ലബ്ബർ പന്ത്

 പണ്ട് ഞങ്ങൾ ഒരു ടീം ഉണ്ടാക്കി ഫുട്ബോൾ ചെറിയ രീതിയിൽ കളിച്ചു നടന്ന കാലം, അന്ന് പരിചയത്തിൽ ഉള്ള ഒരാളുടെ നാട്ടിൽ അയാൾ കളിക്കുന്ന ടീം ഉണ്ട് ചുമ്മാ മത്സരിക്കാൻ വരുന്നോ എന്ന് ചോദിച്ചു.


അയാൾ ഉൾപ്പെടെ ഭൂരിപക്ഷം ആളുകളും നാൽപതിന് മുകളിൽ പ്രായം ഉള്ളവർ ആണെന്നും പറഞ്ഞു. നന്നായി കളിക്കുന്ന ടീംമൊന്നും അല്ല ഞങ്ങളുടെ എന്നിട്ട് പോലും അവരെ ഇപ്പോൾ തോൽപ്പിച്ചേക്കാം എന്നായിരുന്നു ഞങ്ങളുടെ എല്ലാം ഉള്ളിൽ.


അങ്ങനെ ഒരു ദിവസം ഞങ്ങൾ അവരുടെ ഗ്രൗണ്ടിൽ കളിക്കാൻ ചെന്നു, അവരുടെ ടീം വന്നപ്പോ ദേ ഒരു മെലിഞ്ഞു പ്രായമായ ചേട്ടൻ കൈലിമുണ്ടൊക്കെ മടക്കി കുത്തി മുന്നിൽ വന്നു നിൽക്കുന്നു, അവരുടെ മെയിൻ സ്ട്രൈക്കർ ആയിരിക്കുമെന്നൊക്കെ ഞങ്ങൾ തമാശക്ക് പറയുന്നുണ്ടായിരുന്നു. എന്നിട്ട് കളി തുടങ്ങിയതും ഇയാളുടെ കയ്യിൽ പന്ത് കിട്ടിയാൽ അപ്പോ വരും വെടിയുണ്ട പോലെ ഞങ്ങളുടെ ഗോൾ പോസ്റ്റിലേക്ക് ഓരോ കിക്ക്. കുറച്ചു നേരം ഞാനും ഗോളി നിന്നിരുന്നു, അയാളുടെ തൊഴിയുടെ പവർ അന്നേരമാണ് ശരിക്കും അങ്ങോട്ട് കിട്ടിയത്.


കൈ ഓടിയാതെ രക്ഷപെട്ടത് ഭാഗ്യമെന്ന് പറഞ്ഞാൽ മതി 😅. എന്തായാലും അന്നത്തെ കളി ഞങ്ങൾ തോറ്റു. വാശിക്ക് കുറച്ചു കൂടി നല്ല ടീം ആയിട്ട് പോയി പിന്നൊരു പ്രാവശ്യം ഞങ്ങൾ ജയിക്കുകയും ചെയ്തപ്പോ സമാസമം.. ഇന്ന് ലബ്ബർ പന്ത് കണ്ടപ്പോൾ ആ കൈലി ഉടുത്ത ചേട്ടനെ ഓർമ്മവന്നു..


ഇനി സിനിമയെ കുറിച്ച് പറഞ്ഞാൽ 


നമ്മുടെ അയ്യപ്പനും കോശിയും കണ്ടിട്ട് എഴുതിയ കഥ ആണെന്നും, ഈ വർഷം തമിഴിൽ ഇറങ്ങിയ ഏറ്റവും നല്ല പടങ്ങളിൽ ഒന്നാണെന്നും ഒക്കെ കേട്ടിട്ടും കാണാൻ ഒട്ടും താല്പര്യം തോന്നാതിരുന്ന സിനിമയായിരുന്നു ലബ്ബർ പന്ത്.


സാഹചര്യവശാൽ ott വന്നപ്പോൾ ഒരു പത്തു മിനിറ്റ് കണ്ടിട്ട് എഴുന്നേറ്റ് പോകാമെന്നു കരുതി കണ്ടു തുടങ്ങിയതാണ്, പക്ഷേ മുഴുവൻ കണ്ടിട്ടേ എഴുന്നേൽക്കാൻ പറ്റിയുള്ളൂ, അതും സിനിമ ഇത്ര പെട്ടന്ന് തീർന്നോ എന്നോർത്തു അത്ഭുതവും തോന്നി.


സിനിമ കാണാൻ താല്പര്യം തോന്നാതിരിക്കാൻ കാരണം ക്രിക്കറ്റ്‌ ആയിട്ട് വലിയ ബന്ധമൊന്നും ഇല്ലാത്തോണ്ടാണ്. കളിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതെ വന്നപ്പോ ഉപേക്ഷിച്ചതാണ്.


ടീവിയിലും കാണാതെയായിട്ട് വര്ഷങ്ങളായി, ഇപ്പോൾ വാർത്തകളിൽ കൂടി മാത്രമാണ് ക്രിക്കറ്റ്‌ ലോകത്ത് എന്ത് നടക്കുന്നു എന്നറിയുന്നത്.


എന്നാൽ എന്റെ ഒരു കൂട്ടുകാരനുണ്ട്, ക്രിക്കറ്റ്‌ എന്നാൽ ജീവനാണ്, എവിടേലും കളി ഉണ്ടെങ്കിൽ കല്യാണരാമനിൽ mr പോഞ്ഞിക്കര മദ്യത്തിന്റെ മണം പിടിച്ചു വരുന്നത് പോലെ അവനും ഗ്രൗണ്ടിൽ എത്തും കളിക്കും.


അവൻ കളിക്കുന്ന ഒന്ന് രണ്ട് ടൂർണമെന്റ് കാണാൻ പണ്ട് എന്നെയും വിളിച്ചുകൊണ്ടു പോയിട്ടുണ്ട്, ഈ ലോക്കൽ ടൂർണമെന്റ് ഒക്കെ നടക്കുമ്പോൾ അവിടെ ചില താരങ്ങൾ ഉണ്ടാവാറുണ്ട്, അവർക്ക് ചില പ്രിത്യേകതകളും അവരുടെ വീര കഥകൾ പറഞ്ഞു രോമാഞ്ചം കൊള്ളുന്ന ഫാൻസും ഉണ്ട്.


അങ്ങനെയുള്ള ആളുകളെയും ഇങ്ങനെ ഒക്കെ സംഭവങ്ങളും ഉണ്ടെന്നൊക്കെ അന്ന് അവന്റെ കൂടെ പോയപ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്.


ഈ സിനിമ കാണാൻ തുടങ്ങിയപ്പോൾ അതുപോലെ ഒരു കഥാപാത്രത്തെ കാണിച്ചുകൊണ്ടാണ് തുടങ്ങിയത്. ഒരു കൈലി മുണ്ട് ഉടുത്തു ബാറ്റിന്റെ പിടിയിൽ തൂവാല ചുറ്റി വരുന്ന, ആദ്യത്തെ ബോൾ മുട്ടിയിടുന്ന, പിന്നീടുള്ള എല്ലാ ബോളും നിലം തൊടാതെ പറപ്പിക്കുന്ന പൂമാല, കഥയിലെ നായികയുടെ അച്ഛൻ കഥാപാത്രം.


തന്റെ ഭാര്യ കാണാതെ ക്രിക്കറ്റ്‌ കളിക്കാൻ പോകുന്ന ശരാശരി നാട്ടിൻപുറത്തെ ക്രിക്കറ്റ്‌ പ്രേമി.


ഒപ്പം സ്വന്തമായി ഒരു ടീമിലും സ്ഥാനമില്ലാത്ത ആര് വിളിച്ചാലും കളിക്കാൻ പോകുന്ന, എന്നാൽ നന്നായി കളിക്കാൻ അറിയാമെങ്കിലും അവഗണന മാത്രം ലഭിക്കുന്ന നായകൻ അൻപ്...


അയ്യപ്പനും കോശിയിലും ഉണ്ടാവുന്ന പോലെ കളിക്കളത്തിൽ വച്ച് ഇവർ തമ്മിലുണ്ടാകുന്ന ഒരു ഈഗോ ക്ലാഷ്, അതോടൊപ്പം ഇനിയെന്ത് സംഭവിക്കുമെന്ന് പിടി തരാതെ പോകുന്ന കഥയും.


ഒരു മസ്റ്റ് വാച്ച് ഐറ്റം തന്നെയാണ്.. ക്രിക്കറ്റ്‌ ഒന്നും കളിച്ചിട്ടില്ലാത്ത എനിക്ക് തന്നെ ഇത്രയും എഴുതാൻ തോന്നിയെങ്കിൽ പണ്ട് നാട്ടിൻപുറങ്ങളിൽ ഇതുപോലെ കളിച്ചിട്ടുള്ളവർക്ക് തീർച്ചയായും ഒരു നല്ല നൊസ്റ്റാൾജിയക്ക് കൂടിയുള്ള വകുപ്പ് കൂടിയാണ്...


നല്ല കഥയും നല്ല അവതരണവും... അവസാനം ഒക്കെ 🔥🔥


ഇതുവരെ കണ്ടിട്ടില്ലാത്തവർ കണ്ടുനോക്കുക ഇഷ്ടപ്പെടും.. 👌🏻



ഒരാളുടെ കാര്യം കൂടി പറഞ്ഞില്ലെങ്കിൽ ശരിയാവില്ല.. കോളേജ് കഴിഞ്ഞു എല്ലാവരും പല വഴിക്ക് പോകുന്നതിന് മുന്നേ കുറച്ചു നാൾ ഞങ്ങൾ ക്രിക്കറ്റ്‌ കളിക്കുമായിരുന്നു, കളിക്കാൻ അറിയില്ലെങ്കിലും ആ കൂടെ കൂടുമ്പോൾ കിട്ടുന്ന ആ ഒരു ഫീലിന് വേണ്ടി ഞാനും പോകുമായിരുന്നു.


കോട്ടയം നാഗമ്പടത്തുള്ള അന്താരാഷ്ട്ര ക്രിക്കറ്റ്‌ സ്റ്റേഡിയത്തിലായിരുന്നു ഞങ്ങൾ കളിച്ചിരുന്നത്, കോട്ടയം വഴി പോയിട്ടുള്ളവർ എല്ലാം ഈ സ്റ്റേഡിയം കണ്ടിട്ടുണ്ടാകും, മഴക്കാലത്തു വള്ളം കളി വരെ അവിടെ നടത്താറുണ്ട്. 😅


അപ്പോൾ ഒരു ദിവസം ഞങ്ങൾ കളിക്കാൻ തുടങ്ങിയപ്പോ ഒരു പയ്യൻ വന്നു അവനെക്കൂടി കൂട്ടുമോ എന്ന് ചോദിച്ചു. 


സംസാരിച്ചു വന്നപ്പോ അവൻ ഈ നാട്ടുകാരനെ അല്ല, പത്തനംതിട്ടയിൽ നിന്നോ മറ്റോ എറണാകുളം പോകുന്ന വഴി ബസിൽ ഇരുന്നു ആശാൻ ഞങ്ങൾ കളിക്കാൻ ടീം ഇടുന്നത് കണ്ടിട്ട് അടുത്ത സ്റ്റോപ്പിൽ ചാടിയിറങ്ങി വന്നതാണ്..

അവൻ വന്നതും വെറുതെ ആയിരുന്നില്ല, നല്ല കിടിലൻ കളിയും കളിച്ചിട്ടാണ് യാത്ര പറഞ്ഞു പോയത്.. 

Rorschach

 ദുബായിൽ ബിസിനസ് ചെയ്യുന്ന ലൂക്ക് ആന്റണി തന്റെ ഗർഭിണിയായ ഭാര്യയുടെ ഒപ്പം കേരളത്തിലേക്ക് അവധി ആഘോഷിക്കാൻ പോകുകയാണ്. പക്ഷേ ഒരു കാട്ടു പാതയിൽ വച്ച് അദ്ദേഹത്തിന്റെ കാർ ഒരു മരത്തിൽ ഇടിക്കുകയും ബോധം നഷ്ടപ്പെടുകയും ചെയ്തു.


ബോധം വരുമ്പോൾ അദ്ദേഹത്തിന്റെ ഭാര്യയെ കാണാനില്ല, ലുക്ക്‌ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ചെന്ന് പരാതി നൽകി. എന്നാൽ പോലീസും നാട്ടുകാരും അവിടെ മുഴുവൻ അന്വേഷിച്ചിട്ടും അവരെ കണ്ടെത്താൻ കഴിയുന്നില്ല. ഒരുപക്ഷെ അവരെ ഏതെങ്കിലും വന്യ മൃഗങ്ങൾ ആക്രമിച്ചു കാണും എന്ന നിഗമനത്തിൽ അവർ എത്തിച്ചേരുന്നു.


എന്നാൽ ലൂക്കിന് തന്റെ ഭാര്യയെ അവിടെ ഉപേക്ഷിച്ചു പോകാൻ കഴിയില്ല എന്നും പറഞ്ഞു അയാൾ അവിടെ തന്നെ തുടരുകയാണ്. അങ്ങനെ ഇരിക്കുമ്പോഴാണ് ആ നാട്ടിലെ ബാലൻ എന്നൊരാൾ ലൂക്കിന്റെ അടുത്ത് ചെന്ന് ഒരു കാര്യം അവതരിപ്പിക്കുന്നത്.


ബാലന്റെ മൂത്ത മകനായ ദിലീപ് കുറച്ചു നാളുകൾക്ക് മുൻപ് ഒരു അപകടത്തിൽ മരണപ്പെട്ടിരുന്നു. ദിലീപ് പണിത് പൂർത്തിയാക്കാൻ പറ്റാതെ പോയ ഒരു വീടുണ്ട്, അത് വാങ്ങി അവിടെ താമസിച്ചു ഭാര്യയെ തിരയാം എന്ന് ബാലൻ ലൂക്കിനെ ഉപദേശിക്കുന്നു.


വീട് ഒന്ന് കാണുക പോലും ചെയ്യാതെ ലൂക്ക് ബാലൻ പറഞ്ഞ മുഴുവൻ തുകയും നൽകി ആ വീട് വാങ്ങുന്നു. തനിക്ക് കിട്ടിയ പണവുമായി ബാലൻ തന്റെ ഭാര്യയെയും രണ്ടാമത്തെ മകനെയും ഉപേക്ഷിച്ചു നാട് വിടുന്നു.


ലൂക്ക് ആകട്ടെ മരത്തിൽ ഇടിച്ചു കിടന്ന തന്റെ കാർ പിന്നിലേക്ക് എടുത്ത് റോഡിലിട്ടു കറക്കി എന്തൊക്കയോ കണക്ക് കൂട്ടലുകൾ വിചാരിച്ച പോലെ നടന്നവനെ പോലെ ഒരു ഇടിമുഴക്കം പോലെ ആ വീട്ടിലേക്ക് എത്തുന്നു.


പകുതി പണി മാത്രം തീർന്ന കാട് പിടിച്ച ഒരു പ്രേത ഭവനത്തിലേക്കാണ് ലൂക്ക് എത്തുന്നത്. വെറുതെ പോലും ആരെങ്കിലും കയറാൻ പേടിക്കുന്ന ആ വീട്ടിൽ ലൂക്ക് താമസം ആരംഭിക്കുന്നു. വെറുതെ അങ്ങ് കയറുകയല്ല, വീടിന്റെ പേരിന്റെ ഒരു ഭാഗം തല്ലി തകർത്തതിന് ശേഷമാണ് അയാൾ അവിടേക്ക് പ്രവേശിക്കുന്നത്.


പിറ്റേന്ന് ബാലന്റെ മൃതദേഹം കാട്ടിൽ നിന്നും കണ്ടെടുക്കുന്നു. ബാലന്റെ മൃതസംസ്കാര ചടങ്ങിന് ലൂക്ക് പോകുന്നത് ഒരു സ്യൂട് ധരിച്ചാണ്, ഇയാൾ എന്തൊക്കെയാണ് ഈ കാണിക്കുന്നതെന്ന് നാട്ടുകാരും നമ്മളും ചിന്തിക്കുന്നിടത്തു നിന്ന് കഥ ആരംഭിക്കുകയാണ്. 


ആരാണ് ലൂക്ക്, അയാൾ എന്തിന് അവിടെ വന്നു, ശരിക്കും അയാളുടെ ഭാര്യയെ കാണാതായോ, എന്തിനാണ് അയാൾ ആ വീട് വാങ്ങുന്നത്. ഓരോ നിമിഷത്തിലും ദുരൂഹതകൾ കൂടി കൂടി വരുന്ന ഒരു സിനിമ. ഒരുപക്ഷെ മലയാളത്തിൽ ഇറങ്ങിയ ഏറ്റവും വലിയ പ്രതികാരത്തിന്റെ കഥ പറയുന്ന സിനിമ.


ഒരാളോട് പ്രതികാരം ചെയ്യാൻ ഏത് അറ്റം വരെ പോകാൻ കഴിയുമെന്ന് നമ്മളെ കാണിച്ചു തരുന്ന 


Rorschach - 2022.


ഒരു ഹോളിവുഡ് ലെവൽ മലയാളം പടം.

മണിചിത്രതാഴ്‌

 ചെറുപ്പത്തിൽ അമ്മവീട്ടിൽ നിൽക്കാൻ പോകുമ്പോൾ അവിടെ VCR ൽ വല്ലപ്പോഴും കാസറ്റ് ഇട്ട് എല്ലാവരും കൂടി സിനിമ കാണുമായിരുന്നു. അങ്ങനെ ഒരിക്കൽ അങ്കിൾ പറഞ്ഞു മണിച്ചിത്രത്താഴ് കാസറ്റ് കിട്ടിയിട്ടുണ്ടെന്ന്.


എനിക്കാണേൽ ആ പേര് കേട്ടപ്പോ തന്നെ എന്തോ ഒരു വശപിശക് തോന്നിയിരുന്നു. പ്രേതസിനിമ വല്ലതുമാണോ എന്നുള്ള എന്റെ സംശയം സിനിമ തുടങ്ങി ഏതാനും മിനിറ്റുകൾക്ക് ഉള്ളിൽ തന്നെ ബോധ്യമായി.


പ്രേതത്തെയോ കരിംപൂച്ചയെയോ ഒന്നും കാണിച്ചില്ലെങ്കിൽ കൂടി എന്തോ ഒരു ഇത്. എന്നാൽ ഈ പണ്ടാരം കാണാതെ എഴുന്നേറ്റ് പോകാമെന്നു വച്ചാൽ അതും പറ്റില്ല, വീടിന്റെ ഏത് ഭാഗത്തു പോയി ഇരുന്നാലും അറിയാതെ സിനിമയുടെ ശബ്ദം തന്നെ ശ്രദ്ധിച്ചു പോകും. എന്നാലും വേണ്ടിയില്ല എന്ന് വച്ച് ഞാൻ പതിയെ സ്കൂട്ട് ആയിട്ട് സിറ്റ്ഔട്ടിൽ പോയിരുന്നു. 


എന്നാലും ശബ്ദം നല്ലപോലെ കേൾക്കാം, ഇടക്ക് ആകാംഷ വരുമ്പോൾ ഓട്ടകണ്ണിട്ട് ജനലിലൂടെ നോക്കുകയും ചെയ്യും.


അങ്ങനെ കുറെ സമയം കഴിഞ്ഞിട്ടും ഇഷ്ടപ്പെടുന്ന ആരുമില്ലല്ലോ എന്നോർത്തു ഇരിക്കുമ്പോഴാണ് ദാ മോഹൻലാലിന്റെ വരവ്. അന്നത്തെ ചെറിയ പ്രായത്തിൽ ലാലേട്ടൻ എന്നൊന്നും പറയാൻ ആയിട്ടില്ല, ആളുടെ രൂപം കണ്ടാൽ കഷ്ടിച്ച് പേരറിയാം.


അങ്ങനെ പരിചയം ഉള്ള, അല്ലെങ്കിൽ ഇത്തിരി വിശ്വാസം ഉള്ള ഒരാളെ കണ്ടപ്പോൾ കുറച്ചു ആശ്വാസമായി, ഇതിന് മുന്നേ ആളെ കണ്ടിട്ടുള്ള സിനിമകളിൽ ഒക്കെ ആളുടെ ഇടിയൊക്കെ കണ്ടിട്ടുള്ളതാണല്ലോ.


അങ്ങനെ അവിടെ മുതൽ തിരിഞ്ഞിരുന്നു ജനലിലൂടെ തന്നെ ബാക്കി സിനിമ കാണാൻ ആരംഭിച്ചു.


ഇടക്ക് പുള്ളി തെക്കിനിയിൽ പോകുന്നത് കണ്ടപ്പോൾ ശരിക്കും ഞെട്ടിപ്പോയി, അവിടെ പ്രേതമുണ്ടെങ്കിൽ എല്ലാവരെയും രക്ഷിച്ചുകൊണ്ട് സ്കൂട്ട് ആകാൻ ഉള്ളതിന് ഇങ്ങേര് ഇതെന്തോന്നാ കർത്താവെ കാണിക്കുന്നേ എന്നും വിചാരിച്ചു ശ്വാസം അടക്കിപ്പിടിച്ചാണ് ആ രംഗമൊക്കെ കണ്ടത്.


പിന്നീട് തിരുമേനി വരുന്നതും ഡോക്ടർ സണ്ണി ആളൊരു കേമൻ ആണെന്ന് പറയുന്നത് കൂടി കേട്ടപ്പോ ആകെ ഒരു ധൈര്യമായി, അതുവരെ അങ്ങേരെ കൊണ്ട് കൂട്ടിയാൽ കൂടുമോ എന്നൊക്കെയായിരുന്നു സംശയം.


പിന്നീടാണ് സിനിമയിലെ ഏറ്റവും കിളി പറത്തിയ രംഗം വന്നത്, മാടമ്പള്ളിയിലെ മനോരോഗി, അതായത് അന്നത്തെ ചിന്തയിൽ പ്രേതം ഉള്ളത് ശ്രീദേവിയിൽ അല്ല ഗംഗയുടെ ദേഹത്തു ആണത്രേ, അത് കൂടാതെ ഡോക്ടർ സണ്ണി ഇതൊക്കെ നേരത്തെ മനസിലാക്കി ഒരുപാട് പരീക്ഷണങ്ങൾ ഒക്കെ നടത്തിയിരുന്നു, ഇതെല്ലാം വല്ലാതെ വണ്ടർ അടിച്ച കഥ പറച്ചിലായിരുന്നു.


ശേഷം ഗംഗയുടെ ട്രാൻസ്‌ഫോർമേഷൻ കൂടി കണ്ടതോടെ ഞാൻ വീണ്ടും മുറ്റത്തേക്ക് തിരിഞ്ഞു, അല്ല പിന്നെ, പിന്നെ ദേ വരുന്നു പ്രേതത്തിന്റെ ഡാൻസ് പാട്ട്, ചെവി അടച്ചിരുന്നാലോ എന്നുണ്ടായിരുന്നു, എന്നാലും ടീവിയിലേക്ക് നോക്കാതെ സിനിമയുടെ തുടക്കത്തിൽ ഇന്നസെന്റ് സൈക്കിളിൽ ഇരുന്ന ഭാവത്തിൽ ഞാനും ഇരുന്നു.


പിന്നെ അവസാനം പ്രേതത്തെ ഒഴിപ്പിച്ചു വിട്ടു കഴിഞ്ഞാണ് ശ്വാസം നേരെ വീണത്. ഇനി മേലാൽ ഇമ്മാതിരി പ്രേത സിനിമ കാണരുതെന്ന് മനസിൽ വിചാരിച്ചു ഞാൻ സ്ഥലം കാലിയാക്കി.


അന്ന് അറിയില്ലായിരുന്നല്ലോ മലയാള സിനിമയിലെ ഏറ്റവും മികച്ച ക്ലാസ്സിക്‌ ചിത്രങ്ങളിൽ ഒന്നാണ് ഞാൻ ആ കാണുന്നതെന്നും ഓരോ പ്രാവിശ്യം കാണുമ്പോഴും അതിൽ നമ്മൾ കണ്ടതിൽ കൂടുതലായി എന്തെങ്കിലും കാണുമെന്നും.

The Wolf of Wall Street

 അങ്ങേ അറ്റത്തെ കൂർമ്മ ബുദ്ധിയും കഴിവും ഉള്ള ഒരാൾക്ക് പെട്ടന്ന് പണം ഉണ്ടാക്കാനുള്ള ഒരു കുറുക്കു വഴി കിട്ടുന്നു, വെറുതെയല്ല കുറേനാൾ ഒരു സ്റ്റോക്ക് എക്സ്ചേഞ്ച് കമ്പനിയിൽ ജോലി ചെയ്തപ്പോൾ അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞ കുറെ ലൂപ് ഹോളുകളാണ്.


അയാൾക്ക് പറ്റിയ ഒരു പാർട്ണറെ കൂടി കിട്ടുന്നു, രണ്ട് പേരും കൂടി സ്വന്തം സ്ഥാപനം ആരംഭിക്കുന്നു, പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു കൂട്ടം ആളുകളെയും ജോലിക്ക് വയ്ക്കുന്നു.


ദിവസവും പണം കുമിഞ്ഞു കൂടുന്ന അവസ്ഥ, പുറത്തേക്ക് വാരി എറിഞ്ഞാലും തീരാത്ത പോലെ പണം വന്നുകൊണ്ടേ ഇരിക്കുന്നു. പിന്നെ അവരെല്ലാം കൂടി കാണിച്ചു കൂട്ടുന്ന പുകിലുകൾ എന്തൊക്കെ ആയിരിക്കും എന്ന് നമ്മൾക്ക് ഊഹിക്കാൻ പറ്റുമോ..



ഇത് ആരോ കണ്ട സ്വപ്നമല്ല, പണം കൊണ്ട് മത്തു പിടിച്ച ഒരാളുടെ ജീവിതകഥ പിന്നീട് സിനിമ ആക്കിയതാണ്. ഒട്ടുമിക്ക കോർപ്പറേറ്റ് സ്ഥാപനങ്ങളിലും ട്രെയിനിങ്ങിന്റെ ഭാഗമായി പ്രദർശിപ്പിക്കാറുള്ള,


സംരംഭകർ കണ്ടിരിക്കേണ്ട ലോക സിനിമകളുടെ ലിസ്റ്റിൽ ആദ്യ പത്തിനുള്ളിൽ പെടുന്ന 


ടൈറ്റാനിക് സുന്ദരൻ Leonardo DiCaprio തകർത്ത് അഭിനയിച്ച 


The Wolf of Wall Street - 2013


Jordan Belfort എന്ന ഇരുപത്തിയഞ്ച് വയസുകാരൻ തന്റെ ബുദ്ധി മാത്രം ഉപയോഗിച്ച് കോടീശ്വരൻ ആയ കഥ..


ത്രസിപ്പിക്കുന്ന കഥ... സിനിമയിൽ ഒരു ഭാഗത്തു ജോർദാൻ തന്റെ ജീവനക്കാരുടെ മുന്നിൽ നടത്തുന്ന ഒരു പ്രസംഗം ഉണ്ട്, മോട്ടിവേഷൻ എന്നതിന്റെ ഒരു എക്സ്ട്രീം വേർഷൻ, അത് മാത്രം കണ്ടാൽ മതി പടം മുതലാവാൻ.


(*പടം A rating ആണ് കാണാൻ പോകുന്നവർ ശ്രദ്ധിക്കുക 😅)

ഫഹദ് ഫാസിലിനെ കണ്ട കഥ

 കുറെ വർഷങ്ങൾക്ക് മുൻപ് ഞാൻ എന്തോ കാര്യത്തിന് അടുത്തുള്ള ജംഗ്ഷനിലേക്ക് നടന്നു പോകുകയായിരുന്നു. അപ്പോൾ എന്റെ ഒരു കസിൻ എതിരെ ബൈക്കിൽ വരുന്നത് കണ്ടു..


അവൻ എന്റെ മുന്നിൽ ബൈക്ക് നിർത്തിയിട്ടു ചോദിച്ചു, ഫഹദ് ഫാസിലിനെ കാണണോ?


ഞാൻ, ഇവനെന്താ ഇങ്ങനെ ചോദിക്കുന്നേ എന്ന് വണ്ടർ അടിച്ചു, ഞങ്ങൾ ഒരുമിച്ചു ഒരു സിനിമക്ക് പോലും പോയിട്ടില്ല...


എന്റെ മറുപടി ഒന്നും ഇല്ലാഞ്ഞിട്ട് അവൻ എന്നോട് ബൈക്കിൽ കയറാൻ പറഞ്ഞു, അങ്ങനെ ഇതെന്താ ഇവൻ ഉദ്ദേശിക്കുന്നത് എന്നോർത്തു ഞാൻ പിറകിൽ കയറി.

അവൻ എന്നെയും കൊണ്ട് ജംഗ്ഷനിലേക്ക് തന്നെ ചെന്ന് മെയിൻ റോഡിന്റെ അരികിൽ ബൈക്ക് നിർത്തിയിട്ട് ഓപ്പോസിറ്റ് സൈഡിൽ കിടക്കുന്ന കാറിന്റെ ഉള്ളിലേക്ക് നോക്കാൻ പറഞ്ഞു,


ഞാൻ നോക്കിയപ്പോ ദേ ശരിക്കും ഫഹദ് ഫാസിൽ തന്നെ, സ്വന്തമായി ഡ്രൈവ് ചെയ്ത് വന്നിട്ട് ഫോൺ വിളിക്കാൻ നിർത്തിയേക്കുന്നതാണ്. ആ ജംഗ്ഷനിൽ ധാരാളം ആളുകൾ ബസ് കയറാനും മറ്റും നിൽപ്പുണ്ട്, പക്ഷേ ആരും ഇദ്ദേഹത്തെ ശ്രദ്ധിച്ചിട്ടില്ല.


ഞങ്ങൾ മാത്രം ഇങ്ങനെ കണ്ടു നിന്നു.. ആ സമയത്ത് എന്തോ ആയിരുന്നു കോട്ടയത്തു സിനിമ ഷൂട്ട്‌ ഉണ്ടെന്ന് കേട്ടിരുന്നു, പിന്നീട് സിനിമ ഇറങ്ങിയപ്പോൾ പടം ഏതാണെന്നു മനസിലായി..

ഫഹദ് അയമനം സിദ്ധാർഥൻ ആയിട്ട് കുറെ ചിരിപ്പിച്ച ഒരു ഇന്ത്യൻ പ്രണയകഥ ആയിരുന്നു അത്..


നമ്മൾ അറിയാതെ ഇങ്ങനെ സെലിബ്രിറ്റികളുടെ മുന്നിലേക്ക് ഏത്തപ്പെടുന്നത് ഒരു രസമുള്ള പരിപാടിയല്ലേ... 😅



ലാലേട്ടനെ കണ്ടത് ഇതിലും യാദൃശ്ചികം ആയിരുന്നു.. ആ കഥ പിന്നീട് ഒരിക്കൽ പറയാം.. 😌

ലാലേട്ടനെ കണ്ട കഥ

 വർഷം 2014 ആണോ 15 ആണോന്ന് ഓർമ്മയില്ല, അന്ന് കൊച്ചി മരത്തോൺ ഓടാൻ പോയാലോ എന്ന് കസിൻ എന്നോട് ചോദിച്ചു, ഞാൻ ആണേൽ കഷ്ടിച്ച് 4 കിലോമീറ്റർ ഓടുന്ന സമയമാണ്.


അടുത്ത വർഷം നോക്കാം എന്നൊക്കെ പറഞ്ഞെങ്കിലും ഒടുവിൽ അവന്റെ നിർബന്ധത്തിന് വഴങ്ങി പത്തു കിലോമീറ്റർ ശ്രമിക്കാം എന്ന് സമ്മതിച്ചു. ഇനിയിപ്പോ ഓടാൻ പറ്റിയില്ലെങ്കിൽ നടന്നിട്ട് എങ്കിലും പൂർത്തിയാക്കാം എന്നൊക്കെയായിരുന്നു എന്റെ ഉള്ളിൽ.


എന്നാലും ഇത്രയും effort ഒക്കെ എടുത്താൽ ഓട്ടത്തിന്റെ ഇടയിൽ എങ്ങാനും എന്തേലും പറ്റുമോ എന്നൊക്കെയുള്ള പേടി ഓരോ ദിവസവും കൂടി കൂടി വന്നു.. അങ്ങനെ മരത്തോണ് ദിവസം വന്നെത്തി, വെളുപ്പിനെ 5 മണിക്ക് മുന്നേ എന്തോ അവിടെ റിപ്പോർട്ട്‌ ചെയ്യണം അതുകൊണ്ട് തലേ ദിവസം തന്നെ ഞങ്ങൾ രണ്ടും കൂടി കൊച്ചിയിൽ ചെന്നു, മഹാരാജാസ് കോളേജിന്റെ അടുത്ത് നിന്നാണ് പരിപാടി തുടങ്ങുന്നത്, അവിടെ ചെന്ന് സ്ഥലമൊക്കെ നിരീക്ഷിച്ചു ഞങ്ങൾക്ക് ഉള്ള കിറ്റ് ഒക്കെ വാങ്ങി, അപ്പോഴേക്കും ഉള്ളിലെ പേടിയൊക്കെ മാറി അതുവരെ അനുഭവിച്ചിട്ടില്ലാത്ത ഒരു വികാരം ഉള്ളിൽ അനുഭവപ്പെടാൻ തുടങ്ങിയിരുന്നു.


എന്തോ ഒരു വലിയ പരിപാടിയുടെ ഭാഗം ആകാൻ പോകുന്നു എന്നൊരു തോന്നൽ, അങ്ങനെ അന്ന് ഞങ്ങൾ അവിടെയുള്ള അങ്കിളിന്റെ വീട്ടിൽ താമസിച്ചു പിറ്റേന്ന് നാലര മണിയോടെ വേദിയിൽ എത്തി. 


അവിടെ ദേ വലിയ ഒരു ജനക്കൂട്ടം, പതിനായിരക്കണക്കിന് ആളുകൾ, പാട്ടും മേളവും ഒക്കെയായിട്ട് വേറെ ഏതോ ലോകത്ത് ചെന്നതുപോലെ ഒരു പ്രതീതി.


പിന്നെയെല്ലാം യാന്ത്രികമായിരുന്നു, വാർമിംഗ് സെക്ഷൻ ആയിട്ട് zumba, അത് അവതരിപ്പിക്കുന്ന ആളുകളെ ഒക്കെ കണ്ടാൽ ബോളിവുഡ് സിനിമകളിൽ ഉള്ളവരെ പോലെയുണ്ട്, മാത്രമല്ല ഓടാൻ വന്ന മനുഷ്യരെ കണ്ടാലും ഇതുവരെ എങ്ങും കണ്ടിട്ടില്ലാത്ത പോലെ, ആകെ ഒരു പാരലൽ വേൾഡ് എക്സ്പീരിയൻസ്.


പിന്നെ ഓരോ കാറ്റഗറി അനുസരിച്ചു ഓട്ടം തുടങ്ങി, കുറച്ചു ഓടി മുന്നോട്ട് ചെല്ലുമ്പോൾ ദേ ഒരു വാൻ കിടക്കുന്നു, അതിന്റെ അടുത്ത് മുഴുവൻ ഒരു ആരവം, ഇതെന്താ സംഭവം എന്ന് വണ്ടർ അടിച്ചു വാനിലേക്ക് നോക്കിയപ്പോ ദേ അതിന്റെ മുകളിൽ സാക്ഷാൽ മോഹൻലാൽ, എല്ലാവരെയും നോക്കി കൈവീശി കാണിച്ചും ചിരിച്ചു കാണിച്ചും ഇങ്ങനെ നിൽക്കുന്നു..


അപ്രതീക്ഷിതമായി ഇങ്ങനെ ലാലേട്ടനെ കണ്ടപ്പോൾ ശരിക്കും ഒന്ന് ഞെട്ടി, അതുവരെ സിനിമയിൽ മാത്രം കണ്ടിട്ടുള്ള ചൈൽഡ്ഹൂഡ് ഹീറോ ദേ പ്രതീക്ഷിക്കാതെ കണ്മുന്നിൽ..


അങ്ങനെ ആ ഓട്ടം തുടർന്നു, ഇടക്ക് നടന്നും പിന്നീട് ഓടിയും ഒക്കെ മാരത്തോൺ പൂർത്തിയാക്കാൻ എനിക്കായി. 42 കിലോമീറ്റർ ആണ് യഥാർത്ഥ മാരത്തോൺ, അതിന്റെ മുന്നിൽ ഈ 10 ഒക്കെ വെറും കുട്ടിക്കളി ആണെങ്കിലും ഒരു ലൈഫ് ടൈം എക്സ്പീരിയൻസ് ആയിരുന്നു അത്.


അത് കഴിഞ്ഞു എവിടെയോ വായിച്ചിരുന്നു ജീവിതത്തിൽ ഒരിക്കൽ എങ്കിലും നമ്മൾ ചെയ്തു നോക്കേണ്ട കാര്യങ്ങളുടെ ലിസ്റ്റിൽ പെടുന്ന ഒന്നാണ് ഒരു മാരത്തോൺ എങ്കിലും ഓടുക എന്നത്.


തീർച്ചയായും വളരെ വേറിട്ട ഒരു അനുഭവം തന്നെ ആയിരുന്നു. 2024 ലെ ഇതേ പരിപാടി ഓടണം എന്ന് വിചാരിച്ചു ഇരുന്നെങ്കിലും അതിന്റെ അറിയിപ്പ് വന്നതൊന്നും ഞാൻ അറിഞ്ഞില്ലായിരുന്നു.


ഇത്തവണ ഓടിയിരുന്നെങ്കിൽ മറ്റൊരു ഇതിഹാസമായ സാക്ഷാൽ സച്ചിൻ തെണ്ടുൽക്കറേ നേരിൽ കാണാൻ കഴിഞ്ഞേനെ...


ലാലേട്ടനെ നേരിൽ കണ്ടത് അപ്രതീക്ഷിതമായി ആണെങ്കിൽ മമ്മൂക്കയെ നേരിൽ മറ്റൊരു രീതിയിൽ ആയിരുന്നു, ആ കഥ മറ്റൊരു പോസ്റ്റിൽ പറയാം.. 😌

ടെർമിനേറ്റർ അണ്ണൻ

 ഏഴാം ക്ലാസ്സിൽ പഠിക്കുബോഴാണ് എന്റെ അതേ പേരുള്ള കൂട്ടുകാരൻ ഒരു ഇംഗ്ലീഷ് സിനിമയുടെ കഥ എന്നോട് പറയുന്നത്. ഒരു പയ്യനെ കൊ**നായിട്ട് ഭാവിയിൽ നിന്നൊരു റോബോട്ട് ടൈം ട്രാവൽ ചെയ്ത് വരുന്നു.


ആ റോബോട്ടിന് രൂപം മാറാനുള്ള കഴിവുണ്ട്, എത്ര പീസ് ആയിട്ട് പോയാലും വെള്ളം കൂടി ചേരുന്നത് പോലെ അതിന്റെ ഭാഗങ്ങൾ വീണ്ടും കൂടി ചേർന്ന് വരും..


ഇങ്ങനെ ഒരു റോബോട്ട് ആക്രമിക്കാൻ വന്നാൽ എങ്ങനെ ഇതിലെ പയ്യൻ രക്ഷപെടുമെന്നായി എന്റെ കൗതുകം, അപ്പോഴാണ് അവൻ മറ്റൊരാളുടെ കാര്യം പറയുന്നത്, ആ പയ്യനെ രക്ഷിക്കാൻ മറ്റൊരു റോബോട് കൂടി ഇതുപോലെ ടൈം ട്രാവൽ ചെയ്ത് വരുന്നുണ്ട്.

വില്ലൻ റോബോട്ടിന്റെ അത്രയും കഴിവുകൾ ഒന്നുമില്ല പക്ഷേ ഒരു അഡാറു മുതലാണ് ആ റോബോട്ട്.


പയ്യനെ അന്വേഷിച്ചു ആദ്യമേ എത്തുന്നത് വില്ലൻ റോബോട്ടാണ്, അവൻ അതിന്റെ അടുത്ത് നിന്ന് രക്ഷപെടാൻ വേണ്ടി തന്റെ ബൈക്കിൽ സാഹസികമായി ഒരു റൈഡ് ഉണ്ട്, എന്നാൽ വില്ലൻ റോബോട്ട് ഒരു ട്രക്ക് തട്ടിയെടുത്തു അവന്റെ പിന്നാലെ ചെല്ലുന്നു.


അവൻ ഒരു കനാൽ വഴിയൊക്കെ ബൈക്ക് പറപ്പിച്ചു നോക്കി, എന്നിട്ടും വില്ലൻ പിന്മാറുന്നില്ല, ഒടുവിൽ അവനെ പിടികൂടും എന്ന അവസ്ഥ ആയപ്പോഴാണ് നമ്മുടെ അണ്ണന്റെ വരവ്,


ഒരു ഹാർലി ഡേവിഡ്സൺ ബൈക്കിൽ ചങ്കും വിരിച്ചു ഒരു വരവുണ്ട്, ഒരു കോഴിക്കുഞ്ഞിനെ പൊക്കുന്ന പോലെ പയ്യനെ അവന്റെ ബൈക്കിൽ നിന്നും ഒറ്റ കൈകൊണ്ട് പൊക്കി തന്റെ ബൈക്കിന്റെ മുന്നിലേക്ക് ഇരുത്തിയിട്ട് സൈഡിൽ കിടക്കുന്ന തോ**ക്ക് എടുത്ത് വട്ടം കറക്കി അണ്ണന്റെ രണ്ട് ഷോട്ട് ഉണ്ട്, അതോടെ ട്രക്ക് തവിടുപൊടി..


എന്നാലും വില്ലൻ റോബോട്ട് അല്പ സമയം കഴിയുമ്പോൾ വീണ്ടും ഒരുമിച്ച് കൂടി ഉണ്ടായി വരുന്നുണ്ട്.. പിന്നീട് അങ്ങോട്ട് ഇവർ തമ്മിലുള്ള പോരാട്ടമാണ്.


അവൻ കഥ പറഞ്ഞപ്പോഴേക്കും തന്നെ ഞാൻ ആകെ ആവേശഭരിതനായി, പക്ഷേ അവൻ പറഞ്ഞ അർനോൾഡ് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു, അത് കേട്ടപ്പോ അവനും അതിശയം, ഇത്രയും മസ്സിൽ ഒക്കെയുള്ള ലോക ചാമ്പ്യൻ ആയിരുന്ന പിന്നീട് ഹോളിവുഡ് ആക്ഷൻ സിനിമകളിലെ ഇത്രയും വലിയ താരത്തെ അറിയില്ലേ എന്നായി അവൻ..


എന്തായാലും സിനിമയുടെ പേരൊക്കെ ഞാൻ അവനോട് ചോദിച്ചു മനസിലാക്കി വച്ചു, എപ്പോഴെങ്കിലും ടീവിയിൽ വരുമ്പോൾ കാണാമല്ലോ..


അന്നൊക്കെ സ്ഥിരമായി പത്രത്തിൽ ഓരോ ചാനലിലും വരുന്ന സിനിമകളുടെ പേര് നോക്കുന്ന പതിവ് ഉണ്ടായിരുന്നു, സ്കൂൾ സമയം കഴിഞ്ഞാൽ മിക്കവാറും സമയം ടീവിയുടെ മുന്നിൽ തന്നെയും ആയിരിക്കും.


അങ്ങനെ ഒരു ദിവസം ഞാൻ നോക്കുമ്പോൾ ദേ കാണാൻ കാത്തിരുന്ന ആ സിനിമ സ്റ്റാർ മൂവിസിൽ..


Terminator 2 : The Judgement Day...


സിനിമ കണ്ട് തുടങ്ങിയപ്പോഴാണ് വീണ്ടും കിളി പോയത്, മസ്സിൽ ഒക്കെയുള്ള ഒരു മച്ചാൻ ആണ് നായകൻ റോബോട്ട് ആയിട്ട് വരുന്ന അർനോൾഡ് എന്നൊക്കെ കെട്ടിരുന്നെങ്കിലിം എന്റെ ഭാവനയ്ക്കും അപ്പുറമായിരുന്നു മൂപ്പരുടെ ശരീരം.


അതുവരെ കണ്ടിട്ടുള്ള മസ്സിൽമാൻമാർ പുള്ളിയുടെ മുന്നിൽ ഒന്നുമല്ല എന്ന് മാത്രമല്ല ഇങ്ങനെ ഒക്കെ മനുഷ്യന്മാർ ഭൂമിയിൽ ഉണ്ടോ അതോ ഇനി ശരിക്കും റോബോട്ട് ആയിട്ട് ഉണ്ടാക്കിയതാണോ എന്നൊക്കെ ഓർത്തുപോയി.


കഥ മുഴുവൻ കേട്ടത് ആണെങ്കിൽ കൂടി അത് കാണുമ്പോൾ ആവേശത്തിന് ഒരു കുറവും ഉണ്ടായില്ലായിരുന്നു, അത്രക്ക് കിടിലൻ.


അതിലും രസം പിന്നീട് ഒരുപാട് നാളുകൾക്ക് ശേഷമാണ് ഈ സിനിമ റിലീസ് ആയ വർഷം ശ്രദ്ധിക്കുന്നത് - 1991..


അവൻ കഥ പറഞ്ഞപ്പോൾ ഏതോ പുതിയ സിനിമ ഇറങ്ങിയതിന്റെ ആണെന്നൊക്കെ വിചാരിച്ചിരുന്ന ഞാൻ...


എന്നാലും ആ ഹാർലി ഓടിച്ചോണ്ടുള്ള വരവ്, ഇപ്പോഴും വല്ലപ്പോഴും ഇരുന്ന് കാണും...

ബാഷ

 മദ്രാസിലെ ഒരു പാവം ഓട്ടോ ഡ്രൈവർ ആയ മാണിക്യത്തിന്റെ അനുജത്തിക്ക് MBBS ന് അഡ്മിഷൻ ലഭിക്കുന്നു. എന്നാൽ അഡ്മിഷൻ എടുക്കാൻ ചെന്ന അവളോട് കോളേജിന്റെ ചെയർമാൻ വളരെ മോശമായി സംസാരിക്കുന്നു.


സീറ്റ്‌ ലഭിക്കാൻ അയാളുടെ ഇഷ്ടങ്ങൾക്ക് വഴങ്ങണം എന്ന് കേട്ട അവൾ കരഞ്ഞുകൊണ്ട് അവിടെ നിന്ന് പോകുന്നു. അഡ്മിഷന് പോയിട്ട് തിരിച്ചു വരാത്ത പെങ്ങളെ അന്വേഷിച്ചു മാണിക്യം വരുമ്പോൾ അവൾ ക്യാന്റീനിൽ ആകെ വിഷമിച്ചു ഇരിക്കുന്നതാണ് കാണുന്നത്.


തനിക്ക് ഡോക്ടർ ആകേണ്ട മറ്റ് എന്തെങ്കിലും കോഴ്സ് നോക്കാമെന്നു അവൾ അയാളോട് പറയുന്നു. അവളുടെ വാക്കുകളിൽ നിന്നും എന്തോ മോശമായി സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ മാണിക്യം അവളെയും കൂട്ടി ചെയർമാനെ കാണാൻ ചെല്ലുന്നു.


അവൾ വന്ന കണ്ട് സന്തോഷത്തിൽ അയാൾ അവൾക്ക് ഒരു സീറ്റ്‌ റെഡിയാക്കാനും ഗസ്റ്റ് ഹൌസിന്റെ അഡ്രസ് കൊടുത്തേക്കാനും പറയുന്നു.


അപ്പോഴാണ് മാണിക്യം അവിടേക്ക് കയറി വരുന്നത്, അത് അവളുടെ ആങ്ങള ആണെന്ന് മനസിലായപ്പോൾ അയാളുടെ സ്വരം മാറാൻ തുടങ്ങി, തന്നെ ഭീഷണിപ്പെടുത്താൻ ആണ് വിചാരമെങ്കിൽ താൻ പഴയ റൗഡി ആയിരുന്നെന്നും പോലീസിൽ പോയാലും മന്ത്രിയുടെ അടുത്ത് പോയാലും അയാൾക്ക് ഒരു ചുക്കുമില്ല എന്ന് പറയുന്നു.


അയാൾ കൈകൊട്ടുമ്പോൾ അയാളുടെ ഗുണ്ടകൾ അവിടേക്ക് കയറി വന്നു അവരെ രണ്ടു പേരെയും പിടിച്ചു പുറത്താക്കാൻ തുടങ്ങുന്നു. അപ്പോൾ മാണിക്യം വളരെ താഴ്മയായി തനിക്ക് അയാളോട് ഒന്ന് തനിച്ചു സംസാരിക്കണം എന്ന് പറയുന്നു. പല തവണ അപേക്ഷിക്കുമ്പോൾ അയാൾ അതിന് വഴങ്ങുന്നു, ഗുണ്ടകൾ പുറത്തേക്ക് പോകുന്നു, തന്റെ പെങ്ങളോടും അല്പം നേരത്തേക്ക് പുറത്ത് നിൽക്കാൻ അയാൾ അവകാശപ്പെടുന്നു.


പിന്നെ മാണിക്യം കൈ കെട്ടി നിന്ന് ചെയർമാനെ നോക്കി ഒന്ന് പുഞ്ചിരിക്കുന്നു, എന്നിട്ട് പറയുന്നു,


"അയ്യാ,... എൻ പേര് മാണിക്യം..."


ഇത്രയും പറഞ്ഞു മാണിക്യം മേശയിലേക്ക് കൈ കുത്തി മുന്നോട്ട് ആഞ്ഞു നിന്നിട്ട്,

എനക് ഇനി ഒരു പേരിരുക്ക്... "


ഒപ്പം ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക്... ബാഷ... ബാഷ... അവ്യക്തമായി ഒരാൾ നടന്നു നീങ്ങുന്ന ഒരു ഫ്ലാഷ്ബാക്ക് ദൃശ്യവും..


പിന്നീട് നമ്മളെ കാണിക്കുന്നത് മാണിക്യത്തിന്റെ പെങ്ങൾ പുറത്തു നിന്ന് ജനലിലൂടെ ആ ദൃശ്യം കാണുന്നതാണ്, അത്രയും നേരം അവരെ ഭീഷണിപ്പെടുത്തി കസേരയിൽ ഞെളിഞ്ഞിരുന്ന ചെയർമാൻ ദാ ഓടി വന്നു മാണിക്യത്തിന്റെ മുന്നിൽ കുമ്പിട്ടു നിൽക്കുന്നു,


പെങ്ങൾക്ക് ഒരു സീറ്റ് അല്ല നൂറല്ല ആ കോളേജ് മുഴുവൻ തന്നെ കൊടുത്തേക്കാം എന്നും പറഞ്ഞാണ് അയാൾ തൊഴുതു നിൽക്കുന്നത്...


ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ മറ്റാരും അറിയാതെ ഒളിച്ചു ജീവിക്കുന്ന മുംബൈയിലെ ഡോൺ ആയിരുന്ന മാണിക്ക് ബാഷയാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന് അറിഞ്ഞാൽ അയാൾ പിന്നെ എന്ത് ചെയ്യാനാണ്..


ഈ സിനിമയൊക്കെ എത്ര പ്രാവിശ്യം കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു മാജിക്‌ ഉണ്ട്, അയാൾ മാണിക്ക് ബാഷ ആണെന്നും അയാൾ തന്റെ പേര് പറഞ്ഞാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നെല്ലാം പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും വീണ്ടും കാണുമ്പോഴും ആദ്യമായി കാണുന്നത് പോലെയുള്ള ഒരു ഫീൽ ലഭിക്കും.


കഥാപാത്രങ്ങളുമായി കൃത്യമായി ഇമോഷണൽ ആയി കണക്റ്റ് ആയി കഴിഞ്ഞാൽ, അവർക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾ നമ്മുടേതായി തോന്നും, ആ സമയത്തു എന്താണോ നമ്മൾ ആഗ്രഹിക്കുന്നത്, അത് അതേ പടി ആ കഥാപാത്രം ചെയ്യുന്നത് കാണുമ്പോൾ നമ്മൾക്ക് ഒരു സംതൃപ്തി ലഭിക്കും..



ഈ സിനിമയിൽ അത്തരം സന്ദർഭങ്ങൾ ധാരാളമുണ്ട്, മാണിക്യം യഥാർത്ഥത്തിൽ ആരാണെന്ന് സ്വന്തം വീട്ടുകാർക്ക് പോലും അറിയില്ല.


 പോലീസ് ആയ അനിയനോടുള്ള പക തീർക്കാൻ മാണിക്യത്തിന്റെ അനുജത്തിയെ തട്ടിക്കൊണ്ടു പോയി പബ്ലിക് ആയിട്ട് ഉപദ്രവിക്കാൻ അവിടുത്തെ ലോക്കൽ ഗാങ്സ്റ്റർ ആയ ഇന്ദ്രൻ ശ്രമിക്കുന്ന സമയത്താണ് മാണിക്യം തന്റെ യഥാർത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത്.

ഇതേ തീമിൽ ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത്തരം രംഗങ്ങൾ കൊണ്ട് മുന്നിൽ നിൽക്കുന്നത് ബാഷ തന്നെയാണ്.


ബാഷ അടിക്കുമ്പോൾ അടി കൊള്ളുന്നവൻ നൂറടി പറന്നു പോകുന്നുണ്ട്, ഒറ്റക്ക് ഒരുപാട് പേരെ അടിച്ചു തോൽപ്പിക്കുന്നുണ്ട്, യഥാർത്ഥത്തിൽ ഇതൊന്നും ആരെക്കൊണ്ടും സാധിക്കില്ല എന്നിരുന്നാലും അത് പ്ലേസ് ചെയ്തിരിക്കുന്ന സിറ്റുവേഷൻ കൊണ്ടാണ് നമ്മളെ ത്രസിപ്പിക്കുന്നത്.


ചെറുപ്പത്തിൽ സിനിമകൾ കണ്ടിരുന്ന സമയത്ത് ഇഷ്ടമില്ലാത്ത നടൻമാർ ഉണ്ടോയെന്ന് ചോദിച്ചാൽ എന്റെ വായിൽ ആദ്യം വരുന്ന പേരായിരുന്നു രജനികാന്ത് എന്നത്.. എന്തോ അന്നത്തെ എന്റെ നായക സങ്കല്പങ്ങൾക്ക് വിരുദ്ധമായിരുന്നു അദ്ദേഹം എന്ന് തോന്നിയിരുന്നു..


എന്നാൽ പിന്നീട് മനസിലായി, സൂപ്പർ സ്റ്റാർ എന്ന് അദ്ദേഹത്തെ വെറുതെ വിളിക്കുന്നതല്ല, ഇത്തരം സിനിമകൾ ആ ഒരു സ്റ്റൈൽ ഒന്നും അങ്ങനെ ആരെക്കൊണ്ടും സാധിക്കുന്ന കാര്യങ്ങളല്ല, ഒരു അത്ഭുതം തന്നെയാണ്..


മറ്റ് നടൻമാർ ഓരോ ജോണർ സിനിമകളിൽ അഭിനയിക്കുന്നു എന്ന് പറയും, എന്നാൽ രജനികാന്ത് സിനിമകൾ എന്നത് തന്നെ ഒരു ജോണർ ആണ്..

SpiderMan No Way Home

 ഒരു സിനിമയുടെ പീക്ക് തിയേറ്റർ എക്സ്പീരിയൻസ് എന്ന് പറയുന്നത് നമ്മൾക്ക് ഏറെ താല്പര്യമുള്ള ഒരു കഥ അല്ലെങ്കിൽ കഥാപാത്രം ആസ്പതമായി ഒരു സിനിമ വരുന്നുണ്ട് എന്ന് അനൗൺസ്‌ ചെയ്യുമ്പോൾ മുതൽ


 നമ്മൾക്ക് ഉണ്ടാവുന്ന ഒരു പ്രതീക്ഷ അതേപടി നിലനിർത്തി ഒടുവിൽ തിയേറ്ററിൽ അത് അതേപടി ലഭിക്കുമ്പോഴാണ്.


അങ്ങനെ നോക്കിയാൽ MCU spiderman 3 അനൗൺസ് ചെയ്തപ്പോൾ മുതൽ ഒരുപാട് റുമറുകൾ ഉണ്ടായിരുന്നു അതിൽ പഴയ സിനിമകളിൽ spiderman ആയി വന്ന Toby യും Andrew ഉം ഈ സിനിമയിലും ഉണ്ടാവുമെന്ന്.


ആദ്യം കേട്ടപ്പോൾ ആരുടെയോ ഭാവന എന്ന് തോന്നിയെങ്കിലും പിന്നെ അത് കുറേക്കൂടി ശക്തമായി കേൾക്കാൻ തുടങ്ങി. കുട്ടിക്കാലത്തു ഏറെ ആസ്വദിച്ചു കണ്ട ടോബിയുടെ spiderman ഒരിക്കൽ കൂടി കാണാൻ അങ്ങനെ ഉള്ളിൽ ഒരു ആഗ്രഹം തോന്നിത്തുടങ്ങി. എന്നാൽ അതുമായി ബന്ധപ്പെട്ട് ഒഫീഷ്യൽ ആയിട്ട് യാതൊരു വിവരങ്ങൾ ഇറങ്ങുന്നുമില്ല ഇതൊക്കെ വെറും ഗോസിപ്പ് എന്ന രീതിയിലാണ് മാർവെൽ ഡീൽ ചെയ്തിരുന്നത്.



പക്ഷേ പഴയ സിനിമകളിലെ വില്ലന്മാർ എന്തായാലും ഉണ്ടാവും എന്നുള്ള കാര്യങ്ങൾ ഉറപ്പായിരുന്നു. അത് തന്നെ നൊസ്റ്റാൾജിയ ആയിരുന്നു സിനിമക്ക് വേണ്ടി കാത്തിരിക്കാൻ.


ഒടുവിൽ സിനിമയുടെ ട്രൈലെർ ഇറങ്ങി, കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഒരു ഓറഞ്ച് മത്തങ്ങാ വന്നു വീഴുന്നതും ഒപ്പം അട്ടഹസിച്ചുള്ള ചിരിയും കൂടി കേട്ടപ്പോൾ ആകെ രോമാഞ്ചമായി, 2002 ൽ, ആദ്യമായ് spiderman സിനിമ കണ്ടു വിസ്മയിച്ചു ഇരുന്നപ്പോൾ അതിലെ അതി ശക്തനായ വില്ലൻ കഥാപാത്രമായ ഗ്രീൻ ഗോബ്ലിന്റെ വരവായിരുന്നു അത്. സ്കൂൾ സമയത്ത് ഗ്രീൻ ഗോബ്ലിനെ മത്തങ്ങാ ഏറുകാരൻ എന്നായിരുന്നു വിളിച്ചിരുന്നത്.


തൊട്ട് പിറകെ ഒരു പാലത്തിന്റെ താഴെ നിന്ന് ഉയർന്നു വരുന്ന രണ്ട് യന്ത്രക്കൈകൾ കൂടി കണ്ടപ്പോൾ രോമാഞ്ചം അതിന്റെ പീക്ക് അവസ്ഥയിലേക്ക് എത്തിയിരുന്നു.


രണ്ടാം ഭാഗത്തിലെ വില്ലനായ ഡോക്ടർ ഓട്ടോ ആയിരുന്നു അത്. പിന്നെ ട്രൈലെർ മുഴുവൻ ശ്വാസം അടക്കിപ്പിടിച്ചാണ് ഇരുന്ന് കണ്ടത്, എവിടെയെങ്കിലും ടോബി അല്ലെങ്കിൽ ആൻഡ്റൂ വരുമോ എന്നുള്ള ആകാംഷ കൊണ്ട്.


പക്ഷേ ആ ട്രൈലെർ പല പ്രാവശ്യം കണ്ടിട്ടും അതിന്റെ യാതൊരു ലക്ഷണവും കണ്ടില്ല, പക്ഷേ അവസാനം ഒരു സീനിൽ MJ താഴേക്ക് വീഴുന്ന ഒരു രംഗമുണ്ട്, അത് കാണുമ്പോൾ Andrew ന്റെ സിനിമയിലെ Gwen താഴേക്ക് വീണു മരണപ്പെടുന്ന രംഗം ആയിട്ട് വല്ലാതെ സാമ്യം, അതേ പോലെ രംഗം കണ്ടതോടെ വീണ്ടും ആവേശമായി.


മാർവെൽ എന്തൊക്കയോ ഒപ്പിച്ചു വച്ചിട്ടുണ്ട് എന്നൊരു തോന്നൽ. ആ സമയം ഇന്റർനെറ്റ്‌ നിറയേ ഇതിനെ പറ്റി ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്, ഓരോ വിഡിയോയും ആവേശത്തോടെ കാണാൻ വല്ലാത്തൊരു വെമ്പൽ ആയിരുന്നു.


MJ താഴേക്ക് വീഴുമ്പോൾ രക്ഷിക്കാൻ ചാടുന്നത് Andrew ആണെന്നും അല്ല Tom തന്നെയാണ് എന്ന് തുടങ്ങി ധാരാളം ഡിബേറ്റ് ഉണ്ടായിരുന്നു, ഇതെല്ലാം കണ്ട് ചിരിച്ചു മാർവലും.



അങ്ങനെ സിനിമയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷകളും അതിന്റെ പീക്ക് ലെവലിൽ കത്തിച്ചു നിൽകുമ്പോഴാണ് പടം റിലീസ് ആകുന്നത്. FDFS തന്നെ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും തൊട്ട് പിറകെ ബാംഗ്ലൂർ പോകുന്നതിനാൽ അവിടെ വച്ച് കസിൻസിന്റെ ഒപ്പം കാണാൻ പ്ലാൻ ഇട്ടു.


അങ്ങനെ സിനിമ റിലീസ് ആയി, ഒരു ദിവസം പിന്നിട്ടു, എങ്ങും നിശബ്ദത, ആരും ഒന്നും പറയുന്നില്ല, ബാംഗ്ലൂർ വച്ച് കാണാൻ ഇരുന്ന കസിൻ ഉൾപ്പെടെ ആദ്യത്തെ ദിവസം തന്നെ പോയി എന്നറിഞ്ഞപ്പോ പിന്നെ ഞാനും ഒന്നും നോക്കിയില്ല തൊട്ട് അടുത്ത ഷോ തന്നെ ബുക്ക്‌ ചെയ്തു, അതും ഏറ്റവും മുന്നിലുള്ള ഒരു സീറ്റ്‌.


എന്നിട്ട് പോലും രോമാഞ്ചവും നൊസ്റ്റാൾജിയയും എല്ലാംകൂടി ഒരുമിച്ചു മിക്സ്‌ ആക്കി അടിച്ച ഒരു സിനിമ ഇതുപോലെ വേറൊരെണ്ണം ഉണ്ടായിട്ടില്ല, ആദ്യത്തെ ഷോട്ട് മുതൽ അവസാനം വരെ പീക്ക് എക്സ്പീരിയൻസ്.


ആദ്യം വരുന്ന പഴയ വില്ലന്മാർ തുടങ്ങി ശരിക്കും നൊസ്റ്റാൾജിയ, പഴയ സിനിമയിലെ ഓരോ കാര്യങ്ങൾ ഉൾപ്പെടെ അവർ സംസാരിക്കുമ്പോൾ എല്ലാം തിയേറ്ററിൽ ഭയങ്കര ആരവം ആയിരുന്നു.


എങ്കിലും അപ്പോഴും അറിയില്ല ടോബി, ആൻഡ്റൂ ഉണ്ടോ അല്ലെങ്കിൽ എപ്പോൾ എങ്ങനെ വരുമെന്ന്.


ഒടുവിൽ തമാശകൾക്ക് ശേഷം സിനിമ കുറച്ചു സീരിയസ് മൂഡിലേക്ക് മാറി, ടോമിന് ട്രാജഡി സംഭവിച്ചു അതിന്റെ ഒരു ഇമ്പാക്റ്റിൽ ഇരിക്കുമ്പോൾ ദാ വരുന്നു ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ Andrew, അതോടെ തിയേറ്റർ ആകെ ഇളകി മറിഞ്ഞു..


Andrew വന്നാൽ ഉറപ്പായും ടോബി വരും, നെഡ് വീണ്ടും പോർട്ടൽ തുറക്കാൻ തുടങ്ങിയതും എല്ലാവരും കാറിക്കൂവാൻ തുടങ്ങി, കാരണം ടോബിയാണ് വരാൻ പോകുന്നത്..


അങ്ങനെ ദാ പോർട്ടൽ തുറന്നു, സാധാരണ വേഷത്തിൽ കൈ വീശികാണിച്ചു ടോബിയുടെ വരവാണ്, ഇരുപത് വർഷം മുൻപ് ആ കഥാപാത്രം എങ്ങനെ ആയിരുന്നോ അതേ മാനറിസങ്ങൾ, അവിടെ മുതൽ പിന്നെ നൊസ്റ്റാൾജിയ കാരണം ഇമോഷണൽ ആയിരുന്നു എല്ലാവരും, ഓരോ സീനിലും കൈയ്യടികൾ, ഓരോ മിനിറ്റും ആസ്വദിക്കുക എന്ന് പറഞ്ഞാൽ അതായിരുന്നു ഈ സിനിമ പിന്നീട്.


ഒടുവിൽ മൂന്ന് spiderman ഒരുമിച്ച് വരുന്നു, പഴയ അഞ്ച് വില്ലന്മാരും, ഇടയിൽ MJ താഴേക്ക് വീഴുന്നു, രക്ഷിക്കാനായി പിറകെ ചാടുന്ന ടോമിനെ ഗ്രീൻ ഗോബ്ലിൻ പിടികൂടുന്നത് കണ്ട andrew noo എന്ന് അലറിക്കൊണ്ട് എടുത്ത് ചാടുന്നു.


പണ്ട് തനിക്ക് പറ്റിയ അബദ്ധം പറ്റാതെ അയാൾ MJ കൈകളിൽ താങ്ങി നിലത്തേക്ക് എത്തുമ്പോൾ തിയേറ്റർ മുഴുവൻ നിശബ്ദതയായിരുന്നു, നൊസ്റ്റാൾജിയയും ഇമോഷൻ കൂടി ഒരുമിച്ച ഒരു നിമിഷമായിരുന്നു അത്.


ഒടുവിൽ ടോമിന്റെ ആഗ്രഹം പോലെ വില്ലന്മാരെ എല്ലാം അവരുടെ അസുഖങ്ങൾ ഭേദപ്പെടുത്തി അവരുടെ യൂണിവേഴ്സിലേക്ക് തന്നെ തിരികെ അയച്ചിട്ട് Andrew, ടോബി എന്നിവരോടും യാത്രയും പറഞ്ഞു ഡോക്ടർ strange ന്റെ അടുത്തേക്ക്.


തന്റെ ഉറ്റ സുഹൃത്തും കാമുകിയും ഉൾപ്പെടെ തന്നെ മറക്കാൻ പോകുകയാണെന്ന് അറിഞ്ഞു അവസാനമായി അവരെയും വാരി പുണർന്നു അവരെയും യാത്രയാക്കി ടോം തന്റെ ഏകാന്ത വാസത്തിലേക്ക് പോകുമ്പോൾ ആകെ വികാരഭരിതരായിരുന്നു എല്ലാവരും.


തിയേറ്റർ എക്സ്പീരിയൻസ് അതിന്റെ ഏറ്റവും പീക്ക് രീതിയിൽ എനിക്ക് നൽകിയ പ്രിയപ്പെട്ട സിനിമ 


Spider-Man: No Way Home


ഇറങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വർഷം പിന്നിടുന്നു...


ഇനി ഇതുക്കും മേലെ ഒരെണ്ണം സംഭവിക്കുമെന്ന് തോന്നുന്നില്ല..


One and only piece...


മമ്മുക്കയെ കണ്ട കഥ

 എന്റെ ഒരു സുഹൃത്തിന്റെ അച്ഛൻ പണ്ട് ഒരു മാധ്യമ സ്ഥാപനത്തിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്. ആ സ്ഥാപനത്തിന്റെ ചെയർമാൻ സാക്ഷാൽ മമ്മുക്ക ആണ്.


കോളേജിൽ പഠിക്കുന്ന സമയത്ത് ഒരു ദിവസം ഇവൻ എന്നേ വിളിച്ചിട്ട് ചോദിച്ചു, തൊടുപുഴ വരെ പോകുവാ കൂടെ വരുന്നോ എന്ന്, വരുന്നുണ്ടെങ്കിൽ നല്ല ഡ്രസ്സ്‌ ഒക്കെ ഇടണം കാരണം അവിടെ ഒരു സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്.


അങ്ങനെ ഞാൻ ഒരുങ്ങി കുട്ടപ്പനായി അവൻ വരുന്നതും കാത്തിരുന്നു. വന്നപ്പോൾ അവൻ ഒറ്റക്കല്ല അച്ഛനും കൂടെയുണ്ട്, ചാനൽ ആയിട്ട് ബന്ധപ്പെട്ട കുറച്ചു ചർച്ചകൾക്ക് വേണ്ടിയാണ് പോകുന്നത്, അദ്ദേഹം അവിടെ ഒരു ഉയർന്ന പൊസിഷനിൽ ആയിരുന്നു അന്ന്.


അപ്പോൾ ഞാൻ ചോദിച്ചു, മമ്മുക്കയെ കാണാൻ വല്ലതും ആണോ... 🫣


അവൻ പറഞ്ഞു, അതേ...


അതുവരെ ഇല്ലാതിരുന്ന ഒരു ആകാംഷ അതോടെ എനിക്ക് ഉണ്ടായി. തൊടുപുഴ റൈഫിൾ ക്ലബ്ബിൽ കിങ് and the കമ്മിഷണർ എന്ന സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നുണ്ട്, അവിടേക്കാണ് ഞങ്ങൾ പോകുന്നത്.


അങ്ങനെ ഏതാണ്ട് ഒരു മണിക്കൂറിനു ശേഷം ഞങ്ങൾ ലൊക്കേഷനിൽ എത്തി, ഞാൻ ആണെങ്കിൽ ആദ്യമായിട്ടാണ് ഒരു സിനിമയുടെ ഷൂട്ടിംഗ് സ്ഥലത്ത് പോകുന്നത്. അതിനാൽ അവിടെ കാണുന്ന കാഴ്ചകൾ എല്ലാം കൗതുകം ആയിരുന്നു, എന്നിരുന്നാലും ആദ്യമായ് മമ്മുക്കയെ നേരിട്ട് കാണുന്നതിന്റെ ആകാംഷ തന്നെയായിരുന്നു മുന്നിൽ.


അങ്ങനെ ഞങ്ങൾ ഒരു ബിൽഡിംങ്ങിന്റെ ഉള്ളിലേക്ക് കയറി, ഒരാൾ മുകളിൽ ഉണ്ടെന്ന് ആംഗ്യം കാണിച്ചത് അനുസരിച്ചു മുകളിലേക്ക് കയറി.


അവിടെയൊക്കെ ഒരുപാട് ആളുകൾ നിൽപ്പുണ്ട്, അവരുടെ ഇടയിലൂടെ മുകളിലേക്ക് കയറി ചെന്നത് വിസിറ്റിംഗ് ഏരിയയിലേക്കാണ്, ദാ അവിടെ സോഫയിൽ ഇരിക്കുന്നു സാക്ഷാൽ മമ്മുക്ക.


അവർ തമ്മിൽ ഗ്രീറ്റ് ചെയ്ത ശേഷം അവനോടും എന്തോ വിശേഷങ്ങൾ ചോദിച്ച ശേഷം എന്നേ നോക്കി ഇതാരാണ് എന്നൊരു ചോദ്യം കൂടി 😄...


അപ്പോൾ അവൻ പറഞ്ഞു കൂട്ടുകാരൻ ആണ് ഒരുമിച്ചാണ് പഠിക്കുന്നത് എന്ന്..


അപ്പോ മമ്മുക്കയുടെ വക ഒരു ഡയലോഗും കൂട്ടൊക്കെ കൊള്ളാം പരീക്ഷക്ക് ഉഴപ്പി നടന്നേക്കരുത്... (ഡയലോഗ് കൃത്യമായി ഓർക്കുന്നില്ല പക്ഷേ ഇത്തിരി ഗൗരവത്തിൽ ഇതുപോലെ ഒരു ഡയലോഗ് ആയിരുന്നു )


ശേഷം അവർ ഒഫീഷ്യൽ കാര്യങ്ങൾ മാറിയിരുന്നു സംസാരിക്കാൻ ആരംഭിച്ചു, ഞാൻ ആണെങ്കിൽ അവനോട് ഒരു ഫോട്ടോ എടുക്കുന്ന കാര്യം പതിയെ ചോദിച്ചു, പക്ഷേ അവൻ പറഞ്ഞു, ഇന്ന് മമ്മുക്കയുടെ മൂഡ് അത്ര ശരിയല്ല, പിന്നെ നോക്കാം എന്ന്.. അതിനാൽ ഒരു സെൽഫി പോലും എടുക്കാൻ കഴിഞ്ഞില്ല..


മീറ്റിംഗ് കഴിഞ്ഞു അന്ന് ഞങ്ങൾ ഷൂട്ടിംഗ് ലൊക്കേഷനിൽ നിന്നാണ് ഉച്ച ഭക്ഷണവും കഴിച്ചത്. അതിന് ശേഷം ഒരു രംഗം ഷൂട്ട്‌ ചെയ്യുന്നത് കാണാനും അവസരം ലഭിച്ചു.


സിനിമയുടെ ഏതോ ഒരു രംഗത്ത് മമ്മുക്ക ഒരു തൂണിന്റെ പിന്നിൽ നിന്നും പിറകിലേക്ക് ചാഞ്ഞു എന്തിനെയോ സൂക്ഷിച്ചു നോക്കുന്ന ഒരു ഭാഗമുണ്ട്, അത് ഷൂട്ട്‌ ചെയ്യുമ്പോൾ ഒരു വശത്തു ഞാനും അവനും നിൽപ്പുണ്ട് പക്ഷേ അതൊന്നും ക്യാമറയിൽ ഇല്ല, അങ്ങനെ ഒരു ആൾക്കൂട്ടം ഉള്ള രീതിയിൽ ഉള്ള ഷോട്ട് അല്ലാത്തതിനാൽ ആണത്...


ഒരിക്കലും പ്രതീക്ഷിക്കാത്ത നല്ലൊരു അനുഭവം ആയിരുന്നു അത്..

Interstellar

 നമ്മൾ വസിക്കുന്ന ഈ ഭൂമി വാസയോഗ്യം അല്ലാതായാൽ എന്ത് ചെയ്യാൻ പറ്റും, മറ്റ് ഏതെങ്കിലും ഗ്രഹങ്ങൾ കണ്ടെത്തി അവിടേക്ക് കുടിയേറണം. 


ഇങ്ങനെ ഒരു കഥ സിനിമയാക്കി അവതരിപ്പിക്കാൻ ഒരു ശാസ്ത്രജ്ഞൻ സംവിധായകൻ ആകേണ്ടി വരും, അങ്ങനെ ഒരാൾ 2014 ൽ വന്നു, ഇരുപതിയൊന്നാം നൂറ്റാണ്ടിന്റെ മധ്യത്തിൽ നടക്കുന്ന ഒരു കഥയായി ഇതിനെ നമ്മുടെ മുന്നിൽ അവതരിപ്പിച്ചു..


അതാണ് Interstellar - 2014, സംവിധാനം ക്രിസ്റ്റോഫർ നോളൻ.. ഒരു സയൻസ് ഫിക്ഷൻ സിനിമ എന്നതിനപ്പുറം സയൻസ് ക്ലാസ്സ്‌ എന്നോ അല്ലെങ്കിൽ ഇതുവരെ ഇറങ്ങിയ ഏറ്റവും മികച്ച സിനിമയെന്നോ, അല്ലെങ്കിൽ ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ ആഴം കാണിച്ചുതരുന്ന സിനിമയെന്നോ പറയാൻ കഴിയുന്ന ഒരു അത്ഭുതം.


വിഭാര്യനായ കൂപ്പർ നാസയിൽ പൈലറ്റ് ആയി പ്രവർത്തിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു. എന്നാൽ അദ്ദേഹം അവിടെ നിന്ന് വിരമിച്ചതിനു ശേഷം തന്റെ രണ്ട് മക്കളോടൊപ്പം കൃഷി ഒക്കെ ചെയ്ത് ജീവിച്ചു പോരുകയാണ്.


ഇദ്ദേഹം മാത്രമല്ല ഭൂമിയിൽ ഉള്ള ഭൂരിപക്ഷം ആളുകളും ഇത്തരത്തിൽ ജോലിയെല്ലാം ഒഴിവാക്കി കൃഷി ചെയ്യുകയാണ്. ഇതിന് കാരണം എന്തെന്നാൽ ഭൂമി പതിയെ ഇല്ലാതാവുകയാണ്.


ബ്ലൈറ്റ് എന്നൊരു വൈറസ് ഭൂമി മുഴുവൻ പടർന്നു പിടിച്ചു, മനുഷ്യരിൽ അല്ല മനുഷ്യർ ഭക്ഷിക്കുന്ന വിളകളേയാണ് ഈ വൈറസ് ബാധിക്കുന്നത്, അങ്ങനെ ഒരുവിധം വിളകളെല്ലാം എന്നെന്നേക്കുമായി നശിച്ചുപോയി. ആകെ ബാക്കിയുള്ളത് ചോളം മാത്രമാണ്.


അത് മാത്രമല്ല ഭൂമിയിൽ ഉള്ള ചെടികളും മരങ്ങളും നശിച്ചതിനാൽ ഒരു ചെറിയ കാറ്റ് അടിച്ചാൽ പോലും അത് വളരെ വലിയ പൊടിക്കാറ്റ് ആയിട്ടാണ് അനുഭവപ്പെടുന്നത്. 


കൂപ്പറിന് രണ്ട് മക്കളാണ് ഉള്ളത്, മൂത്ത മകനായ ടോം, ഇളയ മകളായ മർഫ്. മർഫിനു ചില വിചിത്രമായ അനുഭവങ്ങൾ ഉണ്ടാവാറുണ്ട്, അവളുടെ റൂമിൽ ഉള്ള ഷെൽഫിൽ നിന്നും ഇടക്ക് പുസ്തകങ്ങൾ തനിയെ താഴേക്ക് വീഴുകയും, ആരോ തന്നോട് സംസാരിക്കാൻ ശ്രമിക്കുന്നത് പോലെയൊക്കെയും അവൾക്ക് തോന്നാറുണ്ട്.


അതുകൊണ്ട് തന്റെ മുറിയിൽ ഏതോ പ്രേതമുണ്ട് എന്നൊക്കെയാണ് അവൾ കരുതുന്നത്.


അങ്ങനെ ഒരു ദിവസം പൊടിക്കാറ്റ് വന്നപ്പോൾ അവൾ തന്റെ മുറിയുടെ ജനൽ അടക്കാൻ മറന്നുപോയിരുന്നു, അത് അടക്കാൻ അവളോടൊപ്പം കൂപ്പറും അവിടേക്ക് ചെന്നപ്പോൾ നിലത്തു വീണു കിടക്കുന്ന പൊടിയിൽ അവർ ഒരു അടയാളം കണ്ടു.


അതൊരു കോഡ് ആണെന്ന് മനസിലാക്കിയ കൂപ്പർ അവിടെ ഭൂമിയുടെ ഗ്രാവിറ്റിയിൽ ഏറ്റക്കുറച്ചിലുകളും കണ്ടെത്തുന്നു.


തുടർന്ന് ആ കോഡ് ഡീക്കോട് ചെയ്തപ്പോൾ അവർക്ക് ഒരു സ്ഥലത്തിന്റെ അഡ്രസ് ലഭിക്കുകയും കൂപ്പർ അവിടേക്ക് പുറപ്പെടുകയും ചെയ്യുന്നു.


അത് നാസയുടെ ഒരു രഹസ്യ സങ്കേതത്തിന്റെ അഡ്രസ് ആയിരുന്നു. അവിടെ എത്തിയ കൂപ്പർ അവരുടെ ഒരു ദൗത്യത്തിന്റെ ഭാഗമാകാൻ തീരുമാനിക്കുന്നു.


നമ്മുടെ സൗരയൂധത്തിനൊക്കെ പുറത്ത് ഒരുപാട് പ്രകാശവർഷം അകലെ വാസയോഗ്യം എന്ന് കരുതപ്പെടുന്ന ഏതാനും ചില ഗ്രഹങ്ങൾ കണ്ടെത്തിയ അവർ അവിടേക്ക് പെട്ടന്ന് പോകാൻ ഒരു വഴിയും കണ്ടെത്തിയിരുന്നു.


തിരിച്ചു വരുമോ എന്നുപോലും ഉറപ്പില്ലാത്ത ആ യാത്രയിൽ കൂപ്പറും ചേരുന്നു, തന്റെ മകളെ ഏറെ പ്രയാസപ്പെട്ടു അയാൾ സമാധാനിപ്പിക്കുന്നു. തിരിച്ചു വരുമെന്ന് വാക്കും കൊടുക്കുന്നു.


തുടർന്നുള്ള മായ കാഴ്ചകളാണ് നോളൻ നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നത്. ചില ശാസ്ത്ര തത്വങ്ങൾ മനസിലാക്കാൻ നമ്മൾക്ക് നന്നേ പ്രയാസം തോന്നിയേക്കാം.


പക്ഷേ എന്താണ് സംവിധായകൻ പറയാൻ ശ്രമിക്കുന്നത് എന്ന് കിട്ടി തുടങ്ങിയാൽ പിന്നെ രോമാഞ്ചത്തോട് കൂടിയല്ലാതെ ഈ സിനിമ കാണാൻ സാധിക്കുകയില്ല.


എന്തിനേറെ ആ പേര് കേൾക്കുമ്പോൾ പോലും രോമാഞ്ചം ഉണ്ടാവും. അതാണ് interstellar എന്ന അത്ഭുതം..


സിനിമ ഇറങ്ങിയതിന്റെ പത്താം വാർഷികം പ്രമാണിച്ചു ഏഴ് ദിവസത്തേക്ക് ചിത്രം വീണ്ടും തിയേറ്ററിൽ ഇപ്പോൾ ഇറങ്ങിയിട്ടുണ്ട്, അതും ഐ മാക്സ് ക്വാളിറ്റിയിൽ.


പലരും ദൂര ദേശങ്ങളിൽ നിന്നുപോലും യാത്ര ചെയ്ത് ഐ മാക്സിൽ വീണ്ടും കാണാൻ പോകുന്ന അത്ഭുത പ്രതിഭാസമാണ് ഇപ്പോൾ കാണുന്നത്..


ഇനിയും കണ്ടിട്ടില്ലാത്തവർ കാണാൻ ശ്രമിക്കുക the best movie ever made...





Sanam Teri Kasam

 ഇന്ദർ ഒരു അഡ്വക്കേറ്റ് ആണ്, അയാൾ വലിയ ഒരു കേസ് ജയിച്ചു കോടതിയിൽ നിന്നും പുറത്തേക്ക് വരികയാണ്. എല്ലാവരും അയാളെ അഭിനന്ദിക്കുന്നുണ്ട്, പക്ഷേ അയാളുടെ മുഖത്തു യാതൊരു സന്തോഷവുമില്ല.


തന്റെ ആഡംബര കാറിൽ കയറി അയാൾ തനിയെ ഓടിച്ചു പോകുന്നു, വലിയ ഒരു കൊട്ടാരം പോലുള്ള വീടിന്റെ കോമ്പൗണ്ടിലേക്ക് ആ കാർ പ്രവേശിക്കുകയാണ്. അയാൾ നേരെ വീടിന്റെ ഉള്ളിലേക്കു പോയി ഒരു വൈൻ കുപ്പിയും ഗ്ലാസും എടുത്ത് അതി മനോഹരമായ പൂന്തോട്ടത്തിലേക്ക് പോകുന്നു.


അവിടെ മുഴുവൻ പൂക്കൾ നിറഞ്ഞ വലിയ മരങ്ങളാണ്, അതിൽ പിങ്ക് നിറത്തിലുള്ള പുഷ്പങ്ങൾ നിറഞ്ഞ ഒരു മരത്തിനു ചുവട്ടിലേക്ക് അയാൾ ചെന്നതും, അയാളെ അഭിനന്ദിക്കാൻ എന്നതുപോലെ കുറച്ചു പൂക്കൾ ആ മരത്തിൽ നിന്നും അയാളുടെ ദേഹത്തേക്ക് വീഴുന്നു. നിറഞ്ഞ കണ്ണുകളോടെ അയാൾ മരത്തിനു അടുത്തേക്ക് ചെന്നു അതിൽ തലോടുന്നു.


അവിടെ ഒരു എഴുത്ത് കൊത്തി വച്ചിരിക്കുന്നത് അപ്പോഴാണ് നമ്മൾ കാണുന്നത്. അത് ഇങ്ങനെയായിരുന്നു


Saraswati Parihaar

1994 - 2015


പിന്നീട് കഥ ഒരു ഫ്ലാഷ് ബാക്കിലേക്ക് പോകുകയാണ്,...


മഹാ തെമ്മാടിയായിരുന്ന ഇന്ദർ ഒരു അപ്പാർട്മെന്റിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഏതോ കൊലപാതക കേസിൽ അയാൾ എട്ട് വർഷം ജയിലിൽ ശിക്ഷയും അനുഭവിച്ചിട്ടുണ്ട്. 


അതേ ബിൽഡിംങ്ങിന്റെ തൊട്ട് മുകളിൽ ഉള്ള നിലയിൽ ആരുന്നു സരസ്വതിയുടെ കുടുംബം താമസിച്ചിരുന്നത്. അവർ ഒരു തെലുങ്ക് ബ്രാഹ്മണ കുടുംബമായിരുന്നു. അവളോടൊപ്പം അച്ഛനും അമ്മയും ഇളയ സഹോദരിയും ഉണ്ടായിരുന്നു.


ഇന്ദറിനെ കാണാൻ അയാളുടെ കാമുകി പലപ്പോഴും ആ അപ്പാർട്മെന്റിൽ വരുമായിരുന്നു, ഇതൊക്കെ കാണുന്നതിനാൽ സരസ്വതി ഉൾപ്പെടെ എല്ലാവർക്കും അയാളോട് വെറുപ്പ് തോന്നിയിരുന്നു.


സരസ്വതിക്ക് ഒരു പ്രശ്നം ഉണ്ടായിരുന്നു, അവളുടെ വിവാഹം നടക്കുന്നില്ല, അവളെ കാണാൻ വന്ന പല ചെക്കന്മാരെയും അവൾക്ക് ഇഷ്ടമായിരുന്നെങ്കിലും അവർക്കൊന്നും അവളെ ഇഷ്ടപ്പെടുന്നില്ലായിരുന്നു. അവളെ കണ്ടാൽ ആന്റി ലുക്ക്‌ ആണെന്ന് ഉൾപ്പെടെ പല പരിഹാസവും അവൾക്ക് കേൾക്കേണ്ടി വന്നിട്ടുണ്ട്.


ഇത് കൂടാതെ അവളുടെ അനുജത്തിക്ക് ഒരു പ്രണയമുണ്ട് എന്നാൽ ചേച്ചിയുടെ വിവാഹം നടന്നാൽ മാത്രമേ അവളുടെ വിവാഹവും നടക്കു എന്ന് അവരുടെ അച്ഛന്റെ നിർബന്ധ ബുദ്ധി കാരണം സരസ്വതി ആകെ വിഷമത്തിലായിരുന്നു.


അവളുടെ വിവാഹം ഒന്നും ശരിയാകുന്നില്ല എന്നും പറഞ്ഞു അവളുടെ അനുജത്തി എപ്പോഴും അവളോട് ദേഷ്യപ്പെടുമായിരുന്നു.


വലിയ ഒരു വക്കീലിന്റെ മകനായിട്ടും വഴി തെറ്റി തെമ്മാടിയായിപ്പോയ ഇന്ദറും സരസ്വതിയും എങ്ങനെ പ്രണയത്തിൽ ആയെന്നും അവൾക്ക് പിന്നീട് എന്ത് സംഭവിച്ചെന്നും ഇന്ദർ എങ്ങനെ തന്റെ വഴിവിട്ട ജീവിതത്തിൽ നിന്നും കര കയറിയെന്നുമാണ് പിന്നീടുള്ള കഥ.


ഹൃദയസ്പർശിയായ ഒരു ഇമോഷണൽ ലവ് സ്റ്റോറി ആയിരിന്നിട്ട് കൂടി ചിത്രം റിലീസ് ചെയ്തപ്പോൾ പരാജയപ്പെടുകയാണ് ഉണ്ടായത്. വെറും 9 കോടി മാത്രമായിരുന്നു ചിത്രത്തിന് ലഭിച്ച കളക്ഷൻ.


എന്നാൽ പിന്നീട് ചിത്രത്തിന് അന്യായ ഫാൻ ബേസാണ് ഉണ്ടായത്, ഫോണിലും ടീവിയിലും കണ്ട പലരും തിയേറ്ററിൽ പോകാത്തതിനെ ഓർത്ത് പഴിച്ചു.


അങ്ങനെ ഒടുവിൽ ഒൻപതു വർഷങ്ങൾക്ക് ശേഷം പടം ഒരിക്കൽ കൂടി റീ റിലീസ് ചെയ്തു നിർമ്മാതാക്കൾ. എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഇതുവരെ വാരിക്കൂട്ടിയത് 40 കോടിയാണ്.

ചില കഥകൾ അങ്ങനെയാണ്...


Sanam Teri Kasam (Hindi) - 2016

അങ്ങ് വൈകുണ്ടപുരത്തു

 വർഷം 1995 വാൽമീകി തന്റെ സ്കൂട്ടറിൽ രാത്രിയിൽ തിടുക്കപ്പെട്ടു ആശുപത്രിയിലേക്ക് പോകുകയാണ്. അവിടെ അയാളുടെ ഭാര്യയുടെ പ്രസവം അടുക്കാറായിട്ടുണ്ട്, അതിന്റെ എല്ലാ പരിഭ്രമവും അയാളുടെ മുഖത്തുണ്ട്.


ആശുപത്രിയിൽ ചെന്ന് തന്റെ സ്കൂട്ടർ പാർക്ക് ചെയ്യുമ്പോൾ അതിന് തൊട്ട് അപ്പുറത്തായി ഒരു ആഡംബര കാർ കിടക്കുന്നത് അയാൾ ശ്രദ്ധിക്കുന്നുണ്ട്. അത് അയാൾ ജോലി ചെയ്യുന്ന സ്ഥാപനത്തിന്റെ മുതലാളിയുടെ വാഹനമാണെന്ന് അയാൾക്ക് മനസിലായി.


വാല്മീകിയും രാമചന്ദ്രനും ഒരുമിച്ചാണ് ആ സ്ഥാപനത്തിൽ ക്ലാർക്കുമാർ ആയി ജോലിക്ക് കയറിയത്. എന്നാൽ രാമചന്ദ്രൻ മുതലാളിയുടെ മകളുമായി പ്രണയത്തിൽ ആകുകയും അവരെ വിവാഹം കഴിക്കുകയും ചെയ്തു.


അതുവഴി അയാൾ വാലിമീകിയുടെ ബോസ്സ് ആയി മാറിയിരുന്നു. അവിടെ രാമചന്ദ്രന്റെ ഭാര്യയെയും പ്രസവത്തിനു അഡ്മിറ്റ് ആക്കിയിട്ട് ഉണ്ടായിരുന്നു.


രണ്ട് പേർക്കും അല്പ സമയം കഴിഞ്ഞപ്പോൾ ആൺകുഞ്ഞ് ജനിക്കുന്നു. എന്നാൽ വാലിമീകിക്ക് പെട്ടന്ന് ഒരു തന്ത്രം തോന്നുന്നു.


അയാൾ കുറച്ചു സൂത്രപ്പണികൾ ഒപ്പിച്ചു തന്റെ കുഞ്ഞിനെ മുതലാളിയുടെ കുഞ്ഞിന്റെ സ്ഥാനത്ത് കൊണ്ട് വയ്ക്കുന്നു. എന്നിട്ട് മുതലാളിയുടെ കുഞ്ഞിനെ തന്റെ ഭാര്യയുടെ അടുത്തും. തന്റെ മകൻ അവിടെ ഒരു രാജകുമാരനായി വളരുമല്ലോ എന്നതാണ് അയാളുടെ ലക്ഷ്യം.


രണ്ട് കുട്ടികളും വളരുന്നു, തന്റെ മകൻ വളരുന്നത് കാണാൻ അയാൾ എന്നും മുതലാളിയുടെ വീട്ടിൽ പോകുമായിരുന്നു. എന്നാൽ അയാളുടെ വീട്ടിൽ വളരുന്ന കുഞ്ഞിനോട് എന്നും അയാൾക്ക് ദേഷ്യവും വെറുപ്പും ആയിരുന്നു.


നന്നായി പഠിക്കുന്ന അവനെ അയാൾ വെറുതെ വഴക്ക് പറയുകയും പഠിക്കാൻ ഏറ്റവും മോശം സാഹചര്യങ്ങൾ മാത്രം നൽകുകയും ചെയ്യുമായിരുന്നു.


അല്ലു അർജുൻ നായകനായി 2020 ൽ പുറത്തിറങ്ങിയ "അങ്ങ് വൈകുണ്ടപുരത്തു" എന്ന സിനിമയുടെ തുടക്കം ഇങ്ങനെയാണ്.


ഒരുപക്ഷെ അല്ലുവിനെ ഏറ്റവും മനോഹരമായി കണ്ട സിനിമയും ഇതായിരിക്കും. സ്റ്റണ്ട് ഒക്കെ ഗ്രാവിറ്റി വിട്ടിട്ടുള്ള കളിയാണെങ്കിലും കണ്ടിരിക്കാൻ നല്ല രസമാണ്.


തുടർന്ന് അങ്ങോട്ട് ജീവിക്കാൻ വേണ്ടിയുള്ള അല്ലുവിന്റെ കഷ്ടപ്പാടുകളും, എന്തുകൊണ്ടാണ് വാല്മീകി ക്ലാർക്ക് ആയി നിന്ന് പോയതും രാമചന്ദ്രന് ഉയർച്ച ഉണ്ടായതെന്നും അയാൾക്ക് ബോധ്യപ്പെടുന്നയിടത്തു കഥ അവസാനിക്കുന്നു.


നല്ല ഒരു അല്ലു അർജുൻ ഫീൽ ഗുഡ് സിനിമയാണ്, അല്ലു - പൂജാ ഹെഗ്‌ഡെ ജോടികളെ കണ്ടിരിക്കാനും നല്ല രസമാണ്.