. തുടർന്ന് അയാൾ നടന്ന സംഭവം വിവരിക്കുന്നു, തന്നെ തലയിൽ അടിച്ചു ബോധം കെടുത്തിയ ശേഷം തന്റെ വീട്ടിലെ ലക്ഷ്മിയെ എടുത്തുകൊണ്ട് പോയി എന്നാണ് അയാളുടെ പരാതി.


ഒരു വേസ്റ്റ് ബിൻ പോയതിന് കംപ്ലയിന്റ് കൊടുക്കാൻ വന്നതിനെ ആ പോലീസുകാരൻ പുച്ഛിക്കുന്നു. 


അവർ എല്ലാവരും കൂടി അയാളെ പറഞ്ഞു വിടാൻ നോക്കുന്നു, എന്നാൽ ബലം പ്രയോഗിച്ചിട്ടു പോലും അവർക്ക് അതിന് കഴിയുന്നില്ല. 


ഒടുവിൽ അവർ ഇൻസ്‌പെക്ടർ വരുന്നതിനായി കാത്ത് നിൽക്കുന്നു. മറ്റൊരു കേസ് അന്വേഷണത്തിനു പോയ ഇൻസ്‌പെക്ടർ തിരിച്ചു വരുമ്പോൾ മഹാരാജ തനിക്ക് സംഭവിച്ച കാര്യങ്ങൾ അയാളോടും പറയുന്നു.


പക്ഷേ അയാൾക്കും ഇങ്ങനെ ഒരു കേസ് അന്വേഷിക്കാൻ താല്പര്യമില്ല, ഒടുവിൽ മഹാരാജ അയാൾക്ക് അഞ്ച് ലക്ഷം രൂപ നൽകാം എന്നൊരു ഉപാധി മുന്നോട്ട് വയ്ക്കുന്നു.


ഇൻസ്‌പെക്ടർ രഹസ്യമായി ആ ഡീൽ ഏൽക്കുന്നു, എന്നിട്ട് കാശ് വാങ്ങിയ ശേഷം അന്വേഷണം തുടങ്ങുന്നു.


ഇത്രയും കഥ കേട്ടിട്ട് എവിടെയോ എന്തോ ഒരു പന്തികേട് ഉള്ളതായിട്ട് തോന്നുന്നുണ്ടോ... അത് തന്നെയാണ് ഈ സിനിമയുടെ പ്രിത്യേകത.


പറഞ്ഞു വന്നത് 2024 ൽ വിജയ് സേതുപതി നായകനായി പുറത്തിറങ്ങിയ " മഹാരാജ " എന്ന സിനിമയുടെ തുടക്കമാണ്.


തിരക്കഥയുടെ വ്യത്യസ്തകൊണ്ട് ഒരു വേറിട്ട ത്രില്ലർ അനുഭവം നൽകുന്ന സിനിമയാണ് മഹാരാജ. നമ്മൾക്ക് ഒരു രീതിയിലും പിടി തരാതെ ക്ലൈമാക്സ്‌ വരെ ആ സസ്പെൻസ് നിലനിർത്താൻ അണിയറപ്രവർത്തകർക്ക് കഴിഞ്ഞിട്ടുണ്ട്.


ഏതാണ്ട് 199 കോടി കളക്ഷൻ നേടി വലിയ രീതിയിൽ ഹിറ്റ് ആയ സിനിമ കൂടിയാണ്, റിലീസ് ആയിട്ട് ഒരു വർഷം പിന്നിടുന്ന വേളയിൽ കാണാതെ പോയവർ ഉണ്ടെങ്കിൽ അവർക്ക് വേണ്ടി ഇടുന്ന പോസ്റ്റാണ്...


ഇത്രയും വായിച്ചിട്ട് ഇഷ്ടമായെങ്കിൽ ബാക്കി കൂടി കണ്ടുനോക്കുക...


Name :- Maharaja (Tamil)

OTT :- Netflix 


മലയാളത്തിലും ലഭ്യമാണ്...


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ