RRR വെറും കത്തി പടമാണ് യാതൊരു ലോജിക് ഇല്ലാ എന്നൊക്കെ മുൻ പോസ്റ്റുകളിൽ കുറെ പേര് കമന്റ് ഇട്ടിരുന്നു. എന്നാൽ അങ്ങനെയല്ല, സിനിമയുടെ ഉള്ളിൽ ലോജിക് ഉണ്ടോയെന്നു നോക്കിയാൽ RRR ആ കാര്യത്തിൽ പക്കാ ആണ്.
എന്താണ് RRR ന് ഉള്ളിൽ ഉള്ള ലോജിക്, അതി ശക്തരായ രണ്ട് നായകന്മാർ, അവർ പരസ്പരം ഏറ്റു മുട്ടുന്നതും പിന്നീട് ബ്രിട്ടീഷ് സൈന്യത്തെ പൊരുതി തോൽപ്പിക്കുന്നതുമാണ്.
സിനിമ തുടങ്ങുമ്പോൾ തന്നെ ആ സിനിമക്കുള്ളിലെ ലോകത്തിലെ വ്യത്യാസം എന്താണെന്ന് സംവിധായകൻ വ്യക്തമായി കാണിച്ചു തരുന്നു.
കോമരം ഭീമൻ, അല്ലൂരി സീതാരാമരാജു എന്നീ കഥാപാത്രങ്ങൾ സാധാരണ മനുഷ്യരെപ്പോലെയല്ല, അവർക്ക് അതിഭീകരമായ കരുത്തുണ്ട്. സിനിമയിൽ ഉടനീളം ആ ലോജിക്ക് അവർ കാത്ത് പരിപാലിക്കുന്നുണ്ടോ എന്നാണ് പിന്നീട് നമ്മൾ നോക്കേണ്ടത്.
അഥവാ ലോജിക് പോകണം എന്നുണ്ടെങ്കിൽ ഈ പറഞ്ഞ കാര്യത്തിന് വിരുദ്ധമായി എന്തെങ്കിലും സിനിമയിൽ വരണം. ഇത്രയും ശക്തനായ ഇവരിൽ ആരെയെങ്കിലും ഒരാളെ ഒരു സാധാരണ കസേരയിൽ സാധാരണ മനുഷ്യനെ ബന്ധിക്കുന്നത് പോലെ ബന്ധിച്ചാൽ, അവർക്ക് അത് ഭേദിക്കാൻ കഴിയുന്നില്ലെങ്കിൽ അവിടെ ലോജിക്ക് പോയി.
അതുപോലെ ഒരു സാധാരണ മനുഷ്യൻ ഇവരെ നേർക്ക് നേരെ നിന്ന് പൊരുതി കീഴ്പ്പെടുത്തിയാലും ലോജിക് പോയി.
അങ്ങനെയൊന്നും അവിടെ സംഭവിക്കില്ല കാരണം കുറഞ്ഞത് അഞ്ച് പേരുടെ ബലമുണ്ട് അവർക്ക്.
അത്രയും ശക്തമായ ശരീരം ഉള്ളവർ എന്തൊക്കെ ചെയ്യുമോ അതെല്ലാം അവർ ചെയ്യുന്നതായിട്ട് തന്നെ കാണിക്കണം. അത് നമ്മുടെ യഥാർത്ഥ ലോകവുമായി താരതമ്യം ചെയ്യുമ്പോൾ ഒരിക്കലും നടക്കില്ല, അല്ലെങ്കിൽ കത്തി എന്നൊക്കെ തോന്നിയേക്കാം.
പക്ഷേ സിനിമയുടെ തുടക്കത്തിൽ തന്നെ അവരെ ഇങ്ങനെ നിർവചനം ചെയ്തതിനാൽ പിന്നീട് ആ രീതിയിൽ വേണം ആ സിനിമ കാണാൻ.
ഇനി ഇത് കത്തി ആകുന്നത് എങ്ങനെയെന്നു നോക്കിയാൽ തുടക്കം മുതൽ ക്ലൈമാക്സ് വരെ സാധാരണ മനുഷ്യരെ പോലെ കാണിച്ചിട്ട്, ക്ലൈമാക്സിൽ വില്ലന്റെ അടിയും കൊണ്ട് ബോധം കെട്ട് കിടക്കുമ്പോൾ,
നായികയുടെ അല്ലെങ്കിൽ മറ്റ് ആരെങ്കിലും നായകന്റെ പേര് വിളിച്ചു കരയുമ്പോൾ പെട്ടന്ന് നായകൻ അതി ശക്തനായി മാറി ഒരു വരവുണ്ട്.
അതുവരെ അടികൊണ്ട് അനങ്ങാൻ മേലാതെ കിടന്ന നായകൻ പിന്നെ ഒന്ന് തൊട്ടാൽ മതി തല്ലാൻ വരുന്ന ഗുണ്ടകൾ ഒക്കെ പറന്നുപോകും. ചിലർക്ക് ഇത്തരം രംഗങ്ങൾ രോമാഞ്ചം നൽകിയേക്കാം, പക്ഷേ ഇവിടെയൊക്കെയാണ് ലോജിക്ക് ഇല്ലാതെ ആകുന്നത്.
അത്രയും നേരം സാധാരണ മനുഷ്യനായി നിന്ന ഒരാൾക്ക് ആ നിമിഷം എങ്ങനെയാണ് ശക്തി ലഭിച്ചത് എന്നതിന് യാതൊരു വിശദീകരണവും ഉണ്ടാവില്ല.
ഇനി ഇങ്ങനെ ശക്തരായ കഥാപാത്രങ്ങളെ വേറെ ആർക്കും തോൽപ്പിക്കാൻ പറ്റില്ല എന്നുമില്ല, അത് കാണുന്ന നമ്മൾക്ക് കൂടി വിശ്വാസനീയമായി തോന്നണം എന്നുമാത്രം.
ട്രോയ് എന്ന സിനിമയിൽ Achilles എന്ന കഥാപാത്രം Boagrius എന്ന ഭീമനെ നിഷ്പ്രയാസം കീഴടക്കുന്ന ഒരു രംഗമുണ്ട്. Achilles ന്റെ ഇരട്ടി വലിപ്പമുണ്ട് Boagrius ന്, പക്ഷേ ആ സീൻ എടുത്ത് വച്ചിരിക്കുന്ന രീതിയിൽ ലോജിക്ക് കറക്റ്റ് ആകുന്നുണ്ട്.
ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുന്ന സംവിധായകർ സിനിമയുടെ ഉള്ളിൽ ലോജിക് കൃത്യമായി ചേർക്കും, അത് ശ്രദ്ധിച്ചു തുടങ്ങിയാൽ അത്തരം സിനിമകൾ നമ്മൾക്ക് കൂടുതൽ മനോഹരമായി ആസ്വദിക്കാൻ കഴിയും.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ