നമ്മുടെ നായകൻ ആ നാട്ടിലെ പ്രമുഖനായ ഒരു വക്കീലാണ്. ഏറ്റവും ഗുലുമാൽ പിടിച്ച കേസുകൾ തന്നെ ഏറ്റെടുക്കുന്നതിനാൽ ധാരാളം ശത്രുക്കൾ അയാൾക്ക് ഉണ്ട്.
ഭാര്യയും മകളുമായി താമസിക്കുന്ന അയാളുടെ വീട്ടിലേക്ക് സ്ഥിരമായി ഭീഷണി കത്തുകളും വരാറുണ്ട്.
അങ്ങനെ ഒരു ദിവസം അയാൾക്ക് രാവിലെ ഒരു കത്ത് ലഭിക്കുന്നു, എന്നാൽ അത് എഴുതിയിരുന്നത് മഷികൊണ്ട് ആയിരുന്നിരുന്നില്ല, രക്തം കൊണ്ടായിരുന്നു.
പതിവ് പോലെ അതിനെയും അവഗണിച്ചു തന്റെ ജോലിക്ക് പോയ അയാൾക്ക് അന്ന് പ്രൊമോഷൻ ലഭിച്ച ദിവസം കൂടിയായിരുന്നു. അതിന്റെ പാർട്ടിയും ബഹളവും ഒക്കെ കഴിഞ്ഞു രാത്രി ഏറെ വൈകി വീട്ടിലെത്തിയ അയാളെ കാത്തിരുന്നത് ഒരു ദുരന്തമായിരുന്നു.
അവിടെ അയാളുടെ ഭാര്യ മരണപ്പെട്ടു കിടക്കുകയാണ്. പാർട്ടിക്ക് പോകുന്നതിന് ഇടയിൽ അവൾ അയാളെ പല പ്രാവശ്യം വിളിച്ചിരുന്നു, തന്റെ കാർ ഒരു ചെറിയ അപകടത്തിൽ പെട്ടു എന്നൊക്കെ പറഞ്ഞു, പക്ഷേ അയാൾ അതൊന്നും ഗൗനിച്ചില്ലായിരുന്നു.
ഇതിന് കാരണക്കാർ ആയവരെ കണ്ടെത്താൻ അയാൾ ആവുന്ന വഴികൾ എല്ലാം നോക്കി, പക്ഷേ പോലീസിന് ഒരു തുമ്പും ലഭിച്ചില്ലായിരുന്നു.
അങ്ങനെ ഒരു വർഷം കടന്നുപോയി, തന്റെ ഭാര്യയുടെ ഓർമ്മദിവസം അവളെയും ഓർത്ത് ഇരിക്കുന്ന അയാൾക്ക് പെട്ടന്ന് ഒരു കാൾ വരുന്നു, അയാൾക്ക് തന്റെ കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല, ആ കാൾ അയാളുടെ ഭാര്യയുടെ നമ്പറിൽ നിന്ന് തന്നെയാണ്.
ആരെങ്കിലും പറ്റിക്കാൻ വിളിക്കുന്നതായിരിക്കും എന്ന് കരുതി അയാൾ ഫോൺ എടുത്ത് ദേഷ്യപ്പെട്ടെങ്കിലും, പതിയെ അയാൾ മനസ്സിലാക്കുന്നു, അത് തന്റെ മരണപ്പെട്ടു പോയ ഭാര്യ തന്നെയാണ്, തന്റെ കാർ അപകടത്തിൽ പെട്ട കാര്യം പറയാനാണ് അവൾ വിളിക്കുന്നത്.
ഇത്രയും കഥ കേട്ടിട്ട് ബാക്കി എന്ത് സംഭവിച്ചു എന്ന് കാണാൻ താല്പര്യം ഉണ്ടോ, സംഭവം കൊറിയൻ ആണ്, അവർക്ക് പിന്നെ ഇമ്മാതിരി കഥകൾക്ക് പഞ്ഞം ഒന്നുമില്ലല്ലോ.
2015 ൽ പുറത്തിറങ്ങിയ "The Phone" എന്ന സിനിമയുടെ കഥ ഇങ്ങനെയാണ് തുടങ്ങുന്നത്. പിന്നെ അങ്ങോട്ട് ക്ലൈമാക്സ് വരെ പക്കാ സീറ്റ് എഡ്ജ് ത്രില്ലർ ആണ്.
കൂടുതൽ എന്തെങ്കിലും ഇനിയും കഥയെ പറ്റി പറഞ്ഞാൽ ആ ത്രില്ല് നഷ്ടപ്പെടും എന്നുള്ളതുകൊണ്ട് ഇവിടെ വച്ചു നിർത്തുകയാണ്.
ഭാഷയുടെ അതിർ വരമ്പുകൾ ഇല്ലാതെ വ്യത്യസ്ത ത്രില്ലർ കാണാൻ ഇഷ്ടമാണെങ്കിൽ തീർച്ചയായും കണ്ടു നോക്കുക The Phone....
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ