രേഖാചിത്രം

 1985 ലെ നല്ല ഇടിയും മഴയുമുള്ള ഒരു രാത്രി, ഒരു കുട്ടി അവന്റെ വീടിന്റെ ജനലിലൂടെ പുറത്തേക്ക് നോക്കുമ്പോൾ ഇടിമിന്നലിന്റെ വെളിച്ചത്തിൽ ഒരു കാഴ്ച കാണുന്നു.


നാല് പേര് ചേർന്ന് ഒരു പെൺകുട്ടിയുടെ ശരീരം ഒരു പായയിൽ പൊതിഞ്ഞു ചുമന്നു കൊണ്ട് പോകുകയാണ് അതിൽ ഒരാളെ അവൻ തിരിച്ചറിഞ്ഞു, അത് അവന്റെ അച്ഛൻ തന്നെയായിരുന്നു. ആ പെൺകുട്ടിയുടെ കാലിൽ വെള്ളി കൊണ്ടുള്ള പാദസരം ഉണ്ടായിരുന്നു, മിന്നലിന്റെ വെളിച്ചത്തിൽ അത് മിന്നി തിളങ്ങി.


-----------

[സിനിമയുടെ ആദ്യത്തെ 10 മിനിറ്റ് മാത്രമാണ് ഇവിടെ പറയുന്നത്, സിനിമ കണ്ടിട്ടില്ലാത്തവർക്കും ധൈര്യമായി വായിക്കാം]

-----------


വർഷങ്ങൾ കടന്നു പോയി, 2025 ആയി, CI ആയിരുന്ന വിനോദ് ഒരു സസ്പെൻഷൻ ഒക്കെ കഴിഞ്ഞു പുതിയ സ്റ്റേഷനിലേക്ക് ട്രാൻസ്ഫർ ലഭിച്ചു അവിടേക്ക് പോകുകയാണ്. വലിയ പ്രശ്നങ്ങൾ ഒന്നുമില്ലാത്ത മലക്കപ്പാറ എന്ന സ്ഥലത്തെ സ്റ്റേഷനിലേക്കാണ് അയാൾക്ക് മാറ്റം കിട്ടിയിരിക്കുന്നത്.


അയാൾ അവിടേക്ക് യാത്ര ആരംഭിക്കുന്ന കൂട്ടത്തിൽ തന്നെ മറ്റൊരു ഭാഗത്തു നിന്ന് അയാൾക്ക് നേരിടാനുള്ള പ്രശ്‌നവുമായി മറ്റൊരാളും അവിടേക്ക് തന്നെ യാത്ര ആരംഭിച്ചിട്ടുണ്ടായിരുന്നു.


രാജേന്ദ്രൻ എന്നായിരുന്നു അയാളുടെ പേര്, ആളൊരു മദ്യപാനിയാണ്, അങ്ങനെ മദ്യപിച്ചു അയാളുടെ കരൾ ഒക്കെ ഏറെക്കുറെ തീരുമാനം ആയിട്ടുണ്ട്, ഇനിയും മദ്യപിച്ചാൽ അധിക നാൾ ജീവനോടെ ഉണ്ടായിരിക്കില്ല എന്ന ഡോക്ടറുടെ ഭീഷണി വക വയ്ക്കാതെ അയാൾ തന്റെ ഡ്രൈവറെ പറഞ്ഞു വിട്ട് ഒരു കുപ്പിയും വാങ്ങി യാത്ര തുടരുന്നു.


അയാൾ പറയുന്നതനുസരിച്ചു ഡ്രൈവർ മലക്കപ്പാറ ഭാഗത്തെ ഒരു കാട്ടിലേക്ക് വണ്ടി ഓടിക്കുന്നു, അവിടെ എത്തിയതും ഡ്രൈവറോട് അവിടെ നിൽക്കാൻ പറഞ്ഞിട്ട് രാജേന്ദ്രൻ കാടിന്റെ ഉള്ളിലേക്ക് നടക്കുന്നു.


മദ്യപിച്ചു ലക്ക് കെട്ട അയാൾ അവിടെല്ലാം തേടി നടന്നു ഒടുവിൽ ഒരു മരത്തിന്റെ ചുവട്ടിൽ പോയിരിന്നു, തന്റെ ഫോണിൽ സോഷ്യൽ മീഡിയയിൽ ലൈവ് ഇട്ടതിനു ശേഷം കുറച്ചു കാര്യങ്ങൾ പറയാൻ തുടങ്ങുന്നു.


നാല്പതു വർഷങ്ങൾക്ക് മുന്നേ അയാളും മറ്റ് മൂന്ന് പേരും ചേർന്ന് ആ മരത്തിന്റെ ചുവട്ടിൽ ഒരു പെൺകുട്ടിയെ കുഴിച്ചു മൂടിയിട്ടുണ്ടെന്നും, ആ രക്തത്തിന് പകരമായി കുറെ ഏറെ പണം ലഭിച്ചെന്നും, ആ പണം ഉപയോഗിച്ച് അയാൾ വളരെ സമ്പന്നൻ ആയെങ്കിലും അതൊന്നും ഉപകരിച്ചില്ലെന്നും തന്റെ കുടുംബവും ഇപ്പോൾ ജീവിതവും നഷ്ടപെട്ടെന്നും അയാൾ കണ്ണീരോടെ പറയുന്നു.


തന്റെ കൂടെ അന്ന് ഉണ്ടായിരുന്ന രണ്ട് പേരുടെ പേരുകൾ കൂടി വെളുപ്പെടുത്തിയ ശേഷം അയാൾ ജീവൻ ഒടുക്കുന്നു, എല്ലാം ആരംഭിച്ചത് ഇവിടെ നിന്നാണെന്നും ഒടുക്കവും ഇവിടെ തന്നെ ആകട്ടെ എന്നുമായിരുന്നു അയാളുടെ അവസാനത്തെ വാക്കുകൾ.


സംഭവം പെട്ടന്ന് മാധ്യമ ശ്രദ്ധ നേടി, കാരണം അയാൾ മരിക്കുന്നതിന് മുന്നേ പറഞ്ഞ പേരുകളിൽ ഒന്ന് നാട്ടിലെ ഒരു പ്രമുഖന്റെ ആയിരുന്നു, ധാരാളം മാളുകളും മറ്റും അടങ്ങുന്ന വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ ഉടമയായ വിൻസെന്റ് ആയിരുന്നു അത്.


കേസ് അന്വേഷണത്തിന്റെ ചാർജ് വിനോദിന് തന്നെ ലഭിക്കുന്നു, രാജേന്ദ്രൻ പറഞ്ഞ സ്ഥലത്ത് കുഴിയെടുത്തു പരിശോധിക്കുന്ന പോലീസിന് അവിടെ നിന്നും ഒരു അസ്ഥികൂടത്തിന്റെ അവശിഷ്ടങ്ങളും ഒപ്പം ഒരു വെള്ളി പാദസരവും ലഭിക്കുന്നു.


സംഭവം ആകെ കോളിളക്കം സൃഷ്ടിക്കുന്നു, പെൺകുട്ടി ആരാണെന്ന് അറിയില്ല, സംഭവത്തിൽ ഉൾപ്പെട്ടു എന്ന് പറയുന്ന നാല് പേരിൽ ഒരാൾ മരണപ്പെട്ടു, ബാക്കിയുള്ള മൂന്നു പേരിൽ ഒരാൾ സമൂഹത്തിൽ ഏറെ വിലയുള്ള വ്യവസായ പ്രമുഖൻ, മൂന്നാമത്തെ ആളുടെ പേര് മാത്രമറിയാം, നാലാമത് ഒരാൾ ഉള്ളതായിട്ട് പോലും അറിയില്ല.


ഇവിടെ നിന്ന് വിനോദ് ചരിത്രം കീറി മുറിച്ചു അന്വേഷണം ആരംഭിക്കുമ്പോൾ ഒരു ചിത്രം തെളിഞ്ഞു വരാൻ തുടങ്ങുന്നു, രേഖയുടെ ചിത്രം...


2025 ൽ പുറത്തിറങ്ങിയ ആസിഫ് അലി നായകനായ രേഖാചിത്രം തുടങ്ങുന്നത് ഇങ്ങനെയാണ്.


തുടർന്ന് നടക്കുന്ന അന്വേഷണം മലയാള സിനിമയുടെ ചരിത്രത്തിന്റെ ഭാഗമായ പല കാര്യങ്ങളിലൂടെ കടന്നു പോകുന്നു. ഒടുവിൽ രേഖ ആരായിരുന്നു എന്നും, അവൾക്ക് എന്താണ് സംഭവിച്ചതെന്നും കണ്ടെത്തുമ്പോൾ നമ്മളും അല്പം ഇമോഷണൽ ആയിട്ടുണ്ടാകും.


ഇതൊരു സീറ്റ്‌ എഡ്ജ് ത്രില്ലർ അല്ല, ചരിത്രം ചികയുന്ന, പണ്ടെങ്ങോ നടന്നു മറന്നു പോയ പലതിലേക്കും വീണ്ടും കൊണ്ടുപോകുന്ന ഒരു ഇമോഷണൽ മിസ്റ്ററി ആണ്. നമ്മൾക്ക് പരിചയം ഉള്ള പല കാര്യങ്ങളെയും കൂട്ടിയിണക്കി ഒരു കഥ പറയുമ്പോൾ, ഇതൊക്കെ ശരിക്കും സംഭവിച്ചതാണോ എന്നുപോലും തോന്നിപ്പോകും.


സിനിമയിലെ നായകനായ ആസിഫ് CI വിനോദായിട്ട് ജീവിക്കുകയായിരുന്നു, അദ്ദേഹത്തിന്റെ തന്നെ മുൻകാല പോലീസ് വേഷങ്ങളുടെ നിഴൽ പോലുമില്ലാത്ത മറ്റൊരു കഥാപാത്രമായി അദ്ദേഹം നല്ല പെർഫോമൻസ് കാഴ്ച വച്ചിട്ടുണ്ട്, അതുപോലെ നായികയായ അനശ്വര രാജനും, അവരുടെ കഥാപാത്രത്തോട് നമ്മൾക്കു ഒരു അറ്റാച്ച്മെന്റ് തോന്നുന്ന രീതിയിലുള്ള പ്രകടനമാണ് അവരും കാഴ്ച്ച വച്ചിട്ടുള്ളത്.


സിനിമയിലെ നായകൻ ആസിഫ് ആണെങ്കിലും ഇതിലെ താരം മറ്റൊരാളാണ്, സാക്ഷാൽ മമ്മുക്ക.


സംവിധായകനായ ജോഫിൻ ഒരു മമ്മുക്ക ഫാൻബോയ് ആണ്, തന്റെ ഇഷ്ട താരത്തിനു അദ്ദേഹം കൊടുത്തിരിക്കുന്ന കുറച്ചു റഫറൻസുകളും സീനുകളും ഉണ്ട്, ഒരു രക്ഷയുമില്ല, മമ്മുക്ക അഭിനയിച്ച സിനിമകളുടെ ഒപ്പം നിൽക്കുന്ന രീതിയിലുള്ള ട്രീറ്റ്മെന്റ്, ഒപ്പം 1985 ലെ മമ്മൂക്കയെ തന്നെ Ai ഉപയോഗിച്ച് സൃഷ്ടിച്ചതൊക്കെ കിടിലൻ ആയിട്ടുണ്ട്.


തന്റെ രണ്ടാമത്തെ ചിത്രവും അദ്ദേഹം ഗംഭീരമാക്കിയിട്ടുണ്ട്. ചരിത്ര സിനിമകൾ ഇഷ്ടപ്പെടുന്നവർക്ക് തീർച്ചയായും ഒരു ബിരിയാണി കിട്ടിയ എഫക്ട് ആയിരിക്കും, തിയേറ്ററിൽ കാണാൻ പറ്റാതെ പോയവർക്ക് വേണ്ടി OTT റിലീസ് ആയിട്ടുണ്ട്, ഈ തീം ഇഷ്ടമായെങ്കിൽ കാണാൻ ശ്രമിക്കുക.



Dhoom - നായകനെക്കാൾ ഇഷ്ടം തോന്നിയ ഒരു കള്ളന്റെ കഥ

 



ഒൻപതിൽ പഠിക്കുമ്പോഴാണ് ക്ലാസിൽ ഇന്റർവെൽ സമയത്ത് രാജേഷ് എന്ന കൂട്ടുകാരൻ കുറെ പേരുടെ നടുവിലിരുന്നു എന്തോ തള്ളുന്നത് ശ്രദ്ധയിൽ പെട്ടത്.


പതിയെ ഞാനും പോയി ആ കൂട്ടത്തിൽ ഇരുന്ന് കേൾക്കാൻ തുടങ്ങി, പുതിയ ഒരു ഹിന്ദി സിനിമ അവൻ കണ്ടതിന്റെ കഥ പറച്ചിലായിരുന്നു. കേൾക്കാൻ നല്ല രസമുണ്ടായിരുന്നു, അവൻ പറഞ്ഞ പലതും കേട്ടപ്പോൾ തന്നെ വണ്ടിപ്രാന്തൻ കൂടിയായിരുന്ന എനിക്ക് രോമാഞ്ചം വരാൻ തുടങ്ങി.


നാല് കള്ളന്മാരുടെ കഥയാണ്, സൂപ്പർ ബൈക്കിൽ ഒരുപാട് സ്റ്റണ്ട് ഒക്കെയുണ്ട്, വില്ലന്മാർ ആണെങ്കിലും അവരാണ് കഥയിലെ പ്രധാന ആളുകൾ തുടങ്ങി അവൻ പറഞ്ഞ ഓരോ സീനും ഞാനും മനസ്സിൽ കണ്ടു.


അന്നേ അവനോട് സിനിമയുടെ പേരും മറ്റും ചോദിച്ചു മനസ്സിൽ ഉറപ്പിച്ചു വച്ചിരുന്നു. പിന്നീട് ടീവി വക്കുമ്പോൾ എല്ലാം ഈ സിനിമ ഒന്ന് വേഗം ടീവിയിൽ വന്നിരുന്നെങ്കിൽ എന്ന്. അങ്ങനെ എന്നേ ആവേശത്തിന്റെ കൊടുമുടിയിൽ എത്തിച്ചുകൊണ്ട് സോണി ചാനലിൽ ആ സിനിമയുടെ പരസ്യം വരാൻ തുടങ്ങി.


പ്രത്യേകിച്ച് പണി ഒന്നുമില്ലെങ്കിലും ദിവസവും സമയവും ഒക്കെ കാലണ്ടറിൽ ഒക്കെ നോക്കി കാണാൻ പറ്റുമെന്ന് ഉറപ്പ് വരുത്തി. അങ്ങനെ സിനിമ ടെലികാസ്റ്റ് ചെയ്യുന്ന ആ ദിവസം വന്നെത്തി, രാത്രി 8 മണിക്കാണ് ഷോ തുടങ്ങുന്നത്, സാധാരണ ആ സമയങ്ങളിൽ വീട്ടിൽ ടീവി വയ്ക്കാൻ അനുവാദമില്ല വൈകുന്നേരം 7 മുതൽ 10 വരെ പഠിക്കാൻ ഉള്ള സമയമാണ്.


അന്ന് സ്പെഷ്യൽ പെർമിഷൻ ഒക്കെ വാങ്ങി ആ സിനിമ തുടങ്ങുന്നതും കാത്ത് ഏഴര ആയപ്പോൾ മുതൽ ഇരിക്കാൻ തുടങ്ങിയതാണ്, ഓരോ മിനിട്ടും മണിക്കൂറുകൾ പോലെയായിരുന്നു പോയിരുന്നത്.


ഒടുക്കം എട്ട് മണിയായി സിനിമ തുടങ്ങി, തുടക്കം തന്നെ പോലീസ് കാവലിൽ പോകുന്ന പണം കൊണ്ടുപോകുന്ന ഒരു വാൻ കൊള്ളയടിച്ചു അതിവേഗത്തിൽ പാഞ്ഞു പോയ മുഖം കാണിക്കാത്ത കള്ളന്മാരെ കാണിച്ചുകൊണ്ടാണ് തുടങ്ങിയത്.


കഥ മുഴുവൻ ഒരിക്കൽ കേട്ടതാണ്, പക്ഷേ കേട്ട കാര്യം നേരിട്ട് അനുഭവിക്കാൻ പോകുമ്പോൾ ഉള്ളൊരു തരിപ്പുണ്ടല്ലോ, ആദ്യത്തെ സീൻ മുതൽ രോമാഞ്ചമായിരുന്നു. പിന്നീട് കേസ് അന്വേഷിക്കാൻ നായകനായ അഭിഷേക് ബച്ചൻ എത്തുന്നു, സഹായത്തിനു ഉദയ് ചോപ്ര അവതരിപ്പിച്ച അലി എന്ന ബൈക്ക് റെയ്‌സറും.


എന്നിട്ടും അവരെ അതി സമർത്ഥമായി കബിളിപ്പിച്ചു നായകനെ ഒന്നും അല്ലാതാക്കി പോകുന്ന എന്റെ കണ്ണിലെ നായകൻ, മുടി നീട്ടി വളർത്തിയ, തന്റെ നിയമങ്ങൾ തനിക്ക് പോലും ലംഘിക്കാൻ പറ്റില്ലാന്ന് പറയുന്ന, NO2 ഇട്ട് അതിവേഗത്തിൽ പാഞ്ഞു രക്ഷപ്പെടുന്ന, നാല് കള്ളന്മാരുടെ നേതാവായ കബീർ എന്ന കഥാപാത്രം അന്നെനിക്ക് നൽകിയത് goosebumps ന്റെ അങ്ങേ അറ്റമായിരുന്നു.


ഓരോ ആക്ഷൻ മാസ്സ് രംഗങ്ങൾ വരുമ്പോഴും എന്തെന്നില്ലാത്ത ആവേശമായിരുന്നു, എന്തൊക്കയോ വിളിച്ചു കൂവണമെന്നൊക്കെ തോന്നിപ്പോയ നിമിഷങ്ങൾ.


ഏറ്റവും ഒടുവിൽ ക്ലൈമാക്സ്‌ രംഗത്തിൽ പോലും വില്ലൻ കഥാപാത്രം ആയിരുന്നിട്ട് കൂടി തന്നെ പിടിക്കാൻ കഴിയില്ല എന്ന് പറയാതെ പറഞ്ഞു നായകനെ നോക്കി പുഞ്ചിരിച്ചിട്ട് കടലിലേക്ക് അതിവേഗത്തിൽ ബൈക്ക് പറപ്പിച്ചു പോയ അതുവരെ കണ്ട വില്ലന്മാരിൽ നിന്നെല്ലാം വ്യത്യസ്തമായി കോരി തരിപ്പിച്ച ഒരു വില്ലൻ...


പിന്നീട് കമ്പ്യൂട്ടർ വാങ്ങിയപ്പോൾ സിഡി വാങ്ങി ഒരു നൂറു പ്രാവശ്യം കണ്ടിട്ടുണ്ടാകും, എന്നാലും ആദ്യം കണ്ട ആവേശം ഓരോ പ്രാവശ്യം കാണുമ്പോഴും കിട്ടിയിരുന്നു.


ആ കാലത്ത് മുഴുവൻ ആ സിനിമയും, അതിലെ രംഗങ്ങളും, ജോൺ എബ്രഹാമും, ആ ബൈക്കുകളും ഒക്കെയായിരുന്നു മനസ്സിൽ മുഴുവൻ. സിനിമയിൽ ഉപയോഗിച്ച ബൈക്ക് ഒക്കെ ജോൺ എബ്രഹാമിന്റെ തന്നെയാണെന്നും അദ്ദേഹം ഒരു പകുതി മലയാളി ആണെന്നും ഒക്കെയുള്ള വാർത്തകൾ അന്ന് എന്റെ കിളി പറത്തിയിരുന്നു. 


അന്നൊരിക്കൽ കമ്പ്യൂട്ടർ കഫെയിൽ പോയി ജോൺ എബ്രഹാം ബൈക്ക് ആയി നിൽക്കുന്ന പടം പ്രിന്റ് എടുത്ത് എന്റെ ഡയറിയിൽ ഒട്ടിച്ചിരുന്നു. വലുതാകുമ്പോൾ ജിമ്മിൽ പോയി അതുപോലെ ബോഡി ഉണ്ടാക്കണമെന്നും മുടി നീട്ടി വളർത്തണമെന്നും അതുപോലൊരു ബൈക്ക് വാങ്ങണം എന്നുമൊക്കെയുള്ള ആഗ്രഹങ്ങൾ കൊണ്ട്.


പക്ഷേ അന്ന് സ്വപ്നത്തിൽ പോലും ചിന്തിച്ചിട്ടില്ലാത്ത ഒന്നായിരുന്നു വലുതായപ്പോൾ എന്നേ കാത്തിരുന്നത്... ഒരു റൈഡർസ് ക്ലബ്‌..


വേണോ വേണ്ടായോ എന്തിനാ എന്നെല്ലാം ഒരുപാട് ആലോചിച്ച ശേഷം, ഒരു 100 പേരെ എങ്ങനേലും ഒപ്പിക്കണം എന്ന് പ്രതീക്ഷിച്ചു 6 ദിവസം മുൻപ് തുടങ്ങിയ ക്ലബ്‌ ഇന്ന് എത്തി നിൽക്കുന്നത് 3500 പേരിൽ..😀😀😀


ചില കാര്യങ്ങൾ അങ്ങനെ ആണെന്ന് തോന്നിപോകുന്നു, നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറമാണ് ആരോ നമ്മൾക്കായ് കാത്ത് വച്ചിട്ടുള്ളത്... 😀😀

നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി ❤️

 വർഷങ്ങൾ കഴിയുംതോറും വീര്യം കൂടി വരുന്ന ഒരു സിനിമ, ഓരോ പ്രാവശ്യം കാണുമ്പോഴും നഷ്ട പ്രണയങ്ങളുടെ പിന്നാലെ ഒരിക്കൽ കൂടി ബൈക്ക് എടുത്തു പോകാൻ തോന്നിപ്പിക്കുന്ന വശ്യതയുള്ള കഥ..


നഷ്ട പ്രണയത്തിന്റെ വേദനയിൽ നിന്നും ഒളിച്ചോടാൻ വേണ്ടി മാത്രം എങ്ങോട്ടെന്ന് അറിയാതെ കാസി ആരംഭിക്കുന്ന യാത്ര, അവനെ ഒറ്റക്ക് വിടാൻ കഴിയില്ല എന്നതുകൊണ്ട് എവിടേക്ക് ആണെങ്കിലും കൂടെയുണ്ട് എന്നും പറഞ്ഞു ഒപ്പം ചെല്ലുന്ന ഉറ്റ സുഹൃത്തായ സുനി.


കാട്ടിൽ ഒറ്റപ്പെട്ടു പോകുന്ന സുനിയെ കാസി കണ്ടെത്തുമ്പോൾ ചോദിക്കുന്ന ചോദ്യമുണ്ട് നിനക്ക് പേടിയൊന്നും തോന്നിയില്ലേ എന്ന്..


അതിന് സുനി പറയുന്ന മറുപടി, ഞാൻ എന്തിനാ പേടിക്കുന്നെ, എന്നെത്തേടി നീ എന്തായാലും വരുമെന്ന് എനിക്ക് ഉറപ്പുണ്ടല്ലോ എന്നാണ്..


ഒടുവിൽ അവർ പല ദേശങ്ങളിലൂടെ വ്യത്യസ്ത തരം മനുഷ്യരെയും അവരുടെ ജീവിത സാഹചര്യങ്ങളെയും കണ്ട് കാസി ഒടുവിലൊരു ലക്ഷ്യത്തിൽ എത്തുന്നു.


തന്റെ പ്രണയിനിയെ അങ്ങനെ വഴിയിൽ ഉപേക്ഷിച്ചു പോകാൻ കഴിയില്ല എന്ത് വില കൊടുത്തും കൂടെ കൂട്ടുമെന്ന് അവൻ ഉറപ്പിച്ച നിമിഷത്തിൽ സുനി അവനെ ഒറ്റക്ക് വിടുന്നു.


പിന്നീടുള്ള കാസിയുടെ യാത്രക്ക് അല്പം കൂടി ഭംഗിയുണ്ട്, അതുവരെ വിഷാദം നിഴലിച്ചുനിന്ന അവന്റെ മുഖത്തൊരു ചെറു പുഞ്ചിരി കാണാം, സ്വപ്നങ്ങളിൽ പോലും തന്നിൽ നിന്നും ഓടിയകന്നു പോകുന്നതായി അവൻ കണ്ടിരുന്ന അസി അവനു നേരെ ഓടി വരുന്നതായി അവൻ കാണുന്നു.


" അലിവായി നീലേ മനസ്സിൻ മഴയിൽ ആലയായ് ഞാൻ ദൂരേ ... ഞാൻ ദൂരേ ... മായത്തെ മുന്നിൽ നില്ക്കും നീയോ ...

കാണാതെ നിന്നിൽ നീയും ... താളം തേടി ഞാനോ... ഞാനോ..."


വീശിയടിച്ച ഒരു കാറ്റിനൊപ്പം അവൻ അവളുടെ മുന്നിലേക്ക് ചെല്ലുന്നു, ഒരു കാറ്റു പോലെ പിന്നെയവർ ഒരുമിച്ചു പറക്കുന്നു.


നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി


It's a very beautiful movie..


ഈ ഒരൊറ്റ സിനിമ റോയൽ എൻഫീൽഡ് എന്ന കമ്പനിക്ക് ഉണ്ടാക്കി കൊടുത്ത മാർക്കറ്റ് ചെറുതൊന്നുമല്ല, ഇതിലും വലിയ പരസ്യം അവർക്ക് കിട്ടാനുമില്ല..


അത് മാത്രമല്ല ചെറുതും വലുതുമായ ഒരുപാട് റൈഡർമാരെ സൃഷ്ടിക്കാനും ഈ സിനിമക്ക് കഴിഞ്ഞു. ബൈക്കിൽ ലോങ്ങ്‌ പോകുന്നത് എങ്ങനെയാണ്, മറ്റ് സ്ഥലങ്ങളിൽ ചെല്ലുമ്പോൾ എന്ത് എന്നൊക്കെ ഒരുപാട് കാര്യങ്ങൾ നമ്മൾക്ക് കാണിച്ചു തന്ന മലയാളത്തിലെ ഏറ്റവും നല്ല റോഡ് മൂവികളിൽ ഒന്ന്...


Personal favorite ❤️


Anup Jose

എന്ന് നിന്റെ മൊയ്‌തീൻ - ഒരു ഓർമ്മ

 പ്രിത്വിരാജ് വിഗ് ഒക്കെ വച്ചിട്ട് ഇങ്ങനെ ഒരു ഫോട്ടോ കണ്ടപ്പോൾ എന്തുട്ട് കോലമാണ് പൊട്ടാൻ വേണ്ടിയിട്ട് തന്നെ എന്തിനാ ഇങ്ങനെ പടം എടുക്കുന്നത് എന്നൊക്കെ തോന്നിയിരുന്നു.


എന്നാൽ പടം ഇറങ്ങി കഴിഞ്ഞു ഒരുപാട് നല്ല അഭിപ്രായം കേട്ടപ്പോൾ "എന്ന് നിന്റെ മൊയ്‌തീൻ" തിയേറ്ററിൽ തന്നെ പോയി കണ്ടു.


കഥ എന്താണെന്നും അവസാനം എന്താണ് സംഭവിക്കുന്നതെന്നും നേരത്തെ തന്നെ അറിയാം, പിന്നെ എങ്ങനെ അതൊക്കെ സംഭവിച്ചു എന്ന് കാണാൻ വേണ്ടി മാത്രമാണ് സിനിമ കാണുന്നത്.


ആദ്യത്തെ ഷോട്ട് മുതൽ എന്തോ ഒരു ഭംഗി സിനിമക്ക് തോന്നിയിരുന്നു, നല്ല ക്വാളിറ്റി ഉള്ള കഥ പറച്ചിൽ, മഴ, നല്ല പാട്ടുകൾ, ഇതിനിടയിൽ പ്രിത്വിരാജ് വിഗ് വച്ചത് കൊള്ളുമോ ഇല്ലയോ എന്നൊന്നും ശ്രദ്ധിക്കാൻ പോലും പറ്റിയില്ല.


കാഞ്ചനയായി വന്ന പാർവതിയും ഒട്ടും മോശമാക്കിയില്ല ഓരോ നോട്ടത്തിലും മൊയ്‌തീനോടുള്ള പ്രണയം ഫീൽ ചെയ്യുമായിരുന്നു.


അങ്ങനെ ഏതാണ്ട് ഇരുപത് വർഷം നീണ്ടു നിന്ന അവരുടെ പ്രണയം കാണിച്ചു തന്നു, ഒടുവിൽ വെള്ളപ്പൊക്കവും മൊയ്‌തീൻ വള്ളത്തിൽ കയറുന്നതും ഒക്കെ ശ്വാസം അടക്കി പിടിച്ചിരുന്നു കണ്ട സീനുകൾ ആയിരുന്നു.


ഏറ്റവും ഒടുവിൽ ആരെയൊക്കെയോ രക്ഷിച്ചു മൊയ്‌തീൻ കരയിൽ കയറിയപ്പോ എന്തോ ഒരു ആശ്വാസം, പക്ഷേ ഇത് സംഭവിച്ച കഥയല്ലേ, മൊയ്‌തീന് അവിടം കൊണ്ട് നിർത്താൻ കഴിയില്ലല്ലോ, പിന്നെയും ആരെയോ രക്ഷിക്കാൻ വേണ്ടി ഇരവിഴിഞ്ഞി പുഴയിലേക്ക് പോയ മൊയ്‌തീൻ....


ഈ ഒരു കഥ ഇങ്ങനെ അവതരിപ്പിക്കാൻ കഴിയുമെന്ന് ഒട്ടും പ്രതീക്ഷിച്ചതല്ല, ഇതാണ്ട സിനിമയുടെ മാജിക്‌ എന്നൊക്കെ പറയാൻ തോന്നിയിരുന്നു, അത്രക്കും എനിക്ക് ഇതിന്റെ മേക്കിങ് ഇഷ്ടപ്പെട്ടു.


പിന്നീട് കേൾക്കാൻ കഴിഞ്ഞത്, ഇത് പ്രിത്വിരാജ് തന്നെ ghost ഡയറക്റ്റ് ചെയ്ത പടം ആണെന്നും, അതല്ല ഏതോ അസോസിയേറ്റ് ഡയറക്ടർ ആണ് എല്ലാം ചെയ്തത് എന്നുമൊക്കെ ഫിലിം ഫീൽഡിൽ പ്രവർത്തിക്കുന്ന സുഹൃത്തുക്കൾ പറഞ്ഞു കേൾക്കുന്നത്.


അതിന്റെ ഒക്കെ പിന്നിലെ സത്യം എന്തെന്ന് അറിയില്ല, എന്തായാലും ഇഷ്ടപ്പെട്ട സിനിമകളുടെ ലിസ്റ്റിലേക്ക് എന്ന് നിന്റെ മൊയ്‌തീൻ കൂടി ചേർക്കപ്പെട്ടു.


പിന്നെ ഇന്ന് ജൂലൈ 15, യഥാർത്ഥ ബി പി മൊയ്‌തീൻ ആ പുഴയുടെ ആഴങ്ങളിലേക്ക് ആണ്ടുപോയിട്ട് 43 വർഷങ്ങൾ പിന്നിടുന്നു....


✍🏻 Anup Jose

വെട്ടം സിനിമയിലെ മികച്ച രണ്ടു രംഗങ്ങൾ

 പെരുന്നാളിന് ഒക്കെ വെടിക്കെട്ടിന്റെ ഇടയിൽ അല്ലെങ്കിൽ തുടക്കത്തിൽ മാലപ്പടക്കം എന്നൊരു ഐറ്റം ഉണ്ട്, എനിക്ക് തോന്നുന്നു എല്ലാ നാട്ടിലും ഏതാണ്ട് ഒരേപോലെ ആണെന്ന്.


ചെറിയ ചെറിയ പടക്കങ്ങൾ പൊട്ടി തുടങ്ങി ഏറ്റവും ഒടുവിൽ എത്തുമ്പോൾ ഒരു വൻ പരിപാടി ഉണ്ടാവും, പലവിധത്തിൽ ഉള്ള പടക്കങ്ങൾ അവസാനം ഒരുമിച്ചു സെറ്റ് ചെയ്തു വച്ചതുപോലെ..


വെട്ടം എന്ന സിനിമയെ പറ്റി ഓർക്കുമ്പോഴും ഇങ്ങനെ തന്നെയാണ് എനിക്ക് തോന്നിയിട്ടുള്ളത്. ചെറിയ തമാശകളിൽ തുടങ്ങി ഏറ്റവും ഒടുവിൽ എല്ലാ കഥാപാത്രങ്ങളും കൂടി ഒരുമിച്ചു വന്നിട്ട് ഒരു കലാശക്കൊട്ട്..


എന്നാൽ തമാശകൾ കാരണം സിനിമയിൽ ഇത്തിരി മുങ്ങിപ്പോയ രണ്ട് മനോഹരമായ കാര്യങ്ങളുണ്ട്.


നായിക തുടക്കത്തിൽ നായകനെ കാണുന്ന സമയം മുതലേ തന്നെ രണ്ട് പേരും തമ്മിൽ ഉടക്കാണ്, സ്വന്തം കാര്യത്തിന് പിന്നാലെ പോകുമ്പോൾ വന്ന തടസമായിട്ട് മാത്രമാണ് പരസ്പരം രണ്ടു പേരും കാണുന്നത്.


എന്നാൽ കഥ അവസാനിക്കാറാകുമ്പോൾ നായകനെ പിടിക്കാൻ വന്ന പോലീസിനോട് അവൾ അവനെപ്പറ്റി പറയുന്ന ഒരു രംഗമുണ്ട്.


തന്റെ ആകെയുള്ള സമ്പാദ്യം അവനു നൽകണം എന്നും അവനെ വെറുതെ വിടണം എന്നും അവൾ പോലീസിനോട് അപേക്ഷിക്കുമ്പോൾ അയാൾ അത്ഭുതപ്പെട്ടു തിരിച്ചു ചോദിക്കുന്നുണ്ട്, ഒരു കള്ളന് വേണ്ടി എന്തിന് ഇങ്ങനെ ചെയ്യാൻ തയ്യാറാകുന്നു എന്ന്..


അതിനവൾ കൊടുക്കുന്ന മറുപടിയാണ്, അയാൾ കള്ളൻ ഒന്നുമല്ല, താൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല മനുഷ്യൻ ആണെന്ന്...


അവൾ പോലും അറിയാതെ അയാളോട് അവളുടെ ഉള്ളിൽ ഒരു പ്രണയം ഉണ്ടെന്ന് അപ്പോൾ ആയിരിക്കും അവൾ തിരിച്ചറിയുന്നത്.


ഇറങ്ങുന്ന മിക്കവാറും സിനിമകളിൽ നായകനും നായികയും പ്രണയവും ഒക്കെ ഉണ്ടാവാറുണ്ട്, എന്നാൽ അപൂർവ്വം സിനിമകളിൽ മാത്രമേ അത് എങ്ങനെ ഉണ്ടായെന്നു കാണിക്കാറുള്ളു.


വെട്ടം വെറുമൊരു തമാശ പടം മാത്രമല്ല, നല്ലൊരു പ്രണയം വരച്ചു കാണിക്കുന്ന സിനിമ കൂടിയാണ്. ആ സിനിമയിലെ ഏറ്റവും മനോഹരമായ രംഗവും ഒരുപക്ഷെ ഇത് തന്നെയായിരിക്കും..


സിനിമയിലെ അടുത്തൊരു മനോഹര രംഗം, നായികയുടെ കയ്യിൽ തന്റെ ആകെ പ്രതീക്ഷയായ മാല ഉണ്ടെന്നും, അവൾ യാത്ര പറഞ്ഞു പോകുമ്പോൾ തനിക്ക് ഇനി അതൊരിക്കലും ലഭിക്കില്ല എന്നും മനസിലാക്കി ഗോപാലകൃഷ്ണൻ അവളെ യാത്രയാക്കാൻ സ്റ്റേഷനിൽ ചെല്ലുന്ന ഒരു രംഗമുണ്ട്.


അതിനിടയിൽ അയാൾക്ക് പിടിച്ചു നിൽക്കാൻ കഴിയാതെ വരുമ്പോൾ ഒരു നിമിഷം അവളുടെ അടുത്ത് നിന്ന് മാറി നിന്ന് പൊട്ടിക്കരയുന്ന രംഗമുണ്ട്.


അയാളെ അന്വേഷിച്ചു വരുന്ന അവളും അത് കാണുന്നുണ്ട് എന്നാൽ അവൾ കണ്ട കാര്യം അയാൾ അറിഞ്ഞില്ല, തൊട്ട് പിറകെ അയാൾ ഒന്നും സംഭവിച്ചിട്ടില്ലാത്ത പോലെ അവളുടെ അടുത്തേക്ക് ചെല്ലുന്നുണ്ട്.


ഇതും വളരെ മനോഹരമായ രംഗമാണ്...

സിംഹാസനം - Behind the story

 രാജു a10 : അണ്ണാ നിങ്ങള് ചുമ്മാ ഉഴപ്പാണ് കേട്ടോ... 🥲


ഡയറക്ടർ : അതെന്താ രാജു അങ്ങനെ പറഞ്ഞെ...!


A10 : പിന്നെ മലയാള സിനിമയുടെ ഭാവി വാഗ്ദാനം ആയിട്ട് ഒരു യുവതാരം ഇങ്ങനെ ഉയർന്നു വരുമ്പോൾ അതിനൊപ്പിച്ചു പടമൊക്കെ ചെയ്യണ്ടേ...


ഡയറക്ടർ : അതിപ്പോ ആരാ അങ്ങനെ ഒരു താരം 🤔


A10 : നിങ്ങടെ മുന്നിൽ ഇങ്ങനെ നിൽക്കുകയല്ലേ...


ഡയറക്ടർ : ആര് നീയോ, ആ ഒരു കണക്കിന് ശരിയാ ഇടയ്ക്കിടെ എയറിൽ കയറുന്ന കൊണ്ട് ഉയർന്നു വരുന്ന എന്നല്ല ഉയർന്നു പോകുന്ന താരം എന്ന് പറഞ്ഞാൽ പക്കാ ആണ്..


A10: ദേ അണ്ണാ എന്ന് വിളിച്ച നാക്കും കൊണ്ട് എന്നെക്കൊണ്ട് മാറ്റി വിളിപ്പിക്കരുത്. നല്ല കിണ്ണൻ കാച്ചിയ റോളുകൾ കിട്ടാത്തോണ്ട് അല്ലേ ഇതൊക്കെ...


ഡയറക്ടർ : നീ എന്ത് ടൈപ്പ് റോളാ ഉദ്ദേശിക്കുന്നത്..


A10: അതായത് നമ്മുടെ ലാലേട്ടന് നാടുവാഴികൾ പോലെ, സുരേഷേട്ടന് ലേലം ഒക്കെ പോലെ, അതിന്റെ ഒരു ഇതില്ലേ?


ഡയറക്ടർ : ഏത്?


A10: ഹാ നിങ്ങള് ഇതെന്തോന്ന് ഫിലിം മേക്കർ ആണ്, It would be beneficial to approach this concept through a paradigmatic lens, wherein the constituent elements are imbued with symbolic significance, thereby facilitating a more nuanced understanding of the underlying dynamics.


ഡയറക്ടർ : എന്തോന്ന്, നീ മനുഷ്യന് മനസിലാകുന്ന ഭാഷയിൽ വല്ലതും പറ, ഞാനൊക്കെ സ്ട്രൈറ്റ് ഫോർവേഡ് ആണ്.. 


A10: 🫡, അതായത് ഒരു നാടിന്റെ എല്ലാമെല്ലാമായ അച്ഛൻ കഥാപാത്രം ആണല്ലോ അതിന്റെ എല്ലാം പ്രധാന കഥാപാത്രം, എന്നിട്ട് അച്ഛൻ കഥാപാത്രം കൊല്ലപ്പെടുന്നു, പിന്നെ മകൻ ആ സ്ഥാനത്തേക്ക് വരുന്ന പോലെ ആണല്ലോ,


ഡയറക്ടർ: ഇതിലെന്തോന്ന് നീ ആ പറഞ്ഞ സാധനം 🤔


A10: ആ കിട്ടി കിട്ടി, പ്രതീകാത്മികം, പല വാക്കിന്റെയും ആവശ്യം വരുമെങ്കിലും ഓർമ്മ കിട്ടില്ല, അതായത് ഒരു പുതിയ സൂപ്പർ സ്റ്റാർ വരുന്നു എന്നപോലെ..


ഡയറക്ടർ: നീ ഈ പറഞ്ഞ ഐറ്റം ഒന്നും ഇല്ലെങ്കിലും ഇതുപോലെ അച്ഛൻ മരിക്കുന്നതും മകൻ പ്രതികാരം ചെയ്യുന്ന ഒരെണ്ണം ഞാനും എടുത്തിട്ടുണ്ട്, അതും ലാലേട്ടനെ തന്നെ വച്ചിട്ട്, നരസിംഹം..


A10: ഞാനും അതിലേക്ക് തന്നെയാണ് വരുന്നത്, അണ്ണന് ഇതെല്ലാം കൂടി ഒന്ന് മിക്സ്‌ ചെയ്തിട്ട് എന്നെ അതിലിട്ടൊന്നു പുരട്ടി എടുത്തുകൂടെ, പിന്നെ വേണേൽ കുറച്ചു ആറാം തമ്പുരാൻ കൂടി ആയിക്കോ..


ഡയറക്ടർ: നീ പറഞ്ഞ ഐഡിയ ഒക്കെ കൊള്ളാം, ഞാനും ഒന്ന് ബോക്സ്‌ ഓഫീസ് കുലുക്കിയിട്ട് ഇപ്പോൾ കുറച്ചായി..


A10: ആ അതാണ്, അണ്ണാ നിങ്ങളെ കൊണ്ട് പറ്റും, നിങ്ങളെ കൊണ്ടേ പറ്റു..


ഡയറക്ടർ: ആ ഞാൻ പോയി ഇതൊക്കെ ഒന്നൂടി ഒന്ന് കണ്ട് നോക്കട്ടെ, ഒന്ന് ചാർജ് ആയാൽ കഥയും ഞാൻ തന്നെ അങ്ങോട്ട് എഴുതാം...


A10: 🥹🥹🥹 ഒരുപാട് നന്ദിയുണ്ട് അണ്ണാ.. പിന്നെ പടത്തിന് പറ്റുവാണേൽ സിംഹാസനം എന്ന് തന്നെ പേരിടുമോ.. ഞാൻ അന്വേഷിച്ചായിരുന്നു, we will defenitly get the rights for the title and you know,..


ഡയറക്ടർ: എന്റെ പൊന്ന് മോനെ നീ ഒന്ന് അടങ്ങ്, സിംഹാസനം എങ്കിൽ സിംഹാസനം, ഒരു ഗും ഒക്കെയുണ്ട്, ഞാൻ ഇപ്പോൾ തന്നെ ചാർജ് ആയി, അപ്പോ നീ റെഡി ആയിട്ട് ഇരുന്നോ, ഞാൻ കഥയും കൊണ്ട് അടുത്ത ദിവസം വരാം.


ശേഷം ബിഗ് സ്ക്രീനിൽ.... ചുമ്മാ 🔥🔥🔥


സംഭവം വെറുതെ തമാശ സെൻസിൽ എഴുതിയതാണ്.. 



മലയ്ക്കോട്ടെ വാലിബൻ - Full Story

 മരുഭൂമി പോലെ വിജനമായ പ്രദേശത്തു കൂടി ഒരു കാളവണ്ടി കടന്നു വരികയാണ്. വണ്ടിയുടെ മുന്നിലൂടെ നടക്കുന്ന പയ്യൻ അതിനുള്ളിൽ ഉള്ള ആളുടെ വീര കൃത്യങ്ങൾ വിളിച്ചു പറഞ്ഞുകൊണ്ടാണ് വരുന്നത്.


അതിനുള്ളിൽ ഉള്ളത് സാക്ഷാൽ മലയ്ക്കോട്ടെ വാലിബൻ എന്ന പേര് കേട്ട മല്ലനാണ്. അയാളെ ഇന്നുവരെ ആരും തോൽപ്പിച്ചിട്ടില്ല. വണ്ടി ഓടിക്കുന്നത് അയാളുടെ ആശാനായ അയ്യനാരും മുന്നിൽ നടക്കുന്നത് ആശാന്റെ മകനായ ചിന്നപ്പയ്യന്നുമാണ്.


ആരോരുമില്ലാത്ത വാലിബനെ ആശാൻ എടുത്ത് വളർത്തിയതാണ്. 


എല്ലാ നാട്ടിലും ഓരോ മല്ലന്മാർ ഉണ്ടായിരിക്കും, അവരെ പുറത്ത് നിന്ന് ഏതെങ്കിലും ഒരു മല്ലൻ വന്നു തോൽപ്പിച്ചാൽ അവരുടെ പെണ്ണിനേയും മണ്ണിനേയും ആ മല്ലന് സ്വന്തമാക്കാം. ഇതാണ് ആ നാട്ടിലെ നിയമം.


ആശാനും ചിന്നപ്പയ്യനും വാലിബനും ഓരോ ദേശങ്ങളിൽ കൂടി സഞ്ചരിച്ചു അവിടെയെല്ലാം ഉള്ള മല്ലന്മാരെ തോൽപിച്ചു ഒരു പുതിയ ദേശത്തിൽ എത്തിയിരിക്കുകയാണ്. അവിടെയുള്ള മല്ലന്മാരെ ചിന്നപ്പയ്യൻ വെല്ലുവിളിക്കുകയാണ്.


അപ്പോൾ ഒരു പയ്യൻ ഓടിച്ചെന്നു ആ നാട്ടിലെ മല്ലന്റെ അടുത്തുചെന്ന് വിവരം പറയുന്നു. ഭീമാകാരനായ ആ മല്ലൻ ദേഷ്യത്തിൽ തന്റെ ഗദയുമെടുത്തു വാലിബന്റെ അടുത്തേക്ക് ചെല്ലുന്നു. എന്നാൽ വാലിബൻ ഉറക്കത്തിൽ നിന്നും ഉണർന്നു ഒരു കുടം കള്ളും മോന്തികൊണ്ട് ഇരിക്കുകയായിരുന്നു.


വണ്ടിയിൽ നിന്നും പുറത്തേക്ക് ഇറങ്ങിയ അയാൾക്ക് രണ്ട് കാലുകൾ ഉറപ്പിച്ചു നിലത്തു നിൽക്കാൻ കഴിയാതെ ഇരുന്നുപോകുന്നു. അത് കണ്ട് പരിഹാസത്തോടെ ഓടി വരുന്ന ആജാനുബാഹുവായ ആ മല്ലനെ പക്ഷേ വാലിബൻ നിഷ്പ്രയാസം മലത്തിയടിക്കുന്നു.


അയാളെ തോൽപ്പിച്ചെങ്കിലും അയാളുടെ പെണ്ണിനെയോ സമ്പത്തോ സ്വീകരിക്കാൻ തയ്യാറാകാതെ അവർ അവിടെ നിന്ന് മറ്റൊരു ദേശത്തേക്ക് യാത്രയാകുന്നു.


ആ ദേശത്തെ രാജകുമാരിയോട് വാലിബന് പ്രണയമുണ്ടായിരുന്നു. വാലിബൻ പോയി പോര് ജയിച്ചിടത്തെല്ലാം പെണ്ണിനെ ലഭിക്കുമെങ്കിലും ആരുമായിട്ടും വാലിബൻ ഒരു ബന്ധവും പുലർത്തിയിരുന്നില്ല, അതിന് കാരണം ഈ പ്രണയമായിരുന്നു. ഒരിക്കൽ തന്റെ കാണാതായ കുതിരയെ തിരഞ്ഞു അവിടെ എത്തിയതാണ് വാലിബൻ. 


നാട് ചുറ്റുന്നതിന് ഇടയിൽ ആ ദേശത്തു വരുമ്പോഴേല്ലാം വാലിബൻ ആ രാജകുമാരിയെ സന്ദർശിക്കുമായിരുന്നു. അങ്ങനെ അവിടെ ഒരു ദിവസം താമസിച്ച ശേഷം വാലിബൻ വീണ്ടും യാത്ര ആരംഭിച്ചു അടുത്ത ദേശത്തു എത്തുന്നു.


അവിടെ വച്ച് വാലിബൻ രംഗറാണി എന്നൊരു നർത്തകിയെ പരിചയപ്പെടുന്നു, രംഗറാണിയുടെ ഒപ്പം അവരുടെ ഉറ്റ സുഹൃത്തും തൊഴിയുമായ തേനമ്മയും ഉണ്ട്. രംഗറാണി നൃത്തം ചെയ്യുന്നതിനിടയിൽ അവിടെ ഉണ്ടായിരുന്ന ചമതകൻ എന്നൊരാൾ അവരോട് മോശമായി പെരുമാറാൻ ശ്രമിക്കുന്നത് കണ്ട് വാലിബൻ അയാളെ അടിച്ചു താഴെയിടുന്നു.


ഇതിൽ കലിപൂണ്ട ചമതകൻ വാലിബനെ തന്റെ നാട്ടിലെ മല്ലനുമായി പോരിന് വരാൻ വെല്ലുവിളിക്കുന്നു.


വെല്ലുവിളികൾ ഹരമായ വലിബൻ ചമതകന്റെ ദേശമായ മാങ്കോട് നാട്ടിലേക്ക് യാത്രയാകുന്നു. വഴിയിൽ വച്ച് അവർ ജമന്തി എന്നൊരു പെൺകുട്ടിയെ കൂടി കാളവണ്ടിയിൽ കയറ്റുന്നു. 


മാങ്കോട് എത്തിയ വാലിബൻ അവിടെ പോരിന് ഇറങ്ങുന്നു, എന്നാൽ മാങ്കോട് മല്ലൻ ഒരുപാട് ചതി അടവുകളാണ് പയറ്റുന്നത്. എന്നിട്ടും അയാൾക്ക് വാലിബന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല, മാങ്കോട് മല്ലനെയും തോൽപ്പിച്ചു അയാളുടെ ചതികൾ നിറഞ്ഞ കളരിയും തകർത്തിട്ടാണ് വാലിബൻ അവിടെ നിന്നും യാത്രയാകുന്നത്. ഒപ്പം ചമതകന്റെ മുടിയും താടിയും പകുതി വടിച്ചു ആ ദേശത്തു നിന്നും പുറത്താക്കുന്നു.


അപ്പോഴേക്കും ചിന്നപ്പയ്യൻ ജമന്തിയുമായി പ്രണയത്തിൽ ആയിരുന്നു, അവർ അവളെയും യാത്രയിൽ ഒപ്പം കൂട്ടുന്നു.


ആ യാത്രയിൽ അവർ വീണ്ടും രംഗറാണിയെ കാണുന്നു, അവരും വാലിബനും പോകുന്നത് ഒരെ സ്ഥലത്തേക്കാണ്, മലയ്ക്കോട്ടയിലേക്ക്.


വാലിബന്റെ ആ നാട് ഇപ്പോൾ ഭരിക്കുന്നത് ഒരു ബ്രിട്ടീഷുകാരനും അയാളുടെ റാണിയുമായിരുന്നു. റാണിയുടെ ജന്മദിനത്തിൽ നൃത്തം ചെയ്യാനാണ് രംഗറാണി പോകുന്നത്. വാലിബൻ പോകുന്നത് അവരെ പോരിന് വെല്ലുവിളിച്ചു, അവരെ തോൽപ്പിച്ചു തന്റെ ആളുകളെ തടവിൽ നിന്നും രക്ഷിക്കാനും.


വാലിബനോട് യുദ്ധം ചെയ്യാൻ രാജാവും റാണിയും തന്നെ നേരിട്ട് ഇറങ്ങുന്നു. എന്നാൽ അവർക്ക് രണ്ട് പേർക്കും വാലിബന്റെ മുന്നിൽ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. പക്ഷേ അപ്പോഴേക്കും വാലിബൻ മയങ്ങി വീഴാൻ തുടങ്ങി, കാരണം പോരിന് ഇറങ്ങുന്നതിനു മുൻപ് ആൾക്കൂട്ടത്തിന് ഇടയിൽ വച്ച് ചമതകൻ വാലിബന്റെ ദേഹത്ത് വിഷം കുത്തി വച്ചിരുന്നു.


ബോധം പോയ വാലിബനെ അവർ രണ്ട് തൂണുകളിലായി ബന്ധിക്കുന്നു, ഒപ്പം ഉണ്ടായിരുന്നവരെ തടവിലും ആക്കുന്നു. എന്നാൽ വാലിബന് ബോധം വരുമ്പോൾ അയാൾ അതെല്ലാം പൊളിച്ചു കളയുന്നു. പിന്നീട് അവിടെ വലിയ ഒരു യുദ്ധം നടക്കുന്നു, അതിന്റെ ഒടുവിൽ രാജാവിനെയും റാണിയെയും കൊന്ന് വാലിബൻ തടവുകാരെ എല്ലാം രക്ഷിക്കുന്നു. 


തന്റെ നാട്ടുകാരെ എല്ലാം സ്വാതന്ത്രമായി ജീവിക്കാൻ വിട്ടിട്ട് അവർ അവിടെ നിന്ന് വീണ്ടും യാത്രയാകുന്നു. അതിനിടയിൽ രംഗറാണി വാലിബനോട് പ്രണയം തുറന്നു പറയുന്നു, പക്ഷേ വാലിബൻ അത് നിരാകരിക്കുന്നു.


പിന്നീട് ഒരു രാത്രിയിൽ ആശാൻ വാലിബനോട് ഒരു കഥ പറയുകയാണ്, ഒരിക്കൽ ഒരു കൊള്ളസംഘം ഒരു ഗ്രാമം കൊള്ളയടിച്ചു, അവിടെ ഉണ്ടായിയുന്നവരെ മുഴുവൻ കൊല്ലുകയും ചെയ്തു. ആ കൂട്ടത്തിൽ വാലിബന്റെ അച്ഛനും അമ്മയും ഉണ്ടായിരുന്നു. അവിടെ നിന്നാണ് ആശാന് വാലിബനെ ലഭിച്ചതെന്ന്.


ആശാൻ എന്നാണ് വിളിക്കുന്നതെങ്കിലും വാലിബൻ തന്റെ സ്വന്തം അച്ഛനെ പോലെ തന്നെയായിരുന്നു ആശാനെ കണ്ടിരുന്നത്. 


പിറ്റേന്ന് അവർ എല്ലാവരും കൂടി ഒരു ഉത്സവം കാണാൻ പോകുകയാണ്, പോകുന്ന വഴി രംഗറാണി തന്റെ മനസിലെ വിഷമം തേനമ്മയോട് പറയുന്നു. എന്നാൽ തേനമ്മ അതിന് മറുപടി നൽകിയത് വാലിബന്റെ മനസ്സിൽ മറ്റൊരു പെണ്ണുണ്ടെന്നും അത് ജമന്തി ആണെന്നുമാണ്.


എന്നാൽ വാലിബനും ജമന്തിയും തമ്മിൽ ഒരു സഹോദരബന്ധം മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതിനാൽ തന്നെ അവൾ ഗർഭിണി ആയ സന്തോഷം ആദ്യമായ് പങ്ക് വയ്ക്കുന്നത് വാലിബനോടാണ്. സന്തോഷം കൊണ്ട് വാലിബൻ അവളെ ആലിംഗനം ചെയ്യുന്നു. എന്നാൽ ഇത് നേരിൽ കാണുന്ന രംഗറാണിയും തേനമ്മ പറഞ്ഞത് സത്യമാണെന്നു വിശ്വസിക്കുന്നു.


തുടർന്ന് അവർ രണ്ടുപേരും കൂടി ചിന്നപ്പയ്യന്റെ അടുത്ത് പോയി ജമന്തി ഗർഭിണി ആണെന്നും, ആ കുഞ്ഞ് യഥാർത്ഥത്തിൽ വാലിബന്റെ ആണെന്നും പറഞ്ഞു അവനെ തെറ്റിദ്ധരിപ്പിക്കുന്നു. കലി പൂണ്ട ചിന്നൻ ഉത്സവം നടക്കുന്ന സ്ഥലത്ത് പോയി നോക്കുമ്പോൾ കാണുന്നത് തേര് വലിച്ചുകൊണ്ട് പോകുന്ന വാലിബനെ നോക്കി ആർപ്പ് വിളിക്കുന്ന ജമന്തിയെയാണ്.


കുതിരമുത്തപ്പാ ഞങ്ങളുടെ ജനിക്കാൻ പോകുന്ന കുഞ്ഞിനെ കാത്തുകൊള്ളണമേ എന്ന വാലിബന്റെ പ്രാർത്ഥന കൂടി കേട്ടതോടെ ചിന്നന്റെ നിയന്ത്രണം വിട്ടു പോകുന്നു. 


ഇതേ സമയം തന്നെ രംഗറാണിക്ക് വേണ്ടി ജമന്തിയെ വകവരുത്താൻ തേനമ്മ ഇറങ്ങി തിരിക്കുന്നു. അപ്പോൾ അവിടേക്ക് വാലിബനെ കൊല്ലനായി ചമതകനും എത്തിയിട്ടുണ്ടായിരുന്നു. അയാളെ വാലിബൻ കാണുകയും ചെയ്തു. എന്തോ അരുതാത്തത് നടക്കാൻ പോകുന്നു എന്ന് വാലിബന് ഒരു തോന്നൽ ഉണ്ടാവുന്നുണ്ട്.


അവിടെ എല്ലാവരും തന്നെ മുഖംമൂടി ധരിച്ചിട്ട് ഉണ്ടായിരുന്നു. പെട്ടന്നാണ് ആ ആൾക്കൂട്ടത്തിന് ഇടയിൽ വച്ച് മുഖംമൂടി ധരിച്ച ആരോ ഒരാൾ ജമന്തിയെ കുത്തി വീഴ്ത്തുന്നത്. അത് കണ്ട് വാലിബൻ അവളുടെ അടുത്തേക്ക് ഓടി ചെല്ലുമ്പോഴേക്കും അവൾ മരിച്ചിട്ട് ഉണ്ടായിരുന്നു.


രക്തം പുരണ്ട കത്തിയുമായി ഒരാൾ ഓടുന്നത് കണ്ട് വാലിബൻ അയാളുടെ പിന്നാലെ ഓടുന്നു. പെട്ടന്ന് ആൾക്കൂട്ടത്തിന് ഇടയിൽ നിന്ന് മുഖംമൂടി ധരിച്ചൊരാൾ കത്തിയുമായി വാലിബനെ ആക്രമിക്കുന്നു. 


ഒന്നും നോക്കാതെ വാലിബൻ അയാളെ കൊല്ലുന്നു, എന്നാൽ പതിയെ മുഖംമൂടി മാറ്റി നോക്കിയ വാലിബൻ തകർന്നുപോയി, അത് ചിന്നൻ ആയിരുന്നു. തന്റെ ഒരേഒരു മകനെ നഷ്ടപ്പെട്ടതറിഞ്ഞ ആശാനും അലറി കരഞ്ഞു.


ചിന്നന്റെയും ജമന്തിയുടെയും ചിതയുടെ മുന്നിൽ വച്ച് ആശാൻ വാലിബനെ തന്റെ ശത്രുവായി പ്രഖ്യാപിക്കുന്നു. വാലിബനെ മലർത്തിയടിക്കാൻ ഒരാളെ കൊണ്ടുവരുമെന്ന് പറഞ്ഞിട്ടാണ് ആശാൻ അവിടെ നിന്നും പോകുന്നത്.


ആശാനും വാലിബനും തമ്മിൽ ശത്രുതയിൽ ആയതറിഞ്ഞ ചമതകൻ ആശന്റെ കൂടെ കൂടുന്നു. അങ്ങനെ ആശാൻ ചമതകനോട് ഒരു രഹസ്യം പറയുന്നു, വാലിബന്റെ ജനനത്തിന്റെ രഹസ്യം.


പണ്ട് ആശാന്റെ ഗ്രാമത്തിലെ ഏറ്റവും വലിയ മല്ലൻ ആശാൻ ആയിരുന്ന സമയത്ത് ഒരു ദിവസം എല്ലാം തികഞ്ഞ ഒരു പോരാളി ഏതോ ദേശത്തു നിന്ന് അവിടേക്ക് വന്നു. അയാളെക്കുറിച്ച് നാട്ടുകാർ പലതായിരുന്നു പറഞ്ഞിരുന്നത്, അയാൾക്ക് വലിയ രൂപം സ്വീകരിക്കാനും ചെറിയ രൂപം സ്വീകരിക്കാനും കഴിയുമായിരുന്നു.


അയാൾ നിഷ്പ്രയാസം ആശാനെ തോൽപ്പിച്ചു ആശാന്റെ ഭാര്യയെ സ്വന്തമാക്കി. അവർക്ക് വയറ്റിൽ ഒരു കുഞ്ഞിനേയും നൽകിയിട്ട് അയാൾ പോയി. മറ്റൊരാളിൽ നിന്നും ഗർഭിണിയായ അവരെ ആശാൻ സുസ്രൂഷിച്ചു. എന്നാൽ കുഞ്ഞു ജനിച്ച ഉടനെ തന്നെ ആശാൻ അവരെ കൊന്നുകളയുകയും ചെയ്തു.


ആ കുഞ്ഞാണ് വാലിബൻ, അന്ന് തന്നെ തോൽപിച്ച ആ പോരാളിയോട് അയാളുടെ ചോര കൊണ്ടുതന്നെ പ്രതികാരം ചെയ്യാനാണ് ആശാൻ വാലിബനെ എല്ലാം തികഞ്ഞ ഒരു പോരാളിയായി വളർത്തിയത്.


ആശാൻ കഥ പറഞ്ഞു കഴിയുമ്പോൾ ഇതിനിടയിൽ തന്റെ പ്രതികാരം കൂടി താൻ തീർക്കുമെന്ന് പറഞ്ഞ ചമതകനെ ആശാൻ കൊള്ളുന്നു. ഇത് അയാളുടെ മാത്രം പ്രതികാരമാണ്.


പിന്നീട് നമ്മൾ കാണുന്നത് രണ്ട് മലകളിലായി നിൽക്കുന്ന വാലിബനെയും അയാളുടെ അച്ഛനെയുമാണ്. അയാളുടെ അച്ഛന്റെ മുഖം വാലിബനെപ്പോലെ തന്നെയാണ്, പക്ഷേ ശരീരം കൊണ്ട് വാലിബനെക്കാൾ കരുത്തനാണ്. അയാൾ മലയുടെ മുകളിൽ നിന്നും വാലിബനെ ലക്ഷ്യമാക്കി ചാടുന്നയിടത്തു കഥ അവസാനിക്കുന്നു..


ലാലേട്ടനും ലിജോ ജോസ് പെല്ലിശേരിയും ഒന്നിച്ച മലയ്ക്കോട്ടെ വാലിബൻ....



ബെത്‌ലഹേമിലെ ഡെന്നിസ്..

 എന്നേക്കുറിച്ച് അറിയുമോ ആമിക്ക്, ഞാനും ഒരു അനാഥനാണ്.. a born orphan...


ആമി : Like me!?


ഡെന്നിസ് : Not at all like you.. ആമിക്ക് ഒരു അച്ഛനുണ്ട്, അമ്മയുണ്ട്, മുത്തശ്ശൻ, മുത്തശ്ശി, അങ്ങനെ ഒരുപാട് പേര്... അവർ തന്നെ ദത്തെടുത്തതല്ല... സ്വന്തമാക്കിയതാണ്...


എന്റെ കഥയിൽ അങ്ങനെ ആരുമില്ല... Rukes and Welson എന്ന ബ്രിട്ടീഷ് ഇന്ത്യൻ കമ്പനിയാണ് എന്നേ വളർത്തി വലുതാക്കിയത്.. 


ബോർഡിങ്‌ സ്ക്കൂളിലും പിന്നെ കോളേജിലും മുടങ്ങാതെ മാസം തോറും ആ കൽക്കട്ട ബേസ്ഡ് കമ്പനിയുടെ മണിയോർഡർ എത്തിയിരുന്നു..

തിരിച്ചറിവിന്റെ പ്രായം എത്തിയപ്പോൾ ഞാൻ അന്വേഷണം തുടങ്ങി.. Rukes and Wels എന്ന കമ്പനിയും ഞാനുമായുള്ള ബന്ധം.. തന്റെ ഭാഷയിൽ പറഞ്ഞാൽ എന്ത് ജനറ്റിക് ചുറ്റിക്കളിയാണ് ഇതിന്റെ പിന്നിൽ ഉള്ളതെന്നറിയാൻ...


അറിഞ്ഞില്ല.... ആരും പറഞ്ഞില്ല....


ഒരു ദിവസം ഞാൻ ചെന്നു, രക്ഷകർത്താവായ കമ്പനി തേടി കൽക്കട്ടയിൽ.. പക്ഷേ ഇളം മഞ്ഞ നിറമടിച്ച ആ വിക്ടോറിയൻ ബിൽഡിംഗ്‌ അടച്ചിരുന്നു..


കമ്പനി വൈൻഡപ്പ് ചെയ്തിരുന്നു.. സായിപ്പന്മാർ തിരിച്ചു പോയി... 


വെറുതെയങ്ങു പോയതല്ല... കണക്കില്ലാത്ത ഒരു വലിയ തുക എന്റെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചിട്ട്.. ഒരു ധനികനായ അനാഥനായി എന്നേ മാറ്റിയിട്ട് എന്റെ പേട്രന്റസ് പോയി..



മാന്ത്രിക വിദ്യകൊണ്ട് രാജകുമാരനായി മാറിയ തെണ്ടി ചെറുക്കന്റെ കഥ... ഒരു മുത്തശ്ശിക്കഥപോലെ വിചിത്രം.... വേദനിക്കുകയും കണ്ണീർരൊഴുക്കുകയും ചെയ്ത ബാല്യം പണ്ടേ പോയി.. 


ഇന്ന് ഞാൻ ശ്രമിക്കുന്നത് മുഴുവൻ ആരെയും വേദനിപ്പിക്കാതെ ഇരിക്കാനാണ്.. കഴിയുമെങ്കിൽ ആർക്കെങ്കിലും നന്മ ചെയ്യാൻ.. ആരെയെങ്കിലും സ്നേഹിക്കാൻ...


എനിക്കത് കഴിയുന്നുമുണ്ട്.. ആമിക്കും അത് മാത്രം ചെയ്തുകൂടെ...


ചെറുപ്പത്തിൽ ഈ സിനിമ കാണുമ്പോൾ ഡെന്നിസിനെ ശ്രദ്ധിച്ചിട്ടേ ഇല്ലായിരുന്നു, അന്നത് കോമഡി പറയുന്ന ജയറാം അവതരിപ്പിച്ച രവി ശങ്കറിന്റെ മാത്രം സിനിമയായിരുന്നു.. ഏറ്റവും ഒടുവിൽ മാത്രം വന്ന് വിഷമിപ്പിച്ചു പോകുന്ന ലാലേട്ടനെയും ചിരിപ്പിക്കാനും തല്ല് കൊള്ളാനും മാത്രം വന്നിരുന്ന മോനായിയെയും ഒക്കെ ശ്രദ്ധിച്ചിട്ടും 


ഡെന്നിസിനെ ശ്രദ്ധിച്ചിട്ടേ ഇല്ല, എന്തൊക്കയോ മനസിലാകാത്ത കാര്യങ്ങൾ പറയുന്ന ഒരു ബോറൻ ആയിരുന്നു ഡെന്നിസ്.. 


വെറും രണ്ടര വർഷത്തെ പരിചയം മാത്രമുള്ള സുഹൃത്തിനു വേണ്ടി സ്വന്തം വീടും സ്വത്തും എല്ലാം കുറച്ചു നാളത്തേക്ക് വിട്ട് കൊടുക്കുന്നതും, ഒരു പരാതിയും ഇല്ലാതെ ഔട്ട്‌ ഹൗസിൽ തന്റെ ജോലിക്കാരന്റെ ഒപ്പം താമസിക്കുന്നതും ഒന്നും അന്ന് വലിയ ഒരു കാര്യമായി തോന്നിയിരുന്നില്ല.



എന്നാൽ വളർന്നു കഴിഞ്ഞു ഓരോ പ്രാവശ്യം ഈ സിനിമ കാണുമ്പോഴും എന്റെ ഉള്ളിലെ കാഴ്ചപ്പാടുകൾക്ക് മാറ്റം വരാൻ തുടങ്ങി..


എന്നിക്ക് പതിയെ ഓരോ കാര്യങ്ങൾ മനസിലായിതുടങ്ങി, അത് രവിശങ്കറിന്റെ കഥ അല്ലായിരുന്നു,അത് ഡെന്നിസിന്റെ മാത്രം കഥയായിരുന്നു, അയാൾ പറഞ്ഞതൊക്കെ അർഥമുള്ള കാര്യങ്ങളായിരുന്നു, രവിശങ്കർ വെറുമൊരു നിമിത്തം മാത്രമായിരുന്നു..


അയാൾ ചെയ്തത് ഒന്നും ആരും ആർക്ക് വേണ്ടിയും ചെയ്യുന്ന കാര്യങ്ങളല്ല..


എത്ര തെറ്റിദ്ധരിക്കപ്പെട്ടാലും ആരൊക്കെ മുഖം കറുപ്പിച്ചു സംസാരിച്ചാലും ദേഷ്യം മുഖത്തും മനസ്സിലും വരാത്ത നല്ലൊരു മനുഷ്യനാണ് അയാൾ.


എത്രയോ ജന്മമായി എന്ന് തുടങ്ങുന്ന ആ മനോഹര ഗാനം പോലും രവിശങ്കറിനു ഏതോ പെൺകുട്ടി അയക്കുന്നത് ആയിരുന്നില്ല, അത് ജന്മങ്ങളായി അയാൾക്ക് വേണ്ടി കാത്തിരുന്ന അഭിരാമിയുടെ മനസായിരുന്നു..


രവിശങ്കർ ആയിരുന്നില്ല അയാളുടെ ആത്മാർത്ഥ സുഹൃത്ത്, പല കാര്യങ്ങളും പറയാതെ തന്നെ മനസിലാക്കുന്ന, അയാളുടെ ഉള്ളറിയുന്ന, അയാൾ എല്ലാം തുറന്ന് പറയുന്ന ആത്മാർഥസുഹൃത്ത്‌, അത് മോനായി ആയിരുന്നു..


അവർ ഇപ്പോഴും ചന്ദ്രഗിരിയിൽ ആ ഫാംഹൌസിൽ തമാശകൾ പറഞ്ഞു ഏറെ സന്തോഷത്തോടെ ജീവിച്ചിരിക്കുന്നു എന്ന് തോന്നിപ്പിക്കുന്ന മനോഹരമായ ഒരു കഥ..


സിനിമയിലെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം ആരാണെന്ന് എന്നോട് ചോദിച്ചാൽ ഒരു നിമിഷം പോലും ആലോചിക്കാൻ നിൽക്കാതെ ഞാൻ മറുപടി കൊടുക്കും,


ബെത്‌ലഹേമിലെ ഡെന്നിസ്..


ആരാണ് ഇത്തരത്തിൽ നിങ്ങളുടെ ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം...?



ലാലേട്ടൻ "തുടരും"

 വണ്ടിപ്രാന്ത് കാരണം ബെൻസ് എന്ന് വിളിപ്പേരുള്ള ഷണ്മുഖം ഒരു ടാക്സി ഡ്രൈവറാണ്. അയാൾ ഓടിക്കുന്നത് പഴയ മോഡൽ ഉള്ളൊരു കറുത്ത അംബാസിഡർ കാറാണ്.


പണ്ട് ചെന്നൈയിൽ സ്റ്റണ്ട് പടങ്ങളിൽ ഡ്യൂപ് ആയിട്ട് ജോലി ചെയ്തിരുന്ന ഷണ്മുഖം അവിടെ ഉണ്ടായ ഒരു അപകടത്തെ തുടർന്ന് ആ ജോലി ഉപേക്ഷിച്ചു കേരളത്തിലേക്ക് പോരുകയായിരുന്നു.


അന്ന് അയാൾക്ക് അയാളുടെ ആശാൻ സമ്മാനമായി നൽകിയതാണ് ആ കാർ. നാട്ടിൽ ഭാര്യയുയും മകനും മകളും അടങ്ങുന്നതാണ് ബെൻസിന്റെ കുടുംബം.


അങ്ങനെ ഇരിക്കെ ഒരു അബദ്ധം സംഭവിച്ചു അയാളുടെ കാർ പോലീസ് പിടിച്ചു വയ്ക്കുന്നു. സ്റ്റേഷനിൽ ചെന്ന് ഒന്ന് സോപ്പ് ഇട്ടാൽ വിട്ടു കിട്ടാവുന്ന കേസ് മാത്രമേ ഉണ്ടായിരുന്നുള്ളു.


പക്ഷേ ബെൻസ് ഇത്തിരി ഓവർ ആയതുകൊണ്ട് പോലീസ് കാർ വിട്ടു കൊടുക്കുന്നില്ല..


എന്നാൽ നമ്മൾ അതുവരെ കണ്ടത് ആയിരുന്നില്ല ഉണ്ടായ സംഭവങ്ങളും, നമ്മൾ കണ്ട ബെൻസും ആയിരുന്നില്ല ശരിക്കുള്ള ബെൻസ്.


ആനകൾ കൂട്ടമായി ജീവിക്കുമ്പോൾ വളരെ സമാധാനത്തിൽ ജീവിക്കുന്ന ജീവിയാണ്. പക്ഷേ ആ കൂട്ടത്തിൽ നിന്ന് ചില ആനകൾ പുറത്താകും, ഒറ്റയാൻ എന്ന് വിളിപ്പേരുള്ള അവയോളം അപകരിയായ മറ്റൊരു ജീവിയും ഈ ഭൂമിയിൽ ഉണ്ടാവില്ല..


അത്തരത്തിൽ ഒരു ഒറ്റയാൻ കാടിറങ്ങിയ കഥയാണ്, 2025 ൽ റിലീസ് ആയ 


"തുടരും"


ഈ സിനിമ കാണാത്ത ആളുകൾ കുറവായിരിക്കും, എന്നിരുന്നാലും ഇനിയും ആരെങ്കിലും ഉണ്ടെങ്കിൽ ഒന്ന് കണ്ടുനോക്കുക, മോഹൻലാൽ എന്ന അതുല്യ നടന്റെ മികവാർന്ന കുറച്ചധികം നിമിഷങ്ങൾ നമ്മൾക്ക് കാണാം...


ഇന്ന് OTT ഇറങ്ങിയിട്ടുണ്ട്, ജിയോ ഹോട്ട്സ്റ്റാർ വഴി കാണാവുന്നതാണ്...


"When elephant walks, the forest walks with them...."

ജോൺ വിക്ക് - എന്താല്ലേ!

 ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരു ഭർത്താവ്, എന്നാൽ അവരുടെ സന്തോഷം ഇല്ലാതാക്കികൊണ്ട് ഭാര്യ അസുഖം വന്ന് മരണത്തിന് കീഴടങ്ങുന്നു.


ഭാര്യയുടെ മരണശേഷം അയാൾക്ക് ഒരു പാർസൽ ലഭിക്കുന്നു, അതിൽ ഒരു പട്ടിക്കുട്ടി ആയിരുന്നു, അയാളുടെ ഭാര്യ മരിക്കുന്നതിന് മുന്നേ ഏർപ്പാട് ആക്കിയതാണ് ആ പാർസൽ. അയാൾക്ക് ജീവിതത്തിൽ എന്തെങ്കിലും ഒരു ഹോപ്‌ വേണമെങ്കിൽ ജീവനുള്ള എന്തിനെയെങ്കിലും കൂടി സ്നേഹിക്കണം എന്ന് അയാളുടെ ഭാര്യ വിശ്വസിച്ചിരുന്നു.


ജീവൻ ഇല്ലാത്ത ഒരു വസ്തുവിനെ കൂടി അയാൾ ഇങ്ങനെ സ്നേഹിക്കുന്നുണ്ട്, ഒരു പഴയ വിന്റെജ് മോഡൽ സ്പോർട്സ് കാർ ആയിരുന്നു അത്. അങ്ങനെ നായക്കുട്ടിയെ വളർത്തി അയാൾ തന്റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ തുടങ്ങുമ്പോഴാണ് അത് സംഭവിക്കുന്നത്. ഒരു പെട്രോൾ പമ്പിൽ വച്ച് അയാളുടെ കാർ കാണുന്ന കുറച്ചു യുവാക്കൾ അതിന് വില പറയാൻ ആവശ്യപ്പെടുന്നു.


എന്നാൽ അവരുടെ ആവശ്യം നിരാകരിച്ചുകൊണ്ടു അയാൾ അവിടെ നിന്ന് വീട്ടിലേക്ക് മടങ്ങുന്നു. എന്നാൽ ആ യുവാക്കൾക്ക് മതിയായിരുന്നില്ല, അവർ അയാൾ അറിയാതെ അയാളെ പിന്തുടർന്ന് വീട് കണ്ടെത്തി അപ്രതീക്ഷിതമായി അയാളെ പിന്നിൽ നിന്ന് അടിച്ചിട്ട് ആ കാറുമായി കടന്ന് കളയുന്നു. 


വെറുതെ അങ്ങ് പോകുകയല്ല, അയാൾക്ക് ഭാര്യ അവസാനമായി നൽകിയ ആ നായക്കുട്ടിയെ കൊന്ന് കളഞ്ഞിട്ട് കൂടിയാണ് അവർ അവിടം വിടുന്നത്.



ഇത്രയും വരെ ഇതൊരു സാധാരണ സിനിമ മാത്രമാണ്. പിന്നീട് ആ യുവാക്കൾ ആരാണെന്ന് കാണിക്കുന്നു, അവരിൽ ഒരുവൻ അവിടത്തെ ഏറ്റവും വലിയ ഗാങ്സ്റ്റർ ആയ വീഗോയുടെ മകനാണ്, തന്റെ മകൻ ഒരു കാർ മോഷ്ടിച്ചു എന്നും അത് ഇന്ന ആളുടെ ആണെന്ന് കൂടി കേൾക്കുമ്പോൾ വീഗോയുടെ മുഖത്തു വരുന്ന ഒരു ഭാവമുണ്ട്.


തുടർന്ന് അയാൾ തന്റെ മകനെ വിളിച്ചു വരുത്തി സൽകരിച്ച ശേഷം നല്ല രണ്ട് ഇടി കൊടുക്കുന്നു, അവൻ ഇടികൊണ്ട് നിലത്തു വീണു കഴിഞ്ഞു വീഗോ അവനെ ചേർത്ത് പിടിച്ചു കുറച്ചു കാര്യങ്ങൾ പറയുകയാണ്.


അവൻ ആരെയാണ് നോവിച്ചതെന്നും അയാൾ യഥാർത്ഥത്തിൽ ആരാണെന്നും, സകല ഗംഗസ്റ്റർമാരും ഒരു കാലത്ത് ഭയത്തോടെ കണ്ടിരുന്ന സാക്ഷാൽ ബാബ യാഗ എന്ന് വിളിപ്പേരുള്ള 


"John Wick"


വീഗോയുടെ സാമ്രാജ്യം തന്നെ അടിത്തറ ഇട്ടത് ജോണിന്റെ ഒറ്റയാൾ പോരാട്ടത്തിന്റെ പുറത്തായിരുന്നു, എന്ന് തുടങ്ങുന്ന വളരെ ലളിതമായ ഏതാനും കാര്യങ്ങൾ മാത്രം നമ്മോട് പറയുന്നു. പക്ഷേ അത് മാത്രം മതി ജോൺ ആരായിരുന്നു എന്ന് നമ്മൾക്ക് മനസിലാക്കാനും ഇനി എന്താണ് സംഭവിക്കാൻ പോകുന്നത് എന്ന് ജിഞ്യാസ ഉണ്ടാക്കാനും.


സാമാന്തരമായി നമ്മളെ ബോധം തെളിയുന്ന ജോണിനെ കൂടി കാണിക്കുന്നു, അയാൾ എഴുന്നേറ്റ് ഒരു ചുറ്റികയുമെടുത്തു അകത്തെ മുറിയിലേക്ക് പോകുകയാണ്. തുടർന്ന് ഒരു മേശ വലിച്ചു മാറ്റി തറയിൽ ശക്തിയായി അടിക്കുന്നു.


ഇനി ഒരിക്കലും ആവശ്യം വരില്ല എന്ന് കരുതി അയാൾ കുഴിച്ചു മൂടിയ തന്റെ പഴയകാലത്തെ ചില സാധനങ്ങൾ തിരിച്ചെടുക്കാൻ വേണ്ടിയാണ് ഇതെന്ന് നമ്മൾ കാണുന്നതിന് ഒപ്പം തന്നെ വീഗോ കഥ പറഞ്ഞു അവസാനിപ്പിക്കുന്നു.


അയാൾ തന്നെ തന്റെ മകനോട്, നിന്നെ രക്ഷിക്കാൻ ഞാൻ ഏതറ്റം വരെയും പോകും എന്നാലും നിനക്ക് ഇനി രക്ഷയില്ല...


യാതൊരു വിധ സംഭവങ്ങളും വീര സഹാസങ്ങളും കാണിക്കാതെ വളരെ ചുരുങ്ങിയ വാക്കുകളിൽ ഒരാളുടെ പഴയകാലം വർണ്ണിച്ചു നമ്മൾക്ക് രോമാഞ്ചം നൽകാൻ കഴിയുന്നുണ്ടെങ്കിൽ ആ സിനിമയുടെ ബാക്കി എങ്ങനെ ഉണ്ടാവുമെന്ന് ഒന്ന് ചിന്തിച്ചു നോക്കിക്കേ..


അതുവരെ ഒരു സാധാരണ രീതിയിൽ പോയ സിനിമ പിന്നെ അവിടെ നിന്ന് അങ്ങോട്ട് ഹോളിവുഡ് കണ്ട ഏറ്റവും മികച്ച ആക്ഷൻ സിനിമകളിൽ ഒന്നിലേക്ക് പരകായപ്രവേശനം നടത്തുകയായിരുന്നു.


John Wick ന്റെ യാത്ര അവിടെ ആരംഭിക്കുകയാണ്, പിന്നീട് നാല് ഭാഗങ്ങൾ കഴിഞ്ഞു ആ കഥാപാത്രത്തിനു യോജിച്ച ഒരു അവസാനം കൂടി നൽകുന്നത് വരെ ജോൺ വിക്ക് ഒരു നിമിഷം പോലും വെറുതെ ഇരുന്നിട്ടില്ല, അത്രക്ക് ചടുലമായി പോകുന്ന കഥയും അവതരണവും. സഹായിക്കാൻ ഇടക്ക് സുഹൃത്തുക്കൾ വരുന്നുണ്ടെങ്കിലും ജോൺ എപ്പോഴും ഒറ്റക്കാണ്, ഗാങ്സ്റ്റേഴ്സ് പോലും ഭയക്കുന്ന 


The real monster...


വമ്പൻ ഹൈപ്പിൽ വന്ന ലിയോ ഒക്കെ പോലും ഫ്ലാഷ്ബാക്ക് കാണിച്ചപ്പോൾ നെഗറ്റീവ് അടിച്ചു, അപ്പോഴാണ് ഇവിടെ പഴയ കഥ ഒരു സീൻ പോലും കാണിക്കാതെ ഒരു കഥാപാത്രം പറയുന്ന ഏതാനും വാക്കുകൾ കൊണ്ടു മുഴുവൻ സിനിമയെയും മറ്റൊരു തലത്തിലേക്ക് കൊണ്ടെത്തിക്കുന്നത്.


വെറുതെ ആക്ഷൻ സിനിമ ആണെന്ന് കരുതി കാണാതെ ഇരിക്കുന്നവർ ഉണ്ടെങ്കിൽ ഒന്ന് കണ്ട് നോക്കുക, കാരണം ഒരു പട്ടിയെ കൊന്നതിനു പ്രതികാരം ചെയ്യാൻ പോകുന്ന John Wick എന്ന് ഒരുപാട് meme കണ്ടിട്ട് വെറും ആക്ഷൻ പടമെന്ന് കരുതി കാണാതെ ഇടുന്നതാണ്. പിന്നെ എപ്പഴോ മുകളിൽ പറഞ്ഞ ഭാഗം ഒന്ന് കേൾക്കാൻ ഇടയായി, പിന്നെ കണ്ട് നോക്കി, നാലാം ഭാഗം തിയേറ്ററിൽ തന്നെ പോയി കണ്ടു.


വെറുതെ ആക്ഷൻ മാത്രമല്ല ഒരുപാട് ഇമോഷണൽ കണക്ഷൻ നൽകുന്ന രംഗങ്ങളും സിനിമയിലുണ്ട്. എന്തിനും പോന്ന സുഹൃത്തുക്കളും..


എന്തിനേറെ നാലാം ഭാഗത്തിന് ഒടുവിൽ ജോൺ തന്റെ സുഹൃത്തിനോട് ഒരു കാര്യമേ ആവശ്യപ്പെടുന്നുള്ളു..


താൻ മരിക്കുക ആണെങ്കിൽ തന്നെ അടക്കം ചെയ്യുന്ന കല്ലറയിൽ ഒരു വാക്യം എഴുതി വയ്ക്കണം..


"Loving Husband"...



ജോൺ വിക്കിന്റെ ലോകത്ത് നിന്ന് പുതിയ ഒരു സിനിമ റിലീസ് ആയിട്ടുണ്ട്, Ana de Armas നായികയായി വരുന്ന 


From the World of John Wick: Ballerina - Action/ Thriller 


എനിക്ക് ഇതുവരെ കാണാൻ സാധിച്ചിട്ടില്ല, പക്ഷേ കണ്ടവർ എല്ലാം നല്ല അഭിപ്രായമാണ് പറയുന്നത്..

The Wolf of Wall Street

 അങ്ങേ അറ്റത്തെ കൂർമ്മ ബുദ്ധിയും കഴിവും ഉള്ള ഒരാൾക്ക് പെട്ടന്ന് പണം ഉണ്ടാക്കാനുള്ള ഒരു കുറുക്കു വഴി കിട്ടുന്നു, വെറുതെയല്ല കുറേനാൾ ഒരു സ്റ്റോക്ക് എക്സ്ചേഞ്ച് കമ്പനിയിൽ ജോലി ചെയ്തപ്പോൾ അയാൾക്ക് കണ്ടെത്താൻ കഴിഞ്ഞ കുറെ ലൂപ് ഹോളുകളാണ്.


അയാൾക്ക് പറ്റിയ ഒരു പാർട്ണറെ കൂടി കിട്ടുന്നു, രണ്ട് പേരും കൂടി സ്വന്തം സ്ഥാപനം ആരംഭിക്കുന്നു, പണത്തിനു വേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു കൂട്ടം ആളുകളെയും ജോലിക്ക് വയ്ക്കുന്നു.


ദിവസവും പണം കുമിഞ്ഞു കൂടുന്ന അവസ്ഥ, പുറത്തേക്ക് വാരി എറിഞ്ഞാലും തീരാത്ത പോലെ പണം വന്നുകൊണ്ടേ ഇരിക്കുന്നു. പിന്നെ അവരെല്ലാം കൂടി കാണിച്ചു കൂട്ടുന്ന പുകിലുകൾ എന്തൊക്കെ ആയിരിക്കും എന്ന് നമ്മൾക്ക് ഊഹിക്കാൻ പറ്റുമോ..



ഇത് ആരോ കണ്ട സ്വപ്നമല്ല, പണം കൊണ്ട് മത്തു പിടിച്ച ഒരാളുടെ ജീവിതകഥ പിന്നീട് സിനിമ ആക്കിയതാണ്. ഒട്ടുമിക്ക കോർപ്പറേറ്റ് സ്ഥാപനങ്ങളിലും ട്രെയിനിങ്ങിന്റെ ഭാഗമായി പ്രദർശിപ്പിക്കാറുള്ള,


സംരംഭകർ കണ്ടിരിക്കേണ്ട ലോക സിനിമകളുടെ ലിസ്റ്റിൽ ആദ്യ പത്തിനുള്ളിൽ പെടുന്ന 


ടൈറ്റാനിക് സുന്ദരൻ Leonardo DiCaprio തകർത്ത് അഭിനയിച്ച 


The Wolf of Wall Street - 2013


Jordan Belfort എന്ന ഇരുപത്തിയഞ്ച് വയസുകാരൻ തന്റെ ബുദ്ധി മാത്രം ഉപയോഗിച്ച് കോടീശ്വരൻ ആയ കഥ..


ത്രസിപ്പിക്കുന്ന കഥ... സിനിമയിൽ ഒരു ഭാഗത്തു ജോർദാൻ തന്റെ ജീവനക്കാരുടെ മുന്നിൽ നടത്തുന്ന ഒരു പ്രസംഗം ഉണ്ട്, മോട്ടിവേഷൻ എന്നതിന്റെ ഒരു എക്സ്ട്രീം വേർഷൻ, അത് മാത്രം കണ്ടാൽ മതി പടം മുതലാവാൻ.


(*പടം A rating ആണ് കാണാൻ പോകുന്നവർ ശ്രദ്ധിക്കുക 😅)

ബാഷ - Tamil Gangster movie

 മദ്രാസിലെ ഒരു പാവം ഓട്ടോ ഡ്രൈവർ ആയ മാണിക്യത്തിന്റെ അനുജത്തിക്ക് MBBS ന് അഡ്മിഷൻ ലഭിക്കുന്നു. എന്നാൽ അഡ്മിഷൻ എടുക്കാൻ ചെന്ന അവളോട് കോളേജിന്റെ ചെയർമാൻ വളരെ മോശമായി സംസാരിക്കുന്നു.


സീറ്റ്‌ ലഭിക്കാൻ അയാളുടെ ഇഷ്ടങ്ങൾക്ക് വഴങ്ങണം എന്ന് കേട്ട അവൾ കരഞ്ഞുകൊണ്ട് അവിടെ നിന്ന് പോകുന്നു. അഡ്മിഷന് പോയിട്ട് തിരിച്ചു വരാത്ത പെങ്ങളെ അന്വേഷിച്ചു മാണിക്യം വരുമ്പോൾ അവൾ ക്യാന്റീനിൽ ആകെ വിഷമിച്ചു ഇരിക്കുന്നതാണ് കാണുന്നത്.


തനിക്ക് ഡോക്ടർ ആകേണ്ട മറ്റ് എന്തെങ്കിലും കോഴ്സ് നോക്കാമെന്നു അവൾ അയാളോട് പറയുന്നു. അവളുടെ വാക്കുകളിൽ നിന്നും എന്തോ മോശമായി സംഭവിച്ചിട്ടുണ്ടെന്ന് മനസിലാക്കിയ മാണിക്യം അവളെയും കൂട്ടി ചെയർമാനെ കാണാൻ ചെല്ലുന്നു.


അവൾ വന്ന കണ്ട് സന്തോഷത്തിൽ അയാൾ അവൾക്ക് ഒരു സീറ്റ്‌ റെഡിയാക്കാനും ഗസ്റ്റ് ഹൌസിന്റെ അഡ്രസ് കൊടുത്തേക്കാനും പറയുന്നു.


അപ്പോഴാണ് മാണിക്യം അവിടേക്ക് കയറി വരുന്നത്, അത് അവളുടെ ആങ്ങള ആണെന്ന് മനസിലായപ്പോൾ അയാളുടെ സ്വരം മാറാൻ തുടങ്ങി, തന്നെ ഭീഷണിപ്പെടുത്താൻ ആണ് വിചാരമെങ്കിൽ താൻ പഴയ റൗഡി ആയിരുന്നെന്നും പോലീസിൽ പോയാലും മന്ത്രിയുടെ അടുത്ത് പോയാലും അയാൾക്ക് ഒരു ചുക്കുമില്ല എന്ന് പറയുന്നു.


അയാൾ കൈകൊട്ടുമ്പോൾ അയാളുടെ ഗുണ്ടകൾ അവിടേക്ക് കയറി വന്നു അവരെ രണ്ടു പേരെയും പിടിച്ചു പുറത്താക്കാൻ തുടങ്ങുന്നു. അപ്പോൾ മാണിക്യം വളരെ താഴ്മയായി തനിക്ക് അയാളോട് ഒന്ന് തനിച്ചു സംസാരിക്കണം എന്ന് പറയുന്നു. പല തവണ അപേക്ഷിക്കുമ്പോൾ അയാൾ അതിന് വഴങ്ങുന്നു, ഗുണ്ടകൾ പുറത്തേക്ക് പോകുന്നു, തന്റെ പെങ്ങളോടും അല്പം നേരത്തേക്ക് പുറത്ത് നിൽക്കാൻ അയാൾ അവകാശപ്പെടുന്നു.


പിന്നെ മാണിക്യം കൈ കെട്ടി നിന്ന് ചെയർമാനെ നോക്കി ഒന്ന് പുഞ്ചിരിക്കുന്നു, എന്നിട്ട് പറയുന്നു,


"അയ്യാ,... എൻ പേര് മാണിക്യം..."


ഇത്രയും പറഞ്ഞു മാണിക്യം മേശയിലേക്ക് കൈ കുത്തി മുന്നോട്ട് ആഞ്ഞു നിന്നിട്ട്,

എനക് ഇനി ഒരു പേരിരുക്ക്... "


ഒപ്പം ഒരു ബാക്ക്ഗ്രൗണ്ട് മ്യൂസിക്... ബാഷ... ബാഷ... അവ്യക്തമായി ഒരാൾ നടന്നു നീങ്ങുന്ന ഒരു ഫ്ലാഷ്ബാക്ക് ദൃശ്യവും..


പിന്നീട് നമ്മളെ കാണിക്കുന്നത് മാണിക്യത്തിന്റെ പെങ്ങൾ പുറത്തു നിന്ന് ജനലിലൂടെ ആ ദൃശ്യം കാണുന്നതാണ്, അത്രയും നേരം അവരെ ഭീഷണിപ്പെടുത്തി കസേരയിൽ ഞെളിഞ്ഞിരുന്ന ചെയർമാൻ ദാ ഓടി വന്നു മാണിക്യത്തിന്റെ മുന്നിൽ കുമ്പിട്ടു നിൽക്കുന്നു,


പെങ്ങൾക്ക് ഒരു സീറ്റ് അല്ല നൂറല്ല ആ കോളേജ് മുഴുവൻ തന്നെ കൊടുത്തേക്കാം എന്നും പറഞ്ഞാണ് അയാൾ തൊഴുതു നിൽക്കുന്നത്...


ഓട്ടോ ഡ്രൈവറുടെ വേഷത്തിൽ മറ്റാരും അറിയാതെ ഒളിച്ചു ജീവിക്കുന്ന മുംബൈയിലെ ഡോൺ ആയിരുന്ന മാണിക്ക് ബാഷയാണ് തന്റെ മുന്നിൽ നിൽക്കുന്നതെന്ന് അറിഞ്ഞാൽ അയാൾ പിന്നെ എന്ത് ചെയ്യാനാണ്..


ഈ സിനിമയൊക്കെ എത്ര പ്രാവിശ്യം കണ്ടാലും വീണ്ടും വീണ്ടും കാണാൻ തോന്നിപ്പിക്കുന്ന ഒരു മാജിക്‌ ഉണ്ട്, അയാൾ മാണിക്ക് ബാഷ ആണെന്നും അയാൾ തന്റെ പേര് പറഞ്ഞാൽ എന്താണ് സംഭവിക്കാൻ പോകുന്നത് എന്നെല്ലാം പല പ്രാവശ്യം കണ്ടിട്ടുണ്ടെങ്കിലും വീണ്ടും കാണുമ്പോഴും ആദ്യമായി കാണുന്നത് പോലെയുള്ള ഒരു ഫീൽ ലഭിക്കും.


കഥാപാത്രങ്ങളുമായി കൃത്യമായി ഇമോഷണൽ ആയി കണക്റ്റ് ആയി കഴിഞ്ഞാൽ, അവർക്ക് ചുറ്റും സംഭവിക്കുന്ന കാര്യങ്ങൾ നമ്മുടേതായി തോന്നും, ആ സമയത്തു എന്താണോ നമ്മൾ ആഗ്രഹിക്കുന്നത്, അത് അതേ പടി ആ കഥാപാത്രം ചെയ്യുന്നത് കാണുമ്പോൾ നമ്മൾക്ക് ഒരു സംതൃപ്തി ലഭിക്കും..



ഈ സിനിമയിൽ അത്തരം സന്ദർഭങ്ങൾ ധാരാളമുണ്ട്, മാണിക്യം യഥാർത്ഥത്തിൽ ആരാണെന്ന് സ്വന്തം വീട്ടുകാർക്ക് പോലും അറിയില്ല.


 പോലീസ് ആയ അനിയനോടുള്ള പക തീർക്കാൻ മാണിക്യത്തിന്റെ അനുജത്തിയെ തട്ടിക്കൊണ്ടു പോയി പബ്ലിക് ആയിട്ട് ഉപദ്രവിക്കാൻ അവിടുത്തെ ലോക്കൽ ഗാങ്സ്റ്റർ ആയ ഇന്ദ്രൻ ശ്രമിക്കുന്ന സമയത്താണ് മാണിക്യം തന്റെ യഥാർത്ഥ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത്.

ഇതേ തീമിൽ ഒരുപാട് സിനിമകൾ ഇറങ്ങിയിട്ടുണ്ടെങ്കിലും ഇപ്പോഴും ഇത്തരം രംഗങ്ങൾ കൊണ്ട് മുന്നിൽ നിൽക്കുന്നത് ബാഷ തന്നെയാണ്.


ബാഷ അടിക്കുമ്പോൾ അടി കൊള്ളുന്നവൻ നൂറടി പറന്നു പോകുന്നുണ്ട്, ഒറ്റക്ക് ഒരുപാട് പേരെ അടിച്ചു തോൽപ്പിക്കുന്നുണ്ട്, യഥാർത്ഥത്തിൽ ഇതൊന്നും ആരെക്കൊണ്ടും സാധിക്കില്ല എന്നിരുന്നാലും അത് പ്ലേസ് ചെയ്തിരിക്കുന്ന സിറ്റുവേഷൻ കൊണ്ടാണ് നമ്മളെ ത്രസിപ്പിക്കുന്നത്.


ചെറുപ്പത്തിൽ സിനിമകൾ കണ്ടിരുന്ന സമയത്ത് ഇഷ്ടമില്ലാത്ത നടൻമാർ ഉണ്ടോയെന്ന് ചോദിച്ചാൽ എന്റെ വായിൽ ആദ്യം വരുന്ന പേരായിരുന്നു രജനികാന്ത് എന്നത്.. എന്തോ അന്നത്തെ എന്റെ നായക സങ്കല്പങ്ങൾക്ക് വിരുദ്ധമായിരുന്നു അദ്ദേഹം എന്ന് തോന്നിയിരുന്നു..


എന്നാൽ പിന്നീട് മനസിലായി, സൂപ്പർ സ്റ്റാർ എന്ന് അദ്ദേഹത്തെ വെറുതെ വിളിക്കുന്നതല്ല, ഇത്തരം സിനിമകൾ ആ ഒരു സ്റ്റൈൽ ഒന്നും അങ്ങനെ ആരെക്കൊണ്ടും സാധിക്കുന്ന കാര്യങ്ങളല്ല, ഒരു അത്ഭുതം തന്നെയാണ്..


മറ്റ് നടൻമാർ ഓരോ ജോണർ സിനിമകളിൽ അഭിനയിക്കുന്നു എന്ന് പറയും, എന്നാൽ രജനികാന്ത് സിനിമകൾ എന്നത് തന്നെ ഒരു ജോണർ ആണ്..

SpiderMan - No Way Home - No words to say

 ഒരു സിനിമയുടെ പീക്ക് തിയേറ്റർ എക്സ്പീരിയൻസ് എന്ന് പറയുന്നത് നമ്മൾക്ക് ഏറെ താല്പര്യമുള്ള ഒരു കഥ അല്ലെങ്കിൽ കഥാപാത്രം ആസ്പതമായി ഒരു സിനിമ വരുന്നുണ്ട് എന്ന് അനൗൺസ്‌ ചെയ്യുമ്പോൾ മുതൽ


 നമ്മൾക്ക് ഉണ്ടാവുന്ന ഒരു പ്രതീക്ഷ അതേപടി നിലനിർത്തി ഒടുവിൽ തിയേറ്ററിൽ അത് അതേപടി ലഭിക്കുമ്പോഴാണ്.


അങ്ങനെ നോക്കിയാൽ MCU spiderman 3 അനൗൺസ് ചെയ്തപ്പോൾ മുതൽ ഒരുപാട് റുമറുകൾ ഉണ്ടായിരുന്നു അതിൽ പഴയ സിനിമകളിൽ spiderman ആയി വന്ന Toby യും Andrew ഉം ഈ സിനിമയിലും ഉണ്ടാവുമെന്ന്.


ആദ്യം കേട്ടപ്പോൾ ആരുടെയോ ഭാവന എന്ന് തോന്നിയെങ്കിലും പിന്നെ അത് കുറേക്കൂടി ശക്തമായി കേൾക്കാൻ തുടങ്ങി. കുട്ടിക്കാലത്തു ഏറെ ആസ്വദിച്ചു കണ്ട ടോബിയുടെ spiderman ഒരിക്കൽ കൂടി കാണാൻ അങ്ങനെ ഉള്ളിൽ ഒരു ആഗ്രഹം തോന്നിത്തുടങ്ങി. എന്നാൽ അതുമായി ബന്ധപ്പെട്ട് ഒഫീഷ്യൽ ആയിട്ട് യാതൊരു വിവരങ്ങൾ ഇറങ്ങുന്നുമില്ല ഇതൊക്കെ വെറും ഗോസിപ്പ് എന്ന രീതിയിലാണ് മാർവെൽ ഡീൽ ചെയ്തിരുന്നത്.



പക്ഷേ പഴയ സിനിമകളിലെ വില്ലന്മാർ എന്തായാലും ഉണ്ടാവും എന്നുള്ള കാര്യങ്ങൾ ഉറപ്പായിരുന്നു. അത് തന്നെ നൊസ്റ്റാൾജിയ ആയിരുന്നു സിനിമക്ക് വേണ്ടി കാത്തിരിക്കാൻ.


ഒടുവിൽ സിനിമയുടെ ട്രൈലെർ ഇറങ്ങി, കുറച്ചു നിമിഷങ്ങൾക്ക് ശേഷം ഒരു ഓറഞ്ച് മത്തങ്ങാ വന്നു വീഴുന്നതും ഒപ്പം അട്ടഹസിച്ചുള്ള ചിരിയും കൂടി കേട്ടപ്പോൾ ആകെ രോമാഞ്ചമായി, 2002 ൽ, ആദ്യമായ് spiderman സിനിമ കണ്ടു വിസ്മയിച്ചു ഇരുന്നപ്പോൾ അതിലെ അതി ശക്തനായ വില്ലൻ കഥാപാത്രമായ ഗ്രീൻ ഗോബ്ലിന്റെ വരവായിരുന്നു അത്. സ്കൂൾ സമയത്ത് ഗ്രീൻ ഗോബ്ലിനെ മത്തങ്ങാ ഏറുകാരൻ എന്നായിരുന്നു വിളിച്ചിരുന്നത്.


തൊട്ട് പിറകെ ഒരു പാലത്തിന്റെ താഴെ നിന്ന് ഉയർന്നു വരുന്ന രണ്ട് യന്ത്രക്കൈകൾ കൂടി കണ്ടപ്പോൾ രോമാഞ്ചം അതിന്റെ പീക്ക് അവസ്ഥയിലേക്ക് എത്തിയിരുന്നു.


രണ്ടാം ഭാഗത്തിലെ വില്ലനായ ഡോക്ടർ ഓട്ടോ ആയിരുന്നു അത്. പിന്നെ ട്രൈലെർ മുഴുവൻ ശ്വാസം അടക്കിപ്പിടിച്ചാണ് ഇരുന്ന് കണ്ടത്, എവിടെയെങ്കിലും ടോബി അല്ലെങ്കിൽ ആൻഡ്റൂ വരുമോ എന്നുള്ള ആകാംഷ കൊണ്ട്.


പക്ഷേ ആ ട്രൈലെർ പല പ്രാവശ്യം കണ്ടിട്ടും അതിന്റെ യാതൊരു ലക്ഷണവും കണ്ടില്ല, പക്ഷേ അവസാനം ഒരു സീനിൽ MJ താഴേക്ക് വീഴുന്ന ഒരു രംഗമുണ്ട്, അത് കാണുമ്പോൾ Andrew ന്റെ സിനിമയിലെ Gwen താഴേക്ക് വീണു മരണപ്പെടുന്ന രംഗം ആയിട്ട് വല്ലാതെ സാമ്യം, അതേ പോലെ രംഗം കണ്ടതോടെ വീണ്ടും ആവേശമായി.


മാർവെൽ എന്തൊക്കയോ ഒപ്പിച്ചു വച്ചിട്ടുണ്ട് എന്നൊരു തോന്നൽ. ആ സമയം ഇന്റർനെറ്റ്‌ നിറയേ ഇതിനെ പറ്റി ധാരാളം ചർച്ചകൾ നടക്കുന്നുണ്ട്, ഓരോ വിഡിയോയും ആവേശത്തോടെ കാണാൻ വല്ലാത്തൊരു വെമ്പൽ ആയിരുന്നു.


MJ താഴേക്ക് വീഴുമ്പോൾ രക്ഷിക്കാൻ ചാടുന്നത് Andrew ആണെന്നും അല്ല Tom തന്നെയാണ് എന്ന് തുടങ്ങി ധാരാളം ഡിബേറ്റ് ഉണ്ടായിരുന്നു, ഇതെല്ലാം കണ്ട് ചിരിച്ചു മാർവലും.



അങ്ങനെ സിനിമയെ കുറിച്ചുള്ള ചർച്ചകളും പ്രതീക്ഷകളും അതിന്റെ പീക്ക് ലെവലിൽ കത്തിച്ചു നിൽകുമ്പോഴാണ് പടം റിലീസ് ആകുന്നത്. FDFS തന്നെ കാണണം എന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും തൊട്ട് പിറകെ ബാംഗ്ലൂർ പോകുന്നതിനാൽ അവിടെ വച്ച് കസിൻസിന്റെ ഒപ്പം കാണാൻ പ്ലാൻ ഇട്ടു.


അങ്ങനെ സിനിമ റിലീസ് ആയി, ഒരു ദിവസം പിന്നിട്ടു, എങ്ങും നിശബ്ദത, ആരും ഒന്നും പറയുന്നില്ല, ബാംഗ്ലൂർ വച്ച് കാണാൻ ഇരുന്ന കസിൻ ഉൾപ്പെടെ ആദ്യത്തെ ദിവസം തന്നെ പോയി എന്നറിഞ്ഞപ്പോ പിന്നെ ഞാനും ഒന്നും നോക്കിയില്ല തൊട്ട് അടുത്ത ഷോ തന്നെ ബുക്ക്‌ ചെയ്തു, അതും ഏറ്റവും മുന്നിലുള്ള ഒരു സീറ്റ്‌.


എന്നിട്ട് പോലും രോമാഞ്ചവും നൊസ്റ്റാൾജിയയും എല്ലാംകൂടി ഒരുമിച്ചു മിക്സ്‌ ആക്കി അടിച്ച ഒരു സിനിമ ഇതുപോലെ വേറൊരെണ്ണം ഉണ്ടായിട്ടില്ല, ആദ്യത്തെ ഷോട്ട് മുതൽ അവസാനം വരെ പീക്ക് എക്സ്പീരിയൻസ്.


ആദ്യം വരുന്ന പഴയ വില്ലന്മാർ തുടങ്ങി ശരിക്കും നൊസ്റ്റാൾജിയ, പഴയ സിനിമയിലെ ഓരോ കാര്യങ്ങൾ ഉൾപ്പെടെ അവർ സംസാരിക്കുമ്പോൾ എല്ലാം തിയേറ്ററിൽ ഭയങ്കര ആരവം ആയിരുന്നു.


എങ്കിലും അപ്പോഴും അറിയില്ല ടോബി, ആൻഡ്റൂ ഉണ്ടോ അല്ലെങ്കിൽ എപ്പോൾ എങ്ങനെ വരുമെന്ന്.


ഒടുവിൽ തമാശകൾക്ക് ശേഷം സിനിമ കുറച്ചു സീരിയസ് മൂഡിലേക്ക് മാറി, ടോമിന് ട്രാജഡി സംഭവിച്ചു അതിന്റെ ഒരു ഇമ്പാക്റ്റിൽ ഇരിക്കുമ്പോൾ ദാ വരുന്നു ഒട്ടും പ്രതീക്ഷിക്കാത്ത രീതിയിൽ Andrew, അതോടെ തിയേറ്റർ ആകെ ഇളകി മറിഞ്ഞു..


Andrew വന്നാൽ ഉറപ്പായും ടോബി വരും, നെഡ് വീണ്ടും പോർട്ടൽ തുറക്കാൻ തുടങ്ങിയതും എല്ലാവരും കാറിക്കൂവാൻ തുടങ്ങി, കാരണം ടോബിയാണ് വരാൻ പോകുന്നത്..


അങ്ങനെ ദാ പോർട്ടൽ തുറന്നു, സാധാരണ വേഷത്തിൽ കൈ വീശികാണിച്ചു ടോബിയുടെ വരവാണ്, ഇരുപത് വർഷം മുൻപ് ആ കഥാപാത്രം എങ്ങനെ ആയിരുന്നോ അതേ മാനറിസങ്ങൾ, അവിടെ മുതൽ പിന്നെ നൊസ്റ്റാൾജിയ കാരണം ഇമോഷണൽ ആയിരുന്നു എല്ലാവരും, ഓരോ സീനിലും കൈയ്യടികൾ, ഓരോ മിനിറ്റും ആസ്വദിക്കുക എന്ന് പറഞ്ഞാൽ അതായിരുന്നു ഈ സിനിമ പിന്നീട്.


ഒടുവിൽ മൂന്ന് spiderman ഒരുമിച്ച് വരുന്നു, പഴയ അഞ്ച് വില്ലന്മാരും, ഇടയിൽ MJ താഴേക്ക് വീഴുന്നു, രക്ഷിക്കാനായി പിറകെ ചാടുന്ന ടോമിനെ ഗ്രീൻ ഗോബ്ലിൻ പിടികൂടുന്നത് കണ്ട andrew noo എന്ന് അലറിക്കൊണ്ട് എടുത്ത് ചാടുന്നു.


പണ്ട് തനിക്ക് പറ്റിയ അബദ്ധം പറ്റാതെ അയാൾ MJ കൈകളിൽ താങ്ങി നിലത്തേക്ക് എത്തുമ്പോൾ തിയേറ്റർ മുഴുവൻ നിശബ്ദതയായിരുന്നു, നൊസ്റ്റാൾജിയയും ഇമോഷൻ കൂടി ഒരുമിച്ച ഒരു നിമിഷമായിരുന്നു അത്.


ഒടുവിൽ ടോമിന്റെ ആഗ്രഹം പോലെ വില്ലന്മാരെ എല്ലാം അവരുടെ അസുഖങ്ങൾ ഭേദപ്പെടുത്തി അവരുടെ യൂണിവേഴ്സിലേക്ക് തന്നെ തിരികെ അയച്ചിട്ട് Andrew, ടോബി എന്നിവരോടും യാത്രയും പറഞ്ഞു ഡോക്ടർ strange ന്റെ അടുത്തേക്ക്.


തന്റെ ഉറ്റ സുഹൃത്തും കാമുകിയും ഉൾപ്പെടെ തന്നെ മറക്കാൻ പോകുകയാണെന്ന് അറിഞ്ഞു അവസാനമായി അവരെയും വാരി പുണർന്നു അവരെയും യാത്രയാക്കി ടോം തന്റെ ഏകാന്ത വാസത്തിലേക്ക് പോകുമ്പോൾ ആകെ വികാരഭരിതരായിരുന്നു എല്ലാവരും.


തിയേറ്റർ എക്സ്പീരിയൻസ് അതിന്റെ ഏറ്റവും പീക്ക് രീതിയിൽ എനിക്ക് നൽകിയ പ്രിയപ്പെട്ട സിനിമ 


Spider-Man: No Way Home


ഇറങ്ങിയിട്ട് ഇന്നേക്ക് മൂന്ന് വർഷം പിന്നിടുന്നു...


ഇനി ഇതുക്കും മേലെ ഒരെണ്ണം സംഭവിക്കുമെന്ന് തോന്നുന്നില്ല..


One and only piece...