രേഖാചിത്രം - Malayalam mystery thriller movie

 1985 ലെ നല്ല ഇടിയും മഴയുമുള്ള ഒരു രാത്രി, ഒരു കുട്ടി അവന്റെ വീടിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ഇടിമിന്നലിന്റെ വെളിച്ചത്തിൽ ഒരു കാഴ്ച കാണുന്നു.


നാല് പേര് ചേർന്ന് ഒരു പെൺകുട്ടിയുടെ ശരീരം ഒരു പായയിൽ പൊതിഞ്ഞു ചുമന്നു കൊണ്ട് പോകുകയാണ് അതിൽ ഒരാളെ അവൻ തിരിച്ചറിഞ്ഞു, അത് അവന്റെ അച്ഛൻ തന്നെയായിരുന്നു. ആ പെൺകുട്ടിയുടെ കാലിൽ വെള്ളി കൊണ്ടുള്ള പാദസരം ഉണ്ടായിരുന്നു, മിന്നലിന്റെ വെളിച്ചത്തിൽ അത് മിന്നി തിളങ്ങി.


-----------

[സിനിമയുടെ ആദ്യത്തെ 10 മിനിറ്റ് മാത്രമാണ് ഇവിടെ പറയുന്നത്, സിനിമ കണ്ടിട്ടില്ലാത്തവർക്കും ധൈര്യമായി വായിക്കാം]

-----------


വർഷങ്ങൾ കടന്നു പോയി, 2025 ആയി, CI ആയിരുന്ന വിനോദ് ഒരു സസ്പെൻഷൻ ഒക്കെ കഴിഞ്ഞു പുതിയ സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ലഭിച്ചു അവിടേക്ക് പോകുകയാണ്. വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത മലക്കപ്പാറ എന്ന സ്ഥലത്തെ സ്റ്റേഷനിലേക്കാണ് അയാൾക്ക് മാറ്റം കിട്ടിയിരിക്കുന്നത്.


അയാൾ അവിടേക്ക് യാത്ര ആരംഭിക്കുന്ന കൂട്ടത്തിൽ തന്നെ മറ്റൊരു ഭാഗത്തു നിന്ന് അയാൾക്ക് നേരിടാനുള്ള പ്രശ്‌നവുമായി മറ്റൊരാളും അവിടേക്ക് തന്നെ യാത്ര ആരംഭിച്ചിട്ടുണ്ടായിരുന്നു.


രാജേന്ദ്രൻ എന്നായിരുന്നു അയാളുടെ പേര്, ആളൊരു മദ്യപാനിയാണ്, അങ്ങനെ മദ്യപിച്ചു അയാളുടെ കരൾ ഒക്കെ ഏറെക്കുറെ തീരുമാനം ആയിട്ടുണ്ട്, ഇനിയും മദ്യപിച്ചാൽ അധിക നാൾ ജീവനോടെ ഉണ്ടായിരിക്കില്ല എന്ന ഡോക്ടറുടെ ഭീഷണി വക വയ്ക്കാതെ അയാൾ തന്റെ ഡ്രൈവറെ പറഞ്ഞു വിട്ട് ഒരു കുപ്പിയും വാങ്ങി യാത്ര തുടരുന്നു.


അയാൾ പറയുന്നതനുസരിച്ചു ഡ്രൈവർ മലക്കപ്പാറ ഭാഗത്തെ ഒരു കാട്ടിലേക്ക് വണ്ടി ഓടിക്കുന്നു, അവിടെ എത്തിയതും ഡ്രൈവറോട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് രാജേന്ദ്രൻ കാടിന്റെ ഉള്ളിലേക്ക് നടക്കുന്നു.


മദ്യപിച്ചു ലക്ക് കെട്ട അയാൾ അവിടെല്ലാം തേടി നടന്നു ഒടുവിൽ ഒരു മരത്തിന്റെ ചുവട്ടിൽ പോയിരിന്നു, തന്റെ ഫോണിൽ സോഷ്യൽ മീഡിയയിൽ ലൈവ് ഇട്ടതിനു ശേഷം കുറച്ചു കാര്യങ്ങൾ പറയാൻ തുടങ്ങുന്നു.


നാല്പതു വർഷങ്ങൾക്ക് മുന്നേ അയാളും മറ്റ് മൂന്ന് പേരും ചേർന്ന് ആ മരത്തിന്റെ ചുവട്ടിൽ ഒരു പെൺകുട്ടിയെ കുഴിച്ചു മൂടിയിട്ടുണ്ടെന്നും, ആ രക്തത്തിന് പകരമായി കുറെ ഏറെ പണം ലഭിച്ചെന്നും, ആ പണം ഉപയോഗിച്ച് അയാൾ വളരെ സമ്പന്നൻ ആയെങ്കിലും അതൊന്നും ഉപകരിച്ചില്ലെന്നും തന്റെ കുടുംബവും ഇപ്പോൾ ജീവിതവും നഷ്ടപെട്ടെന്നും അയാൾ കണ്ണീരോടെ പറയുന്നു.


തന്റെ കൂടെ അന്ന് ഉണ്ടായിരുന്ന രണ്ട് പേരുടെ പേരുകൾ കൂടി വെളുപ്പെടുത്തിയ ശേഷം അയാൾ ജീവൻ ഒടുക്കുന്നു, എല്ലാം ആരംഭിച്ചത് ഇവിടെ നിന്നാണെന്നും ഒടുക്കവും ഇവിടെ തന്നെ ആകട്ടെ എന്നുമായിരുന്നു അയാളുടെ അവസാനത്തെ വാക്കുകൾ.


സംഭവം പെട്ടന്ന് മാധ്യമ ശ്രദ്ധ നേടി, കാരണം അയാൾ മരിക്കുന്നതിന് മുന്നേ പറഞ്ഞ പേരുകളിൽ ഒന്ന് നാട്ടിലെ ഒരു പ്രമുഖന്റെ ആയിരുന്നു, ധാരാളം മാളുകളും മറ്റും അടങ്ങുന്ന വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായ വിൻസെന്റ് ആയിരുന്നു അത്.


കേസ് അന്വേഷണത്തിന്റെ ചാർജ് വിനോദിന് തന്നെ ലഭിക്കുന്നു, രാജേന്ദ്രൻ പറഞ്ഞ സ്ഥലത്ത് കുഴിയെടുത്തു പരിശോധിക്കുന്ന പോലീസിന് അവിടെ നിന്നും ഒരു അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും ഒപ്പം ഒരു വെള്ളി പാദസരവും ലഭിക്കുന്നു.


സംഭവം ആകെ കോളിളക്കം സൃഷ്ടിക്കുന്നു, പെൺകുട്ടി ആരാണെന്ന് അറിയില്ല, സംഭവത്തിൽ ഉൾപ്പെട്ടു എന്ന് പറയുന്ന നാല് പേരിൽ ഒരാൾ മരണപ്പെട്ടു, ബാക്കിയുള്ള മൂന്നു പേരിൽ ഒരാൾ സമൂഹത്തിൽ ഏറെ വിലയുള്ള വ്യവസായ പ്രമുഖൻ, മൂന്നാമത്തെ ആളുടെ പേര് മാത്രമറിയാം, നാലാമത് ഒരാൾ ഉള്ളതായിട്ട് പോലും അറിയില്ല.


ഇവിടെ നിന്ന് വിനോദ് ചരിത്രം കീറി മുറിച്ചു അന്വേഷണം ആരംഭിക്കുമ്പോൾ ഒരു ചിത്രം തെളിഞ്ഞു വരാൻ തുടങ്ങുന്നു, രേഖയുടെ ചിത്രം...


2025 ൽ പുറത്തിറങ്ങിയ ആസിഫ് അലി നായകനായ രേഖാചിത്രം തുടങ്ങുന്നത് ഇങ്ങനെയാണ്.


തുടർന്ന് നടക്കുന്ന അന്വേഷണം മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ പല കാര്യങ്ങളിലൂടെ കടന്നു പോകുന്നു. ഒടുവിൽ രേഖ ആരായിരുന്നു എന്നും, അവൾക്ക് എന്താണ് സംഭവിച്ചതെന്നും കണ്ടെത്തുമ്പോൾ നമ്മളും അല്പം ഇമോഷണൽ ആയിട്ടുണ്ടാകും.


ഇതൊരു സീറ്റ്‌ എഡ്ജ് ത്രില്ലർ അല്ല, ചരിത്രം ചികയുന്ന, പണ്ടെങ്ങോ നടന്നു മറന്നു പോയ പലതിലേക്കും വീണ്ടും കൊണ്ടുപോകുന്ന ഒരു ഇമോഷണൽ മിസ്റ്ററി ആണ്. നമ്മൾക്ക് പരിചയം ഉള്ള പല കാര്യങ്ങളെയും കൂട്ടിയിണക്കി ഒരു കഥ പറയുമ്പോൾ, ഇതൊക്കെ ശരിക്കും സംഭവിച്ചതാണോ എന്നുപോലും തോന്നിപ്പോകും.


സിനിമയിലെ നായകനായ ആസിഫ് CI വിനോദായിട്ട് ജീവിക്കുകയായിരുന്നു, അദ്ദേഹത്തിന്റെ തന്നെ മുൻകാല പോലീസ് വേഷങ്ങളുടെ നിഴൽ പോലുമില്ലാത്ത മറ്റൊരു കഥാപാത്രമായി അദ്ദേഹം നല്ല പെർഫോമൻസ് കാഴ്ച വച്ചിട്ടുണ്ട്, അതുപോലെ നായികയായ അനശ്വര രാജനും, അവരുടെ കഥാപാത്രത്തോട് നമ്മൾക്കു ഒരു അറ്റാച്ച്മെന്റ് തോന്നുന്ന രീതിയിലുള്ള പ്രകടനമാണ് അവരും കാഴ്ച്ച വച്ചിട്ടുള്ളത്.


സിനിമയിലെ നായകൻ ആസിഫ് ആണെങ്കിലും ഇതിലെ താരം മറ്റൊരാളാണ്, സാക്ഷാൽ മമ്മുക്ക.


സംവിധായകനായ ജോഫിൻ ഒരു മമ്മുക്ക ഫാൻബോയ് ആണ്, തന്റെ ഇഷ്ട താരത്തിനു അദ്ദേഹം കൊടുത്തിരിക്കുന്ന കുറച്ചു റഫറൻസുകളും സീനുകളും ഉണ്ട്, ഒരു രക്ഷയുമില്ല, മമ്മുക്ക അഭിനയിച്ച സിനിമകളുടെ ഒപ്പം നിൽക്കുന്ന രീതിയിലുള്ള ട്രീറ്റ്മെന്റ്, ഒപ്പം 1985 ലെ മമ്മൂക്കയെ തന്നെ Ai ഉപയോഗിച്ച് സൃഷ്ടിച്ചതൊക്കെ കിടിലൻ ആയിട്ടുണ്ട്.


തന്റെ രണ്ടാമത്തെ ചിത്രവും അദ്ദേഹം ഗംഭീരമാക്കിയിട്ടുണ്ട്. ചരിത്ര സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഒരു ബിരിയാണി കിട്ടിയ എഫക്ട് ആയിരിക്കും, തിയേറ്ററിൽ കാണാൻ പറ്റാതെ പോയവർക്ക് വേണ്ടി OTT റിലീസ് ആയിട്ടുണ്ട്, ഈ തീം ഇഷ്ടമായെങ്കിൽ കാണാൻ ശ്രമിക്കുക.



അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ