Sinners - Horror Movie

 1932 ൽ നടക്കുന്ന കഥയാണ്, ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ശേഷം ഇരട്ട സഹോദരന്മാരായ സ്മോക്കും സ്റ്റാക്കും തങ്ങളുടെ നാടായ മിസ്സിസിപ്പിയിലേക്ക് മടങ്ങി വരുന്നു.


അവരെ രണ്ട് പേരെയും കണ്ടാൽ ഒരേപോലെ തന്നെയാണ്, അവരുടെ മടങ്ങി വരവ് വെറുതെയല്ല, തങ്ങളുടെ നാട്ടിൽ ഒരു കറുത്ത വർഗക്കാർക്ക് വേണ്ടി ഒരു Juke Joint തുടങ്ങണം എന്നാണ് അവരുടെ പദ്ധതി.


അതിനുള്ള പണവും ഒക്കെ സംഘടിപ്പിച്ചാണ് അവരുടെ വരവ്. Juke joint എന്നാൽ ഏതാണ്ട് ക്ലബ്‌ പോലെ ഒരു സംഭവമാണ്, മദ്യവും സംഗീതവും ഒഴുകുന്ന ആഘോഷങ്ങൾ ഉള്ള സ്ഥലം.


അതിനായ് അവർ ആദ്യമേ ഒരു ഒഴിഞ്ഞ ഗോഡൗൺ പണം നൽകി വാങ്ങുന്നു. ഗോഡൗൺ അവർക്ക് വിൽക്കുന്ന വെള്ളക്കാരൻ സായിപ്പിന് അവരുടെ കയ്യിൽ അത്രയും പണം ഉള്ളതൊക്കെ കണ്ടിട്ട് സഹിക്കുന്നില്ല, അയാൾ അവരോട് അവജ്ഞയതയോടെയും പുച്ഛത്തോടെയും ഒക്കെയാണ് സംസാരിക്കുന്നത്.


എന്തായാലും അവർക്ക് ഗോഡൗൺ ലഭിച്ചു, അടുത്തതായിട്ട് അവർ സംഗീതം അറിയുന്നവരെയും പാചകം അറിയുന്നവരെയും അതുപോലെ കാവൽ നിൽക്കാൻ പറ്റിയ ആളുകളെയും ഒക്കെ അന്വേഷിച്ചു ഇറങ്ങുന്നു.


അവരുടെ കസിൻ നന്നായി ഗിറ്റാർ വായിക്കും, അവർ ആദ്യമേ പോയത് അവനെ അന്വേഷിച്ചാണ്. എന്നാൽ അവന്റെ അച്ഛന് അവൻ ഇങ്ങനെ സംഗീതത്തിന്റെ വഴിയേ പോകുന്നത് ഇഷ്ടം അല്ലായിരുന്നു.


അവൻ വായിക്കുന്ന സംഗീതം blues എന്ന് പറയുന്ന വിഭാഗത്തിൽ പെടുന്നതാണ്. അതിന് ആത്മാക്കളെ ആകർഷിക്കാൻ കഴിയും എന്നൊക്കെയായിരുന്നു അവിടെ ഉള്ളവർ വിശ്വസിച്ചിരുന്നത്.


എന്നിരുന്നാലും അവനും അവർക്ക് ഒപ്പം ഇറങ്ങി തിരിച്ചു. അതേ സമയം മറ്റൊരിടത്തു ഒരു ഭാര്യയും ഭർത്താവും താമസിക്കുന്ന വീട്ടിലേക്ക് ഒരാൾ ഓടി കയറി വരികയാണ്.


അയാളുടെ ദേഹമാസകലം മുറിവുകളും പരിക്കുകളും ഉണ്ടായിരുന്നു, അയാൾ അവരോട് സഹായം അഭ്യർത്ഥിച്ചു, അയാളുടെ പിന്നാലെ ആരൊക്കയോ വരുന്നുണ്ട്, അവരിൽ നിന്ന് രക്ഷപെടാൻ സഹായിക്കണം എന്നായിരുന്നു അയാളുടെ അപേക്ഷ. അതിന് പകരമായി ഒരു സ്വർണ്ണനാണയവും അയാൾ അവർക്ക് നൽകുന്നുണ്ട്.


തുടർന്ന് അയാളെ അന്വേഷിച്ചു വന്നവരിൽ നിന്ന് അവർ അയാളെ രക്ഷിക്കുന്നു, എന്നാൽ അവർക്ക് അറിയില്ലായിരുന്നു അയാൾ യഥാർത്ഥത്തിൽ ആരായിരുന്നു എന്ന്.


അയാൾ മോക്ഷം കിട്ടാതെ അലയുന്ന രക്തദാഹിയായ ഒരു വാമ്പയർ ആയിരുന്നു. അയാൾ അവരെയും കൊലപ്പെടുത്തി തന്നെപ്പോലെ വാമ്പയർ ആക്കി മാറ്റുന്നു.


തുടർന്ന് അന്നേ ദിവസം നടക്കുന്ന സംഭവങ്ങളാണ് " Sinners" എന്ന സിനിമയുടെ ഇതിവൃത്തം.


കഥ ഹൊറർ ആണെന്ന് പറയേണ്ട കാര്യമില്ലല്ലോ, വെറും ഹൊറർ അല്ല, നല്ലൊരു ത്രില്ലർ കൂടിയാണ്. മഴയുള്ള രാത്രിയിൽ ഒറ്റക്കിരുന്നു കാണാൻ കിടുവാണ്. 


അപ്പോൾ ഹൊറർ വാമ്പയർ സിനിമകൾ ഒക്കെ ഇഷ്ടമുള്ളവർ കണ്ടു നോക്കുക..


Movie Name : Sinners 2025

Staring: Michael B. Jordan

OTT : Amazon Prime 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ