റൈഫിൾ ക്ലബ്‌ - Malayalam movie

 വയനാട്ടിലെ സുൽത്താൻ ബത്തേരിയിലെ കാടിനുള്ളിലെ ഒരു മലമുകളിൽ ബ്രിട്ടീഷുകാരുടെ സമയത്ത് പണിത ഒരു ബംഗ്ലാവ് ഉണ്ട്, അത് പിന്നീട് മൂന്ന് പേര് ചേർന്ന് ഒരു റൈഫിൾ ക്ലബ്‌ ആക്കി മാറ്റിയെടുത്തു.


വർഷങ്ങൾ കഴിഞ്ഞപ്പോൾ സ്ഥാപകരിൽ രണ്ട് പേര് മരണപ്പെട്ടു, അവരുടെ മക്കളും അവരുടെ കുടുംബങ്ങളും ഒക്കെയായി വലിയ ആഘോഷമാണ് ക്ലബ്ബിൽ എപ്പോഴും.


ക്ലബ്ബിൽ ഉള്ളവരെല്ലാം നല്ല ഒന്നാംതരം വേട്ടക്കാരും ഉന്നം തെറ്റാതെ നിറയൊഴിക്കാൻ കഴിയുന്നവരുമാണ്.


അവിടേക്ക് തന്റെ പുതിയ സിനിമയുടെ ഭാഗമായി വേട്ടയാടാൻ പഠിക്കാൻ മലയാള സിനിമയിലെ ഒരു സൂപ്പർ താരം വരുന്നു. തൊട്ട് പിന്നാലെ എടാകൂടവുമായി ഒളിച്ചോടി വരുന്ന ഒരു പെണ്ണും ചെക്കനും.


അവരെ പിടികൂടി കൊല്ലാൻ മംഗലാപുരത്തുനിന്ന് ചില വൻകിട ആളുകളും. അതിന് തക്കതായ ചില കാരണങ്ങളും അവർക്കുണ്ട്.


അന്ന് രാത്രിയിൽ സിനിമാ താരത്തോട് ഒപ്പം കാട്ടിൽ വേട്ടക്ക് പോയ ക്ലബ്‌ സെക്രട്ടറി അവറാനും കൂട്ടരും ഒരു ആപത്തിൽ പെടുന്നു, അതേ രാത്രിയിൽ തന്നെ ക്ലബ്‌ ആക്രമിക്കാൻ വില്ലന്മാരും വരുന്നു.


ഇവർ തമ്മിൽ ഒരു പോരാട്ടം നടന്നാൽ എന്ത് സംഭവിക്കും, ഒടുവിൽ ആര് ജയിക്കും. കഥ നോക്കിയാൽ ഇത്രക്ക് സിമ്പിൾ ആണ്, പക്ഷേ അത് എടുത്ത് വച്ചിരിക്കുന്ന രീതി അടിപൊളിയാണ്.


ചിരിച്ചു രസിച്ചു ത്രില്ല് അടിച്ചു കണ്ടിരിക്കാം, ഈ അടുത്ത ഇടയ്ക്ക് ഇറങ്ങിയ റൈഫിൾ ക്ലബ്‌ എന്ന സിനിമയാണ്. ചില അസൗകര്യങ്ങൾ കാരണം തിയേറ്ററിൽ പോയി കാണാൻ കഴിഞ്ഞിരുന്നില്ല, അതിൽ ഇപ്പോൾ ഖേദിക്കുന്നു.


സിനിമ ഒക്കെ കിടിലൻ ആണ്, പക്ഷേ എന്തിനാണ് ഇതിൽ മോഹൻ ലാലിനെ ചെറുതായിട്ട് ചൊറിയുന്നത് എന്ന് മാത്രം മനസിലായില്ല. പണ്ട് ഡേറ്റ് ചോദിച്ചിട്ട് കിട്ടാത്തതിന്റെ ദേഷ്യം വലതുമാണെങ്കിൽ ഇങ്ങനെ മനസ്സിൽ വച്ചുകൊണ്ട് നടക്കേണ്ട കാര്യം ഒക്കെ ഉണ്ടോ ആവോ.


ഡയറക്റ്റ് ആയിട്ട് അല്ലാതെ ഒരാളെ ചൊറിയാൻ ഏറ്റവും നല്ല വഴി കുറച്ചു ആളുകളെ മിക്സ്‌ ചെയ്ത് ഒരു കഥാപാത്രത്തെ സൃഷ്ടിക്കുക, എന്നിട്ട് നമ്മൾക്ക് കൊട്ടേണ്ട ആളുടെ അടയാളങ്ങൾ പറഞ്ഞു ചെറുതായിട്ട് കൊട്ടുക..


എന്തായാലും അത്തരം കാര്യങ്ങൾ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി. പടം OTT വന്നിട്ടും കുറച്ചു നാൾ ആയിട്ടുണ്ട്, കണ്ടിട്ടില്ലാത്തവർ കണ്ടു നോക്കുക. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ