ആവേശത്തിൽ അമ്പാൻ ആയിട്ട് വന്ന സജിൻ ഗോപുവിന്റെ ഉയരം എന്തായാലും ആറടിക്കു മുകളിലാണ് അതിനോടൊപ്പം നൂറ് കിലോയ്ക്ക് അടുത്ത് ഭാരം കൂടി വരുമ്പോൾ ശരിക്കും ഒരു ആജാനബാഹു ആണ്.
ആവേശത്തിൽ അത്യാവശ്യം മണ്ടത്തരവും തമാശയും ഒക്കെ പറയുന്ന ഒരാൾ ആയോണ്ട് മൂപ്പരുടെ സൈസ് കൊണ്ടുള്ള ടെറർ അത്രക്ക് ആരും ശ്രദ്ധിച്ചിട്ടുണ്ടാവില്ല.
എന്നാൽ പൊൻMan ലേക്ക് വരുമ്പോൾ സജിൻ അവതരിപ്പിക്കുന്ന മാരിയാനോ എന്ന കഥാപാത്രം പക്കാ സീരിയസ് ആണ്, ശാന്തനായിട്ട് ഇരിക്കുമെങ്കിലും ഏത് നിമിഷവും അയാളുടെ സ്വഭാവം മാറാം, ആരെയും ഭയപ്പെടുത്തുന്ന ഒരു മല പോലെ ശരീരം ഉളള മാരിയാനോയുടെ നേർക്ക് നേരെ നിന്ന്
അയാളുടെ കണ്ണിൽ നോക്കി യാതൊരു ഭയവും ഇല്ലാതെ അയാളോട്
"കൊല്ലത്ത് ഒരു പറച്ചിലുണ്ട്. കണ്ടവന്റെ കോ****** ***ട്ടം കണ്ട് പട്ടിയെ വളർത്തരുതെന്ന്.. അത് നിന്നെ പോലുള്ള ആണുങ്ങളെ ഉദ്ധേശിച്ചാ.."
ഇങ്ങനെ പറയുന്ന ഒരാളുണ്ട്...
മാരിയാനോയുടെ ശരീരത്തിന് മുന്നിൽ ഒന്നുമല്ലാത്ത, അയാളുടെ കൈകൊണ്ട് ഒരെണ്ണം കിട്ടിയാൽ ആ സ്പോട്ടിൽ തീർന്ന് പോകുമെന്ന് നമ്മൾക്ക് തോന്നിപ്പോകുന്ന അജേഷ്, അജേഷിന് രൂപം നൽകുന്നത് ബേസിൽ ജോസഫ്.
നമ്മുടെ നാട്ടിലൊക്കെ ചില ആളുകളെ ഒറ്റ ബുദ്ധി എന്നൊക്കെ വിളിക്കാറില്ലേ, അതായത് മുൻപും പിൻപും നോക്കാതെ എടുത്ത് ചാടി ഓരോ അബദ്ധങ്ങളിൽ പോയി പെടുന്നവരെ പൊതുവായി പറയുന്ന പ്രയോഗമാണല്ലോ.
മുകളിലെ വിവരണം കേട്ടാൽ ഈ അജേഷ് ഒരു ഒറ്റബുദ്ധി ആണെന്ന് തോന്നിപ്പോകുമെങ്കിലും അങ്ങനെയല്ല, നല്ലപോലെ ആലോചിച്ചു ഉറപ്പിച്ചിട്ടു തന്നെയാണ് അയാൾ ഓരോന്ന് ചെയ്യുന്നത്.
മാരിയനോയുടെ കണ്ണിൽ നമ്മൾക്ക് തീ കാണാം, അത് ഒരു തരിപോലും കുറവില്ലാതെ അജേഷിന്റെ കണ്ണിലും കാണാം.
അയാളെ അത്രയും ധീരൻ ആക്കുന്നത് അയാളുടെ ജീവിത സാഹചര്യങ്ങളാണ്, അയാൾക്ക് ജീവിക്കണം എന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യാതെ മറ്റൊരു വഴിയുമില്ല.
പൂർവികർ ആയിട്ട് തനിക്ക് ഒന്നും നൽകിയിട്ടില്ലന്നും ജീവിക്കാൻ വേണ്ടി നല്ലപോലെ അധ്വാനിക്കണം എന്നും അതിന് വേണ്ടി ഏതറ്റം വരെയും പോകാൻ താൻ തയ്യാർ ആണെന്നും തന്റെ ജീവിതം കൊണ്ടാണ് അജേഷ് കാണിച്ചു തരുന്നത്.
കൊല്ലം ജില്ലയിൽ ഒരു പതിവുണ്ട് എന്ന് കേട്ടിട്ടുണ്ട്, അതായത് അവിടെ ഓരോ കല്യാണത്തിന് പോകുന്നവർ അവിടെ പിരിവ് നൽകും, ഈ പിരിവിനു കൃത്യമായ കണക്ക് ഒക്കെ ഉണ്ടത്രേ, ഓരോ വീട്ടുകാരും എത്ര നൽകി എന്നൊക്കെ.
തിരിച്ചു അവരുടെ വീട്ടിലും ഇത്തരത്തിൽ ചടങ്ങ് വരുമ്പോൾ അവർക്കും തിരിച്ചു ഇതേ രീതിയിൽ പിരിവ് ലഭിക്കും. കല്യാണ ചിലവുകൾക്ക് വേണ്ടിയാണ് ഈ പിരിഞ്ഞു കിട്ടുന്ന പണം ഉപയോഗിക്കുന്നത്.
അത്തരത്തിൽ കൊല്ലം ജില്ലയിൽ നടക്കുന്ന ഒരു കല്യാണവും അതേ തുടർന്ന് ഉണ്ടാവുന്ന ചില പ്രശ്നങ്ങളും ഒക്കെ ചർച്ച ചെയ്യുന്ന സിനിമയാണ് ബേസിൽ നായകനായ പൊൻMan. ബേസിൽ എന്ന് കേൾക്കുമ്പോഴേ നമ്മുടെ ഉള്ളിൽ ഒരു ചിരി ആയിരിക്കും വരുന്നത്,
എന്നാൽ ഇത് അത്തരത്തിൽ തമാശകൾ ഒന്നുമില്ലാത്ത പക്കാ സീരിയസ് കഥയാണ്, ബേസിൽ എന്ന ആളെ എവിടെയും കാണാനില്ല, സിനിമയിൽ ഉടനീളം എന്ത് പ്രതിസന്ധി വന്നാലും തനിക്ക് മുന്നോട്ടു പോയെ പറ്റു എന്ന് പറയുന്ന അജേഷിനെ മാത്രമേ നമ്മൾക്ക് കാണാൻ കഴിയു.
പിന്നെ സജിൻ ഗോപു, എന്തൊരു മാറ്റമാണ് മനുഷ്യ നിങ്ങൾ ഓരോ പടത്തിലും, അമ്പാനും മാരിയാനോയും ഒരാൾ തന്നെയാണ് എന്ന് പറഞ്ഞാൽ ആരും വിശ്വസിക്കില്ല, അത്രക്ക് ഉണ്ട് വ്യത്യാസം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ